വെറും 22 വയസ്സുള്ള പെൺകുട്ടി പ്രസവത്തിനിടെ മരിച്ചു ഇത് ആ പാവത്തിന്റെ നാലാമത്തെ ഗർഭം ആയിരുന്നു അതിനു കാരണം ആരോപിച്ചു ഡോക്ടറെയും

EDITOR

രണ്ട് സ്ത്രീകൾ അതേ 2 സ്ത്രീകളെയാണ് നമ്മുടെ മുൻവിധികൾ ഉള്ള ഈ സൊസൈറ്റി പകൽ വെളിച്ചത്തിൽ “കൊന്ന്” കളഞ്ഞത്. വെറും 22 വയസ്സുള്ള ഒരു പെൺകുട്ടി പ്രസവത്തിനിടെ മരിച്ചു.ഇത് ആ പാവത്തിന്റെ നാലാമത്തെ ഗർഭം ആയിരുന്നു. 22 വയസ്സാകുന്നതിന് മുന്നേ തന്നെ 3 തവണ ഗർഭം ധരിച്ച് 3 കുട്ടികളെ പ്രസവിച്ചവൾ ആണവൾ. പക്ഷേ മൂന്നും പെൺകുട്ടികൾ ആയി പോയി.
ഒരു ആൺകുട്ടിയെ പ്രസവിക്കുന്നത് വരെ കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കാനുള്ള അവളുടെ ഭർത്താവിന്റെ വീട്ടുകാരുടെ സമ്മർദ്ദം മൂലമാണ് അവൾ മരിച്ചത് എന്ന് നിസ്സംശയം പറയാം.ഒരു പ്രസവത്തിന്റെ സങ്കീർണ്ണതകളിൽ നിന്നും സ്ത്രീ മോചിതയാകാൻ മിനിമം 3 കൊല്ലം എടുക്കും എന്നാണ് വെപ്പ്. അപ്പോഴാണ് ഈ വളരെ ചെറിയ കാലയളവിനുള്ളിൽ നാലാമത്തെ പ്രസവത്തിനു അവൾ നിർബന്ധിതയായത്.ചുരുക്കി പറഞ്ഞാൽ എത്രയും പെട്ടന്ന് ഒരു ആൺകുഞ്ഞിനെ കിട്ടാൻ വേണ്ടി ആ പെൺകുട്ടിയുടെ ഭർത്താവും ഭർതൃ വീട്ടുകാരും കൂടി ആ പാവപ്പെട്ട പെൺകുട്ടിയെ കൊലപ്പെടുത്തി എന്ന് പറയുന്നതാവും ശരി.

നാലാമത്തെ പ്രസവത്തിന്റെ കോംപ്ലിക്കേഷനിൽ പെട്ട ആ പെൺകുട്ടിയെ രക്ഷിക്കാൻ കഴിയാതെ വന്നതോടെ വീട്ടുകാർ തങ്ങളുടെ കുറ്റം മറക്കാൻ സൗകര്യപൂർവ്വം ചികിത്സ കൊടുത്ത ഡോക്ടറെ കുറ്റപ്പെടുത്തി രംഗത്തെത്തി.മാധ്യമങ്ങളും ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവ് മൃതദേഹം ആശുപത്രിക്ക് മുന്നിൽ വയ്ക്കുകയും ജനക്കൂട്ടത്തെ ഉപയോഗിച്ച് ഡോക്ടറെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. അവർ പോലീസിലും സമ്മർദ്ദം ചെലുത്തി.സുപ്രീം കോടതിയുടെ എല്ലാ മാർഗ്ഗനിർദ്ദേശങ്ങൾക്കും എതിരായി, യാതൊരു അന്വേഷണവുമില്ലാതെ, സെക്ഷൻ 302 (കൊലപാതകശ്രമം) പ്രകാരം പോലീസ് കേസെടുത്തു.അനേകം ജീവനുകൾ രക്ഷിച്ച ഒരു ഡോക്ടറെ, ജീവൻ രക്ഷിക്കാൻ മാത്രം പരിശീലിച്ച ഒരു ഡോക്ടറെ, ഒരാളെ രക്ഷിക്കാൻ കഴിയാതെ വന്നപ്പോൾ – രോഗിയുടെ ബന്ധുക്കളും പാർട്ടിയും പോലീസും കൊലയാളി എന്ന് മുദ്രകുത്തി.

