കഴിഞ്ഞ ആറു ദിവസം ഒരു ചെറിയ ക്യാമറ എടുത്തു യാത്ര പോയപ്പോൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇ ബുദ്ധിമുട്ടുകൾ ഇദ്ദേഹം സഹിച്ചിട്ടുണ്ട് എന്ന്

EDITOR

ഒരു DSLR ക്യാമറയുമായി ആറു ദിവസം മാത്രമുള്ള ഒരു solo trip കഴിഞ്ഞു മടങ്ങി വന്നപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട ലോക സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങരെയെക്കുറിച്ചും അദ്ദേഹം ഒറ്റയ്ക്ക് ഒരു പ്രൊഫെഷണൽ ക്യാമറയും തൂക്കി നടത്തിയ ലോക സഞ്ചാരത്തെക്കുറിച്ചും അതിന് വേണ്ടി സഹിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും ഓർക്കുകയായിരുന്നു കാണുമ്പോൾ വളരെ സുന്ദരമായിട്ട് തോന്നുമെങ്കിലും ഒരു പ്രൊഫഷണൽ ക്യാമറയുമായി സഞ്ചരിക്കുക എളുപ്പമല്ല.ഇന്ന് ഡിജിറ്റൽ ക്യാമറകൾ ഒക്കെ വന്നപ്പോൾ അദ്ദേഹം ഉപയോഗിക്കുന്ന ക്യാമറയും ചെറുതായിരിക്കും .എന്നാൽ പണ്ട് വലിയ വീഡിയോ ക്യാമെറയുമായിട്ടാണ് അദ്ദേഹം യാത്ര ചെയ്തിരുന്നത് .കസ്റ്റംസ് ക്‌ളിയറൻസ് നടത്തണം ഒറ്റക്ക് ഷൂട്ട്‌ ചെയ്യണം ഫുട്ടേജ് കോപ്പി ചെയ്യണം ക്യാമെറ ബാറ്ററി മെമ്മറി കാർഡ് ചാർജ്ജർ പാസ്സ്‌പോർട്ട് പേഴ്‌സ് ഇവയെല്ലാം കളഞ്ഞു പോകാതെ സൂക്ഷിയ്ക്കണം.വാഹനത്തിലും വിമാനത്തിലും ചിത്രീകരിയ്ക്കാൻ അനുയോജ്യമായ ഒരു സീറ്റു കിട്ടണം അങ്ങനെ നിരവധി പ്രശ്നങ്ങൾ.

അത് കൂടാതെ പല രാജ്യങ്ങളിലും അനുവാദമില്ലാതെ ഒരാളുടെ നേരെയും ക്യാമറ ഉയർത്താൻ പോലും പറ്റുകയില്ല .പല സ്ഥലങ്ങളിലും പെർമിഷൻ ഇല്ലാതെ ഷൂട്ട് ചെയ്യാൻ പറ്റില്ല.അനുവാദമില്ലാതെ കുട്ടികൾ കളിയ്ക്കുന്ന ഒരു ഫോട്ടോ എടുത്താൽപ്പോലും ചിലപ്പോൾ ആളുകൾ വയലന്റാകുകയും തെറിപറയുകയും ചെയ്യും ഓരോ യാത്രയും കഴിഞ്ഞു മടങ്ങി വരുബോൾ കൊണ്ടുപോയ സാധനങ്ങൾ ഒന്നും നഷ്ടപ്പെടാതെ കൊണ്ടുവരുന്നത് തന്നെ വിഷമകരമാണ് .പേഴ്സും പാസ്സ്പോർട്ടും മറ്റു രേഖകളും കയ്യിലുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കേണ്ടി വരും.ഒരു പരിചയവുമില്ലാത്ത സ്ഥലത്തു പോയിട്ട് എന്തെങ്കിലും സംഭവിച്ചാൽ സഹായിക്കാൻ ആരുമുണ്ടാവില്ല സന്തോഷ് ജോർജ്ജ് കുളങ്ങര ഒരു അസാധ്യ മനുഷ്യനാണ് അദ്ദേഹത്തിന്റെ ഒരു ചങ്കൂറ്റം അപാരമാണ്.സ്‌ക്രീനിൽ മനോഹരമായ ഓരോ സ്ഥലങ്ങൾ കാണുമ്പോൾ പലരും പറയുന്നത് കേട്ടിട്ടുണ്ട് എത്ര ഭാഗ്യവാനാണ് അദ്ദേഹമെന്ന്.ആ ഭാഗ്യത്തിന് പിന്നിൽ സമാനതകളില്ലാത്ത അധ്വാനമുണ്ട്.നിശ്‌ചയദാർഢ്യമുണ്ട് വിരസമായ ഉറക്കളച്ച മണിക്കൂറുകൾ നീണ്ട ബുദ്ധിമുട്ട് നിറഞ്ഞ നിരവധി വിമാനയാത്രകളുണ്ട് .

അദ്ദേഹത്തിന്റെ ഒരു പത്തിലൊന്ന് പാഷനും ധൈര്യവുമുണ്ടെങ്കിൽ ഏത് മനുഷ്യനും ഒരു സഞ്ചാരിയാകാം .സാധാരണക്കാർ ഒരു പ്രൊഫെഷണൽ ക്യാമറയുടെ ഭാരമില്ലാതെയാണ് സഞ്ചരിക്കുന്നത്.പകുതി ഭാരം അപ്പോഴേ കുറഞ്ഞു സുരക്ഷിതമായൊരു സാമ്പത്തിക പശ്ചാത്തലം ഒരുക്കിവെച്ചിട്ട് സഞ്ചരിച്ചു കളയാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് തികഞ്ഞ അബദ്ധമായിരിയ്ക്കും.നാളെ നമ്മൾ ജീവിച്ചിരിക്കുമോയെന്നു പോലും നമുക്കറിയില്ല.എന്തെങ്കിലും ചെയ്യണമെങ്കിൽ ഇന്ന് ചെയ്യണം Tomorrow never comes എന്നാണ് പറയുക കോടിക്കണക്കിന് സമ്പാദിച്ചിട്ട് ഒരു യാത്ര പോലും പോകാത്ത ഒരാളും യാതൊരു സമ്പാദ്യങ്ങളുമില്ലെങ്കിലും ധാരാളം സഞ്ചരിച്ച ഒരാളും തമ്മിൽ വലിയ വ്യത്യാസമുണ്ട് ഒരു സഞ്ചാരിയുടെ അനുഭവങ്ങൾ അതിരില്ലാത്തവയാണ് .അയാൾക്ക് മറ്റു മനുഷ്യരോടും ജീവജാലങ്ങളോടും എങ്ങനെ പെരുമാറണമെന്നെങ്കിലും ചുരുങ്ങിയ പക്ഷം അറിയാം.ധാരാളം സഞ്ചരിച്ചവൻ വെറുതെ അല്പത്തരങ്ങൾ കാണിക്കുകയോ പൊങ്ങച്ചം പറയുകയോ ചെയ്യുകയില്ല .ഈ ലോകം എത്ര വിശാലമാണെന്നും നമ്മളെല്ലാം എത്ര നിസ്സാരരാണെന്നും സ്വന്തം അനുഭവം കൊണ്ട് മനസ്സിലാക്കിയവനാണ് ഒരു സഞ്ചാരി അങ്ങനെയൊരാളെ കണ്ടാൽ അയാളോട് ചേർന്ന് നിൽക്കാനും അയാളെ നമിയ്ക്കാനും മടികാണിയ്ക്കരുത് മനുഷ്യൻ.
സുനു കാനാട്ട്.