ഇടയ്ക്ക് ബോധം വന്നപ്പോൾ ഡോക്ടർമാർ ഉറങ്ങരുത് എന്ന് പറയുന്ന കേട്ടൂ പക്ഷെ ഉറക്കം വരുന്ന പോലെ കണ്ണുകൾ അടയാൻ തുടങ്ങി

EDITOR

7 മാസത്തിനു മുമ്പൊരു പുലർച്ചെ 8 മാസം ഗർഭിണിയായിരിക്കുമ്പോഴാണ് എനിക്ക് പെട്ടെന്ന് വയറുവേദനിക്കാൻ തുടങ്ങിയത് ഉടൻ തന്നെ ഞങ്ങൾ പത്തനംതിട്ടയിലുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെത്തി.കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ എന്റെ അരികിലെത്തി എന്റെ റിപ്പോർട്ടുകൾ പരിശോധിക്കുകയും തുടർന്ന് ഇവിടെ പറ്റില്ലെന്നും കുഞ്ഞിനെ വേഗം പുറത്തെടുക്കണമെന്നും മാസം തികയാത്തത് കൊണ്ട് നല്ല ബേബികെയർ ഫെസിലിറ്റി ഉള്ള ഹോസ്പിറ്റലിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.ഉടനെ ഞങ്ങൾ അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു. ലൈഫ് ലൈനിൽ എത്തിയ ഉടൻ തന്നെ എനിക്ക് ഫിറ്റ്സ് വരികയും ബോധം പോവുകയും ചെയ്തു.ഉടനേ ICU വിലേക്ക് മാറ്റി.എന്താണ് സംഭവിച്ചതെന്നറിയാതെ ഞങ്ങളുടെ മാതാപിതാക്കൾ പരിഭ്രാന്തരായി.ബിപി ഒരുപാട് കൂടുതൽ ആയിരുന്നു.അനുനിമിഷം കൂടിക്കൊണ്ടിരിക്കുന്ന ബിപി നിയന്ത്രിക്കാൻ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കേണ്ടത് അനിവാര്യമായിരുന്നു. അതോടെ ലൈഫ് ലൈനിലെ ഡോക്ടർമാർ എത്രയും വേഗം സിസേറിയൻ ചെയ്യുവാനുള്ള ഒരുക്കങ്ങൾ നടത്തി.

പക്ഷെ ഇടയ്ക്കിടെ ഫിറ്റ്സ് വന്നുകൊണ്ടിരുന്നു ഒപ്പം ശ്വസിക്കുവാൻ ബുദ്ധിമുട്ടും. ഇടയ്ക്ക് എനിക്ക് ബോധം വന്നപ്പോൾ എന്റെ അരികിൽ ഡോക്ടർമാരും നഴ്സ്മാരും നിൽക്കുന്നത് ഒരു പുകമറയ്ക്കുള്ളിലെന്നപോലെ ഞാൻ കണ്ടു.അവർ എന്നെ ആവർത്തിച്ചു വിളിച്ചു കൊണ്ടേയിരുന്നു.കണ്ണുകൾക്ക് മുകളിൽ വല്ലാത്ത ഭാരം എനിക്ക് അനുഭവപ്പെട്ടു.ഉറക്കം വരുന്നത് പോലെ ഒരു തോന്നൽ എന്റെ കണ്ണുകൾ അടയാൻ തുടങ്ങി.ഉറങ്ങരുത് ആതിരാ കണ്ണ് തുറന്നു പിടിക്ക് കവിളിൽ തട്ടിക്കൊണ്ടു ഡോക്ടർ പറഞ്ഞു കൊണ്ടിരുന്നു.അടയാൻ തുടങ്ങുന്ന കണ്ണുകൾ വലിച്ചു തുറന്ന് ഞാൻ എല്ലാവരെയും നോക്കി പിന്നെ എന്റെ കണ്ണുകൾ താനെ അടഞ്ഞു.കുറെ തവണ വിളിച്ചിട്ടും എന്റെ ഭാഗത്ത്‌ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല ഇടതു കൈയുടെയും കാലിന്റെയും ചലനശേഷി നഷ്ടമാവുകയും ചെയ്തു.അതോടെ, എന്റെ ആരോഗ്യനില കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണെന്നും അവിടത്തെ സൗകര്യങ്ങൾ കുഞ്ഞിനെ സംരക്ഷിക്കുവാൻ മാത്രമേ പര്യാപ്തമാവുകയുള്ളുവെന്നും എത്രയും വേഗം കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ഹോസ്പിറ്റലിൽ എത്തിച്ചെങ്കിൽ മാത്രമേ എന്നെ രക്ഷപ്പെടുത്തുവാൻ കഴിയുകയുള്ളൂ എന്നും അവർ അറിയിച്ചു.

