പെട്ടെന്ന് എന്തോ പൊട്ടിത്തെറിച്ച ശബ്ദം പിന്നെ ഒന്നും തന്നെ ഓർമ്മയില്ല ആഴ്ച്ചകൾക്ക് ശേഷം കണ്ണ് തുറക്കുമ്പോൾ എനിക്ക് നഷ്ടപ്പെട്ടത് കുറിപ്പ്

EDITOR

രണ്ട് മാസത്തെ വേനലവധി ആഘോഷിക്കാനായിരുന്നു ഉപ്പയുടെ ജോലി സ്ഥലമായ ഷാർജയിലെത്തുന്നത് പ്രവാസത്തിലെ ഓരോ കാണാകാഴ്ചകളും ഞങ്ങളോടൊരുമിച്ച് കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ഉപ്പച്ചിയുടെ മുഖത്ത്.പ്രവാസം തുടങ്ങി പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഇതുപോലൊരു അവസരം ഉപ്പക്ക് കിട്ടുന്നത്.മക്കള് രണ്ടും ആൺകുട്ടികളെല്ലെ .അതോണ്ട് അവരെ കെട്ടിക്കാനൊന്നും പൈസ ഉണ്ടാക്കണ്ടല്ലോ എന്ന ഉമ്മച്ചിയുടെ പരാതിയുടെ കെട്ട് പൊട്ടിച്ചപ്പോഴാണ് ഈ വർഷത്തെ സ്കൂൾ അവധിക്കാലം ഗൾഫിലാക്കാം എന്ന് തീരുമാനമായത് ഉപ്പ വലിയ സമ്പാദ്യമുള്ള ആളൊന്നും അല്ല. ഒരു സ്വകാര്യ കമ്പനിയിലെ ഡ്രൈവറാണ്.മൂന്നോ നാലോ മാസത്തെ ശമ്പളം കൂട്ടിവെച്ചിട്ടാണ് വിസയും ടിക്കറ്റും റൂമും എടുക്കുന്നത്.തൽകാലത്തേക്ക് യാത്ര ചെയ്യാൻ ഉപ്പയുടെ കൂട്ടുകാരന്റെ ഒരു പഴയ മോഡൽ കൊറോള കാറുണ്ട് .അതിലായിരുന്നു ഞങ്ങളുടെ യാത്രകൾ.പതിവ് പോലെഒഴിവ് ദിവസമായ വെള്ളിയാഴ്ച്ച ഉച്ച ഭക്ഷണവും കഴിച്ച് ദുബായിലെ കുടുംബക്കാരുടെയും മറ്റും വീടുകളിൽ പോകാനിറങ്ങി.

കുടുംബക്കാരെയും കൂട്ടുകാരെയും കണ്ട് തിരിച്ചു വരുമ്പോൾ നാട്ടിലേക്ക് കൊണ്ട് പോകാൻകുറച്ചു സാധനങ്ങൾ ദേരാ സിറ്റി സെന്ററിൽ നിന്നും വാങ്ങി.രാത്രിയിലേക്കുള്ള ഭക്ഷണം റൂമില് ഇല്ലാത്തതിനാൽ പുറത്തുനിന്നും കഴിക്കാമെന്ന് തീരുമാനിച്ചു അങ്ങിനെ ദുബായ് എയർപോർട്ടിന് അടുത്തുള്ള റെസ്റ്റോറന്റിൽ നിന്നും ഭക്ഷണവും കഴിച്ച്, താമസ സ്ഥലമായ ഷാർജയിലേക്ക് യാത്രതിരിച്ചു.സമയം പത്തുമണി കഴിഞ്ഞിട്ടുണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ചെറിയ തിരക്കുണ്ട് റോഡിന്റെ തൊട്ടുമുകളിലൂടെ പറന്ന്എമിറേറ്റ്സിന്റെ വിമാനം ഇറങ്ങുന്ന നല്ലൊരു കാഴ്ച്ച.ശരിക്കും പുതിയൊരു അനുഭവം തന്നെയായിരുന്നു.
