പഠനം കഴിഞ്ഞു ജോലിയൊന്നും ഇല്ലാതെ ഇരിക്കുമ്പോഴാണ് അടുത്തുള്ള സുഹൃത്ത് വന്നു പറഞ്ഞു.അവനൊപ്പം കുറച്ചു ദിവസം പണിക്കു ചെല്ലാൻ.വെറുതെ ഇരുന്നിട്ടെന്ത കൈയ്യിൽ കുറച്ചു കാശ് കിട്ടുമല്ലോ എന്നവൻ പറഞ്ഞു.ശരിയാണ് കൈയ്യിൽ കാശില്ലെ ഒരു വിലയില്ലാത്ത കാലമാണ് ഇപ്പോൾ അതുകൊണ്ട് ഞാൻ വരാമെന്ന് അവനോടു പറഞ്ഞു.എന്തിനും ഏതിനും കാശ് വേണം കൂട്ടുക്കാരുടെ ഒപ്പം പുറത്ത് പോവാനും നല്ല ഭക്ഷണം ഉണ്ടാക്കി കഴിക്കാനും കൈയ്യിൽ കാശ് വേണം.
ആകെ വീട്ടിലേക്കുള്ള വരവ് ചിലവ് അച്ഛനായിരുന്നു.എൻ്റെ ചെറുപ്പം തൊട്ടെ എല്ലാ പണിക്കും അച്ഛൻ പോവാറുണ്ട്.വരമ്പു കളക്കാനും വിറക് കീറാനും തോട്ടം പണിക്കും അങ്ങനെ കൈക്കോട്ട് കൊണ്ടുള്ള എല്ലേ പണിക്കും അച്ഛൻ എന്നും രാവിലെ ഇറങ്ങി പോവുന്നത് കാണാറുണ്ട് ഒരിക്കൽ പോലും ക്ഷീണം കൊണ്ടോ വയ്യാത്തത് കൊണ്ടോ വെറുതെ ഇരിക്കുന്നു കണ്ടിട്ടില്ല.ഒരു മുണ്ട് മാത്രം ഉടുത്ത് വെയിൽ കൊണ്ട് ഉരുക്കു പോലെയുള്ള ശരീരത്തിൽ ഒരു തോർത്ത് എപ്പോഴും കാണും കൂടെ അച്ഛൻ്റെ കൈക്കോട്ടും.
ചെറുപ്പം തൊട്ടെ അച്ഛനിൽ നിന്നും എനിക്ക് ഒരു അകൽച്ചയുണ്ടായിരുന്നു മിണ്ടാൻ ഒന്നും ഞാൻ പോവറില്ല അച്ഛനും അങ്ങനെ തന്നെയായിരുന്നു കാരണം.അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ആദ്യമായി സൈക്കിളിന് വേണ്ടി വാശിപ്പിടിച്ച് ഒരാഴ്ചയോളം വീട്ടിൽ ഞാൻ പ്രശ്നമുണ്ടാക്കി.ഒരു ദിവസം അച്ഛൻ്റെ കൂടെ ചോറു കഴിക്കുമ്പോൾ ചോറും പാത്രം തട്ടി കളഞ്ഞു എഴുന്നേറ്റു പോയതിന് അമ്മയെന്നെ ഒരുപാട് തല്ലി.അന്നൊട്ടു അച്ഛനോട് ഉള്ളിൽ നീണ്ട മൗനമായിരുന്നു എന്നിട്ടും ഒരിക്കൽ പോലും എൻറെ വാശി ജയിച്ചില്ല അതുകൊണ്ട് അന്ന് മുതൽ തമ്മിൽ നോക്കുകയോ സംസാരിക്കുകയോ ഒപ്പം ഇരിക്കുകയോ ചെയ്യാറില്ല എന്നാലും അച്ഛനെ ഞാൻ ഉള്ളിൽ സ്നേഹിച്ചിരുന്നു.അതുപോലെ മകൻ്റെ ഉള്ളിലെ ദേഷ്യം അങ്ങനെ തന്നെ ഇരിക്കട്ടേന്ന് കരുതി അച്ഛനും മനസ്സ് കൊണ്ട് എന്നെ എപ്പോഴും ചേർത്ത് പിടിക്കുകയും പലപ്പോഴും ഞാനറിഞ്ഞിട്ടുണ്ട്.
കോളേജ് പഠന കാലത്ത് എൻ്റെ സന്തോഷത്തിനും അച്ഛൻ കഷ്ടപ്പെട്ടു ഉണ്ടാക്കിയ തുക മാറ്റിവച്ചു അമ്മയുടെ കൈയ്യിൽ എനിക്കായ് കരുതി വെക്കാറുണ്ട്.എന്നെ കാണുമ്പോൾ മിണ്ടാതെ എനിക്ക് വഴിമാറി തന്നു കൊണ്ട് ഉമ്മറത്ത് പോയി ചുരുട്ട് ബീഡി വലിച്ചു നിൽക്കുന്ന അച്ഛനെ കാണുമ്പോൾ.കുറ്റബോധം കൊണ്ട് പലപ്പോഴും പിറകിൽ നിന്നും കെട്ടിപ്പിടിക്കാനും നെഞ്ചോട് ചേർക്കാനും ആഗ്രഹിച്ചു നിന്നിട്ടുണ്ട്.പക്ഷെ ഒരിക്കൽ പോലും ഞാനത് ചെയ്തില്ല എങ്ങനെ എങ്കിലും അച്ഛനിൽ നിന്നും കുടുംബഭാരം ഏറ്റെടുത്തു നടത്താൻ ഞാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നു.
