മാസങ്ങൾ മുൻപ് വിമാന യാത്രക്കിടെ ഉക്രയിൻ പഠിക്കുന്ന കുറച്ചു കുട്ടികളെ പരിചയപ്പെട്ടു അതിൽ ഒരു പെൺകുട്ടി പറഞ്ഞത് എന്നെ വല്ലാതെ വേദനിപ്പിച്ചു കാരണം

EDITOR

Narendra Raghunath എഴുതുന്നു: ഉക്രൈനിൽ കുടുങ്ങിപ്പോയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ ദയനീയത കണ്ടപ്പോൾ ഓർമ്മ വന്നത് കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു ആർട് ഫെസ്റ്റിവലിന് പോയി തിരിച്ചു വരുന്പോൾ ഷാർജയിൽ നിന്നും വീമാനത്തിൽ കയറിയ ഒരു കൂട്ടം മലയാളി കുട്ടികളെയാണ്. യാത്രാമദ്ധ്യേ ഷാർജയിൽ നിർത്തിയ വിമാനത്തിൽ ടേക്ക് ഓഫിന്റെ അനൗൺസ്‌മെന്റ് വന്നതിനു ശേഷമാണ് ഒരാറു കുട്ടികൾ എനിക്കരികിലും മുന്നിലുമായുള്ള സീറ്റിൽ ഓടിക്കിതച്ചെത്തിയിരുന്നത്. നാല് ആൺകുട്ടികളും രണ്ടു പെൺക്കുട്ടികളുമായിരുന്നു ആ കുട്ടത്തിൽ ഉണ്ടായിരുന്നത്. ആകെ ഒരലങ്കോലപ്പെട്ട വേഷ വിധാനങ്ങളായിരുന്നു എല്ലാവരുടെയും. ഉറക്കമൊഴിഞ്ഞതിന്റെയും തണുപ്പിൽ നിന്നും വരുന്നതിനാലായിരിക്കണം അട്ടിയിട്ട കുപ്പായങ്ങളും എല്ലാം കൂടി ആകെ ഒരലങ്കോലം എന്നെ പറയാനാകു. കയറിയത് മുതൽ അവരെല്ലാം നിർത്താതെ സംസാരമായിരുന്നു. വരുന്നതിനു മുൻപ് നടന്ന പാർട്ടികളുടെയും ഹാങ്ങോവറിന്റെയും കോളേജിലെ ടീച്ചർമാരെപ്പറ്റിയും എന്ന് വേണ്ട അടുത്ത അരമണിക്കൂറിനുള്ളിൽ അവരുടെ മുഴുവൻ ജീവചരിത്രവും എനിക്ക് മനസ്സിലാക്കാനായി എന്ന് പറഞ്ഞാൽ തെറ്റാവില്ല.

എല്ലാവരും കോട്ടയം എറണാകുളം തിരുവനന്തപുരം ഭാഗത്തു നിന്നുള്ള ഉക്രൈനിൽ പഠിക്കുന്ന മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളായിരുന്നു. ക്രിസ്റ്മസ്‌ അവധിക്കു നാട്ടിലേക്ക് വരുകയാണ്. ഒരരമണിക്കൂർ കഴിഞ്ഞപ്പോഴാണ് ഐർഹോസ്റെസ്സ് ഭക്ഷണവുമായി വന്നത്. ഇന്റർനാഷണൽ ഫ്ലൈറ്റ് ആണെങ്കിലും നോ ഫ്രിൽ ഫ്ലൈറ്റ് ആയതിനാൽ, ഫുഡ് ബുക്ക് ചെയ്തില്ലെങ്കിൽ അല്ലെങ്കിൽ വാങ്ങിയില്ലെങ്കിൽ ഭക്ഷണം കിട്ടുമായിരുന്നില്ല. ഫെസ്ടിവലുകാർ എനിക്ക് ആഹാരം ബുക്ക് ചെയ്തിരുന്നതിനാൽ അവരെനിക്ക് ഭക്ഷണപൊതി തന്നു. അപ്പോഴാണ് പതിനേഴുമണിക്കൂറായി അവർ ആഹാരമൊന്നും കഴിക്കാത്തതിന്റെയും, കൈലിലുള്ള കാശെല്ലാം അടിച്ചു പൊളിച്ചതിന്റെയും വിശക്കുന്നതിന്റെയും കഥയൊക്കെ മെല്ലെ പുറത്തുവന്നത്. പെട്ടെന്നെന്റെ മുന്നിൽ ഇതുപോലെയൊക്കെ ഭാവിയിൽ പെട്ടുപോകാവുന്ന എന്റെ മകളുടെ മുഖമെനിക്കോർമ്മവന്നതുകൊണ്ടു ഫെസ്റ്റിവൽകാര് തന്ന കാശ് കുറച്ചു പോക്കറ്റിൽ ഉണ്ടായിരുന്നതെടുത്തു ഐർഹോസ്റ്റസിനോട് അവർക്കാറുപേർക്കും കൂടി ഞാൻ ഭക്ഷണം ഓർഡർ ചെയ്തു. പെട്ടന്നവരെല്ലാവരും ഒന്ന് ഞെട്ടിപ്പോയി.