പെട്ടെന്ന് എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം.പിന്നെ കാര്യമായി ഒന്നും തന്നെ ഓർമ്മയില്ല.ആഴ്ച്ചകൾക്ക് ശേഷം കണ്ണ് തുറക്കുമ്പോൾ ഷാർജ ഖാസിമിയ്യ ഹോസ്പിറ്റലിൽ.ചുറ്റും നോക്കി ആരെയും കാണുന്നില്ല.നെഞ്ചിലും മൂക്കിലും എല്ലാം വയറുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.ഉമ്മയെയും ഉപ്പയെയും ചോദിച്ചപ്പോൾ അവര് പുറത്തുണ്ടെന്ന് പറഞ്ഞു.ഉമ്മയെ കാണണമെന്ന് പറയുമ്പോൾ ഇപ്പൊ വിളിക്കാമെന്ന് പറഞ്ഞു സംസാരം തുടങ്ങിയപ്പോഴേക്കും ഡോക്ടർമാര് വന്നു.

ഇപ്പൊ ഒക്കെ അല്ലെ എന്ന് ചോദിച്ചു ?മറുപടിയായ് തലയാട്ടിഒരു മിന്നായം പോലെ ഉമ്മ എത്തിനോക്കി പോയീ…ഒന്നും പറഞ്ഞില്ല.നാളെ വീട്ടിലേക്ക് പോകാമെന്ന് ഡോക്ടർ പറഞ്ഞു.അപ്പോഴും എന്താ പറ്റിയതെന്ന് അറിയുന്നില്ല.താമസ സ്ഥലത്തേക്ക് പോകുമ്പോൾ കൂടെ ഉപ്പയെ കാണുന്നില്ല .ഉമ്മച്ചിയാണെങ്കിൽ ഒന്നും മിണ്ടുന്നില്ല.തലതാഴ്ത്തിയിരിക്കുന്നുഅനിയന്റെ കയ്യിലും കാലിലും പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് മുഖത്തും ചെറിയ പാടുകളുണ്ട്.എനിക്കാണെങ്കിൽ 2 മാസത്തെ ബെഡ് റെസ്റ്റ് പറഞ്ഞിട്ടുണ്ട് .കൂടുതൽ നടക്കാനോ കളിക്കാനോ പാടില്ല.ഉപ്പയെവിടെ എന്ന ചോദ്യത്തിന് ആരും മറുപടി പറയുന്നില്ല.അതിനിടയിൽ ഉമ്മ അലറികരയാന് തുടങ്ങി.അനിയൻ കരയല്ലേ എന്ന് പറയുമ്പോൾ ഞാൻ കാരണമല്ലേ ഉപ്പ പോയതെന്ന് ഉമ്മ പറയാൻ തുടങ്ങി ഉപ്പ എങ്ങോട്ടാണ് പോയതെന്ന് ചോദിക്കുമ്പോൾ കൂടെ വന്ന ഇക്ക കാര്യങ്ങള് പറയാൻ തുടങ്ങിഅന്ന് നിങ്ങൾ അവസാനമായി ദുബായില് നിന്നും വരുമ്പോൾ നിങ്ങളുടെ കാറിന്റെ ടയർ പൊട്ടി തെറിച്ചു.വണ്ടി നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു .ആ ഇടിയുടെ ആഘാതത്തിൽ ഉപ്പച്ചി അവിടെ വെച്ച് തന്നെ മരണപ്പെട്ടു.ഉപ്പയുടെ നേരെ പിൻസീറ്റിൽ ഇരുന്ന എന്റെ തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റി, … മുൻ സീറ്റിൽ ഇരുന്ന ഉമ്മച്ചിയുടെ തല ഡാഷ്ബോർഡിൽ ഇടിച്ചു.ഇപ്പൊ ഉമ്മയ്ക്ക് ഓർമ്മ ശക്തിയിൽ ചെറുതായൊരു മാറ്റമുണ്ട് അതോടപ്പം മാനസിക നിലയും തെറ്റി.