അപ്പോഴേക്കും സമയം വൈകിട്ട് 3 മണിയോടടുത്തിരുന്നു എറണാകുളത്തായിരുന്ന എന്റെ ഭർത്താവ് കുട്ടേട്ടനും അപ്പോഴേക്കും അവിടെയെത്തി.ICU ആംബുലൻസിൽ എന്നെ തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജിൽ എത്തിച്ചു.നേരത്തെ അറിയിച്ചതനുസരിച്ച് ഡ്യൂട്ടി കഴിഞ്ഞു പോയ അവിടത്തെ ഗൈനക്കോളജിസ്റ്റായ കുരുവിള ഡോക്ടർ അടൂർ നിന്ന് എമർജൻസി വരുന്നതറിഞ്ഞു തിരികെ എത്തി ഒരു കൂട്ടം ഡോക്ടർമാരുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.മരണത്തിന്റെ വക്കിലെത്തി നിന്നിരുന്ന എന്നെ അവർ ഏറ്റുവാങ്ങി.എമർജൻസി ആയതിനാൽ ഡിപ്പാർട്മെന്റ് ഹെഡ് ആയ കുഞ്ഞമ്മ ഡോക്ടറും എത്തിയിരുന്നു.അവിടെ വെച്ച് നടത്തിയ ടെസ്റ്റുകളിൽ നിന്നും എന്റെ ബ്രെയിനിൽ ബ്ലഡ്‌ ക്ലോട്ട് ആയതായും ബ്രെയിനിന്റെ പ്രധാന ഭാഗങ്ങൾക്ക് ക്ഷതം സംഭവിച്ചതായും ഒപ്പം കരൾ,കിഡ്‌നി തുടങ്ങിയ ആന്തരികാവയവങ്ങൾക്കും എന്തൊക്കെയോ തകരാറുകൾ സംഭവിച്ചതായും കണ്ടെത്തി.

ബിപി വീണ്ടും വീണ്ടും കൂടി കൊണ്ടിരുന്നു.രണ്ടും കൽപ്പിച്ച് ചെയ്ത സർജറിയിലൂടെ എന്റെ കുഞ്ഞുവാവ പുറത്തെത്തി ഒരു കുഴപ്പവും ഇല്ലാതെ.തുടർ ദിവസങ്ങളിൽ ഒരുപാട് രക്തം ആവശ്യമായി വന്നു.തുടർന്ന്‌ എന്റെ അവസ്ഥ അതീവ ഗുരുതരമായതോടെ മെഡിക്കൽ ICU വിൽ വെന്റിലേറ്ററിലേക്ക് മാറ്റി.ആന്തരികാവയവങ്ങളുടെയെല്ലാം പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ചിരുന്നു.മിടിപ്പില്ലാത്ത ഹൃദയവും ചലനമില്ലാത്ത ശരീരവും വെന്റിലേറ്ററിൽ നില നിൽക്കുന്ന ജീവനുമായി ഞാൻ മരണത്തോട് മല്ലിട്ടു, ദിവസങ്ങളോളം. എല്ലാത്തിനെയും ഞാൻ അതിജീവിക്കുമെന്ന് ഉറപ്പ് തരാൻ കഴിയാതെ ഡോക്ടർമാരും.പരിഭ്രാന്തരായി കണ്ണീരോടെ എന്റെയും കുട്ടേട്ടന്റെയും കുടുംബവും.വീട്ടിൽ, ആരമ്മ കുഞ്ഞു വാവയെയും കൊണ്ട് വരുന്നതും കാത്ത് ഒന്നുമറിയാതെ എന്റെ പൊന്നോമന കുഞ്ഞായിയും.വലിയ പ്രതീക്ഷകൾ വേണ്ടെന്നുള്ള ഡോക്ടർമാരുടെ വാക്കുകൾ എന്റെ അമ്മയിൽ നിന്ന് മറച്ചു വെച്ച് ആശ്വസിപ്പിക്കാനും മനസിന്റെ വിങ്ങൽ അടക്കിപ്പിടിക്കാനും കുട്ടേട്ടൻ നന്നേപാടുപെടുന്നുണ്ടായിരുന്നു.

MICU വിന്റെ മുമ്പിൽ അമ്മയും കുട്ടേട്ടനും കാത്തിരുന്നു പ്രാർഥനയോടെ അതിലേറെ പ്രതീക്ഷയോടെ.പ്രതീക്ഷകൾ ഒന്നുമില്ലാതെ ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു എല്ലാവരുടെയും ഉള്ളിലൊരു നൊമ്പരമായി എന്റെ നില മാറ്റമില്ലാതെ തുടർന്നു.ഗൈനക്കോളജി,നെഫ്രോ, ന്യുറോ, ഫിസിയോതെറാപ്പി തുടങ്ങിയ ഡിപ്പാർട്മെന്റുകളിലെ മുഴുവൻ ഡോക്ടർമാരും ഊണും ഉറക്കവുമില്ലാതെ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടേയിരുന്നു.എല്ലാ ശ്രമങ്ങളും പാഴാകും എന്ന സ്ഥിതിയിലെത്തിയപ്പോൾ അവർ തങ്ങളുടെ അറിവും വിശ്വാസവും കൂട്ടിക്കലർത്തി.ദൈവത്തെ മുറുകെ പിടിച്ചു.കുഞ്ഞമ്മ ഡോക്ടർ 3 ദിവസത്തെ ഉപവാസപ്രാർത്ഥന തുടങ്ങി.ഞങ്ങളുടെ കുടുംബം പ്രാർത്ഥനകൾ തുടർന്നുകൊണ്ടേയിരുന്നു അമ്മയുടെയും കുട്ടേട്ടന്റെയും വേദന കണ്ട് മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരിൽ ചിലർ അവരോടൊപ്പം പ്രാർത്ഥനകളിൽ കൂടെച്ചേർന്നു.ഒപ്പം ബന്ധുക്കളും സഹപ്രവർത്തകരും ഹോസ്പിറ്റലും പിന്നെ എന്റെയും കുട്ടേട്ടന്റെയും നാടും പ്രാർത്ഥനകളുമായി കൈകോർത്തു ആ നിമിഷങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.

