ഭർത്താവ്‌ മറ്റൊരു സ്ത്രീയോടൊപ്പം ഒളിച്ചോടി എന്നറിഞ്ഞപ്പോ തന്നെ മുറ്റത്തൊരു കല്യാണത്തിനുള്ള ആള് ചിലർ ഞാൻ കരയുന്നോ എന്ന് നോക്കി

EDITOR

ഭർത്താവ്‌ മറ്റൊരു സ്ത്രീയോടൊപ്പം ഒളിച്ചോടി എന്നറിഞ്ഞപ്പോൾ തന്നെ മുറ്റത്തൊരു കല്യാണത്തിനുള്ള ആൾക്കൂട്ടമുണ്ടായിരുന്നു. വന്നവര് വന്നവര് മൂക്കത്ത് വിരല് വെച്ചു ആശ്ചര്യപ്പെട്ടു.ചിലര് ന്റെ കണ്ണീന്ന് വെള്ളം വരുന്നുണ്ടോന്നു സൂക്ഷിച്ചു നോക്കി.ഹും എന്റെ പട്ടി കരയും പോയതങ്ങട് പോട്ടെന്ന് വെക്കും.എന്നാലും ഉള്ളിന്റെ ഉള്ളിലു ഒരു നീറ്റൽ ഉണ്ടായിരുന്നു.ഇത്രയും അടക്കോം ഒതുക്കോം ഉള്ളൊരു പെണ്ണു ആ പഞ്ചായത്തിലെന്നല്ല തൊട്ടടുത്തുള്ള പഞ്ചായത്തുകളിലും മഷിയിട്ടുനോക്കിയാൽ കാണില്ലാന്നും ഇവളെ ഇട്ടേച്ചു പോയവന്റെ തലയിൽ ഇടിത്തീ വീഴുമെന്നൊക്കെ ചിലർ അടക്കം പറയുന്നത് കേട്ടപ്പോ സത്യം പറയാലോ ഇരുന്നിടത്തൂന്ന് അറിയാതെ ഒന്ന്പൊങ്ങിപ്പോയി ചിലരൊക്കെ എന്റെ കഴിവുകേടിനെക്കുറിച്ചും ഭർത്താവിനെ നിലക്ക് നിർത്താൻ അറിയാതെ പോയതിനെക്കുറിച്ചും ഓരോന്ന് പറഞ്ഞു കുറ്റപ്പെടുത്തി ഞാനാരോടുമൊന്നും മറുപടി പറഞ്ഞീല.

പറഞ്ഞിട്ടും കാര്യമില്ലാലോ പോയതുപോയീലെ.ഉച്ചക്കെക്കുള്ള മീന്കൂട്ടാന് വേണ്ടി കെട്യോനെ തേങ്ങയരക്കാൻ ഏല്പിച്ചുവന്ന അയലോക്കക്കാരി തങ്കമ്മ ചെച്ചി കെട്യോമ്മാരെ വരുതിക്ക് നിർത്താനുള്ള ഐഡിയകളെപ്പറ്റി കുറെ ക്‌ളാസെടുത്തെങ്കിലും ചത്ത കിളിക്കെന്തിനാണിനി കൂടെന്നുള്ള മട്ടില് എല്ലാം കേട്ടുനിക്കാനേ കഴിഞ്ഞുള്ളൂ.ഇനിയൊന്നൂടെ കെട്ടുവാണേൽ ഉപകാരപ്പെട്ടോട്ടെ എന്നു കരുതി പറഞ്ഞതാവുംചിലപ്പോ.നിലവിൽ ഭർത്താവില്ലാത്ത സ്ഥിതിക്ക് സർക്കാർ സഹായങ്ങൾ വല്ലതും ലഭ്യമാക്കാൻ കഴിയുമോ എന്നുള്ളതെ പറ്റി അന്വേഷിക്കട്ടെയെന്നും പറഞ്ഞോണ്ട് മെമ്പർ തിരികെ പോയി.അവിടിവിടെ ചുറ്റി നിന്നോരും സഹതപിച്ചൊരുമൊക്കെ പതിയെ പതിയെ പിരിഞ്ഞുപോയി.അതോടെ ഞാനെഴുന്നെറ്റകത്തേക്ക് നടന്നു.വാതിലടച്ചു കുറ്റിയിട്ടൂന്നുള്ളത് ഒന്നൂടി ഉറപ്പുവരുത്തി.