കൂടെയുള്ള അനിയൻ ഇടിയുടെ ആഘാത്തിൽ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ചു വീണെന്നും അത് കൊണ്ട് കയ്യിന്റെയും കാലിന്റെയും എല്ലുകൾ പൊട്ടി.ഇപ്പോ എല്ലാം നഷ്‌ടമായിരിക്കുന്നു.നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ ഉപ്പയുടെ കൂട്ടുകാര് നടത്തുന്നുണ്ട്.അതിന് മുൻപായി ഉപ്പച്ചിയുടെ ഖബറൊന്നു കാണണം.അതിനായ് ഉപ്പച്ചിയുടെ കൂട്ടുകാരോടപ്പം ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള ഖബറിസ്ഥാനിലേക്ക് പോയി ആദ്യത്തെയും അവസാനത്തെയും സലാം പറഞ്ഞു തിരികെ പോന്നു.തിരിച്ചു പോകാനുള്ള ഒരുക്കങ്ങള് പൂർത്തിയായി ടിക്കറ്റ് കയ്യില് കിട്ടിരാത്രി ഒൻപത് മണിക്ക് ഷാർജയിൽ നിന്നുള്ള എയർ അറേബ്യ ഫ്‌ളൈറ്റിൽ പുലർച്ചെ നാട്ടിൽ വന്നിറങ്ങുമ്പോൾ കൂട്ട കരച്ചിലോടെയായിരുന്നു വരവേറ്റത്.അപ്പോയെക്കും ഉമ്മ ഒരു ഭ്രാന്തിയെ പോലെ അലമുറയിട്ട് കരയാൻ തുടങ്ങിയിരുന്നു എയർപോർട്ടിൽ നിന്നും ആംബുലൻസിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻപിൽ ഒരു വലിയ ജനക്കൂട്ടം തന്നെ നിലയുറപ്പിച്ചിരുന്നു പലരും പലതും അടക്കം പറയുന്നുണ്ടായിരുന്നു .ഉപ്പച്ചിയോടിച്ച കാറിന് ഇൻഷൂർ ഉണ്ടോ എന്നായിരുന്നു പലർക്കും അറിയേണ്ടത് .ഉണ്ടെങ്കിൽ നല്ലൊരു സംഖ്യ നഷ്‌ടപരിഹാരം കിട്ടുമെന്നാരോ പറയുന്നുണ്ടായിരുന്നു.

കുടുംബക്കാരിലെ ചിലരൊഴികെ ബാക്കിയെല്ലാവരും പോയി.ഉമ്മച്ചിയുടെ അസൂഖം മൂർച്ഛിച്ചു.സ്വന്തം വസ്ത്രങ്ങൾ പോലും വലിച്ചു കീറി ഭ്രാന്തിയെ പോലെ അലമുറയിട്ടുകണ്ട് നിൽക്കുന്നവരുടെ ഖൽബ് പൊട്ടി തുടങ്ങി.എന്ത് ചെയ്യണമെന്നറിയാതെ എല്ലാവരുംഅന്താളിച്ചു. ഏതെങ്കിലും നല്ലൊരു സൈക്ക്യട്രിസ്റ്റിനെ കാണിക്കാമെന്ന തീരുമാനത്തിലെത്തി.രണ്ട് ദിവസത്തിന് ശേഷംകോഴിക്കോട്ടെ പ്രമുഖ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ട് പോയി അവിടെ അഡ്മിറ്റ് ചെയ്തു.ഉമ്മയുടെ കൂടെ ഹോസ്പിറ്റലിൽ ഉമ്മയുടെ സഹോദരനാണ് നിൽക്കുന്നത്.