സോഡ കുപ്പി വെച്ച് അദ്ധ്യാപകനെ തല്ലി എന്ന് പറയുന്ന പയ്യന്റെ കൈ പിടിച്ചു വെൽ ടൺ പറയണം എന്നെനിക്ക് ആഗ്രഹമുണ്ട് കാരണം

EDITOR

മിഥുൻ മുരളീധരൻ എഴുതുന്നു ഈ പയ്യനെ ഒരിക്കൽ എങ്കിലും നേരിൽ കാണുകയാണ് എങ്കിൽ അവന്റെ കൈകൾ പിടിച്ചൊരു Well Done പറയണം എന്നെനിക്ക് ആഗ്രഹമുണ്ട്. വെറുതെ കുറെ പൊ.ക കൾ പറഞ്ഞുവെക്കുന്നതിനപ്പുറം എനിക്ക് അയാൾ ഒരു മിടുക്കൻ ആണ്. വർഷങ്ങൾക്ക് ശേഷം ആ അധ്യാപകനെ അയാൾ തിരിച്ചു തല്ലി എങ്കിൽ പണ്ടെങ്ങോ ആ അധ്യാപകൻ അവന് നൽകിയ, ഇത്രയും കാലം അയാൾ അനുഭവിച്ചു വന്ന ഭീകരമായ ട്രോമ ഊഹിക്കാൻ എനിക്ക് നിസ്സാരമായി സാധിക്കും. കാരണം ഞാനും ആ പയ്യനെപ്പോലെ പലപ്രാവശ്യം അനുഭവിച്ച ഒരാൾ ആണ്.ഒരു അധ്യാപികയുടെ ക്രൂരമായ ശിക്ഷാ പ്രതികാര നടപടികൾ മൂലം ഒരു 12ആം ക്ലാസ് വിദ്യാർഥി സ്വന്തം ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചതിന്റെ തൊട്ടടുത്ത വർഷമാണ് ഞാൻ പത്തനംതിട്ട നവോദയയിലേക്ക് എത്തിപെടുന്നത്. പഠനം, ഭാഷകൾ, കായികം, വായനാശീലം, മതമോ ജാതിയോ നോക്കാതെ ജീവിക്കാനുള്ള പ്രചോദനം ഉൾപ്പെടെ ഒരുപാട് നല്ല ഗുണങ്ങൾ ജീവിതത്തിൽ മുന്നോട്ട് നൽകിയ ഒരു അനുഭവമായിരുന്നു.

7 വർഷത്തെ ആ ജീവിതം. അതോടൊപ്പം ഒരുപാട് കൈപ്പേറിയ അനുഭവങ്ങളും. നാട്ടിൽ, SSLC യ്ക്ക് “2nd ക്ലാസ്സുണ്ട്” എന്നത് വലിയ വിജയമായി കണക്കുകൂട്ടിയിരുന്ന സമയത്തു CBSEയിൽ First Class നേടിയാൽ പോലും പഠനത്തിൽ വീക്ക് ആയി പരിഗണിച്ചു രണ്ടാം തരക്കാരായി മുദ്രകുത്തപ്പെടുന്ന അവസ്ഥകൾ ഉണ്ടായിരുന്നു. പഠനത്തിലെ കഴിവ് മാത്രമാകും പലപ്പോഴും ഒരു കുട്ടിയുടെ അളവുകോൽ.മാസത്തിലോരിക്കൽ ഒരു ഞായർ, ഇഷ്ടപ്പെട്ട കറികൾ ഒക്കെ ഒരു ചോറ്പൊതിയും കെട്ടി, കുറച്ചു ബേക്കറി Eatablesമായി വന്നിരുന്ന ഞങ്ങളിൽ ഒരുപാട് പേരുടെ അമ്മമാർ സ്റ്റാഫ് റൂമിലെ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ “ലോകത്തിലെ ഏറ്റവും മോശം വ്യക്തികളുടെ” മാതാപിതാക്കൾ ആയതിൽ രോഷം കൊണ്ടോ കരഞ്ഞോ പോകേണ്ടി വന്നിട്ടുണ്ട്. “പഠനം” എന്ന ഒരൊറ്റ മാനദണ്ഡങ്ങൾ കൊണ്ടുതന്നെ വാ മുട്ടുന്ന ഞങ്ങളൊക്കെ മറ്റു പലരീതിയിൽ അധ്യാപകരിൽ നിന്നും അനുഭവിക്കേണ്ടി വന്നിട്ടുള്ള മാനസിക ശാരീരിക പീഡനങ്ങൾ തുറന്നുപറയാൻ സാധിക്കാതെ പോയിട്ടുണ്ട്. അതിനിടയിൽ വഷളന്മാരായ ചിലർ നമ്മുടെ അമ്മമാരോട് സംസാരിക്കുകയാണോ flirt ചെയ്യാൻ ശ്രമിക്കുകയാണോ എന്നുപോലും തോന്നുന്ന രീതികൾ.

