കെ റെയിൽ സമരവും അനുബന്ധ കാര്യങ്ങളും ഇന്ന് ചർച്ചയാകുമ്പോൾ ബഷീർ വള്ളിക്കുന്ന് എഴുതിയ കുറിപ്പ് ശ്രദ്ധേയം ആകുന്നു .ഫേസ് ബുക്കിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ .ഇന്ന് കാണുന്ന ഏതൊരു റോഡും പാലവും റെയിലും പഴയ കാലത്ത് ആരെയെങ്കിലുമൊക്കെ ഒഴിപ്പിച്ചെടുത്ത ഭൂമിയിൽ നിർമ്മിച്ചത് തന്നെയായിരിക്കും. അന്ന് ആ സ്ഥലങ്ങളൊക്കെ വിട്ടു കൊടുത്തവർ സഹിച്ച പ്രയാസങ്ങളുടെ പുറത്താണ് നമ്മൾ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന സഞ്ചാര സൗകര്യങ്ങൾ.അന്ന് സമരം ചെയ്ത്, ഭൂമി വിട്ടുകൊടുക്കുന്നവരുടെ സങ്കടങ്ങളെ ആളിക്കത്തിച്ച് അവ മുടക്കിയിരുന്നുവെങ്കിൽ നാമിപ്പോഴും കാളവണ്ടി യുഗത്തിൽ തന്നെ കഴിഞ്ഞിരുന്നേനെ.. അതാത് കാലങ്ങളിൽ നടക്കേണ്ട വികസന പ്രക്രിയകൾ അതാത് കാലങ്ങളിൽ നടന്നിട്ടില്ലെങ്കിൽ അത് നടത്താതെ മാറിനിന്ന തലമുറകൾ കാലത്തിന് പിറകിലേക്ക് തള്ളിമാറ്റപ്പെടും.
അതൊരു യാഥാർത്ഥ്യമാണ് എല്ലാ മാനവ വികസന ഇൻഡക്സുകളിലും കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലാണെങ്കിലും അതിവേഗ യാത്രാ സൗകര്യങ്ങളുടെ കാര്യത്തിൽ നാം ബഹുദൂരം പിന്നിലാണ്. കൂടിയ ജനസാന്ദ്രതയും കുറഞ്ഞ ഭൂമിയുമാണ് നമ്മുടെ പരിമിതി. അതിനെ കഴിയുന്ന രൂപത്തിൽ മറികടന്നു കൊണ്ടല്ലാതെ നമ്മുടെ സംസ്ഥാനത്തിന് ഇനി മുന്നോട്ട് പോകാനാവില്ല. ലോകം മുഴുക്കെ അതിവേഗ പാതകളും സ്പീഡ് റെയിലുകളും നിർമ്മിച്ചു കൊണ്ട് സഞ്ചാര സൗകര്യങ്ങളെ വിപുലപ്പെടുത്തുമ്പോൾ നമുക്ക് മാത്രമായി പുറം തിരിഞ്ഞു നിൽക്കാനാവില്ല. അത് മനസ്സിലാക്കിക്കൊണ്ട് വേണം സമരത്തിന്റെ തീ ആളിക്കത്തിക്കുന്നവർ മുന്നോട്ട് പോകേണ്ടത്.ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ വരുമ്പോൾ പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. വീടും ഭൂമിയും നഷ്ടപ്പെടുന്നവരുടെ സങ്കടക്കടൽ താണ്ടിയല്ലാതെ ഇത്തരം ഏറ്റെടുക്കലുകൾ നടന്ന് കിട്ടാൻ പ്രയാസമാണ്. അവരുടെ ദുരിതങ്ങൾ പരമാവധി കുറക്കാൻ ശ്രമിക്കുകയും ഇപ്പോഴവരുള്ളതിനേക്കാൾ മെച്ചപ്പെട്ട പുനരവധിവാസ പാക്കേജുകളും നഷ്ടപരിഹാരങ്ങളും ഉറപ്പു വരുത്തിക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുക.
