അയാൾ ഓഡിയൻസ് പൾസറിയുന്ന ഒന്നാന്തരം സിനിമാക്കാരൻ ആർക്ക് എന്ത് കൊടുത്താൽ കൊത്തുമെന്നു കൃത്യമായി അയാൾക്കറിയാം ഇ കേസിലും അയാൾ അത് ചെയ്തു

EDITOR

വിജയ് ബാബു ശരിക്കും കുറ്റവാളിയാണോയെന്ന് അയാൾക്കും ആ പെൺകുട്ടിക്കും മാത്രമേ അറിയൂ. പക്ഷെ, ആ ലൈവ് വീഡിയോ ചെയ്തതിലൂടെ ഒരു കാര്യം ഉറപ്പാണ്, അയാൾ ഓഡിയൻസിന്റെ പൾസറിയുന്ന നല്ല ഒന്നാന്തരം സിനിമാക്കാരനാണെന്ന്. ആർക്ക്, എന്ത് കൊടുത്താലാണ് കൊത്തുന്നതെന്ന് കൃത്യമായി അയാൾക്കറിയാം.
റേ  പ് ചെയ്യപ്പെട്ട, അല്ലെങ്കിൽ അങ്ങനെ പരാതി പറഞ്ഞ, പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തരുതെന്ന് കൃത്യമായ നിയമം ഉണ്ടെന്നും അതറിയാമെന്നും അയാൾ സമ്മതിക്കുന്നുണ്ട്. എന്നിട്ടും നിയമം ലംഘിക്കാൻ അയാളെ പ്രേരിപ്പിക്കുന്നത് പണവും സ്വാധീനവും മാത്രമല്ല, നമ്മളെ പറ്റി അയാൾക്കുള്ള വ്യക്തമായ ആ ധാരണ കൂടിയാണ്.നമുക്കറിയാം, 3 വർഷം മുമ്പ് തെലങ്കാനയിൽ ഒരു പെൺകുട്ടി കൂട്ട ബലാത്സം  ഗത്തിനിരയാവുകയും ശേഷം പ്രതികൾ ആ പെൺകുട്ടിയെ ജീവനോടെയോ അല്ലാതെയോ പെട്രോ  ളൊഴിച്ച് കത്തിക്കുകയും ചെയ്തത്.ഇത്രയും ക്രൂരമായ ഒരു പ്രവൃത്തി നടന്ന ശേഷമുള്ള ദിവസങ്ങളിൽ ഇന്റർനെറ്റിൽ, പ്രത്യേകിച്ചും പോൺ സൈറ്റുകളിൽ, ഏറ്റവും കൂടുതൽ തെരയപ്പെട്ട കീ വേഡ്, ആ വീഡിയോ ആയിരുന്നു.

കേരളത്തിൽ നടി ആക്രമിക്കപ്പെട്ടപ്പോഴും സോളാർ അഴിമതിക്കേസ് കത്തി നിന്നപ്പോഴും ഇതു തന്നെയാണ് സംഭവിച്ചത്. മനുഷ്യന്റെ, പ്രത്യേകിച്ച് മലയാളിയുടെ ഈ മനോഭാവത്തെ കൃത്യമായി ഉപയോഗിക്കുകയാണ് വളരെ ആത്മവിശ്വാസത്തോടെ വിജയ് ബാബുവും ചെയ്തത്.ഒരു കേസിൽ ഇരയായോ വില്ലത്തിയായോ സഹായിയായോ നോക്കി നിന്നവളായോ ഒരു പെണ്ണ് വന്നാൽ, പിന്നീടുള്ള ശ്രദ്ധ മുഴുവൻ അവളിലേക്ക് പോകുമെന്നും പിന്നെ വരുന്ന ഒരുവിധമുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ടത് അവളുടെ മാത്രം ബാധ്യതയാണെന്നും നമ്മളൊരു പ്രോട്ടോടൈപ്പ് ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ. അത് കൃത്യ സമയത്ത് ഉപയോഗിക്കുകയാണ് അയാൾ ചെയ്തത്.നമ്മളതിൽ കൊത്താൻ പാടില്ല. കൊത്തിയാൽ അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാവും. സ്ലട് ഷെയിമിംഗിലും ഇക്കിളിക്കഥകളിലും അഭിരമിക്കുന്ന നമുക്കിടയിലേക്ക് ഇനി ഇത്തരമൊരു കേസുമായി കടന്നുവരാൻ യഥാർത്ഥ ഇരകൾ മടിക്കും. അവരാ ട്രോമയിൽ തന്നെ മരിക്കും. പ്രതികൾ നിരപരാധിയായി ചമഞ്ഞ് പുതിയ ഇരകളെ തേടിക്കൊണ്ടുമിരിക്കും.

