വാവ സുരേഷിനെ ഇഷ്ടമില്ലാത്തവർ വളരെ കുറവാണ് പക്ഷെ അദ്ദേഹത്തിന്റെ പാമ്പ് പിടിക്കുന്ന രീതി സുരക്ഷിതം അല്ല അതിനാൽ ആണ് കടി ഏൽക്കുന്നതും എന്നുള്ള വിമർശനങ്ങൾ നാനാഭാഗത്തു നിന്നും ഉയരാറുണ്ട് .നീണ്ട ആശുപത്രി വാസത്തിനു ശേഷം അദ്ദേഹം കഴിഞ്ഞ ദിവസം പാമ്പിനെ പിടിക്കുന്ന വീഡിയോ ആണ് വിമർശനങ്ങൾക്ക് വഴിവെക്കുന്നത് .വീണ്ടും സുരക്ഷിതമല്ലാത്ത മാർഗത്തിലൂടെ പാമ്പ് പിടിക്കുന്നു എന്നാണ് വിമർശനം .സോഷ്യൽ മീഡിയയിൽ ജിനേഷ് , രജീഷ് പാലവിള എന്നിവർ എഴുതിയ പോസ്റ്റുകൾ ഇങ്ങനെ.
സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്. സംഗതി പഴയ പരിപാടി തന്നെ ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം. ഇമ്മാതിരി ഷോ കാണിച്ചാൽ എപ്പോൾ വേണമെങ്കിലും പാമ്പിന്റെ കടിയേൽക്കാം എന്ന് ആ വീഡിയോ കാണുന്ന ആർക്കും മനസ്സിലാവും. സുരേഷിനോട് ഇനി ഒന്നും പറയാനില്ല, കാരണം എത്ര പറഞ്ഞിട്ടും കാര്യമില്ല. ചിലർ മറ്റുള്ളവർ പറയുന്നത് കേട്ട് പഠിക്കും. ചിലർ ഒരു തവണത്തെ അനുഭവംകൊണ്ടു പഠിക്കും.ചിലർ രണ്ടോ മൂന്നോ തവണ ദുരനുഭവം ഉണ്ടാകുമ്പോൾ പഠിക്കും. ചിലർ എത്ര അനുഭവം ഉണ്ടായാലും പഠിക്കില്ല. അത്തരക്കാരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പക്ഷേ ഓരോ തവണയും കടിയേറ്റ് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ആരോഗ്യ സംവിധാനങ്ങൾ ഇവിടെയുള്ളതിനാൽ ജീവൻ രക്ഷപ്പെടുന്നുണ്ട്. ഇതും പുള്ളിയോട് പറയുന്നതല്ല. അങ്ങനെയുള്ള അവസരങ്ങളിൽ ഒക്കെ ഓടിയെത്തുന്ന മന്ത്രിമാരും മറ്റ് പ്രധാന ഉദ്യോഗസ്ഥരും അറിയാൻ വേണ്ടി മാത്രം ഇവിടെ പറയുന്നതാണ്. ഇത്തരം കോപ്രായം കാണിക്കുന്നതും നിങ്ങൾ അറിയേണ്ടതുണ്ട്.
ആശുപത്രി കിടക്കയിൽ വച്ച് സുരക്ഷിതമായ രീതിയിൽ മാത്രമേ പാമ്പുകളെ റെസ്ക്യൂ ചെയ്യൂ എന്ന് സുരേഷ് പറഞ്ഞത് കേരളത്തിലെ ഒരു മന്ത്രിയോടാണ്, മന്ത്രി വി എൻ വാസവനോട്. അദ്ദേഹം മാത്രമല്ല, പല ജനപ്രതിനിധികളും ഉന്നത സ്ഥാനീയരും ആശുപത്രിയിൽ വന്ന് സുരേഷിനെ സന്ദർശിച്ചിരുന്നു. ഇപ്പോൾ കാണിക്കുന്ന ഷോ അത്തരക്കാർ കൂടി അറിയേണ്ടതുണ്ട്. നിങ്ങൾക്ക് സാധിക്കുമെങ്കിൽ, സുരേഷ് എന്ന വ്യക്തിയുടെ ജീവന് വിലയുണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, അദ്ദേഹത്തെ ഇത്തരം പ്രവർത്തികളിൽ നിന്ന് പിന്തിരിപ്പിക്കണം. ഇത്ര അപകടകരമായ ഷോ കാണിക്കുമ്പോൾ പോലും ചുറ്റും കൂടി നിന്ന് കയ്യടിച്ച ഫാനരന്മാരാണ് സുരേഷിനെ ഈ അവസ്ഥയിൽ എത്തിച്ചത്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളും മറ്റും അങ്ങനെ കയ്യടിച്ചു കൂടാ, അല്ലെങ്കിൽ അവഗണിച്ചുകൂടാ. ഇനിയുമൊരു പാമ്പുകടിയേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ ജീവൻ രക്ഷപ്പെടണം എന്ന് മാത്രമേ പറയാനാവൂ, ആഗ്രഹിക്കാവൂ. അതുകൊണ്ടാണ് ഇപ്പോൾ പറയുന്നത്. മനുഷ്യ ജീവന് വില കൽപ്പിക്കുന്നു എങ്കിൽ ഇത്തരം ഷോകൾ അവസാനിപ്പിക്കാനായി ഇടപെടണം.