ഭർത്താവില്ലാത്ത പെണ്ണല്ലേ കെട്യോനില്ലാത്ത വീട് ആളനക്കമില്ലാതെ വീർപ്പുമുട്ടുന്നതുപോലെ തോന്നി മൂപ്പരുള്ളപ്പോ ടീവീല് കാണിക്കുന്ന അലെക്സന്റെ പരസ്യംപോലാരുന്നു ഡീ വെള്ളം ചൂടാക്കീ ഡീ തിന്നാനെടുക്കീ ഡീ നീയെവിടെ പോയി കിടക്കാ ഇപ്പൊ എന്തായി എല്ലാമവസാനിച്ചില്ലേ വിധി അല്ലാതെന്താ നല്ല വിശപ്പുണ്ടാരുന്നു മൂപ്പരില്ലെന്നുവെച്ചു പട്ടിണികിടക്കാൻ വയ്യല്ലോ നേരെ അടുക്കളയിലേക്കു ചെന്ന്‌ ഉച്ചക്കുണ്ടാക്കിയ കഞ്ഞിയിരിപ്പുണ്ടായിരുന്നു.രണ്ടു പപ്പടവും ചുട്ടെടുത്തു വിശപ്പുണ്ടായിരുന്നത് കൊണ്ട് ആസ്വദിച്ചു കഴിച്ചു.മുഖവും കയ്യുമൊക്കെ കഴുകി അടുക്കളവാതിലുമടച്ചു ബെഡ്റൂമിലേക്ക് നടന്നു.കണ്ണാടിക്കു മുന്നില് തന്നെത്തന്നെ നോക്കിനിന്നു.എനിക്കെന്തിന്റെ കുറവായിരുന്നു.പോട്ടെ മൂപ്പർക്ക് ഭാഗ്യമില്ല അത്രന്നെ ഇനിയാരെ കാണിക്കാനാ ഈ ആഭരണങ്ങളൊക്കെ ഓരോന്നായി ഊരി എടുത്ത് അലമാര തുറന്നവയൊക്കെ ഭദ്രമായി വെച്ച് അടക്കുമ്പോഴാണ് ചുരുണ്ടു കിടക്കുന്ന മൂപ്പരുടെ ഷർട്ടും ജീൻസ് പാന്റും കണ്ണിലുടക്കിയത്.

വാരിയെടുത്തു മുഖത്തോടു ചേർത്ത് കെട്യോന്റെ വിയർപ്പിന്റെ മണമുണ്ടവക്കെന്നു തോന്നിപ്പോയി മൂപ്പരതുമിട്ടോണ്ട് പുറത്തേക്കിറങ്ങുമ്പോ ആശ തോന്നീട്ടുണ്ട് അതുപോലെ ജിൻസും ടോപ്പുമൊക്കെ ഇട്ടൊണ്ടോന്നു നടക്കാനൊക്കെ പക്ഷെ മൂപ്പർക്കതിഷ്ടല്ല.ഇമ്മാതിരി വേഷങ്ങളൊക്കെ പെണ്ണുങ്ങളിട്ടാ നരകത്തിൽ കിടക്കേണ്ടി വരുമത്രെ.അല്ലേലും പെണ്ണുങ്ങളെ കാര്യം കഷ്ടന്നെ ദുനിയാവിലും നരകം.അതൊക്കെ സഹിച്ചോണ്ടു ആഖിറത്തില് പോയാല് അവിടേം നരകം.ആണുങ്ങക്കെവിടേം സ്വർഗം എന്ത് വേഷവുമിടാം എങ്ങിനെയും നടക്കാം ആരോടു പറയാനാ എന്തായാലും ഇതൊന്ന് ഇട്ടുനോക്കിയാലോ വലിച്ചു കയറ്റാൻ കുറച്ചു പാട് പെട്ടെങ്കിലും ഒടുവിലെങ്ങിനേയോ കയറിപ്പറ്റി ഷർട്ടും വലിച്ചു കയറ്റി കണ്ണാടി നോക്കി വെല്യ കുഴപ്പല്ല.മാത്രല്ല വല്ലാത്തൊരു ആത്മവിശ്വാസവും ഫീൽ ചെയ്തു ശരിക്കും.ചുമ്മാതല്ല ഇപ്പോഴത്തെ കുട്യോളൊക്കെ ജീനും ടോപ്പുമൊക്കെ ഇട്ടൊണ്ട് നടക്കുന്നെ.എന്തുമാത്രം പ്രസരിപ്പാണ് അവരുടെയൊക്കെ മുഖത്തു വെറുതെയാണോ ജീൻസും ജഗ്ഗിന്സുമൊക്കെ വിമർശിക്കപ്പെടുന്നെ.