ഈ കേസിൽ അയാൾ കുറ്റക്കാരനാണോ അല്ലയോ എന്നത് നമുക്കറിയില്ല. പക്ഷെ, അയാൾ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്. അത് നിയമവിരുദ്ധമാണ്. അക്കാര്യത്തിൽ അയാൾ കുറ്റക്കാരനുമാണ്.
Section 375 എന്നൊരു ഹിന്ദി സിനിമയുണ്ട്. കണ്ടിട്ടില്ലെങ്കിൽ കാണണം. ആമസോണിൽ ഉണ്ട്. പ്രശസ്തനായ ഒരു സിനിമാ സംവിധായകനെതിരേ അയാളുടെ കീഴിലെ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് റേ  പ് കേസ് ഫയൽ ചെയ്യുന്നതാണ് കഥ. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത്, അങ്ങനെ വാങ്ങിയ കൺസെന്റിന്റെ പുറത്ത് ഉഭയസമ്മതത്തോടെ അവർ ബന്ധപ്പെടുന്നുണ്ട് . പക്ഷെ അയാൾക്കവളിൽ താൽപര്യം തീരുമ്പോൾ പറഞ്ഞതും ചെയ്തതും എല്ലാം മറക്കുന്നു. ഈ ട്രോമയിൽ നിന്നും പുറത്തു വരുന്ന പെൺകുട്ടി കേസ് കൊടുക്കുന്നു. ബാക്കി കഥ പറഞ്ഞാൽ സ്പോയിലർ ആവും.

പക്ഷെ ക്ലൈമാക്സിൽ ആ പെൺകുട്ടി പറയുന്ന ഒരു ഡയലോഗുണ്ട്, എന്നുവച്ചാൽ അയാളെന്നെ റേ  പ് ചെയ്തിട്ടില്ലാ. പക്ഷെ, ചെയ്ത കാര്യങ്ങൾ റേപിൽ ഒട്ടും കുറഞ്ഞതുമല്ല, എന്ന്. ഇരയായ പെൺകുട്ടി വെറുതേ പോയി കേസു കൊടുത്താൽ നിയമത്തിന് മുന്നിൽ ഇത്തരം കേസുകൾ പ്രൂവ് ചെയ്യാൻ പ്രയാസമാണ്. സോഷ്യൽ മീഡിയയിൽ ഏതോ ലോകത്തിരുന്ന് ഏതോ ഒരുത്തൻ ചോദിക്കുന്ന വഷളൻ ചോദ്യങ്ങൾ തന്നെ കോടതി മുറിയിലും അവൾക്ക് നേരിടേണ്ടി വരും. ഒടുവിൽ തെളിവുകളില്ലായെന്ന പേരിൽ പ്രതി രക്ഷപ്പെടുകയും ചെയ്യും. ഈ പറഞ്ഞ സിനിമയിൽ പക്ഷെ, മുൻകരുതലായി ചില വളഞ്ഞവഴികൾ സ്വീകരിക്കുന്നുണ്ട് നായിക. ആ സിനിമയെയോ അതിലവൾ സ്വീകരിക്കുന്ന മാർഗത്തെയോ ഞാൻ ഒരിക്കലും എൻഡോഴ്സ് ചെയ്യുന്നില്ല.പക്ഷെ, നിയമം നടപ്പാക്കുമ്പോൾ നീതി നിഷേധിക്കപ്പെടുന്ന 100 കേസുകളെടുത്താൽ അതിൽ വലിയൊരു ശതമാനവും ഇത്തരം റേ  പ് കേസുകൾ ആണെന്നതും നമ്മളോർക്കണം. അതിനേറ്റവും നല്ല ഉദാഹരണം കഴിഞ്ഞ 5 വർഷമായി നമ്മുടെ മുന്നിൽ തന്നെയുണ്ടല്ലോ.
മനോജ് വെള്ളനാട്