ഇ-കോമേഴ്സ് വെബ്സൈറ്റിന്റെ പേരിൽ സമ്മാന തട്ടിപ്പ്. തൃശ്ശൂർ സ്വദേശിക്ക് നഷ്ടമായത് 30 ലക്ഷം രൂപപ്രമുഖ ഓൺലൈൻ ടെലിഷോപ്പിങ്ങ് കമ്പനി നാപ്റ്റോളിന്റെ പേരിൽ ബമ്പർ സമ്മാനം ലഭിച്ചുവെന്ന് വിശ്വസിപ്പിച്ച് തൃശ്ശൂർ സ്വദേശിയിൽ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്തു.തട്ടിപ്പിനിരയായ സംഭവം ഇങ്ങനെ:ഓൺലൈൻ ഇ-കോമേഴ്സ് ടെലിഷോപ്പിങ്ങ് വെബ്സൈറ്റ് ആയ നാപ്ടോളിൽ നിന്നും സാധനങ്ങൾ വാങ്ങിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയതായി ഉപഭോക്താവിന്റെ വീട്ടിലേക്ക് തപാൽ മുഖാന്തിരം കത്ത് ലഭിക്കും. കത്ത് തുറന്നുനോക്കിയാൽ അതിൽ നിങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്ന വിവരങ്ങൾ ഉണ്ടാകും. കൂടാതെ, ഒരു സ്ക്രാച്ച് & വിൻ കാർഡുമുണ്ടാകും.
സ്ക്രാച്ച് & വിൻ കാർഡ് ഉരച്ചു നോക്കി, അതിൽ സമ്മാനം ലഭിക്കുകയാണെങ്കിൽ അതിൽ കൊടുത്തിരിക്കുന്ന വാട്സ് ആപ്പ് നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുന്നതിന് നിർദ്ദേശിച്ചിട്ടുണ്ടാകും.സ്ക്രാച്ച് & വിൻ കാർഡ് ഉരച്ചുനോക്കിയപ്പോൾ നിങ്ങൾക്ക് ബമ്പർ സമ്മാനമായ ആഢംബര കാർ ലഭിച്ചിട്ടുള്ളതായി കാണുന്നു.സമ്മാനം ലഭിച്ച സന്തോഷം കൊണ്ട് നിങ്ങൾ അതിൽ കൊടുത്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുന്നു.മിസ്ഡ് കോൾ ചെയ്യുന്നതോടെ, നിങ്ങളുടെ വാട്സ്ആപ്പിലേക്ക് സമ്മാനം ലഭിച്ച കാറിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയിക്കുന്നു. അതോടെ സന്തോഷം ഇരട്ടിക്കുന്നു.തുടർന്ന്, നിങ്ങളുടെ ഫോട്ടോ, നിങ്ങളുടെ പേരിൽ കാർ രജിസ്ട്രേഷൻ ചെയ്യുന്നതിനുവേണ്ടി ആധാർ കാർഡ് പകർപ്പ്, പാൻകാർഡ് പകർപ്പ് എന്നിവ ആവശ്യപ്പെടുന്നു.നിങ്ങൾക്ക് വിശ്വാസം ജനിക്കുന്നതോടെ ഇതെല്ലാം നിങ്ങൾ നൽകുന്നു.സമ്മാനപദ്ധതിയുടെ അറിയിപ്പുകളുമായി ഇടക്കിടെ നിങ്ങളെ ഫോണിൽ വിളിച്ച് വിശ്വാസ്യത ഉറപ്പുവരുത്തുന്നു.ഒരാഴ്ചക്കകം, സമ്മാനാർഹമായ കാർ ഏറ്റുവാങ്ങുന്നതിനുള്ള അറിയിപ്പ് നിങ്ങൾക്ക് തപാലിൽ ലഭിക്കും. അതോടെ നിങ്ങൾ അവരുടെ കെണിയിൽ പൂർണമായും വീണിരിക്കും.
ഇനിയാണ് അവരുടെ പണി തുടങ്ങുന്നത്.വാഹനം ലഭിക്കാനുള്ള ടാക്സ് സംബന്ധിച്ച തടസ്സങ്ങൾ അവർ നിങ്ങളെ ബോധ്യപെടുത്തും. അതിനാൽ വാഹനത്തിനു പകരം പണം കൈപ്പറ്റിയാൽ നന്നായിരിക്കും എന്ന് നിങ്ങളെ പ്രേരിപ്പിക്കും.മുപ്പതു ലക്ഷം വിലയുള്ള കാറിന്റെ നികുതിയിനത്തിൽ നാലോ അഞ്ചോ ലക്ഷം രൂപ ആവശ്യപ്പെടും. വലിയ തുക സമ്മാനം ലഭിക്കാനുള്ളതുകൊണ്ട് നിങ്ങൾ അത് അവർ നൽകിയ ബാങ്ക് എക്കൌണ്ടിലേക്ക് അയച്ചു കൊടുക്കും.ഇതിനിടയിൽ നിങ്ങൾക്ക് നറുക്കെടുപ്പിൽ മറ്റൊരു അറുപതുലക്ഷം രൂപ കൂടി സ്പെഷൽ പ്രൈസ് ലഭിച്ചിരിക്കുന്നു എന്ന അറിയിപ്പ് ലഭിക്കും. കൂടെ റിസർവ്വ് ബാങ്കിന്റെ പേരിൽ ഒരു കത്തും, സമ്മാനാർഹമായ തുകയെഴുതിയ ചെക്കും നിങ്ങൾക്ക് വാട്സാപ്പിൽ അയച്ചുതരും.