അസൂയ അല്ലാതെന്താ ഓരോന്നോർത്തങ്ങനെ കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.നിർത്താതെ കാളിംഗ് ബെല്ലടിക്കുന്ന കേട്ടാണുണർന്നത്.മൊബൈലെടുത്ത് സമയം നോക്കിയപ്പോ സമയം രാവിലേ പത്തുമണി വല്ലാത്തൊരുറക്കായിപ്പോയി. എങ്ങിനൊക്കെയൊ എഴുന്നേറ്റപ്പോഴാ ഓർത്തേ ജീൻസുമിട്ടോണ്ട് കിടന്ന കിടപ്പാരുന്നൂന്ന് പടച്ചോനെ ഇതും ഇട്ടോണ്ടിപ്പോ എങ്ങിനെ പുറത്തിറങ്ങും.ഊരിക്കളയാമെന്ന് വിചാരിച്ചപ്പോ കഴിയുന്നുമില്ല.പുറത്താണെൽ ബഹളം കൂടിക്കൊണ്ടിരിക്കാ.ഭർത്താവൊളിച്ചോടിപ്പോയ പെണ്ണിന് ഇത്രേം ഫാൻസോ.ഭയങ്കരം തന്നെ.ഒടുവിൽ ജീൻസിന്റെ മോളിലൊരു ലുങ്കിയുമിട്ട് നേരേ ചെന്ന് വാതിൽ തുറന്ന് എവിടെടീ മറ്റവൻ തുറന്നപാടെയുള്ള ചോദ്യമതായിരുന്നു.മറ്റവനോ  ഞാന് വാപൊളിച്ചു ഉറക്കച്ചടവോടെ കോട്ട് വായിട്ടു.അതേടീ
നീയിന്നലെ വിളിച് കയറ്റിയില്ലേ അവൻ തന്നെ.

ചുമ്മാതല്ല കെട്യോൻ ഇട്ടേച്ചു പോയെ ഇതല്ലേ കയ്യിലിരിപ്പ് എനിക്കൊന്നും മനസിലായില്ല അപ്പോഴാ തങ്കമ്മ ചേച്ചി അങ്ങോട്ടേക്കോടി വന്നെ.അവര്‌ പറഞ്ഞപ്പഴാ കാര്യത്തിന്റെ കിടപ്പ് ഏതാണ്ടു പിടികിട്ടിയതും.രാവിലെ പാല് കൊണ്ടരാറുള്ള ചെക്കൻ വന്ന് ബെല്ലടിച്ചപ്പോ ആരും വാതിൽ തുറന്നില്ലത്രേ.കെട്ടിയോൻ പോയ വിഷമത്തിനു ഇനി ഞാനെങ്ങാനും വല്ല കടുംകൈ ചെയ്തോന്നു പേടിച്ചു ചെക്കനപ്പോ തന്നെ വഴിയേ പോവുന്നോരേം അയലോക്കത്തുള്ളൊരേം വിവരമറിയിച്ചു.വന്നുകൂടിയ വായ്നോക്കികളിലേതോ ഒരണ്ണം കിടപ്പുമുറിയുടെ ജനാല തുറന്നു കിടക്കുന്ന കണ്ടത്രേ.അതിലൂടെ നോക്കിയപോ പുതപ്പിനു വെളിയിലൂടെ ജീൻസിട്ട രണ്ടു വൃത്തികെട്ട കാലുകളും പോരെ അപ്പൊതന്നെ വിധിയെഴുതി ഇത് മറ്റവൻ തന്നെ അതൊടെ ബഹളമായി ആൾക്കൂട്ടമായി.ഇനി അവർക്കറിയേണ്ടത് ജാരനെക്കുറിച്ചാണ് ഞാനപ്പോത്തന്നെ ഉടുത്തിരുന്ന ലുങ്കിയങ് മാറ്റി ദെ കണ്ടോളീ എല്ലാരും എന്നും പറഞോണ്ടു ഇട്ടിരുന്ന ജീന്സങ്ങട് കാണിച്ചൊടുത്തു.നല്ലൊരു അവിഹിതം മിസ്സായ സങ്കടത്തോടെ എല്ലാരും പിരിഞുപോയി.ബല്ലാത്ത ജാതി ആൾക്കാരന്നേപ്പാ
എഴുതിയത് : എസ്രാ