അതിൽ പലതിലും ഞാനൊക്കെ “തെറ്റ്” ചെയ്തതുകൊണ്ടാണല്ലോ ഇങ്ങനെയൊക്കെ ശിക്ഷിക്കപ്പെടുന്നത് എന്ന ചിന്ത രൂപപ്പെടും.പക്ഷെ നമ്മൾ തെറ്റുചെയ്യാതെ മൃഗീയമായി അനുഭവിക്കേണ്ടി വരുന്നവയോ?7 വർഷത്തെ എന്റെ നവോദയ ജീവിതത്തിലെ അവസാന ദിവസം 2004 മാർച്ച് 29 ആണ്. ഒരുപാട് സന്തോഷങ്ങളുമായി വലിയ ബാഗുകൾ ഒക്കെ പായ്ക് ചെയ്തു വേറെ 2 3 പേർക്കൊപ്പം മുൻകൂർ വണ്ടിയോക്കെ ബുക്ക് ചെയ്തു പോകാൻ ഉച്ചയ്ക്ക് 1 മണിയോടെ തയ്യാറെടുക്കുമ്പോൾ അന്ന് പ്രിൻസിപ്പൽ ആയിരുന്ന കെ. വാസുദേവൻ അയാളുടെ കോട്ടേഴ്‌സിലേക്ക് എന്നെ വിളിപ്പിക്കുന്നു. ഞാൻ ചെയ്തിട്ടില്ലാത്ത, തെറ്റിദ്ധരിപ്പിക്കപ്പെട്ട (ചെയ്ത തെറ്റുകൾക്ക് ഉള്ള ശിക്ഷകൾ ഞാൻ ഒരിക്കലും ഓർത്തു വെക്കാറില്ല) ഒരു കാര്യത്തിനാണ് എന്നെ വിളിക്കുന്നത് എന്നും തെളിവുകൾ സഹിതം പറഞ്ഞിട്ടും അയാൾ എന്നെ ഒരു മുൻ വൈര്യഗ്യം പോലെ എന്നെ ചോദ്യം ചെയ്യാനും അവഹേളിക്കാനും ആരംഭിച്ചു. അയാൾ ക്കൊപ്പം സോഷ്യൽ സ്റ്റഡീസ് അധ്യാപകൻ ആയിരുന്ന ജോസഫും.