ഉമ്മയുടെ സംസാരം പതിയെ കുറഞ്ഞു,ശരീരം തളർന്നു പതിയെ ഉറക്കിലേക്ക് വഴിമാറി തുടങ്ങി.മരുന്നിന്റെ ക്ഷീണമാണെന്ന് ഡോക്ടർ പറഞ്ഞു.ജൂണില് സ്കൂൾ തുറന്നുഉമ്മ ആശുപത്രിയിൽ നിന്നും വരുന്നത് വരെഉമ്മയുടെ അനിയത്തി വീട്ടില് കൂട്ടിന് നിർത്തി.ഉപ്പയില്ലാത്ത കുട്ടികളെന്ന നിലയിൽ എല്ലാവരും സഹായിച്ചു ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും എല്ലാം സുഭിക്ഷമായി തന്നെയുണ്ട്.പക്ഷെ…ഭക്ഷണം ഉണ്ടാക്കി തരാൻ ആളില്ലെന്ന് മാത്രംസ്കൂളിലെ ഉച്ചകഞ്ഞിയും ചെറുപയറും തിന്നാത്ത ഞങ്ങളിപ്പൊ അതിലെ രുചികൾ കണ്ടെത്തി.ഉമ്മയുടെ അസൂഖം കാരണം ഒരു ഡ്രസ്സ് രണ്ട് ദിവസം വരെ ഉപയോഗിക്കാൻ തുടങ്ങി.ഡ്രെസ്സുകൾ സ്വയം അലക്കാൻ തുടങ്ങി.

അപ്പഴും ഉമ്മയോട് ഒരു പരാതിയും ഞങ്ങൾക്കില്ലായിരുന്നു. ക്ലാസ് ടീച്ചറായ ആയിഷ മിസ്സ് വീട്ടിലെ കാര്യങ്ങൾ എപ്പോഴും ചോദിക്കും ഒഴിവുള്ള ദിവസങ്ങളിൽ ടീച്ചർ ഉമ്മയെ കാണാൻ വരാറുണ്ട്.കുറേ നേരം ഉമ്മയോട് സംസാരിക്കും.പക്ഷെ ചോദ്യങ്ങൾക്ക് ഉമ്മയുടെ മറുപടി പലപ്പോഴും കണ്ണീരിൽ ഒതുങ്ങും ഭക്ഷണ കാര്യത്തിൽ വല്ലാത്തൊരു കൈപ്പുണ്യമായിരുന്നു ഉമ്മച്ചിക്ക്.അടുത്തവീടുകളിലെ സൽക്കാരങ്ങൾക്ക് പ്രധാന പാചകക്കാരി ഉമ്മയായിരുന്നു.പക്ഷെ…ഇന്ന് എല്ലാം ഒരു കാട്ടികൂട്ടലായി മാറിയിരിക്കുന്നു.ഉപ്പ് ഇടേണ്ടിടത്ത് ചിലപ്പോൾ പഞ്ചസാരയിടും അല്ലെങ്കിൽ ചിലപ്പോൾ നേരെ തിരിച്ചും.അടുക്കളയിൽ പത്രങ്ങൾ അലങ്കോലമായി കിടന്നാല് അല്ലെങ്കിൽ ഭക്ഷണ വേസ്റ്റുകൾ തറയിലിട്ടാൽ എല്ലാം വഴക്ക് പറഞ്ഞിരുന്നു.ഒരു തുള്ളി ഭക്ഷണം പോലും പാഴാക്കരുത് അത് ഉപ്പയുടെ വിയർപ്പാണ് ” എന്ന് പറഞ്ഞിരുന്ന ഉമ്മ ഭക്ഷണങ്ങൾ വലിച്ചെറിയാൻ തുടങ്ങി.ഇന്ന് ഉമ്മ തന്നെ എല്ലാം വാരി വലിച്ചിട്ടിരിക്കുന്നു.എന്താണിങ്ങനെ എന്ന് ചോദിച്ചാൽ ചിലപ്പോള് ഉമ്മയെ ചീത്ത പറഞ്ഞെന്ന് പറയും.പിന്നെ…അതും പറഞ്ഞു കരയും.ഉപ്പച്ചി മരിച്ചതിലുള്ള ആഘാതം ഉമ്മയെ കൂടുതൽ പരിഭ്രാന്തിയാക്കി.