ഞാൻ അറിയുന്നവരും അറിയാത്തവരും, എന്നെ അറിയുന്നവരും അറിയാത്തവരും, അങ്ങനെ പലരിൽ നിന്നായി പ്രാർത്ഥനകൾ ഒഴുകി.തുള്ളിയായ് ഉറവയായ് ധാരയായ്. പ്രവാഹമായ് പിന്നെ അതൊരു സമുദ്രത്തിന് സമാനമായി.ഉപവാസപ്രാർത്ഥന 3 ദിവസം കഴിഞ്ഞ നാൾ കുഞ്ഞമ്മ ഡോക്ടർ MICU വിൽ എന്റെ അരികിലെത്തി,വീണ്ടും എന്നെ വിളിച്ചു.അന്ന്‌ ആദ്യമായി പ്രതീക്ഷയുടെ വെളിച്ചം വീശിക്കൊണ്ട് എന്റെ അടഞ്ഞ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇരുവശത്തേക്കും ചാലിട്ടൊഴുകി.അതുകണ്ട കുഞ്ഞമ്മ ഡോക്ടറിന്റെയും അൻസമ്മ സിസ്റ്ററിന്റെയും കുരുവിള ഡോക്ടറിന്റെയും മറ്റുള്ള എല്ലാവരുടെയും സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു.തുടർന്നുള്ള ദിനങ്ങളിൽ എന്റെ വിരൽത്തുമ്പ് ചെറുതായി അനങ്ങി.ഇതെല്ലാമറിഞ്ഞപ്പോൾ അമ്മയുടെയും കുട്ടേട്ടന്റെയും പിന്നെ കാത്തിരുന്ന എല്ലാവരുടെയും പ്രതീക്ഷകൾക്ക്‌ ചിറകുകൾ മുളച്ചു എന്റെ ആന്തരികാവയവങ്ങളോരോന്നിന്റെയും ടെസ്റ്റ് റിസൾട്ടുകളിൽ പുരോഗതി കാണിക്കുവാൻ തുടങ്ങി പക്ഷെ ഇനിയും കണ്ണ് തുറന്നില്ലെങ്കിൽ, ഇൻഫെക്ഷൻ ആകും മുന്നേ വെന്റിലേറ്റർ മാറ്റണമെന്നും കഴുത്തിലൂടെ ട്യൂബ് ഇടേണ്ടി വരുമെന്നും ഡോക്ടർ പറഞ്ഞു.

വീണ്ടും ആശങ്കയുടെ നിമിഷങ്ങൾ.എല്ലാവരും ഉമിത്തീയിലെന്നപോൽ വെന്തുരുകവേ ഞാൻ കണ്ണ് തുറന്നു.തനിയെ ശ്വസിക്കുവാനും തുടങ്ങിയപ്പോൾ വെന്റിലേറ്റർ മാറ്റി.3 ദിവസം കൂടി കഴിഞ്ഞപ്പോൾ ഞാൻ കണ്ണുകൾ തുറന്നു ചുറ്റും നോക്കി.അവിടെ കണ്ട ഉപകരണങ്ങളിൽ നിന്ന് അത്‌ ഹോസ്പിറ്റലാണെന്ന് മനസിലായി.പിങ്ക് യൂണിഫോം ധരിച്ച നഴ്സ്മാർ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്ന് എന്തൊക്കെയോ ചെയ്ത് കൊണ്ടിരുന്നു.എന്റെ ശരീരവുമായി കണക്ട് ചെയ്തിരുന്ന മോണിറ്ററിൽ നിന്നും ഇടയ്ക്കിടെ ഉയരുന്ന ശബ്ദം നിശബ്ദമായ നിമിഷങ്ങളെ ഇല്ലാതാക്കിക്കൊണ്ട് എന്റെ ഉള്ളിൽ ഭയം ജനിപ്പിച്ചു.എന്റെ പ്രസവതീയതി എത്താൻ ഇനിയും ഒരു മാസം കൂടി ബാക്കിയുള്ളപ്പോൾ എന്നെ ഇവിടെ കിടത്തിയിരിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാക്കുവാൻ സാധിച്ചില്ല.ആധിയോടെ ഞാൻ എന്റെ വയറിലേക്ക് നോക്കി.എന്റെ വീർത്ത വലിയ വയർ കണ്ടപ്പോൾ എനിക്ക് ആശ്വാസം തോന്നി, എന്റെ കുഞ്ഞ് സുരക്ഷിതമായി അതിനുള്ളിൽ ഉണ്ടല്ലോ എന്ന് തന്നെ ഞാൻ കരുതി.പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലാതെ ഹോസ്പിറ്റലിൽ കിടക്കുന്നത് എന്തിനാണെന്ന് ഞാൻ ചിന്തിച്ചു.