അവരോട് കൃത്യമായ രൂപത്തിൽ ആശയവിനിമയം നടത്തുക, ദയയോടെ പെരുമാറുക.. അവരെ പോലീസിനെയും പട്ടാളത്തേയും വിട്ട് നിലത്തിട്ട് വലിച്ചിഴക്കാതിരിക്കുക, കണ്ണീരും കരച്ചിലും ഉണ്ടാകുമെന്നും ആ കണ്ണീരൊപ്പിക്കൊണ്ട് മുന്നോട്ട് പോകണമെന്നും മനസ്സിലാക്കിക്കൊണ്ട് അതിന് വേണ്ട ഭാവനയും സമചിത്തതയും പ്രകടിപ്പിക്കുക. അത്രയൊക്കെയാണ് ചെയ്യാൻ കഴിയുക, അതൊക്കെയാണ് ചെയ്യേണ്ടതും.എന്റെ കിടപ്പാടം പോകുന്ന ഘട്ടം വന്നാൽ ഞാനും കരയും, പ്രതിഷേധിക്കും.. അതൊക്കെ തികച്ചും മാനുഷികമാണ്. അപ്പോൾ എന്നോട് അനുകമ്പയുള്ളവർ ചെയ്യേണ്ടത് എനിക്ക് പരമാവധി കോമ്പൻസേഷൻ കിട്ടാൻ ശ്രമിക്കുകയും ബദൽ സംവിധാങ്ങളൊരുക്കാൻ എന്നെ സഹായിക്കുകയുമാണ്. അതിന് പകരം എന്റെ ആധി കത്തിയാളിച്ചു ഭ്രാന്തമായ ഒരവസ്ഥയിലേക്ക് എന്നെ തള്ളിവിട്ടു കഴിഞ്ഞാൽ പിന്നെ ഞാനെന്താണ് ചെയ്യുക എന്ന് എനിക്ക് തന്നെ പറയാൻ പറ്റില്ല.. ആ അർത്ഥത്തിൽ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് തികഞ്ഞ സാമൂഹ്യദ്രോഹമാണ്.
രാഷ്ട്രീയം കളിക്കുന്നവരുടെ പ്രശ്നം ഭൂമി നഷ്ടപ്പെടുന്നവരുടെ വേദനയല്ല, അവരുടെ പ്രശ്നം സർക്കാരിനെ താഴെയിടുക എന്നതാണ്. ജനങ്ങളെ പരമാവധി വൈകാരികമായി ഇളക്കിവിട്ട് അതിന് മുകളിൽ തീ കത്തിക്കുക എന്നതാണ്. ആ അജണ്ടകളെ കൈകാര്യം ചെയ്യേണ്ടത് പോലീസിനെ വിട്ടല്ല, ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള വഴികൾ തേടിയാണ്. ഈ സോഷ്യൽ മീഡിയ യുഗത്തിൽ അതിന് ധാരാളം വഴികളുണ്ട്. പോലീസിനെ വിട്ട് അതിനെ നേരിടാൻ തുടങ്ങിയാൽ രാഷ്ട്രീയം കളിക്കുന്നവരുടെ അജണ്ട വിജയിക്കും. അവർക്ക് കാര്യങ്ങൾ എളുപ്പമാകും.ഗെയിൽ പൈപ്പ് ലൈനിലും ഹൈവേ വികസനത്തിലുമെല്ലാം ഇതിലും വലിയ പ്രതിഷേധങ്ങൾ കേരളം കണ്ടതാണ്. ഗെയിൽ യാഥാർത്ഥ്യമായി. വീടുകളിൽ പ്രകൃതി വാതകം എത്തിക്കുന്ന പണികൾ പുരോഗമിക്കുന്നു. പല ജില്ലകളിലും അവ ഇതിനകം തന്നെ എത്തിക്കഴിഞ്ഞു. വാഹനങ്ങൾക്കുള്ള സി എൻ ജി വിതരണ ഇൻഫ്രാസ്ട്രക്ച്ചറുകളും വരുകയാണ്. അതിന്റെയൊക്ക ഗുണങ്ങൾ അനുഭവവേദ്യമാകാൻ പോകുന്നേയുള്ളൂ. പരിസ്ഥിതിയോട് കൂടുതൽ ഇണങ്ങുന്ന ഈ സംരംഭം വരാതെ നോക്കാനും പ്രതിഷേധം ആളിക്കത്തിക്കാനും മാധ്യമങ്ങളും രാഷ്ട്രീയക്കാരും നോക്കിയിരുന്നു. അന്തിചർച്ചക്കാർ ഉറഞ്ഞു തുള്ളിയിരുന്നു. അവരൊക്കെ വന്ന പോലെ ആവിയായി പോയി.