അവഹേളനങ്ങളുടെ രീതികൾ മാറിയപ്പോൾ ഒപ്പം ഉണ്ടായിരുന്ന അമ്മ ഒരുപാട് കരയാൻ തുടങ്ങി. അവർക്ക് അതേ സാധിക്കുമായിരുന്നുള്ളൂ. ഒരു ഘട്ടത്തിൽ അത് കണ്ടു സഹിക്കാൻ വയ്യാതെ ഇറങ്ങിപോരാൻ തീരുമാനിച്ച എനിക്ക് മുന്നിലേക്ക് “Conduct Certificate ലെ Bad remarks എന്ന വജ്രായുധം എടുത്തു വെച്ചു. ഒടുവിൽ അപ്പോളജി ലെറ്റർ എന്നൊരു ഓപ്‌ഷൻ എന്നുകൂടി അവർ എനിക്ക് മുന്നിൽ വെച്ചു.പുറത്തു നല്ല മഴ തുടങ്ങി അപ്പോഴേക്കും. പോകാൻ ഉള്ള ധൃതിയിൽ, അടുത്തുള്ള കടയിൽ പോയി ഒരു പേപ്പർ വാങ്ങി, എന്ത് തെറ്റാണ് ചെയ്തത് എന്താണ് എഴുതിയത് എന്നുപോലും അറിയാതെ, കൊടുത്ത പേപ്പറിൽ അടുത്ത ആവശ്യം വൈസ് പ്രിൻസിപ്പലിന്റെ ഒപ്പ് ആയിരുന്നു. അര കിലോമീറ്റർ ദൂരെയുള്ള പുള്ളിയുടെ വീട്ടിലേക്ക് ഞാൻ മഴയത്ത് ഓടി, അവിടെ ചെന്നത് വാങ്ങി, തിരിച്ചെത്തുമ്പോൾ അതിൽ മഴ വെള്ളം വീണു എന്ന ഒരേ ഒരു കാരണം കൊണ്ടായാൾ കീറി കളഞ്ഞു. വീണ്ടും എഴുതി, അടുത്ത തവണ അയാൾക്ക് അത് വീണ്ടും കീറി കളയാൻ മറ്റൊരു റീസൻ ഉണ്ടായിരുന്നു. 3ആം തവണയും ഒപ്പ് വാങ്ങാൻ ചെന്ന എന്നോട് ഇതെന്ത് തെമ്മാടിത്തരം ആണ് ഇവർ കാണിക്കുന്നത്, നീ പൊയ്ക്കോളൂ, നിനക്ക് വേണ്ടി ഞാൻ സംസാരിച്ചോളാം ആരും ഒന്നും ചെയ്യില്ല ഭാവിയിൽ എന്ന് വൈസ് പ്രിൻസിപ്പൽ പറയുമ്പോഴും, മാനസികമായി തകർന്ന, ഒരു വാശി അത് എത്ര തുടരുന്നുവോ അത്രത്തോളം കൊണ്ടെത്തിക്കാൻ എന്നെ സ്വയം പ്രാപ്തിനാക്കി.

ഇത്രയും നേരം അവരുടെ കോർടേഴ്‌സിന് മുന്നിൽ ഒറ്റയ്ക്ക് ഇരുന്നു കരയുന്ന, അമ്മയോട്, മദ്യപിച്ചിട്ടുണ്ട് എന്ന് എനിക്ക് എപ്പോഴോ തോന്നിയ അവർ 2 പേരും എന്തെങ്കിലും അനാവശ്യം പറയുമോ എന്നുള്ള തോന്നൽ കൂടുതൽ വേഗത്തിൽ ഓടി എത്താൻ പ്രേരിപ്പിച്ചു.ഒടുവിൽ ബാഗുമെടുത്തു അവിടെ നിന്നും ഇറങ്ങുമ്പോൾ സമയം 6 മണി, അവശേഷിച്ചത് അടുത്ത ദിവസം പോകാനുള്ള രഞ്ജിത്തും അടുത്തു തന്നെ വീടുള്ള സുബിനും. കഴിഞ്ഞ 5 മണിക്കൂറിൽ ഒരു കാരണവുമില്ലാതെ ഞാൻ അനുഭവിച്ച അവസ്ഥകളിൽ, ഞാൻ അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ഓടുന്നത് കണ്ടു, കാര്യം അറിയാതെ നോക്കി നിന്ന ഒരുപാട് പേരെ ഒന്നും നേരെ നോക്കാനുള്ള മാനസിക അവസ്ഥ പോലും, അവരോടൊക്കെ യാത്ര പറയാൻ പോലും എനിക്ക് കഴിവില്ലായിരുന്നു.തിരിച്ചു വീട്ടിലേക്കുള്ള, യാത്രയിൽ എനിക്കൊപ്പം ചേർന്നിരുന്നു, എന്നെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ ഓരോന്ന് പറഞ്ഞു തന്നെ അമ്മയേയും മറക്കാൻ പറ്റില്ല. ടിവിയിൽ ഇപ്പോൾ കടമറ്റത്ത് കത്തനാർ ഒക്കെ ഉണ്ടല്ലോ, നാളെ മുതൽ നിനക്ക് അതൊക്കെ കാണാമല്ലോ എന്നൊക്കെ വെറുതെയെങ്കിലും എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞു കൊണ്ടിരുന്ന അമ്മയുടെ ഓരോ വാക്കും ഇപ്പോഴും ഓർമ്മ ഉണ്ട്.