കാര്യങ്ങൾ കൈവിട്ടു ഉമ്മയെ അമ്മാവന്മാർ വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.അവിടെനിന്നും ഇറങ്ങിയോടിയത്തിൽ തെന്നിവീണു കാല് പ്ലാസ്റ്ററിട്ടു.അതോടെ ഇറങ്ങിയോട്ടം നിന്നു.സ്ഥിരമായി രാവിലെ ബേക്കറിയോ അല്ലെങ്കിൽ നേന്ത്രപ്പഴമോ കഴിച്ചാണ് സ്കൂളിൽ പോകുന്നത്.ഉമ്മച്ചി ഹോസ്പിറ്റലിൽ ആയപ്പോഴായിരുന്നു രാവിലെ ഒരുപാട് ദിവസങ്ങൾക്ക് ശേഷം അരിഭക്ഷണം കിട്ടുന്നത് .അതും ഉമ്മയുടെ വീട്ടിൽ നിന്ന്.ഉപ്പച്ചിയുടെ മരണത്തോടെ അടുക്കള തീർത്തും നിശബ്ദമായി.നെയ്ച്ചോറും ബിരിയാണിയും ഉണ്ടാക്കിയിരുന്ന പാത്രങ്ങൾ റാക്കിന് മുകളിൽ സ്ഥാനം പിടിച്ചു.ഇറച്ചിയും മീനും നിറഞ്ഞിരുന്ന ഫ്രിഡ്ജിലെ ഫ്രിസർ കാലിയായി.മുട്ടയും ചെറുനാരങ്ങയും അച്ചാറും ജാമും കൊണ്ട് അലങ്കരിച്ചിരുന്ന ഫ്രിഡ്ജിന്റെ ഡോർ ഇന്ന് കാലിയാണ്.ഉമ്മയുടെ അസൂഖത്തിൽ ചെറിയ മാറ്റങ്ങള് തുടങ്ങി.സംസാരങ്ങൾ വീണ്ടെടുത്തു.പക്ഷെ തലയിലെ ഞെരമ്പുകൾ ചുരുങ്ങി കൊണ്ടിരിക്കുയാണ് അതുകൊണ്ട് തന്നെ ഓർമ്മ ശക്തിയിൽ വലിയ കുറവ് സംഭവിച്ചിരിക്കുന്നു.സംസാരിക്കുന്നുണ്ടെങ്കിലും പരസ്പര ബന്ധമില്ലാത്ത വാക്കുകളായി ഉപ്പയുടെ മരണം പോലും മറന്നു.ഒരു ദിവസം ഉമ്മ ഞങ്ങളെ രണ്ട് പേരെയും വിളിച്ചിരുത്തി മടിയില് കിടത്തി.

