ടോയ്‌ലെറ്റ് പേപ്പറിൽ പ്രിന്റ് ചെയ്ത് കിട്ടുന്ന കേരള ഡ്രൈവിംഗ് ലൈസൻസ് നിന്ന് ഒരു മോചനം മലയാളികൾക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല കാരണം

EDITOR

കീറക്കടലാസിൽ പ്രിന്റ് ചെയ്തു കിട്ടുന്ന ഡ്രൈവിംഗ് ലൈസൻസിനെയും വാഹന രജിസ്ടേഷൻ സർട്ടിഫിക്കറ്റുകളെയും കുറിച്ച് മുൻപൊരിക്കൽ എഴുതിയിരുന്നു. ആധുനിക കേരളത്തിൽ മാത്രം എന്തുകൊണ്ട് ഈ പഴഞ്ചൻ സമ്പ്രദായം തുടരുന്നു എന്നതിനെക്കുറിച്ച് അൻവേഷിച്ചാൽ അതൊരു നീണ്ട കഥയിലേക്ക് എത്തും.
കഥ തുടങ്ങുന്നത് 2004 ലാണ്. അക്കാലത്ത് തന്നെ പഴഞ്ചൻ ആണെന്ന് പേരുദോഷം കേൾപ്പിച്ചിരുന്ന ഡ്രൈവിംഗ് ലൈസൻസ്, ആർ സി ബുക്ക് എന്നിവയെ ആധുനക സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറ്റുവാൻ കേരളാ സർക്കാർ തീരുമാനമെടൂക്കുകയും അതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നടപ്പിലാക്കാനായി 2005 ഏപ്രിലിൽ ടെൻഡർ വിളിക്കുകയും ചെയ്തു. ഇതുപ്രകാരം ടെൻഡർ സമർപ്പിച്ച വിവിധ കമ്പനികളിൽ നിന്ന് ഐ ടി ഐ ലിമിറ്റഡ് ബാംഗളൂരിന്റെ ടെൻഡർ സ്വീകരിക്കപ്പെട്ടു. ഐ ടി ഐ ബാംഗളൂർ സ്വന്തമായല്ല സോഡിയാക് ഡോട് കോം സൊലൂഷൻസ് ന്യൂ ഡൽഹി, ലീപ് ടെക്നോ സിസ്റ്റംസ് തിരൂർ എന്നിങ്ങണെ രണ്ട് കമ്പനികളുമായി കൂടി ചേർന്നുള്ള ഒരു കൺസോർഷ്യം ആയിരുന്നു അത്. ഇതിലെ സോഡിയാക് ഡോട് കോം എന്ന കമ്പനി ഇപ്പോൾ പേരു മാറ്റി റോസ്‌മെർട്ട സൊലൂഷൻസ് എന്നാണ് അറിയപ്പെടുന്നത്.

ഇങ്ങനെ ടെൻഡർ നടപടീകൾ ഒക്കെ പൂർത്തിയായപ്പോഴേക്കും 2006 ആയി. അപ്പോഴേയ്ക്കും എന്തെല്ലാമോ കാരണങ്ങളാൽ സർക്കാരിനൊരു മനം മാറ്റം ഉണ്ടാവുകയും ഈ കമ്പനി നൽകിയ പ്രപ്പോസൽ ഒന്നു കൂടി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു കമ്മറ്റിയെ വയ്കുകയും ചെയ്തു. ഈ കമ്മറ്റി ഐ ടി ഐ കൺസോർഷ്യം നൽകിയ പ്രപ്പോസലിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ടെൻഡർ ക്യാൻസൽ ചെയ്തുകൊണ്ട് റീ ടെൻഡർ നൽകാൻ തീരുമാനമെടുത്തു. അവിടെ മുതൽ പ്രശ്നങ്ങൾ തുടങ്ങുകയായി കൺസോർഷ്യത്തിന്റെ ഭാഗമായ റോസ്‌മെർട്ട സൊലൂഷൻസ് ഇത്തരത്തിൽ ഏകപക്ഷീമയായി ടെൻഡർ കാൻസൽ ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ട് ഹർജി സമർപ്പിച്ചു. സ്വാഭാവികമായും ന്യായം കമ്പനിയുടെ ഭാഗത്ത് ആയതിനാൽ ഹൈക്കോടതി ഗവണ്മെന്റ് ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഉത്തരവിട്ടു. അതോടൊപ്പം തന്നെ സാങ്കേതികമായി ഈ വിഷയത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ അക്കാര്യം ടെൻഡർ ലഭിച്ച കമ്പനികളുമായി ചർച്ച ചെയ്തുകൊണ്ട് ഉചിതമായ ഒരു തീരുമാനത്തിൽ എത്താൻ സർക്കാരിന് അനുവാദം നൽകുകയും ചെയ്തു.