സ്വപ്നം കാണുകയായിരിക്കുമെന്ന് സ്വയം ആശ്വസിക്കാൻ ശ്രമിക്കുമ്പോൾ ഒരു നഴ്സ് അരികിലേക്ക് വന്നു.സംശയങ്ങൾ ഓരോന്നായി ചോദിക്കാൻ തുടങ്ങിയപ്പോൾ കണ്ണടച്ച് ഉറങ്ങിക്കൊള്ളാൻ അവർ പറഞ്ഞു.കണ്ണടച്ചു കിടക്കുമ്പോൾ ഇതൊക്കെ സ്വപ്നമോ സത്യമോ എന്ന് ഉറപ്പിക്കാൻ കഴിയാതെ സ്വപ്നമാണെന്ന് ഞാൻ എന്റെ മനസിനെ പഠിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.എന്റെ സ്വപ്നത്തിലേക്ക്‌ കുട്ടേട്ടൻ കടന്ന് വന്നു.കുട്ടേട്ടന്റെ രൂപത്തിൽ ആകമാനം ഒരു മാറ്റം എനിക്ക് തോന്നി.നീണ്ടു വളർന്ന താടിയും മുടിയും ക്ഷീണിച്ച മുഖം.സ്വപ്നത്തിൽ ആയതു കൊണ്ടായിരിക്കും ഞാൻ ആശ്വസിച്ചു.കുട്ടേട്ടൻ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.ഇനി ഒന്നും പേടിക്കണ്ട കേട്ടോ ടെൻഷൻ ഒന്നും വേണ്ട.. നമുക്കൊരു പെൺകുഞ്ഞു ജനിച്ചു NICU വിൽ ഉണ്ട്, കുഞ്ഞിന് കുഴപ്പമൊന്നുമില്ല, സുഖമായിട്ടിരിക്കുന്നു… ഒന്നും ഓർത്ത് ടെൻഷൻ അടിക്കേണ്ട… ഞങ്ങൾ എല്ലാവരും ഇവിടെയുണ്ട്.ഒറ്റ ശ്വാസത്തിൽ കുറെയേറെ വാചകങ്ങൾ.ഞാൻ നിർവികാരതയോടെ കുട്ടേട്ടനെ നോക്കി കിടന്നു.എനിക്ക് ഒട്ടും സന്തോഷം തോന്നിയില്ല.ഒരു സ്വപ്നം കണ്ടതിനു എന്തു സന്തോഷിക്കാൻ..?

കുട്ടേട്ടൻ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം കണ്ടുകൊണ്ടിരിക്കുന്ന സ്വപ്നത്തിലെ ഒരു ഭാഗം മാത്രമായിരുന്നു.കുട്ടേട്ടൻ പോയപ്പോൾ അമ്മ വന്നു കുട്ടേട്ടൻ പറഞ്ഞതൊക്കെ അമ്മയും ആവർത്തിച്ചു ഞാൻ അമ്മയെയും നോക്കികണ്ടു.അമ്മയും ആകെ കോലം കെട്ടിരിക്കുന്നു.ഇവർക്കൊക്കെ എന്ത് പറ്റിയെന്നു ഞാൻ ചിന്തിച്ചു.സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.ഞാൻ എപ്പോഴൊക്കെയോ മയങ്ങുകയും പിന്നെയും ഉണരുകയും ചെയ്തു.പക്ഷെ എന്റെ സ്വപ്നത്തിന് മാത്രം മാറ്റമില്ലെന്ന് മനസിലായപ്പോൾ ഇത് എവിടെയാണെന്ന് മനസിലാക്കാൻ ഞാൻ വീണ്ടുമൊരു ശ്രമം നടത്തി.ചുറ്റും നോക്കിയപ്പോഴാണ് നഴ്സ്മാരുടെ ഐഡികാർഡ് എന്റെ ശ്രദ്ധയിൽ പെട്ടത്.പക്ഷെ അതിലെ അക്ഷരങ്ങൾ എന്റെ കണ്ണുകളെ കബളിപ്പിച്ചു.അപ്പോഴാണ് ഷീൽഡ് വെച്ച ചില നേഴ്സ്മാർ എന്റെ ശ്രദ്ധയിൽ പെട്ടത്.എല്ലാ ഷീൽഡിലും ഒരേ അക്ഷരങ്ങൾ ആണെന്ന് മനസിലായതോടെ എന്റെ ആകാംക്ഷ വർദ്ധിച്ചു.കണ്ണുകളെ കബളിപ്പിച്ചു കൊണ്ട് ഓടി മാറുന്ന അക്ഷരങ്ങളെ വളരെയധികം പ്രയാസപ്പെട്ട് ഞാൻ വരുതിയിലാക്കി.ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിന്റെ പേര് ഞാൻ വായിച്ചെടുത്തു, ഒരു നേഴ്സിനോട് ചോദിച്ച് ഉറപ്പിക്കുകയും ചെയ്തു.