എങ്ങനെ ഒക്കെയോ ഒരുവിധം പഠിച്ച് എന്തെങ്കിലും ഒരു ജോലി വാങ്ങണമെന്ന് കരുതി പഠനം പൂർത്തിയാക്കി പക്ഷെ വിധികൾ മറ്റൊന്ന് ആയിരുന്നു..
ജോലിയില്ലാതെ കൂടെ പടിച്ചവരും നാട്ടിലുള്ളവർ പലരും അറബി മണ്ണിലേക്ക് വീമാനം കയറുമ്പോൾ ഞാനും ഒരു പ്രവാസിയാകൻ മോഹിച്ചിട്ടുണ്ട്..
പക്ഷെ അച്ഛനും അമ്മക്കും അത് ഇഷ്ടമല്ലായിരുന്നു പിന്നെ എനിക്ക് അവരെ തനിച്ചാക്കി പോവാനും അവര് അടുത്തില്ലാത്ത ജീവിതം അവരുടെ ഗന്ധമില്ലാത്ത ഒരിടത്ത് നിൽക്കാൻ പോലും എനിക്ക് ഇഷ്ടമില്ലായിരുന്നു.
എന്നെങ്കിലും നമ്മുടെ ഉള്ളിലേ ഒരു സ്വപ്നം യതാർത്ഥമാകും എന്ന പ്രതീക്ഷയോടെ മാത്രമായിരുന്നു പിന്നീടുള്ള ജീവിതം.ഒരുപാട് ജോലി നോക്കിയെങ്കിലും മാസ മാസത്തിലെ തുച്ചമായ തുക കൊണ്ട് ജീവിതത്തിൽ ഒരു കാര്യമുണ്ടായില്ല..
അങ്ങനെ പിറ്റേന്ന് കൂട്ടുക്കാരൻ കൂടെ പണിക്ക് പോയത്. അവിടെ മണലും സിമന്റ് കൂട്ടി കൊടുക്കാൻ ആയിരുന്നു എനിക്ക് പണി മണല് കൊണ്ടുവന്നു കൂട്ടിയപ്പോഴേക്കും ശ്വാസം കിട്ടാതെ തൊണ്ടവരണ്ടു വെള്ളത്തിന് ദാഹിച്ചു തുടങ്ങി.അടുത്തിരുന്ന ജഗ്ഗിൽ നിന്നും വയറു നിറയെ വെള്ളം കുടിച്ചു നിൽക്കുമ്പോൾ കൂട്ടുകാരൻ ചിരിയോടെ പറഞ്ഞു.പണിയൊന്നും എടുത്തില്ലല്ലോ അപ്പോഴേക്കും ക്ഷീണിച്ചോന്ന് ചോദിച്ചു.വേഗം തന്നെ കൂട്ടെന്ന് പറഞ്ഞു അവൻ അവനുള്ള പണിക്ക് പുറത്തേക്ക് പോയി.സിമന്റ് ചേർത്ത് മിക്സ് ചെയ്യാൻ തുമ്പയെടുത്തു ഞാൻ കോരി തുടങ്ങി ഒരോ നിമിഷവും മനസ്സു പറഞ്ഞു തുടങ്ങി
” എനിക്ക് വയ്യ ഞാനിപ്പോൾ വിഴും എവിടെ എങ്കിലും ഒന്നിരിക്കണം എന്നൊക്കെ.
അങ്ങനെ ഒരുവിധം കോരി ചേർത്തപ്പോഴേക്കും നടുവേദന എടുത്തു ഞാനവിടെ ചുമരിനോട് ചേർന്നിരുന്നു അച്ഛനെ ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു പണ്ട് സ്ക്കൂളിൽ പോവുമ്പോൾ ആയിരുന്നു റോഡ് അരികിൽ ഒരുവീടിൻ്റെ മതിൽ പണിയാൻ അച്ഛൻ മൂട്ടോളം ആഴാത്തിൽ ചാലെടുക്കുന്നത് കണ്ടത്..