ഹൈവേ വികസനവും ദ്രുതഗതിയിൽ പുരോഗമിക്കുന്നു. മാർക്കറ്റ് വിലയേക്കാൾ ഭേദപ്പെട്ട നഷ്ടപരിഹാരം ലഭിക്കുമെന്ന് വന്നപ്പോൾ പ്രതിഷേധങ്ങളൊക്കെ കെട്ടടങ്ങി. കരഞ്ഞു കലങ്ങിയ മുഖങ്ങളിൽ ചെറു പുഞ്ചിരി വന്നു. വീതി കൂട്ടിയ ഹൈവേയിലൂടെ പ്രതിഷേധാഗ്നി ആളിക്കത്തിച്ചവന്മാരുടെ വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകാൻ ഇനി അധികം കാത്തിരിക്കേണ്ട. “ഇപ്പോഴുള്ള ഹൈവേ മതി, ജനങ്ങളുടെ കിടപ്പാടം പൊളിച്ചിട്ട് അത് വികസിപ്പിക്കേണ്ട” എന്ന് മുമ്പ് പറഞ്ഞവരൊക്കെ “പണിയെവിടെവരെയെത്തി, ഉദ്ഘാടനം അടുത്തുണ്ടാകില്ലേ” എന്ന് ചോദിക്കുന്ന അവസ്ഥയിലെത്തി.കടമെടുപ്പിന്റെ പ്രശ്നങ്ങളും സാമ്പത്തിക വിഷയങ്ങളും ആ മേഖലയിലെ വിദഗ്ദർ പറയട്ടെ. അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകാൻ നേരമില്ലെന്ന് പറഞ്ഞ പോലെ സാമ്പത്തിക പരാധീനത എല്ലാം തീർന്ന ശേഷം കേരളത്തിൽ വികസനം കൊണ്ട് വരാൻ കഴിയില്ല എന്ന് മാത്രമേ നമ്മളെപ്പോലുള്ള സാധാരണക്കാർക്ക് പറയാൻ കഴിയൂ.
ഇന്ത്യയിൽ എല്ലായിടത്തും ഇടുന്ന പൈപ്പ് തന്നെയാണ് മുക്കത്തും ഇടുന്നത്, അവിടെ കുഴിച്ചിടുന്നത് ആറ്റം ബോംബല്ല എന്ന് ഗെയിൽ പ്രക്ഷോഭ കാലത്ത് ഒരു ബ്ലോഗിൽ എഴുതിയതിന് അന്നെനിക്ക് കുറെ പൊങ്കാല കിട്ടിയിരുന്നു. അന്ന് പൊങ്കാലയിട്ടവർ തന്നെയാണ് ഈ പോസ്റ്റിലും പൊങ്കാലയിടുക. അവർക്കൊക്കെ സ്വാഗതം.സർവേകൾക്കും പാരിസ്ഥിക സാമൂഹിക പഠനങ്ങൾക്കും ശേഷം ഈ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി ലഭിക്കുമെങ്കിൽ കെ റെയിലും വരട്ടെ. അങ്ങനെ വന്നാൽ ഹേ കേ കവികളും തീരദേശ ഹൈ സ്പീഡ് ബോട്ട് വന്നിട്ട് തിരുവനന്തപരുത്ത് പോകാൻ കാത്തിരിക്കുന്ന മാഷമ്മാരുമൊക്കെ അതിൽ ചാടിക്കേറുന്നത് നമുക്ക് കാണാൻ പറ്റും.
ബഷീർ വള്ളിക്കുന്ന്