വീണ്ടും എപ്പോഴോ ഞാൻ മയക്കത്തിലാണ്ടു ഇടയ്ക്കെപ്പോഴോ എനിക്ക് ശ്വാസം മുട്ടുന്നതായി തോന്നി.ഞാൻ കണ്ണുകൾ തുറന്നു വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു.കിടന്ന കിടപ്പിൽ എനിക്ക് എണീക്കാനോ അലറിക്കൂവാനോ കഴിഞ്ഞില്ല.ശ്വാസം കിട്ടാതെ ഞാൻ പിടയാൻ തുടങ്ങി.ആരൊക്കെയോ എന്റെ അരികിലേക്കോടി വരുന്നത് ഞാൻ കണ്ടു.എന്റെ അരികിലെത്തിയ ഒരു നഴ്സിന്റെ കൈയിൽ ഞാൻ വെപ്രാളത്തോടെ കയറിപിടിച്ചു പെട്ടെന്ന് അവർ ഓക്സിജൻ മാസ്ക് എന്റെ മുഖത്തേക്ക് വെച്ച് തന്നു.പതിയെ എന്റെ പിടച്ചിൽ നിന്നു.ഞാൻ ശാന്തമായി കണ്ണുകൾ അടച്ചു.പിന്നീടെപ്പോഴോ ഉണർന്നപ്പോൾ എനിക്ക് ദാഹിച്ചു തൊണ്ട വരളുന്നത് പോലെ തോന്നി.ഞാൻ നേഴ്സിനോട് വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു.അവർ ഒരു ഗ്ലാസിൽ വെള്ളമെടുത്തു കൊണ്ട് ടേബിളിൽ വെച്ചു, ചൂട് മാറിയിട്ട് തരാമെന്ന് പറഞ്ഞു.അത് സമ്മതിച്ചെങ്കിലും തൊണ്ടയിലെ വരൾച്ച അസഹനീയമായിരുന്നു.അവിടെ ഒരു പാത്രത്തിൽ വെള്ളമിരിക്കുന്നത് കണ്ട് ഞാൻ കൊതിയോടെ നോക്കി.ഓടിച്ചെന്നു ആ വെള്ളം എടുത്തു വായിലേക്ക് കമഴ്ത്താൻ എന്റെ മനസ് കൊതിച്ചു പക്ഷെ കഴിഞ്ഞില്ല.

ആ വെള്ളം കുടിച്ചു തീർക്കുന്നത് ഞാൻ കിനാവ് കണ്ടു.വരൾച്ചയുള്ള ദേശങ്ങളിൽ താമസിക്കുന്നവരെയൊക്കെ സമ്മതിക്കണം.മനസ്സിൽ ചിന്തിച്ചു കൊണ്ട് ഞാൻ എനിക്ക് തണുക്കാൻ വെച്ച വെള്ളത്തിലേക്ക് നോക്കി.ആ ഗ്ലാസ് അവിടെയില്ലായിരുന്നു.ചോദിച്ചപ്പോൾ മോൾക്ക് വെള്ളം തന്നല്ലോയെന്ന് പറഞ്ഞു നേഴ്‌സ്.ഞാൻ വീണ്ടും വെള്ളം ചോദിച്ചു.അപ്പോഴും ഇതൊക്ക തന്നെ ആവർത്തിച്ചു.എനിക്ക് വിഷമം തോന്നി.ആ നേഴ്‌സ് എന്റെ അരികിൽ വന്നു നിന്നുകൊണ്ട് പറഞ്ഞു മോളെ ട്യൂബിലൂടെയാ തരുന്നത് അതുകൊണ്ടാ മോള് അറിയാഞ്ഞത് ഇത്തിരി കഴിയുമ്പോ ദാഹം മാറിക്കോളും കേട്ടോട്യൂബിലൂടെ എനിക്ക് ചായയും കിട്ടി.ഇടയ്ക്ക് പാട്ട് കേൾപ്പിച്ചതായും ഞാൻ ഓർക്കുന്നു.ഈ സംഭവങ്ങളെല്ലാം അപ്പോൾ എനിക്ക് സ്വപ്നം പോലെയാണ് തോന്നിയത്.ആ നിമിഷങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊന്നും യാഥാർഥ്യമാണെന്ന് വിശ്വസിക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല.കാരണം എന്റെ ഓർമകളെല്ലാം ആവിയായി എങ്ങോ പോയ്‌ മറഞ്ഞിരുന്നു.എന്തെങ്കിലും അസുഖം വന്നതായോ ഹോസ്പിറ്റലിൽ പോയതായോ ഒന്നും എനിക്ക് ഓർമിക്കുവാൻ കഴിഞ്ഞില്ല.അടുത്ത ദിവസം എന്നെ മെഡിക്കൽ ICU വിൽ നിന്ന് ലേബർ ICU വിലേക്ക് മാറ്റി.അമ്മയും കുട്ടേട്ടനും എന്നെ കാണാൻ വന്നു..