സമ്മർദ്ദം താങ്ങാനാകാതെ ആ ഡോക്ടർ ആത്മഹത്യ ചെയ്തു അവൾ തൂങ്ങിമരിക്കുകയായിരുന്നു.അല്ല, ആ രോഗിയുടെ ബന്ധുക്കളും, പിന്നെ ഇവിടത്തെ പോലീസും, മാധ്യമങ്ങളും, രാഷ്ട്രീയക്കാരും കൂടി ആ പാവം ഡോക്ടറെ വേട്ടയാടി കൊലപ്പെടുത്തുകയായിരുന്നു. അതാണ്‌ സത്യം.രാജസ്ഥാനിൽ ആണ് സംഭവം നടക്കുന്നത്.ഗൈനക്കോളജിയിൽ ഗോൾഡ് മെഡൽ നേടിയ മിടുക്കി ആയിരുന്നു ആ ഡോക്ടർ ഡോക്ടർ അർച്ചന ശർമ്മ.ആ ഡോക്ടറുടെ ആത്മഹത്യ കുറിപ്പിലെ വരികൾ ഇങ്ങനെ ആയിരുന്നു.ഞാൻ എന്റെ ഭർത്താവിനെയും മക്കളെയും ഒരുപാട് സ്നേഹിക്കുന്നു, ദയവായി എന്റെ മരണശേഷം അവരെ ഉപദ്രവിക്കരുത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ ആരെയും കൊന്നിട്ടില്ല. പോസ്റ്റ് പാർട്ടം ഹെമറേജിന് എനിക്കെതിരേ കൊലക്കുറ്റം ചുമത്തി ഉപദ്രവിച്ചത് ക്രൂരതയാണ്. ഇത് അറിയപ്പെടുന്ന സങ്കീർണതയാണ്. എന്റെ മരണം എന്റെ നിരപരാധിത്വം തെളിയിക്കാൻ സഹായിച്ചേക്കാം.ദയവായി ഇനിയെങ്കിലും ഇങ്ങനെ നിരപരാധികളായ ഡോക്ടർമാരെ ഉപദ്രവിക്കരുത്”പോസ്റ്റ് പാർട്ടം ഹെമറേജ് എന്നത് പ്രസവ ശേഷം വരുന്ന അതീവഗുരുതരമായ സ്ഥിതിവിശേഷമാണ്.

മാതൃമരണത്തിന്റെ ആദ്യ 3 കാരണങ്ങളിൽ ഒന്നായി പോസ്റ്റ് പാർട്ടം ഹെമറേജ് സാധാരണയായി സ്ഥാനം പിടിക്കുന്നു.ലോകാരോഗ്യ സംഘടനയുടെ ( WHO) സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് വികസ്വര രാജ്യങ്ങളിലെ മാതൃമരണങ്ങളിൽ 60% പോസ്റ്റ് പാർട്ടം ഹെമറേജ് മൂലമാണ് എന്നാണ്. ഇത് പ്രതിവർഷം 100,000-ത്തിലധികം മാതൃമരണങ്ങൾക്ക് കാരണമാകുന്നു.എന്ന് വെച്ചാൽ ഇത് ചിലപ്പോൾ എങ്കിലും ഡോക്ടർമാരുടെ കൈപിടിയിൽ ഒതുങ്ങുന്നതല്ല എന്ന്. പണ്ട് എംബിബിഎസ് ന് പഠിക്കുന്ന സമയത്ത് ഒരു ഗൈനക്കോളജി പ്രൊഫസർ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്.പ്രസവ സമയത്തെ 3rd സ്റ്റേജിൽ എന്ത് സംഭവിക്കും എന്ന് മുൻകൂട്ടി അറിയാൻ പറ്റുമോ? ( പ്രസവ സമയത്ത് 4 സ്റ്റേജ് ഉണ്ട്‌ ). അല്ലെങ്കിൽ കുറച്ചു കൂടി പോളിഷ് ചെയ്തു ചോദിച്ചാൽ ഏത് ഗർഭിണിക്കാണ് പ്രസവ സമയത്തെ 3rd സ്റ്റേജിൽ കോംപ്ലിക്കേഷൻ വരുന്നത് എന്ന് മുൻകൂട്ടി പറയാൻ പറ്റുമോ?മിഴിച്ചു നിന്ന എന്നോട് ആ പ്രൊഫസർ തന്നെ മറുപടിയും തന്നു.
“ദൈവത്തിന് മാത്രമേ ഏത് ഗർഭിണിക്കാണ് പ്രസവ സമയത്തെ 3rd സ്റ്റേജിൽ കോംപ്ലിക്കേഷൻ വരുന്നത് എന്ന് മുൻകൂട്ടി പറയാൻ പറ്റൂ, അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ”പോസ്റ്റ് പാർട്ടം ഹെമറേജ് പ്രസവ സമയത്തെ 3rd സ്റ്റേജിൽ വരുന്ന ഒരു കോംപ്ലിക്കേഷൻ ആണ് ഇനിയെങ്കിലും ഇത് പോലെ ഒന്ന് ആവർത്തിക്കപ്പെടാതെ ഇരുന്നെങ്കിൽ? അതിനായി ആത്മാർത്ഥമായി ആഗ്രഹിച്ചു പോവുകയാണ്, നടക്കില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ.
Dr Shanavas AR