തണുപ്പായതിനാൽ ജാക്കറ്റും തൊപ്പിയും താടിയുമൊക്കെ വച്ച് പുസ്തകം വായിച്ചിരുന്ന എന്നെ അതുവരെ അവർ ശ്രദ്ധിച്ചിരുന്നില്ല. ആദ്യം വേണ്ടെന്നു പറഞ്ഞെങ്കിലും, എന്റെ തൊട്ടടുത്തിരുന്ന പയ്യൻ ” അങ്കിളേ , അഭിമാനം വിചാരിച്ചിരിക്കണമെന്നുണ്ട് . പക്ഷെ വിശന്നിട്ടു നിവൃത്തിയില്ല. താങ്ക് യു . അങ്കിള് മലയാളിയാണെന്ന് കരുതിയില്ല” എന്നും പറഞ്ഞു സന്തോഷത്തോടെ ഭക്ഷണം വാങ്ങി. ചമ്മലോടെയാണെങ്കിലും ബാക്കിയുള്ളവരും അവസാനം ഭക്ഷണം വാങ്ങി കഴിക്കാൻ തുടങ്ങി. പിന്നീടായിരുന്നു താമശ മുഴുവൻ.അപ്പൊ അങ്കിളിത്രയും നേരം ഞങ്ങളുടെ കഥയൊക്കെ കേട്ടാസ്വദിക്കയായിരുന്നു അല്ലെ ?” എന്നും ചോദിച്ചു ഞങ്ങളുടെ സംഭാഷണം ആരംഭിച്ചു.അങ്കിള് തിരുവനന്തപുരം, കോട്ടയം എറണാകുളം ഭാഗത്തെങ്ങാനുമാണോ ?” എന്നായി അടുത്ത ചോദ്യം. ചോദിച്ചത് മുന്നിലെ സീറ്റിലിരുന്ന പെൺകുട്ടിയായിരുന്നു എനിക്ക് ചിരിയൊതുക്കാനാകാതെ “എന്ത് പറ്റി” എന്ന് ചോദിച്ചപ്പോൾ “ഓ! കർത്താവേ .അങ്കിള് കണ്ണൂര് കാരനാ ഭാഗ്യം. അപ്പൊ നമ്മുടെ അപ്പനമ്മമാരുടെ കുട്ടുകാരനാവാനുള്ള ചാൻസ് കുറവാ. ഇത്രയും നേരം ഞങ്ങളുടെ തെമ്മാടിത്തമൊക്കെ കേട്ടാസ്വദിക്കയായിരുന്നില്ലേ” എന്നും പറഞ്ഞാ കുട്ടി കുരിശൂ വരച്ചു. എനിക്ക് ചിരിയൊതുക്കാനായില്ല എന്നതായിരുന്നു സത്യം.

പിന്നീടവർ പറഞ്ഞ കാര്യങ്ങൾ ഇത്തരം ചെറിയ രാജ്യങ്ങളിലേക്കൊക്കെ മെഡിസിൻ പഠിക്കാനെന്നും മറ്റും പറഞ്ഞു ഏജന്റിനെയും മറ്റും വിശ്വസിച്ചു പറഞ്ഞയക്കുന്ന മാതാപിതാക്കൾക്കുള്ള നേർക്കാഴ്ചയായിരുന്നു. അതിലെ ചില പ്രധാന സംഭാഷണശലകങ്ങൾ ഇവിടെ ചേർക്കുന്നു എന്റെ അങ്കിളേ, മൂന്ന് കൊല്ലമായി ഞങ്ങള് മെഡിസിനെന്നും പറഞ്ഞു പഠിക്കുന്നു. ഇന്നേ വരെ ഒരു പേഷ്യന്റിനെ നാലയലത്തു പോലും കണ്ടിട്ടില്ല”എന്തോന്ന് കോളേജങ്കിളെ! നാലു നില കെട്ടിടത്തിൽ പത്തു നാൽപ്പതു രോഗികളില്ലാത്ത ബെഡ്ഡും തട്ടിക്കൂട്ടി അഞ്ചു ടീച്ചർമാരും ആകെ ഒരു തട്ടിപ്പാ”എന്റെ അങ്കിളേ ഞങ്ങളെ അനാട്ടമിയും സർജറിയും പഠിപ്പിക്കുന്നത് മെഡിക്കൽ ഹിസ്റ്റോറിയനാ. മൂപ്പത്തിയാര് ജീവിതത്തിലിന്നുവരെ മനുഷ്യ ശരീരത്തിൽ കത്തിവെച്ചിട്ടുണ്ടാകില്ല. ശവങ്ങൾ മുറിക്കുന്നത് നിരോധിച്ചതുകൊണ്ടു പാവ തുറന്നു കാട്ടുന്നതാ സര്ജറി ക്ലാസ്‌ ഞാനൊക്കെ വല്ലപ്പോഴുമൊക്കെയേ ക്ലാസ്സിൽ പോകു. പോകാതിരുന്നാൽ ടീച്ചേഴ്സിന് സന്തോഷാ. അവർക്കറിയാത്ത് നമ്മളെ പഠിപ്പിക്കണ്ടല്ലോ. കൊറച്ചു കാശ് കൊടുത്താൽ അങ്ങ് പാസ്സാക്കി വിടും കൊറേ മലയാളി കുട്ടികളുണ്ട്.