അവർ മാറി മാറി എന്നോട് പല കാര്യങ്ങളും ചോദിച്ചെങ്കിലും ഒന്നും ഓർത്തെടുക്കുവാൻ എനിക്ക് കഴിഞ്ഞില്ല.എപ്പോഴോ മയക്കത്തിൽ നിന്നും ഉണർന്നപ്പോൾ കുറച്ച് ആളുകൾ എന്റെ അരികിലേക്ക് വന്നത് ഞാൻ കണ്ടു.ഇനി ഒന്നും പേടിക്കാനില്ല മോളെ.. ദൈവം നേരിട്ടിറങ്ങി വന്നു നിന്നെ രക്ഷിച്ചു ദൈവത്തിന്റെ അനുഗ്രഹം ഒരുപാടുള്ള കൊച്ചാണ് നീഅവർ പറഞ്ഞു ഒന്നും മനസിലായില്ലെങ്കിലും ഞാൻ എല്ലാം കേട്ടു കിടന്നു.അവർ സ്വയം പരിചയപ്പെടുത്തി..കുരുവിള ഡോക്ടർ, കുഞ്ഞമ്മ ഡോക്ടർ, അരുണിമ ഡോക്ടർ, അൻസമ്മ സിസ്റ്റർ,രേഖ ഡോക്ടർ, ഷെറിൻ ഡോക്ടർ, ശ്രുതി ഡോക്ടർ, അർച്ചന ഡോക്ടർ, റീബ ഡോക്ടർ.പേരുകൾ എല്ലാം ഞാൻ മനസ്സിൽ പതിപ്പിക്കാൻ ശ്രമിച്ചു.എന്നെ രക്ഷപ്പെടുത്തിയ ഡോക്ടർമാരാണ് അവർ എന്ന് നേഴ്‌സ് പറഞ്ഞു തന്നു ഞാൻ വീണ്ടും മയക്കത്തിലായി.ഉണരുമ്പോൾ രണ്ട് നേഴ്‌സുമാരുടെ സംസാരം ഞാൻ കേട്ടു.അതിൽ നിന്നും കുഞ്ഞമ്മ ഡോക്ടർ എനിക്കായി ഉപവാസമിരുന്നതായി ഞാൻ മനസിലാക്കി.ജീവിതത്തിൽ ആദ്യമായി എന്നെ കണ്ട ഡോക്ടർ എനിക്ക് വേണ്ടി ഉപവാസമിരുന്നത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല.എനിക്ക് അത്ഭുതം തോന്നി.കുഞ്ഞമ്മ ഡോക്ടർ എല്ലാ രോഗികൾക്കും വേണ്ടി ഉപവാസമിരിക്കുമെന്നും എല്ലാവരും സുഖപ്പെടണമെന്നാണ് ഡോക്ടർ ആഗ്രഹിക്കുന്നതെന്നും പറഞ്ഞ് നേഴ്സ്മാർ എന്റെ സംശയങ്ങൾക്ക് തടയിട്ടു.പക്ഷെ എന്റെ മനസ്സിൽ തലപൊക്കിയ ഒരുപാട് ചോദ്യങ്ങൾ എന്നെ ആശയക്കുഴപ്പത്തിലാക്കി!

അമ്മ അരികിലെത്തിയപ്പോൾ ഞാൻ അമ്മയോട് എന്റെ സംശയങ്ങൾ ഓരോന്നായി ചോദിച്ചു.ബിപി കൂടിയതും സീരിയസ് ആയി ലൈഫ്‌ലൈനിൽ നിന്ന് ഇവിടെയെത്തിയതും കുഞ്ചൂസ് ജനിച്ചതുമെല്ലാം അമ്മ പറഞ്ഞു തന്നു.എനിക്ക് ഇതൊക്കെ വിശ്വസിക്കുവാൻ പ്രയാസം തോന്നി.സ്വപ്നം കാണുകയാണെന്ന ചിന്തയിൽ നിന്നും ഞാൻ അപ്പോഴും പുറത്തു വന്നിരുന്നില്ല.ഇതൊക്കെ സത്യമാണോ എന്ന് ഞാൻ ആവർത്തിച്ചു കൊണ്ടിരുന്നു.കുഞ്ഞിന്റെ ഫോട്ടോ എടുത്ത് എന്നെ കാണിക്കാൻ ഡോക്ടർ അനുവാദം നൽകി.കുട്ടേട്ടൻ കുഞ്ഞിന്റെ ഫോട്ടോ എന്നെ കാണിച്ചു.സ്വപ്നവും യാഥാർത്ഥ്യവും ഏതൊക്കെയെന്ന് തിരിച്ചറിയാൻ കഴിയാത്ത മാനസികാവസ്ഥയിൽ ഞാൻ നിൽക്കുമ്പോൾ കുഞ്ഞമ്മ ഡോക്ടർ എന്റെ അരികിലെത്തി.ഒന്നും വിശ്വസിക്കാൻ ഞാൻ കൂട്ടാക്കുന്നില്ലെന്ന് നേഴ്സിൽ നിന്ന് അറിഞ്ഞപ്പോൾ കുഞ്ഞമ്മ ഡോക്ടർ പറഞ്ഞു.ഓർമകളെല്ലാം നഷ്ടപ്പെട്ട സ്ഥിതിയ്ക്ക് ആ കുട്ടിക്ക് ഇതൊക്കെ വിശ്വസിക്കാൻ പ്രയാസം കാണും അത് നമ്മൾ മനസിലാക്കണം.ഇത് കേട്ടപ്പോൾ ഇവിടെ കാര്യമായി എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് ഞാൻ മനസിലാക്കി, അതിലുപരിയായി എന്റെ ഓർമകളൊക്കെ എനിക്ക് നഷ്ടപ്പെട്ടുവെന്നും.ഞാൻ കണ്ണുകൾ അടച്ചു കിടന്നു. പിന്നീടെപ്പോഴൊക്കെയോ എന്നെ ചികിൽസിച്ച ഓരോ ഡോക്ടർമാരും എന്റെ അരികിലെത്തി സ്വയം പരിചയപ്പെടുത്തുകയും എനിക്ക് സംഭവിച്ചതിന്റെയെല്ലാം ഒരു ഏകദേശ രൂപം എന്നെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.