തലയില് മെല്ലെ തലോടി ഒരുപാട് മാസങ്ങൾക്ക് ശേഷമാണ് ഉമ്മയിൽ നിന്നും ഈ ഒരു സ്നേഹം കിട്ടുന്നത് .അറിയാതെ എന്റെയും അനിയന്റെയും കണ്ണുകള് നിറഞ്ഞു.ആ കൈകൾ മാറോട് ചേർത്ത് ചുംബിച്ചു.ഉമ്മച്ചിക്ക് അസൂഖം മാറിയാൽ നിങ്ങൾക്ക് വയർ നിറച്ചും ഭക്ഷണം ഉണ്ടാക്കി തരാമെന്ന് പറഞ്ഞപ്പോഴേക്കും അനിയൻ കരയാൻ തുടങ്ങി .മക്കള് കരയരുത് എന്നും പറഞ്ഞു കൊണ്ട് തട്ടത്തിന്റെ തലകൊണ്ട് മുഖം തുടച്ചു തന്നു.നാളെ മക്കള് സ്കൂൾ വിട്ടു വരുമ്പോയേക്കും ഉമ്മച്ചി നല്ല ചോറും കറിയും ഉണ്ടാക്കി വെക്കാംട്ടോ…എന്ന് പറഞ്ഞു.ഞങ്ങള് തലയാട്ടിരാവിലെ സ്കൂളിലേക്ക് പോകുമ്പോൾ സ്ഥിരമായി കഴിക്കാറുള്ള ബേക്കറി സാധനങ്ങളിൽ നിന്നും ചെറിയൊരു മോചനം.ഉമ്മച്ചി നല്ല ദോശയും ചട്ണിയും ഉണ്ടാക്കിയിട്ടുണ്ട് .ഉമ്മയുടെ ഈ മാറ്റം വിശ്വസിക്കാൻ കഴിഞ്ഞില്ല.ക്ലാസ് ടീച്ചറോടും ഉമ്മയുടെ മാറ്റങ്ങൾ പറഞ്ഞു. ടീച്ചർക്കും വലിയ സന്തോഷായി…സ്കൂൾ വിട്ട് തിരിച് വീട്ടിലേക്ക് നടക്കുമ്പോൾ ഒരു ആംബുലൻസ് ചീറി പാഞ്ഞു വരുന്നുണ്ട് .പെട്ടെന്ന് തന്നെ റോഡിൽ നിന്നും മാറി കൊടുത്തു .പക്ഷെവീട്ടിലേക്ക് അടുക്കുന്തോറും ആളുകൾ കൂടി കൂടി വരുന്നു. വീടിന്റെ മുറ്റത്ത് ഫയർ ഫോയ്‌സിന്റെ വണ്ടിയും കിടക്കുന്നു .

അടുക്കളയുടെ ഭാഗത്തുനിന്നും പുക ഉയരുന്നുണ്ട്.ആരോ വന്ന് ഞങ്ങളെ ചേർത്ത് പിടിച്ചു വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് പറഞ്ഞു .സാരല്ല്യ പേടിക്കാനൊന്നും ഇല്ലാഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടുണ്ട്അരയ്ക്ക് താഴെ മാത്രം പൊള്ളിയിട്ടുള്ളൂ .ഞാനും അനിയനും പൊട്ടികരയാൻ തുടങ്ങി.അടുത്ത വീട്ടിലെ താത്ത അവരെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയീ.എന്താ പറ്റിയതെന്ന് ചോദിക്കുമ്പോഴാണ് താത്ത പറയുന്നത് ഉമ്മ സ്കൂൾ വിട്ട് വരുമ്പോയേക്കും നിങ്ങൾക്കുള്ള ഭക്ഷണം ഉണ്ടാക്കിയതാ.പക്ഷെ ഗ്യാസടുപ്പ് നേരത്തെ ഓണാക്കിയത് ഓഫാക്കാൻ മറന്ന് പോയിരുന്നു.അടുക്കളയിൽ നിന്നും ഗ്യാസിന്റെ മണം വന്നപ്പോ എന്താണെന്ന് നോക്കാൻ വേണ്ടി ബൾബിന്റെ സ്വിച്ചിട്ടു.അപ്പൊ പെട്ടെന്ന് തീ അങ്ങ് ആളികത്തി .ഉമ്മച്ചിയുടെ ഷാളിലൂടെ മാക്സിയുടെ അടിഭാഗത്തേക്കും തീ പിടിച്ചത്.ഉമ്മച്ചിയുടെ കരച്ചിൽ കേട്ടാണ് ഞങ്ങളെത്തിയത് .അപ്പോഴേക്കും ഉമ്മച്ചി ഓടി പുറത്തെത്തിയിരുന്നു .പിന്നെ ഞങ്ങളല്ലാരും കൂടി വെള്ളം ഒഴിച്ചപ്പോൾ തീ അണഞ്ഞു…അതിന് ശേഷമാണ് സിലിണ്ടർ പൊട്ടിയത്.ആംബുലൻസിലേക്ക് കയറ്റുമ്പോഴും ഉമ്മാക്ക് ബോധം പോയിട്ടില്ലായിരുന്നു.