ഞങ്ങളൊക്കെ അടിച്ചു പൊളിച്ചു ജീവിക്കയാ സത്യം പറയാലോ അങ്കിളേ. ഇനി ഒരു വര്ഷം കഴിഞ്ഞാൽ ഞങ്ങൾക്ക് ഡിഗ്രി കിട്ടും. എനിക്ക് ക്രോസിൻ എങ്ങിനെ കൊടുക്കണം എന്നും കൂടി അറിയില്ല എന്റെ അങ്കിളേ അറിയാതെ പോലും ഇവിടെയോക്കെ പഠിച്ചുവരുന്നവന്റെ അടുത്തൊക്കെ അസുഖം വന്നുചെന്ന് പെടല്ലേ. ചാത്തൂന്നൊറപ്പിച്ചാൽ മതി നാട്ടിൽ അറിയുന്ന ഭാഷയിൽ പഠിപ്പിച്ചിട്ടൊന്നും തലയിൽ കേറിയിട്ടില്ല പിന്നല്ലേ ഈ അറിയാത്തഭാഷയിൽ പഠിപ്പിച്ചാൽ മനസ്സിലാക്കേണ്ടത്അ പ്പന്റെ കാശു തോലക്കുന്നതല്ലേ.ഞങ്ങളാമ്പ്പിള്ളേരു യുറോപ്പിലെവിടെക്കെങ്കിലും കോഴ്സ് കഴിയുന്പോഴേക്കും കടക്കും. പെൺപിള്ളേർക്ക്‌ ഈ ഡിഗ്രി വച്ച് നല്ല കെട്ട്യോന്മാരെ വീട്ടുകാര് തരപ്പെടുത്തും.ഞാൻ ചിരിച്ചു കൊണ്ട് ഇതൊക്കെ കേട്ടിരുന്നെങ്കിലും, ഫ്ലൈറ്റ് ഇറങ്ങാറായപ്പോൾ അവരിലൊരു പെൺകുട്ടി പറഞ്ഞതെന്നെ വല്ലാതെ വേദനിപ്പിച്ചു.വേണ്ടിയിരുന്നില്ല അങ്കിളേ. വന്നു കുടുങ്ങി. ഇല്ലാത്ത കാശൊക്കെ ഒപ്പിച്ച അപ്പനെന്നെ മെഡിസിൻ പഠിക്കാനെന്നും പറഞ്ഞിങ്ങോട്ടേക്കയച്ചത്. ഡോക്ടറുപോയിട്ടു ഒരു മെഡിക്കൽ ഷോപ്പിൽ പോയിരിക്കാനുള്ള വിവരം പോലും എനിക്കിതുവരെ കിട്ടിയിട്ടില്ല.

കോടികൾ ചിലവാക്കി, ഏജന്റുമാരെ വിശ്വസിച്ചു ഇത്തരം രാജ്യങ്ങളിലേക്ക് മക്കളെ മെഡിസിനെന്നും മറ്റും പറഞ്ഞു ഇത്തരം തട്ടിപ്പു പ്രസ്ഥാനങ്ങളിലേക്കു കയറ്റിഅയക്കുന്ന അച്ഛനമ്മമാരോട്  ദയവു ചെയ്തു വേണ്ടാത്ത പണിക്കു നിൽക്കരുത് .ഈ പോസ്റ്റിനു കിട്ടുന്ന കമെന്റുകളിൽ നിന്നും മനസ്സിലായ ഒരു കാര്യം വച്ച് പറഞ്ഞോട്ടെ, ഉക്രൈനിലെ എല്ലാ മെഡിക്കൽ കോളേജുകളും ഈ കുട്ടികൾ പറഞ്ഞ നിലവാരത്തിലുള്ളവയല്ല.ലോകോത്തര നിലവാരമുള്ള അഞ്ചുപത്തോളം മെഡിക്കൽ യൂണിവേഴ്സിറ്റികളുള്ള ഒരു സ്ഥലമാണിത്. പക്ഷെ വളരെ നിലവാരം കുറഞ്ഞ തട്ടിപ്പു പ്രസ്ഥാനങ്ങളും ഉള്ള ഒരു സ്ഥലം കൂടിയാണെന്ന് മാത്രം. അതിനാൽ തന്നെ ഉക്രൈനിൽ പഠിച്ച എല്ലാ ഡോക്ടർമാരും അത്തരം തട്ടിപ്പു പ്രസ്ഥാനങ്ങളിൽ പഠിച്ചവരാകണം എന്നില്ല.വളരെ നല്ല ഡോക്ടർമാരും അവിടെ നിന്നും വരുന്നുണ്ടെന്നു ഇവിടെ ഓര്മിപ്പിച്ചോട്ടെ