എനിക്ക് എന്റെ മൂത്ത കുഞ്ഞിന്റെ  എന്റെ ചക്കര കുഞ്ഞായിയുടെ മുഖം ഓർമ വന്നു.അവളെ ഒന്ന് കാണുവാൻ ഞാൻ അതിയായി ആഗ്രഹിച്ചു.എപ്പോഴും ഞാൻ കുഞ്ഞായിയെ മാത്രം കാണുവാനും ശബ്ദം കേൾക്കുവാനുമൊക്കെ ആഗ്രഹം പ്രകടിപ്പിച്ചതിൽ നിന്നും രണ്ടാമത്തെ കുഞ്ഞിന്റെ കാര്യം എന്റെ ഓർമയിൽ ഇല്ലെന്ന് എല്ലാവരും മനസിലാക്കി.എന്റെ കുഞ്ചൂസിനെ കുറിച്ചുള്ള കാര്യങ്ങൾ എന്റെ ഓർമയിലേക്കെത്തിക്കുക എന്ന ശ്രമകരമായ ദൗത്യം കുരുവിള ഡോക്ടർ ഏറ്റെടുത്തു.നടന്ന സംഭവങ്ങളോരോന്നായി മനസിലാക്കി വരുന്ന സമയത്തെല്ലാം ആ ഹോസ്പിറ്റലിലെ ഓരോ സ്റ്റാഫും തന്ന മാനസിക പിന്തുണ ഒരിക്കലും എനിക്ക് മറക്കുവാൻ സാധിക്കുന്നതല്ല.ഇടയ്ക്കെപ്പോഴോ എനിക്ക് ചപ്പാത്തി വേണമെന്ന് പറഞ്ഞപ്പോൾ സ്വന്തം ചോറ്റുപാത്രത്തിൽ നിന്നും ചപ്പാത്തി തന്നു ഒരു നേഴ്‌സ് ചേച്ചി.അവിടെ ചൊല്ലിക്കേട്ട ഒരു പ്രാർത്ഥന ഒരു കൊച്ചു വെളുപ്പാംകാലത്ത് വീണ്ടും കേൾക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മുഷിച്ചിലൊന്നുമില്ലാതെ വീണ്ടും പാടിത്തന്നു മറ്റൊരു നേഴ്‌സ് ചേച്ചി.

ഒരിക്കൽ കിടന്ന കിടപ്പിൽ അറിയാതെ മലവിസർജനം നടത്തുകയും അത്‌ വിരിപ്പിലൊക്കെയാകുകയും ചെയ്തു.ഒട്ടൊരു ചമ്മലോടെ അത് മാറാൻ ശ്രമിച്ച എന്നെ എന്റെ ചമ്മലും വിഷമവും മനസിലാക്കി ആശ്വസിപ്പിച്ചു വേറൊരു നേഴ്‌സ് ചേച്ചി…!ഒട്ടും മുഖം ചുളിക്കാതെ വിരിപ്പ് മാറ്റുകയും എന്നെ കുളിപ്പിച്ച് വസ്ത്രം മാറ്റുകയും ചെയ്ത ആ മാലാഖയെ ഞാൻ നന്ദിയോടെ നോക്കിക്കിടന്നു.കേൾക്കുന്നവർക്ക് ഒരുപക്ഷെ ഇതെല്ലാം ചെറിയ കാര്യങ്ങളായി തോന്നാമെങ്കിലും ഈ സംഭവങ്ങളെല്ലാം എന്റെ മനസിനെ ആഴത്തിൽ സ്പർശിച്ചിരുന്നു.പേര് ഓർമയില്ലാത്ത ഈ മാലാഖമാർക്കെല്ലാം ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി.പതിയെ ഞാൻ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു തുടങ്ങി.എനിക്ക് എന്റെ കുഞ്ഞിനെ കാണുവാൻ ആഗ്രഹം തോന്നി.NICU വിന് ഉള്ളിൽ വീൽചെയർ അനുവദനീയമായിരുന്നയിടം വരെ എന്നെ ഒരു നേഴ്‌സ് കൊണ്ടുപോയി.അവിടെ വീൽചെയറിൽ ഇരുന്ന് കൊണ്ട് എന്റെ പൊന്നോമനയുടെ മുഖം ഞാൻ കണ്ടു.ചേർത്തു പിടിച്ച് ആ പനിനീർപൂവിന്റെ നെറ്റിയിൽ ഒന്ന് മുത്തുമ്പോൾ അനിർവചനീയമായൊരു വികാരം മനസ്സിൽ നിറഞ്ഞു.ഒപ്പം വീട്ടിലിരിക്കുന്ന എന്റെ പൊന്നോമനയെ ഒന്ന് കാണാൻ കഴിയാത്തതിൽ അതിയായ ദുഃഖവും.