പനി നീര് തളിയാനേ.പനി നീര് തളിയാനേ ചാക്കിൽ കേറ് പാമ്പേ ചാക്കിൽ കേറ് പാമ്പേ കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ വാവ സുരേഷ് രാജവെമ്പാലയെ പിടിച്ച ദൃശ്യം താടിക്ക് കയ്യുംകൊടുത്തല്ലാതെ കാണാൻ പറ്റിയില്ല!അനുഭവങ്ങളിൽ നിന്ന് പഠിക്കാത്ത മനുഷ്യരെ ആർക്കും പഠിപ്പിക്കാൻ പറ്റില്ലെന്ന്പറഞ്ഞുകേട്ടിട്ടുണ്ട്.അനേക ദിവസങ്ങൾ അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കിടന്ന മനുഷ്യൻ,
ഒരു സംസ്ഥാനം ഒന്നാകെ അയാൾ ജീവിതത്തിലേക്ക് തിരികെ വരുന്നതും കാത്തിരുന്ന നിമിഷങ്ങൾ.മന്ത്രിമാരുടെയും ഉദ്യോഗസ്ഥവൃന്ദങ്ങളുടേയും കരുതലുകൾ,വിദഗ്ദ്ധ ചികിത്സ ഉറപ്പുവരുത്തുകയും കണ്ണിമ തെറ്റാതെ ഒപ്പമിരുന്ന് പരിചരിക്കുകയും വിവിധ ആശുപത്രി സേവനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിക്കുകയും ചെയ്ത ഡോക്ടർമാരുടെയും നഴ്സുമാരുടേയും വിലമതിക്കാനാവാത്ത സേവനം,മരണത്തിലേക്ക് മയങ്ങിയ തലച്ചോറിനെയും ഹൃദയത്തെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന അമ്പതിലേറെ കുപ്പി ആന്റി സ്നേക്ക് വെനം അങ്ങനെ എന്തെല്ലാം ചെയ്തതിലൂടെയാണ് വാവ സുരേഷ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്.
പക്ഷെ പറഞ്ഞിട്ട് എന്ത്കാര്യം? സുരക്ഷിതമല്ലാത്ത രീതിയിലുള്ള പാമ്പ് പിടുത്തത്തിൽ നിന്ന് കടുകിട തെറ്റാൻ അദ്ദേഹം തയ്യാറല്ല എന്നാണ് രാജവെമ്പാലയെ പിടിച്ച പുതിയ ദൃശ്യത്തിലും വ്യക്തമായത്.കടിക്കാൻ പലതവണ ചീറിയടുക്കുന്ന രാജവെമ്പാലയെ ദൃശ്യങ്ങളിൽ കാണാം.പാമ്പിനെ കണ്ട് ഭയന്ന് ആര് വിളിച്ചാലും ഏതുസമയത്തും എവിടെയും ഓടിയെത്തുന്ന സുരേഷിന്റെ സഹായമനസ്സിനെ അഭിനന്ദിക്കുമ്പോഴും ഇങ്ങനെ സുരക്ഷിതമല്ലാത്ത നിലയിൽ പാമ്പ് പിടിക്കാൻ അദ്ദേഹത്തെ തുടർന്നും അനുവദിക്കുന്നത് മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് അയാളെ മടക്കിക്കൊണ്ടുവന്ന മനുഷ്യാധ്വാനത്തെ മുഴുവൻ പരിഹസിക്കുന്നതിന് തുല്യമാണ്.സുരേഷിന്റെയും ഫാൻസ് അസ്സോസിയേഷന്റെയും വൈകാരിക പ്രകടനങ്ങളെയല്ല,പാമ്പ് പിടിക്കാൻ എടുക്കേണ്ട മുൻകരുതലുകളെയാണ് സർക്കാർ മുഖവിലയ്ക്കെടുക്കേണ്ടത്.അതിന് തയ്യാറാവാത്തവർ പാമ്പിനെ പിടിക്കേണ്ടതില്ലെന്ന് ആവർത്തിച്ച് പറയുകയും നിയമംകൊണ്ട് നിരോധിക്കുകയുമാണ് സർക്കാരും വനംവകുപ്പും ചെയ്യേണ്ടത്.