ഉത്തരവിലെ ഈ ഭാഗം ഒരു പിടിവള്ളി ആയി എടുത്ത് സർക്കാർ പേരിനു ചില ചർച്ചകളൊക്കെ പരാതിക്കാരായ കമ്പനിയുമായി നടത്തുകയും വീണ്ടും ഏകപക്ഷീയമായി ടെൻഡർ റദ്ദാക്കിക്കൊണ്ട് 2007 സെപ്റ്റംബറിൽ പുതിയ ടെൻഡർ വിളിക്കാൻ ഉത്തരവിട്ടു. അതിനെ ചോദ്യം ചെയ്തുകൊണ്ട് കമ്പനികൾ വീണ്ടും കോടതിയിൽ പോയി 2011 ൽ ഈ പറഞ്ഞ ഉത്തരവും റദ്ദാക്കിക്കൊണ്ട് അനുകൂല വിധി സമ്പാദിച്ചു. പ്രസ്തുത വിധി വന്നപ്പോഴേയ്കും ആറു വർഷം കഴിഞ്ഞിരുന്നതിനാൽ സാങ്കേതിക വിദ്യകളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിരുന്നു. അതുകൂടി കണക്കിലെടുത്തുകൊണ്ട് കമ്പനികളുമായി ചർച്ച ചെയ്ത് പുതിയ സാങ്കേതിക വിദ്യകൾക്കനുസരിച്ചുള്ള ഒരു സിസ്റ്റം നടപ്പിലാക്കാൻ വീണ്ടും സർക്കാരിനു അനുവാദം നൽകി. ഇതനുസരിച്ച് ഐ ടി ഐ കമ്പനിയുടെ കൺസോർഷ്യത്തിന്റെ പുതിയ പ്രപ്പോസലും സർക്കാർ തള്ളി പകരം കെൽട്രോൺ നൽകിയ ഒരു പ്രപ്പോസൽ സ്വീകരിച്ചുകൊണ്ട് 2016 ൽ ഉത്തരവിറക്കി. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് വീണ്ടും കമ്പനികൾ 2017 ൽ കോടതിയെ സമിപിച്ചു.

