ആഹാരം കഴിക്കുമ്പോ മഴ പെയ്താൽ ഡൈനിങ്ന് ചുറ്റും മഴ തുള്ളികൾ വീഴണം ഇ ആഗ്രഹങ്ങളുമായി വന്നത് അച്ഛൻ എന്ന സിംഹത്തിന്റെ മടയിൽ ശേഷം

EDITOR

ഇതാണ് “തണൽ” 2012 ൽ പണി കഴിഞ്ഞ ഞങ്ങളുടെ സ്വന്തം വീട്.CiviI engineering ന് ശേഷം നാട്ടിലെ ആറ് വർഷത്തെ പല വിധ പ്രവൃത്തി പരിചയവുമായി 2004 ൽ ആണ് കഷ്ടിച്ച് ടിക്കറ്റിന്റെ കാശുമായ് കല്യാണശേഷം ഞങ്ങൾ ദുബായിലേക്ക് പറന്നിറങ്ങിയത്. ഏതൊരു സാധാരണ പ്രവാസിയെയും പോലെ sharing ൽ താമസം തുടങ്ങിയപ്പോൾ മുതലുള്ള സ്വപ്നം.ആറ് വർഷത്തോളം തിരിച്ചും മറിച്ചും വരച്ച് വരച്ച് രൂപപ്പെട്ട പ്ളാൻ, എന്റെ ചില വട്ടുകൾക്ക് civil engineer കൂടിയായ ഭാര്യ കട്ട സപ്പോർട്ടുമായി കൂടെ നിന്നത് ഭാഗ്യം!എന്തായിരുന്നു ഭ്രാന്ത് എന്നല്ലേ ? കേട്ടോളു.ആഹാരം കഴിക്കുമ്പോ പുറത്ത് മഴ പെയ്താൽ Dining ന് ചുറ്റും മഴ തുള്ളികൾ വീഴണം ! family living, formal living, അടുക്കള,പുറത്തുള്ള കാഴ്ച്ച (പുറത്തും closed ഭിത്തിയില്ല) എന്നിവ Dining table ൽ ഇരുന്നാൽ കാണണം.സാധാരണ കോൺക്രീറ്റ് കെട്ടിടങ്ങളിലുള്ള ചൂട് ഉണ്ടാവാൻ പാടില്ല,സൂര്യൻ അസ്തമിക്കും വരെ ലൈറ്റ് ഇടേണ്ട ആവശ്യം കഴിയുന്നതും വരരുത്, വെളിയിൽ നിന്ന് കണ്ടാൽ പെട്ടി പോലെ തോന്നാതെ മൊത്തത്തിൽ ഒരു മൊഞ്ച് വേണം, ഒറ്റ നിലയായി പരന്ന് കിടക്കണം.ഇത്യാദി ഒരു കൂട്ടം ആഗ്രഹങ്ങളുമായി വന്നിറങ്ങിയത് അച്ഛൻ എന്ന സിംഹത്തിന്റെ മടയിൽ.

Electrical Engineer ആയിരുന്നെങ്കിലും ഏതൊരു civil engineer നെയും മലർത്തിയടിക്കാൻ പറ്റിയ അനുഭവ ജ്ഞാനവും Analytical skill ഉം ഉള്ള കക്ഷിയുടെ മുൻപിൽ ഒരവധിക്ക് വന്നപ്പോൾ ഇതാണ് ഞാൻ കാണുന്ന കിനാശ്ശേരി എന്ന് പറഞ്ഞു.ഞങ്ങൾ ചെസ്സ് കളിക്കുമ്പോൾ പരസ്പരം പണി കൊടുക്കുമ്പോ കണ്ണിൽ കണ്ണിൽ നോക്കാറുണ്ട്, അതേ പോലെ വീണ്ടും വീണ്ടും Plan ൽ നോക്കിയിട്ട് എന്നെ ഒന്ന് നോക്കി , ഇനിയുള്ള കുറച്ചു കാലം ഓട്ട പാച്ചിലിന്റെ ചെക്ക് തനിക്ക് വരുന്നുണ്ട് എന്ന് മനസിലാക്കിയ കക്ഷി പതിയെ പറഞ്ഞു സംഗതി കൊള്ളാം ,വ്യത്യസ്തവുമാണ് പക്ഷേ നീ തന്നെ ഇവിടെ വന്ന് നിന്ന് ചെയ്യിക്കേണ്ടി വരും ആദ്യം അങ്ങനെ പറഞ്ഞെങ്കിലും,പിന്നീട് ഉത്സാഹത്തോട് തന്നെ കടിഞ്ഞാൺ ഏറ്റെടുത്തു.