ജോസഫിനും വാസുദേവനും എന്നെ കുറ്റപ്പെടുത്താനും ദ്രോഹിക്കാനും ഉണ്ടായിരുന്ന കാരണങ്ങൾ മുൻവിധികൾ ആയിരുന്നു. മൃഗീയമായി ശാരീരിക ഉപദ്രവങ്ങൾ പലരോടും ചെയ്ത ഒരാൾ ആയിരുന്നു ജോസെഫ്. ഞങ്ങളോ ഞങ്ങളുടെ വീട്ടുകാരോ പ്രതികരിക്കില്ല എന്നത് അവരുടെ ധൈര്യം ആയിരുന്നു. ഞാൻ അയാൾക്ക് വെറുമൊരു Average ആയിരുന്നു. 10 വരെയാണ് അയാൾ എന്നെ പഠിപ്പിച്ചത്. അക്കാലമത്രയും അയാൾ അങ്ങനെയാണ് എന്നെ കണ്ടിട്ടുള്ളതും. 11ൽ നവോദയയിലെ ആദ്യത്തെ കോമേഴ്‌സ് ബാച് അംഗം ആയി ഞാൻ. പുതിയ അധ്യാപകർ വന്നു. അവർക്ക് എന്നെപ്പറ്റിയോ ക്ലാസിലെ കൂടെയുള്ളവരെപറ്റിയോ മുൻവിധികൾ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ 2003ലെ CBSE Exhibition നു അവർ പ്രോജക്ട് എനിക്ക് തന്നു. എന്റെ സുഹൃത്ത് ശ്രീജിൻ കെ. എസ് ഉണ്ടാക്കി, ഞാൻ അവതരിപ്പിച്ച പ്രോജക്ട് കേരളത്തിൽ 2ആം സ്ഥാനം നേടി, റീജിയണൽ ലെവൽ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി അംഗീകരിക്കപ്പെട്ട ആവേശത്തോടെ സ്കൂൾ എത്തിയപ്പോൾ പോലും ” അവനോ, അവൻ ഒക്കെ എങ്ങനെയാണ് ഇത് കിട്ടുക” എന്നൊരു ക്ലാസിൽ അയാൾ പരസ്യമായി ജൂനിയർ വിദ്യാർത്ഥികളോട് പറഞ്ഞു.ഇതിന്റെയൊക്കെ ബാക്കിയായിരുന്നു പിന്നീട് വന്ന എന്റെ അവസാനദിവസം.

അതെനിക്ക് തന്ന ട്രോമ കാലങ്ങളോളം, ഇപ്പോഴും, ഇതെഴുമ്പോഴും എന്നെ വിട്ടുപോകുന്നില്ല. ഓരോ സംഭവവും കണ്ണിൽ ഒരു സിനിമ പോലെ ഉണ്ട്. ഞാൻ Engineering ചെയ്യുന്ന കാലത്ത് വാസുദേവൻ ചത്തുപോയി എന്നറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത നിരാശ തോന്നി. എന്നെങ്കിലും ഒരിക്കൽ അയാളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ” നിനക്ക് എന്നെയും ആ ദിവസവും ഓർമ്മയുണ്ടോടാ നായി..ന്റെ മോ. ..നെ എന്നെനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. ജോസെഫ് ബാക്കിയാണ് എനിക്കത് ചോദിക്കണം.2017ൽ ഞങ്ങളുടെ ഒരു വലിയ മീറ്റ് നവോദയയിൽ നടന്നു. ഞാൻ മീറ്റുകൾക്ക് പോകുന്നത് അധ്യാപകരേ കാണാൻ അല്ല. അതിലും സന്തോഷമുള്ള ഒരുപാട് കാര്യങ്ങൾ അവിടെയുണ്ട്. ഇടയ്ക്ക് പണ്ട് മാത്‌സ് പഠിപ്പിച്ചിരുന്ന ഒരു അധ്യാപകൻ ” പണ്ട് നിങ്ങളെ ഒക്കെ തല്ലുന്ന പോലെ അല്ലടാ, ഇപ്പൊ പിള്ളേരേ തല്ലിയാൽ കേസ് ആകും.. നിങ്ങളൊക്കെ അക്കാര്യത്തിൽ ഭയങ്കര ധൈര്യം ആയിരുന്നു” എന്നു പറഞ്ഞു. ഞാനൊക്കെ അടി വാങ്ങി കൂട്ടിയത് ധൈര്യം കൊണ്ടല്ല, മറിച്ചു പ്രതികരിക്കാൻ ശേഷി ഇല്ലാതെ പോയതുകൊണ്ടാണ് എന്നു പറയാൻ പെട്ടന്ന് സാധിച്ചില്ല. ഇപ്പോഴത്തെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അതുണ്ടാകുന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്.
അധ്യാപകർ ഒരു പ്രിവിലേജും ഇല്ലാത്ത, ശമ്പളത്തിന് വേണ്ടി ജോലി ചെയുന്നവർ എന്നൊരു ബോധം സമൂഹത്തിന് വേണം. വിദ്യ പറഞ്ഞു കൊടുക്കുന്നതല്ല, അത് ലഭിക്കുന്ന കുട്ടികളുടെ അവകാശമാണ് പ്രധാനം.