അന്നച്ചൻ നന്നായി വിയർത്തിരുന്നു വെയിൽ കൊണ്ട ശരീരത്തിൽ ചോര നീരാക്കി കൊണ്ട് ഒരു വെട്ടും മണ്ണിൽ ആഴാത്തിൽ പതിഞ്ഞിറങ്ങുമ്പോഴും അച്ഛനിൽ ഒരു നുള്ള് ക്ഷീണം പോലും ഞാൻ കണ്ടില്ല.ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു ആരും കാണാതെ അടുത്തിരുന്ന ബക്കറ്റിലെ വെള്ളത്തിൽ മുഖം കഴുകി ബാക്കിവച്ച പണിയിലേക്ക് കയറി.വൈകീട്ട് പണി കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ ഒരെ കിടപ്പ് ആയിരുന്നു മനസ്സ് ചത്തു എന്തുപ്പറ്റി വയ്യെ.എന്നുള്ള അമ്മയുടെ ചോദ്യത്തിന് ചെറിയൊരു ക്ഷീണമെന്ന് മാത്രം പറഞ്ഞൊള്ളു.കണ്ണടച്ച് കിടന്നിട്ടും ഉറക്കം വന്നില്ല പക്ഷെ പലതും ഓർത്തിട്ട് കണ്ണുനീർ വന്നു .
കരയാൻ ശ്രമിച്ചതും ശരീരത്തിൽ നല്ല വേദന തോന്നിഹൃദയം വല്ലാതെ ഉയർന്നു അച്ഛനോട് കാണിച്ച ദേഷ്യമോർത്തു ഉള്ളിൽ ഒരുപാട് തവണ അച്ഛനെ വിളിച്ചു മാപ്പ് യാചിച്ചു കൊണ്ട് ഞാനങ്ങനെ കിടന്നു.നാളെയും പണിയുണ്ട് പോയലെ പറ്റു എല്ലാം സഹിച്ചെ പറ്റു കഷ്ടപ്പെടാതെ ഒരാൾക്ക് ജീവിക്കാൻ കഴിയില്ലല്ലോ ..??
സന്തോഷങ്ങൾ നേടിയെടുക്കാൻ പോലും ഒരാൾ ഒരുപാട് കഷ്ടപ്പെട്ടല്ലെ പറ്റു..??
പിറ്റേന്ന് പണിക്കിറങ്ങുമ്പോൾ മനസ്സ് മടുത്തെങ്കിലും പുറത്ത് കാണിച്ചില്ല..
ഹാളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ചുമരിലെ ആണിയിൽ അച്ഛൻ്റെ ഷർട്ട് തൂക്കി ഇട്ടേക്കുന്നു കണ്ടത്.വല്ലപ്പോഴും അത്യാവശ്യ കാര്യയത്തിന് മാത്രം പുറത്തേക്ക് ഇറങ്ങുമ്പോൾ ഇടുന്ന അച്ഛൻ്റെ രണ്ടു ഷർട്ടിൽ ഒരെണ്ണം ആയിരുന്നു അത്..
ഞാൻ മെല്ലെ അതിൻ്റെ അടുത്തേക്ക് പോയി കൈയ്യിൽ വാരിയെടുത്ത് അതിൻ്റെ ഗന്ധം നുകർന്ന് എൻ്റെ അച്ഛൻ്റെ ഗന്ധം വിയർപ്പിന്റെ ഗന്ധം മെല്ലെ അതിൽ ചുണ്ടമർത്തി.ഞാനെൻ്റെ പോക്കേറ്റിൽ നിന്നും ഇന്നലെ ആദ്യമായി കൂലിക്കിട്ടിയ എഴുന്നൂറ് രൂപയിലെ അഞ്ഞൂറിൻ്റെ നോട്ടെടുത്ത് അതിൽ വച്ച് തിരിയുമ്പോൾ അമ്മ വാതിൽ പടിയിൽ എല്ലാം കണ്ടു കൊണ്ട് നിൽക്കുന്നു കണ്ടു.
സന്തോഷത്തോടെ ഞാൻ അമ്മക്ക് ഒരു പുഞ്ചിരി നൽകി പുറത്തേക്ക് ഇറങ്ങി നടക്കുമ്പോൾ അച്ഛൻ ഉമ്മറത്തെ തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു മുഖത്ത് നോക്കാതെ തന്നെ ഞാൻ പറഞ്ഞു.അച്ഛാ.. ഞനിറങ്ങുവ ഇന്നും പണിയുണ്ട്.അച്ഛനിൽ നിന്നും ഒരു മുളലുണ്ടായ്.പിന്നെ പതിയേ പറഞ്ഞു ബുദ്ധിമുട്ട് ഉണ്ടെ നീ പോകണ്ട.എനിക്ക് ബുദ്ധിമുട്ട് ഇല്ലെന്ന് പറഞ്ഞു ഞാൻ മെല്ലെ ഇറങ്ങി നടന്നു ഒരൽപ്പം മുന്നോട്ടു ചെന്ന് നിന്നു.അച്ഛനെ ഒരുനോക്ക് കാണാൻ മനസ്സ് കൊതിച്ചു മെല്ലെ തിരിഞ്ഞു നോക്കുമ്പോൾ അച്ഛൻ്റെ കണ്ണുകൾ എന്നെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു..
അപ്പോൾ ആ കണ്ണുകളിൽ സ്നേഹമാണോ നിരാശയാണോ സഹതാപമാണോ പ്രാർത്ഥനയാണോ വാത്സല്യമാണോ എനിക്ക് അറിയില്ല.
നന്ദി
മനു തൃശ്ശൂർ