പണി തുടങ്ങിയപ്പോൾ മേശരി മുതൽ പലരും ചോദിച്ചു തുടങ്ങി! ഈ മഴയെ പുറത്ത് നിർത്താൻ പറ്റുമോ.അതിനുള്ള സമ്മർദ്ധം പല ഭാഗത്ത് നിന്നും ശക്തമായി വന്നു തുടങ്ങി.മഴ പ്രാന്തനായത് കൊണ്ട് എനിക്ക് തോനിയത് പക്ഷേ മറിച്ചാണ്..ഒരുമിച്ച് തുടങ്ങി ഒരുമിച്ച് ഒടുങ്ങുന്ന തുള്ളികൾചേർന്നാണ് വരവെങ്കിലും മിതമായ അകലം പാലിച്ച് നമ്മുടെ നെഞ്ചിലേക്ക് പെയ്തിറങ്ങുന്നവൾ…നമ്മുടെ സ്വന്തം മഴ നമ്മൾ പ്രണയത്തിലാണെങ്കിൽ മഴ പെയ്യുന്ന രീതിയിൽ എല്ലാം പ്രണയ സല്ലാപം തോന്നും, ഇറയത്ത് നില്ക്കുന്ന നമ്മളെ വാരി പുണരുന്നത് പോലെ തോന്നും…നമ്മൾ നിരാശരായി ഇറയത്തു നില്ക്കുമ്പോ അതേ മഴയ്ക്ക് അമ്മയുടെ വാത്സല്യം തോന്നും, നമ്മൾ ദേഷ്യത്തിലാണേൽ നമ്മളോട് കലഹിക്കുന്നത് പോലെ ഇറയത്തേക്ക് അടിച്ചു കയറുന്നത് പോലെ തോന്നും.ഒരു നല്ല കാമുകിക്ക് വേണ്ട നിശബ്ദതയും,നിഗൂഡതയും അടക്കം എല്ലാം കുറുമ്പും ഓള് പേറുന്നുണ്ട്

ചുരക്കത്തിൽ മഴ ഒരു സംഭവമാണ് , നമ്മുടെ മനോനിലയ്ക്ക് അനുസരിച്ച് നമ്മുടെ കൂടെ നില്ക്കുന്ന നമ്മുടെ സ്വന്തം ചങ്ക് !!!ആ ചങ്കിനെ പുറത്ത് നിർത്താൻ എനിക്ക് തോനിയില്ല…അത് കൊണ്ട് തന്നെ ഓളെ ഞാൻ കൂടെ തന്നെ കൂട്ടി… Family living ൻറെയും , Formal living ൻറെയും സൈഡിൽ മഴ!!!, Dining room എന്ന് ഒന്ന് ഇല്ലേ ഇല്ല !!! അത് ഒരു circular space മാത്രം ആണ് ,കഴിക്കുമ്പോൾ അതിന് ചുറ്റും മഴ..കൂടെ ഒരു കട്ടൻ ചായയും കൂടിയായാൽ ആഹാ അന്തസ്സ് ഒന്നര വർഷം കൊണ്ട് 1350 / Sq ft ന് പണി കഴിഞ്ഞു.എല്ലാ ക്രഡിറ്റും അച്ഛന് തന്നെ, Itemwise Labour contract കൊടുത്ത് materials എല്ലാം സസൂഷ്മം തിരഞ്ഞെടുത്തു Quality യോടെ പണി തീർത്തു.എല്ലാ ദിവസവും രാത്രിയിൽ web cam വഴി ഞാൻ നാട്ടിലോട്ട് വിളിക്കും, നാട്ടു കാര്യങ്ങൾ പറഞ്ഞ് തുടങ്ങുമ്പോൾ രണ്ട് കസേരയിൽ വിശേഷങ്ങുമായി അച്ഛനും അമ്മയും ഉണ്ടാവും, വിഷയം വീട് പണിയിലേക്ക് കടക്കുമ്പോ അമ്മ പതിയെ വലിയും, പിന്നെ അച്ഛനും ഞാനും തമ്മിൽ പൊട്ടലും ചീറ്റലും .അധികം താമസിക്കാതെ ക്യാമറയ്ക്ക് മുൻപിൽ രണ്ട് കസേര മാത്രമാവും, ഞാനതിൽ കണ്ണുമിഴിച്ച് നോക്കിയിരിക്കുമ്പോ നമ്മുടെ Guest Artist അരങ്ങത്ത് വരും.നിനിക്ക് അവിടിരുന്ന് ഓരോന്ന് പറഞ്ഞാ മതി,ഈ മനുഷ്യൻ ഇവിടെ കിടന്നു ഓടുന്നത് ഞാൻ മാത്രമേ കാണുന്നുള്ളു അവനും അവന്റെയൊരു പ്ളാനും എന്ന് പറഞ്ഞ് കമ്പ്യൂട്ടർ shut down ചെയ്യാനറിയാത്ത അമ്മ Plug ഊരുമ്പോൾ അന്നത്തെ Progress review meeting കഴിയും, അങ്ങനെ എത്ര എത്ര സംവാദങ്ങൾ നിറഞ്ഞ ദിവസങ്ങൾ.