സമ്മാന ഇനത്തിൽ ഒരു കോടിയിൽപരം രൂപ ലഭിക്കാനുള്ളതായി നിങ്ങളെ ബോധ്യപ്പെടുത്തും. നടപടിക്രമങ്ങൾക്കും ടാക്സ് ഇനത്തിലുമായി വീണ്ടും പത്തു ലക്ഷം രൂപ കൂടി ആവശ്യപ്പെടും. നിങ്ങൾ നാലഞ്ചു ലക്ഷം രൂപ അവർക്ക് ഇതിനോടകം കൊടുത്തിട്ടുള്ളതിനാലും, വലിയ തുക സമ്മാനമായി നിങ്ങൾക്ക് ലഭിക്കാനുള്ളതിനാലും അവർ പറഞ്ഞ പത്തു ലക്ഷം രൂപ വീടിന്റെ ആധാരം പണയം വെച്ചോ, ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയം വെച്ചോ നിങ്ങൾ നൽകും. അങ്ങിനെ, നിരന്തരമുള്ള പ്രലോഭനങ്ങളിലൂടെ അവർ നിങ്ങളിൽ നിന്നും വലിയൊരു തുക തട്ടിയെടുക്കും.സമ്മാനം ലഭിക്കാൻ വൈകുമ്പോൾ നിങ്ങൾ വീണ്ടും വീണ്ടും അവരെ വിളിച്ചുകൊണ്ടിരിക്കും. അപ്പോഴൊക്കെ, അവർ റിസർബാങ്കിലെ നൂലാമാലകൾ മൂലമാണ് പണം നൽകാൻ സാധിക്കാത്തതെന്നും പറഞ്ഞ് നിങ്ങളെ പറ്റിച്ചുകൊണ്ടേയിരിക്കും.
നിങ്ങളുടെ പണം അവരിൽ പെട്ടുപോയിട്ടുള്ളതിനാൽ അവർക്കെതിരെ ശബ്ദിക്കാൻ പോലും കഴിയാത്ത വിധത്തിൽ അവർ നിങ്ങളെ മാനസികമായി കീഴ്പ്പെടുത്തിയിരിക്കും. മാത്രവുമല്ല, വലിയൊരു തുക സമ്മാനമായി ലഭിക്കാനുണ്ടെന്നു കരുതി നിങ്ങൾ എവിടെയെങ്കിലും പരാതിപറയുവാൻ പോലും ധൈര്യപ്പെടുകയില്ല.ഇത്തരത്തിൽ നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും പലരും സമ്മാനം വരുമെന്നു കരുതിയോ അല്ലെങ്കിൽ നാണക്കേട് ഭയന്നോ സംഭവം പുറത്തുപറയാതിരിക്കുകയാണ് ചെയ്യുന്നത് സൂക്ഷിക്കുക.ലോട്ടറി, സമ്മാനങ്ങൾ, നറുക്കെടുപ്പ് തുടങ്ങിയ പ്രലോഭനങ്ങളിൽ വഴങ്ങി നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെടുത്തരുത്.തട്ടിപ്പുകാർ പല രീതിയിൽ നിങ്ങളെ സമീപിക്കും. നിങ്ങളെ പ്രലോഭിപ്പിക്കുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പു പദ്ധതികൾ ശ്രദ്ധയിൽ പെട്ടാൽ അത് കണ്ണടച്ച് വിശ്വസിക്കരുത്. അത് നിങ്ങളുടെ കൂട്ടുകാരുമായോ അല്ലെങ്കിൽ പോലീസുമായോ പങ്കിടുക.
നിങ്ങളുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ സോഷ്യൽ എഞ്ചിനീയറിങ്ങ് വഴി തട്ടിപ്പുകാരുടെ കൈകളിലെത്താൻ സാധ്യതയുണ്ട്. നിങ്ങളെതേടിയെത്തുന്ന കത്തിടപാടുകൾ, ഇ-മെയിൽ, വാട്സ്ആപ്പ്, എസ്.എം.എസ്, ഫോൺ വിളികൾ എന്നിവയോട് ശ്രദ്ധാപൂർവ്വം പ്രതികരിക്കുക.ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായാൽ 24 മണിക്കൂറും ബന്ധപ്പെടാവുന്ന ഫോൺ നമ്പർ: 1930 കൂടാതെ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ്ങ് പോർട്ടൽ സന്ദർശിക്കുക.
https://cybercrime.gov.in/