കോടതിയുടെ മുൻ ഉത്തരവുകളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് അത് നടപ്പിലാക്കാതിരിക്കുകയും പരാതിക്കാരായ കമ്പനികൾക്ക് അർഹമായ അവസരം നിഷേധിക്കുകയും ചെയ്തതായി കണ്ട് 2019 ൽ വീണ്ടും സർക്കാർ ഉത്തരവ് ഹൈക്കോടതി ചവറ്റു കുട്ടയിൽ ഇട്ടു.ഇതിന്റെയൊക്കെ ഇടൃയിൽ കേന്ദ്ര ഗവണ്മെന്റിന്റെ സാരഥി /പരിവഹൻ കേന്ദ്രീകൃത പോർട്ടലുകൾ നിലവിൽ വരികയും അതിനാൽ സ്മാർട്ട് കാർഡ് ബേസ്ഡ് ആയ കാർഡുകളുടെ പ്രസക്തി നഷ്ടപ്പെടുകയുമെല്ലാം ചെയ്തിട്ടുണ്ട്. അങ്ങനെ സർക്കാർ അതനുസരിച്ച് സ്മാർട്ട് കാർഡ് വേണ്ടെന്ന് വയ്ക്കുകയും പകരം ലൈസൻസും ആർ സിയും കടലാസിനു പകരം പ്ലാസ്റ്റിക് കാർഡിൽ പ്രിന്റ് ചെയ്ത് നൽകാൻ കേരളാ ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് ലിമിറ്റഡിനൊക്കെ ടെൻഡർ നൽകിയെങ്കിലും അതെല്ലാം അടിസ്ഥാനപരമായി മേൽ സൂചിപ്പിച്ച കോടതി വിധികളുടെ ലംഘനം ആയതിനാൽ അവയെല്ലാം സ്റ്റേ ചെയ്ത് ഉത്തരവുകൾ സമ്പാദിക്കാൻ ഐ ടി ഐ / റോസ്‌മെർട്ട കൺസോർഷ്യത്തിനു കഴിഞ്ഞു.

പതിനൊന്നോളം സംസ്ഥാനങ്ങളിൽ ഈ പറഞ്ഞ കമ്പനി ആണ് സ്മാർട്ട് കാർഡ് ഡ്രൈവിംഗ് ലൈസൻസ് / ആർ സി സേവനങ്ങൾ നൽകുന്നത് എന്നതിനാൽ അവരുടെ സാങ്കേതിക വൈദഗ്ദ്യത്തിനെ ഈ വിഷയത്തിൽ കോടതിയിൽ ചോദ്യം ചെയ്യാൻ സർക്കാരിനു കഴിയില്ല. ചെറിയ ഒരു വിഷയത്തിൽ പിടിവാശികളോടെ തുടരുന്ന ഈ നിയമ യുദ്ധത്തിൽ സർക്കാർ ഭാഗത്ത് വലിയ പിഴവുകൾ ഉള്ളതിനാൽ ഏത് കോടതിയിൽ കേസിനു പോയാലും സർക്കാർ ഭാഗം ജയിക്കുമെന്ന് തോന്നുന്നില്ല. വീണ്ടുവിചാരമില്ലാതെ ടെൻഡർ ഡോക്യുമെന്റുകൾ തയ്യാറാക്കുകയും പിന്നീട് സർക്കാർ ടെൻഡറുകൾ ഏകപക്ഷീയമായി റദ്ദാക്കപ്പെടുമ്പോൾ ഉണ്ടാകുന്ന നിയമ പ്രശ്നങ്ങൾ പദ്ധതികളെ തന്നെ ഇല്ലാതാക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കേസ്.ഈ അടുത്ത കാലത്തൊന്നും ടോയ്‌ലെറ്റ് പേപ്പറിൽ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്തു കിട്ടുന്ന കേരളാ ഡ്രൈവിംഗ് ലൈസൻസ് / രജിസ്ടേഷൻ സർട്ടിഫിക്കറ്റുകളിൽ നിന്ന് ഒരു മോചനം മലയാളികൾക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല.
വാൽക്കഷണം : ഈ പ്രശ്നം ഒരു കീറാമുട്ടി ആയി തുടരുന്നതിനു പിന്നിൽ മറ്റ് ചില കഥകൾ കൂടി ഉണ്ടെന്ന് അന്ന് ഹരീഷ് വാസുദേവൻ സൂചിപ്പിച്ചിരുന്നു. പബ്ലിക് ഡൊമൈനിൽ ഇല്ലാത്ത ആ കഥകൾ ഒരു അനുബന്ധമായി ആരെങ്കിലുമൊക്കെ എഴുതട്ടെ.

വിവരങ്ങൾ കടപ്പാട് : സുജിത് കുമാർ
ഫേസ്ബുക്കിൽ അദ്ദേഹത്തെ ഫോള്ളോ ചെയ്യാൻ sujithkrk എന്ന് സെർച്ച് ചെയ്യാം