പുതിയ വീട്ടിലെ സരസമായ ദിവസങ്ങളിൽ പലരും നല്ല അഭിപ്രായങ്ങൾ പറയുമ്പോ അച്ഛൻ പറയുന്ന ഒരു സംഗതിയായിരുന്നു, നീ ഈ അല്ലറ ചില്ലറ എഴുത്തിന്റെ കൂടെ വീടിനെ പറ്റിയോ, വീടു പണിയേകുറിച്ചോ എഴുതിക്കൂടെ ആർക്കേലുമൊക്കെ പ്രയോജനം ചെയ്യില്ലേ എന്ന്.ഞാൻ അന്ന് അതിന് ചെക്ക് വച്ചത് എന്നാ പിന്നെ അച്ഛൻ Bulking of sand എന്ന സംഗതിയൊന്ന് മലയാളത്തിൽ പറയാമോ എന്ന് ചോദിച്ചാണ്.ഇപ്പോ തണലിൽ ഇരുന്ന് ഞാനിതെഴുതുമ്പോൾ കണ്ണ് തുളുമ്പുന്നൂ,എന്റെ വീടു പണിയെകുറിച്ചുള്ള ഒരു കുറിപ്പും പോലും വായിക്കാതെ അച്ഛൻ പോയി ഒരു വലിയ തണൽ മരമായി ഞങ്ങളുടെ തണലിന്റെ ഓരോ മുക്കിനും മൂലയിലും പടർന്ന് നില്ക്കുന്നു, ഞാൻ കാണുന്ന ഭിത്തിയിലെ പെയിൻറിലായാലും, സ്വിച്ചുകളിലായാലും, ഫാനിലായാലും.ചുറ്റുപാടും കാണുന്നതിലെല്ലാം ഞങ്ങൾ നടത്തിയ വാദ പ്രതിവാദങ്ങൾ ഇപ്പോഴും മുഴങ്ങുന്നു.

ഞാനീ ഗ്രൂപ്പിൽ എഴുതുന്ന എഞ്ചിനീയറിംഗ് സംബന്ധിച്ച കുറിപ്പുകൾ ആർക്കെങ്കിലും പ്രയോജനപ്പെടുന്നുണ്ടോ എന്നെനിക്കറിയില്ല! പക്ഷേ ഒന്നുറപ്പാണ് അച്ഛൻ വായിച്ചിരുന്നെങ്കിൽ തീർച്ചയായും അത് ആസ്വദിക്കുകയും ഞങ്ങൾ അതിന്മേൽ പതിവു പോലെ ഏറ്റ് മുട്ടുകയും ചെയ്തേനെ…എനിക്ക് ഇത് വായിക്കുന്നവരോട് പറയാനുള്ളത് ഇത്രമാത്രം…നമ്മൾ പിന്നത്തേക്ക് ഒന്നും മാറ്റി വക്കരുത്, പ്രത്യേകിച്ച് പൊതുവെ ലേശം സീരിയസ് ആയി പെരുമാറുന്ന അച്ഛന്മാരോട്.ഇത് വായിക്കുമ്പോ ഒന്ന് കണ്ണെടുത്ത് നിങ്ങളുടെ അച്ഛനെ ഒന്ന് നോക്കിയേ, നമ്മുടെ നാളെയെ കരുതിയുള്ള എന്തേലും ചിന്തയിലോ പ്രവർത്തിയിലോ ആയിരിക്കും എന്നുറപ്പല്ലേ.അച്ഛന് വേണ്ടിയുള്ള ഒരു സമർപ്പണം തന്നെയാണ് ഈ കുറിപ്പും ,ഗ്രൂപ്പിലെ എന്റെ മറ്റ് എഴുത്തുകളും, എനിക്ക് പറ്റാഞ്ഞത് അച്ഛന് വേണ്ടി ഞാൻ നിങ്ങളോട് പറയട്ടേ , ഇത് വായിച്ചതിന് ശേഷം നിങ്ങളുടെ അച്ഛനെ ഒന്ന് ചേർത്ത് പിടിച്ചു ആ ചെവിയിൽ Thank you അച്ഛാ എന്നൊന്നു പറയൂ എന്തിനാണെന്ന് എണ്ണി എണ്ണി പറയേണ്ടതില്ല! എണ്ണാൻ പോയാൽ ചിലപ്പോൾ നമുക്ക് വർഷങ്ങൾ വേണ്ടി വന്നേക്കും.എന്നിട്ട് ആ കണ്ണിലെ ഒളിപ്പിക്കാൻ നോക്കുന്ന ആ സന്തോഷം അനുഭവച്ചറിയൂ.എനിക്കിനീ ആ ഭാഗ്യം ഇല്ല ഒരു നിമിഷത്തേക്കെങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കിൽ ഞാനൊരു നൂറ് പ്രാവശ്യമെങ്കിലും കെട്ടി പിടിച്ചേനെ, നാളെ അച്ഛൻ പോയിട്ടൊരു വർഷം.അപ്പോ പറഞ്ഞപോലെ അടുത്ത പോസ്റ്റിലേക്കോ മറ്റോ പോകുന്നതിന് മുൻപ് അച്ഛനെ ഒന്നു ചേർത്തു പിടിക്കും എന്ന പ്രതീക്ഷയോടെ.
സസ്നേഹം
അഭിലാഷ് സത്യൻ