കുട്ടികളോട് പറയാൻ ഉള്ളത് ഇതാണ്,അധ്യാപകരിൽ നിന്നും നിങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിങ്ങളുടെ രക്ഷിതാക്കലോടോ, അവർ ശ്രദ്ധിക്കുന്നില്ല എങ്കിൽ നിയമത്തോടൊ സമൂഹത്തോടൊ പറയുക.രക്ഷിതാക്കളോട് കുട്ടികളുടെ ഏറ്റവും വലിയ ബലം നിങ്ങളാണ്. അവരെ കേൾക്കുക. അവരുടെ പ്രശ്നങ്ങളെ മനസിലാക്കുക. അവർക്ക് വേണ്ടി പ്രതികരിക്കിക. നിങ്ങൾ സുരക്ഷിതമായ ഭാവിക്ക് വേണ്ടിയാണ് മറ്റൊരാളെ അവരെ ഏൽപ്പിക്കുന്നത് എന്നോർമ്മ വരിക. പ്രധാനമായും, നിങ്ങളുടെ മക്കളെ ദയവായി ഇടയ്ക്കെങ്കിലും ഒന്ന് വിശ്വസിക്കുക.അധ്യാപകരോട് :ഒന്നുകിൽ നിങ്ങൾ ചെയ്യുന്നത് ഒരു ശമ്പളം വാങ്ങിയുള്ള ജോലിയായി കരുതുക, അല്ലെങ്കിൽ മഹത്തായ ഒരു സേവനമായി കരുതുക. രണ്ടുംകൂടി ചേർത്തുവെച്ചു വിദ്യാർത്ഥികളുടെ തന്ത കളിക്കാതെ ഇരിക്കുക. നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകുന്ന പേഴ്സണൽ പ്രശ്നങ്ങൾക്ക് വരെ ചെന്ന് കുതിര കയറാവുന്ന തിരിച്ചു പ്രതികരിക്കില്ല എന്നു നിങ്ങൾ ഉറപ്പിക്കുന്ന പാവകൾ അല്ല നിങ്ങളുടെ വിദ്യാർത്ഥികൾ. ചെറുപ്പത്തിൽ ഏൽക്കുന്ന മുറിവുകൾക്ക് നീളം കൂടും എന്നോർക്കുക. അവരുടെ ജീവിതം തകർക്കതെ നോക്കുക. നന്നാവുന്നില്ല എങ്കിൽ സോഡാക്കുപ്പിയല്ല, ഒരു വാൾ തന്നെ തലയ്ക്ക് മുകളിലേക്ക് വരും.മൊത്തത്തിൽ എല്ലാവരോടുമായി ഗുരുദൈവം concept ഔട്ഡാറ്റഡ് ആണ്. പ്രിവിലേജ്ഡ് ആണ്. ലോകത്തിൽ ചെയ്യുന്ന ക്രൂരതയ്ക്ക് ഏറ്റവും കുറവുശിക്ഷ വാങ്ങുന്ന, ഏറ്റവും നിസ്സാരമായി ന്യായീകരിക്കപ്പെടുന്ന, അധ്യാപകർ എന്ന വിഭാഗത്തെ അവരുടെ തൊഴിൽ അനുസരിച്ചു മാത്രം പരിഗണിക്കുക.