എന്റെ മക്കള് ഇപ്പൊ സ്കൂൾ വിട്ട് വരും അവർക്ക് ഭക്ഷണം കൊടുക്കണേ ന്ന് പറയുന്നുണ്ടായിരുന്നു.വീട്ടിലേക്ക് ആളുകളെത്തി തുടങ്ങി ആരൊക്കെയോ വന്ന് പന്തലിട്ടു.രാവിലെ 11 മണി ആയപ്പോഴേക്കും പോസ്റ്റുമോർട്ടം കഴിഞ്ഞു.ഉമ്മയെ വെള്ളപുതപ്പിച്ച് കൊണ്ട് ആംബുലൻസ് വന്നു.പിന്നീടെല്ലാം യാന്ത്രിമായിരുന്നു വയർ നിറച്ചു ഭക്ഷണം തരാനുള്ള മോഹം ബാക്കിയാക്കി ഉമ്മ മടങ്ങുമ്പോൾ
ഇനിയുള്ള ജീവിതം എങ്ങിനെ എന്നത് ഒരു ചോദ്യചിഹ്നമായി ഞങ്ങളില് ഉണ്ടായിരുന്നു.പലരും പല അഭിപ്രായങ്ങളും പറഞ്ഞു ഉപ്പയും ഉമ്മയും ഇല്ലാത്ത കുട്ടികളെ യതീം ഖാനയിൽ ചേർത്താൽ മതി എന്ന ഭൂരിപക്ഷ അഭിപ്രായത്തിന് മുന്നിൽ ഞങ്ങളെ യതീം ഖാനയിൽ ചേർത്തി കാലങ്ങൾക്ക് ശേഷം പഠനം പൂർത്തിയാക്കി ജോലിയും നേടി അവിടെ പഠിച്ച കുട്ടിയെ തന്നെ ഇണയാക്കി കൂടെ കൂട്ടിയപ്പോൾ ഉമ്മ നെയ്തെടുത്ത സ്വപ്‌നങ്ങളും ഭക്ഷണക്കൂട്ടുകളും അവളിലൂടെ ആസ്വദിക്കാന് സാധിച്ചു.ആദ്യ രാത്രിയില് തന്നെ ജീവിതകഥകൾവിവരിക്കുമ്പോൾ അവളുടെയും കവിളുകള് നനയുന്നുണ്ടായിരുന്നുസീറ്റ് ബെൽറ്റ് ഇട്ടിരുന്നെങ്കിൽ ഒരു പക്ഷെ ഉമ്മയുടെ തലയ്ക്ക് പരിക്ക് പറ്റില്ലായിരുന്നു.ആ അപകടത്തിലാണ് ഓർമ്മ ശക്തി നഷ്‌ടപ്പെട്ടത്‌.ഓർമ്മ നഷ്‌ടപ്പെട്ടത്‌ കൊണ്ടാണ് ഗ്യാസിന്റെ ലീക്ക് തിരിച്ചറിയാതെ പോയത്.ചെറിയ അശ്രദ്ധകളായിരുന്നു എല്ലാം നഷ്‌ടപ്പെടുത്തിയത്.
അല്ലായിരുന്നെങ്കിൽ ഇന്നും ജീവിച്ചിരുന്നേനെ.

എഴുതിയത് : റാഷിദ് ചെട്ടിപ്പടി