എന്റെ കുഞ്ചൂസ് ജനിച്ചിട്ട് 15 ദിവസത്തോളം കഴിഞ്ഞിരുന്നു അപ്പോൾ.NICU വിലെ എല്ലാ ഡോക്ടർമാരും നേഴ്‌സ്മാരും വളരെ നന്നായിത്തന്നെയാണ് എന്റെ കുഞ്ചുവിനെ പരിചരിച്ചിരുന്നത് എന്ന് ഒരുപാട് സ്നേഹത്തോടെ ഓർക്കുന്നു.അവളെ ചികിൽസിച്ച സുമിത ഡോക്ടർക്ക് ഒരുപാട് നന്ദി.ഒപ്പം മിനു ഡോക്ടർ, അനീഷ്‌ ഡോക്ടർ, ശാരി ഡോക്ടർ, Dr. ടെസ് ജോസ്, Dr.ലിഡിയ, Dr. ടാലിയ തുടങ്ങിയവരോടും ഒപ്പം അവൾക്ക് അമ്മമാരായി കൂടെയുണ്ടായിരുന്ന എല്ലാ നേഴ്‌സുമാർക്കും പ്രത്യേകമായി നന്ദി..!എന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി കൈവന്ന് തുടങ്ങിയപ്പോൾ ഞാൻ NICUവിൽ പോയി കുഞ്ഞിന് പാല് കൊടുക്കുവാൻ തുടങ്ങി.ആ സമയത്ത് അവിടെയെത്തുന്ന മറ്റ് അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചു കൊഞ്ചിക്കുന്നതും അവരുടെ മാത്രം ലോകമായി അവിടം മാറുന്നതുമൊക്കെ പതിവ് കാഴ്ചയായി.ജനിച്ചിട്ട് 15 ദിവസത്തോളം എന്റെ കുഞ്ഞിന് ആ ഭാഗ്യം അന്യമായിരുന്നല്ലോയെന്നോർത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.അവളെ ഞാൻ എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ചേർത്തുപിടിച്ചു.അപ്പോൾ അവൾ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്നുണ്ടായിരുന്നു.പാവം അവൾക്ക് ഒന്നും ആഗ്രഹിക്കാൻ അറിയില്ലല്ലോ.

ഒരുപക്ഷെ ഇതേ ചിന്ത എന്നേക്കാൾ മുന്നേ ഉടലെടുത്തത് NICUവിലെ ഒരു സിസ്റ്ററിന്റെ മനസ്സിലായിരുന്നിരിക്കണം എനിക്ക് ബോധം വന്ന് ലേബർ ICU വിലേക്ക് മാറ്റിയ ശേഷം അമ്മയും കുഞ്ഞും ഇതുവരെയും തമ്മിൽ കണ്ടില്ലല്ലോയെന്ന് ഒരു വിഷമം ആ സിസ്റ്റർക്ക് തോന്നുകയും ഹോസ്പിറ്റൽ നിയമങ്ങൾക്ക് വിരുദ്ധമായി, എങ്കിലും സുരക്ഷ പാലിച്ചുകൊണ്ട് അവർ കുഞ്ഞിനെ എന്റെ അരികിലെത്തിച്ച് അവളെ കാണുവാനും അരികിൽ ഒന്ന് കിടത്തുവാനും എനിക്ക് ഒരു അവസരമൊരുക്കി തരികയും ചെയ്തു ഹോസ്പിറ്റൽ നിയമങ്ങളുടെ ചട്ടക്കൂടിൽ നിന്ന് പുറത്തു വരാൻ ആ സിസ്റ്ററിനെ പ്രേരിപ്പിച്ചത് അവരുടെ ഉള്ളിലെ മാതൃഹൃദയം ആയിരിക്കാം.ഒരുപാടൊരുപാട് നന്ദി.ആ മുഖം ഒരിക്കലും മായാതെ എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും.അങ്ങനെ നീണ്ട 22 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മടങ്ങും മുൻപായി 2 ജീവൻ രക്ഷിച്ച എല്ലാവരോടും നന്ദി പറയാനായി ഞാൻ കുട്ടേട്ടന്റെയൊപ്പം നടന്ന് ഓരോരുത്തരുടെയും അരികിലെത്തി.കൈകൂപ്പി നന്ദി പറയുമ്പോൾ പലരുടെയും മിഴികളിൽ നനവ് പടരുന്നത് ഞാൻ കണ്ടു.

ഇതുപോലെ കാണാൻ ഞങ്ങൾ ഒരുപാട് പ്രാർത്ഥിച്ചിരുന്നു എന്ന് പറയുമ്പോൾ വിനയ സിസ്റ്ററിന്റെ മിഴികളിൽ നീർതിളക്കം ഞാൻ കണ്ടു.അവിടെ നിന്ന് മടങ്ങിയ ശേഷവും കുഞ്ഞമ്മ ഡോക്ടറും അൻസമ്മ സിസ്റ്ററുമൊക്കെ എന്നെ വിളിച്ചു ആരോഗ്യ കാര്യങ്ങൾ ഒക്കെ അന്വേഷിക്കുകയും നിർദ്ദേശങ്ങൾ തരികയും ചെയ്തിരുന്നു…!നന്ദി അറിയിക്കുവാൻ ഇനിയുമുണ്ട് നിരവധി പേർ.ലൈഫ്‌ലൈൻ ഹോസ്പിറ്റലിലെയും ബിലീവേഴ്‌സ് ഹോസ്പിറ്റലിലെയും ഡോക്ടർമാരും നേഴ്‌സുമാരും മറ്റ് സപ്പോർട്ടിങ് സ്റ്റാഫും, കർഷകതൊഴിലാളി ക്ഷേമനിധിയുടെ കേരളത്തിലെ മുഴുവൻ ജീവനക്കാർ, പ്രത്യേകമായി പത്തനംതിട്ട ഓഫീസിലെ എന്റെ സഹപ്രവർത്തകർ, മീനമേഡം, കുട്ടേട്ടന്റെ സഹപ്രവർത്തകർ, ഞങ്ങളുടെ ബന്ധുക്കൾ, പരിചയക്കാർ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങി എനിക്ക് അറിയുന്നവരും അറിയാത്തവരുമായ എനിക്ക് വേണ്ടി വേദനിച്ച പ്രാർത്ഥിച്ച പ്രയത്നിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി.

ആതിരാ രാജ്