ഗുരുതര അപകടം ആരും സഹായിക്കാൻ ഇല്ലാത്ത യുവാവിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടറുമാർ ചെയ്തത് ഒടുവിൽ

EDITOR

വാഹനാപകടത്തിൽ തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റ, അജ്ഞാതനായ ഒരു ചെറുപ്പക്കാരന്റെ വേർപെട്ടുകൊണ്ടിരുന്ന പ്രാണനെ ആഴ്ചകൾ നീണ്ട കഠിനപ്രയത്നത്തിലൂടെ തിരികെ പിടിച്ച്,നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയുള്ള അയാളുടെ ബന്ധുക്കളെ തേടി കണ്ടുപിടിച്ച് ആ കൈകളിലേൽപ്പിച്ച, കേൾക്കുന്നവരിലെല്ലാം വിസ്മയവും രോമാഞ്ചവുമുണ്ടാക്കുന്ന, കേട്ടാൽ അവിശ്വസനീയം എന്നു തോന്നിയേക്കാവുന്ന ഒരു ടീം വർക്കിന്റെ കഥ അതും ഏതൊരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയിരുന്നെങ്കിലും ലക്ഷങ്ങൾ ചിലവ് വരുമായിരുന്ന ന്യൂറോ സർജറി ഉൾപ്പെടെയുള്ള ചികിത്സയും പരിചരണവും CT സ്കാനും വിവിധ രക്തപരിശോധനകളും ഉൾപ്പെടെ തികച്ചും സൗജന്യമായി നൽകിക്കൊണ്ട്.(വായിക്കുന്നവരെല്ലാം ദയവായി ഒന്ന് ഷെയർ ചെയ്യുക കൂടി വേണം. പാവപ്പെട്ടവന്റെ ആതുരാലയമായ, സാധാരണക്കാരന്റെ അത്താണിയായ നമ്മുടെ നാട്ടിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിൽ ലഭിക്കുന്ന ചികിത്സയും പരിചരണവും നാട്ടിലെ ഏതൊരു പ്രൈവറ്റ് ഹോസ്പിറ്റലിനോടും കിടപിടിക്കുന്നതാണ് എന്ന് ലോകം അറിയട്ടെ )

ഒരു ലക്ഷ്യം നേടാൻ ദൃഢനിശ്ചയത്തോടെ നിങ്ങൾ മുന്നിട്ടിറങ്ങിയാൽ ഈ ലോകം മൊത്തം അത്‌ നേടിയെടുക്കുന്നതിനായി നിങ്ങളുടെ കൂടെ നിൽക്കും എന്ന് പറയുന്നത് കേട്ടിട്ടില്ലേ??അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്.വായിച്ച് നോക്കൂ വായിച്ചിട്ട് മറക്കാതെ ഒന്ന് ഷെയർ കൂടി ചെയ്തേക്കൂ.നമ്മുടെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും മാനുഷികമുഖങ്ങൾ കൂടി പുറംലോകം അറിയട്ടെ.ഇതാ കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ കോളേജ് ആയ തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും ഏവർക്കും അനുകരണീയമായ ഒരു സൽപ്രവൃത്തിയുടെ കഥ!റോഡപകടത്തിൽ തലയ്ക്ക് അതീവഗുരുതരമായി പരിക്കേറ്റ് ആളും ഊരും പേരുമില്ലാതെ Unknown എന്ന് ബ്രാൻഡ് ചെയ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചെന്നെത്തിയ ഷറഫുദ്ധീൻ എന്ന 34കാരനായ ചെറുപ്പക്കാരന്റെ ജീവനും ജീവിതവും തിരിച്ചുപിടിച്ച കഥ!
അവിടത്തെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും നിതാന്തമായ പരിചരണവും ജാഗരൂകതയും ഒന്ന് മാത്രമാണ് മലപ്പുറം പുതുപ്പൊന്നാനി സ്വദേശിയായ ഷറഫുദ്ധീൻ എന്ന ഈ യുവാവിന്റെ തലേവര മാറ്റിയെഴുതിയത്.

2021 ഡിസംബർ 22 നാണ് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിൽ എത്തിക്കുന്നത്. റോഡപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ ഇയാളെ ആദ്യം കൊല്ലം നീണ്ടകര ഗവണ്മെന്റ് ഹോസ്പിറ്റലിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു! എന്നാൽ പരിക്ക് ഗുരുതരമായിരുന്നതിനാൽ അവിടെ നിന്ന് 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.ഒറ്റനോട്ടത്തിൽത്തന്നെ പരിക്കിന്റെ ഗൗരവം മനസ്സിലാക്കിയ ഡോക്ടർമാർ ഉടനെത്തന്നെ തലയുടെ CT സ്കാൻ എടുക്കുകയും പരിക്ക് അതീവഗുരുതരമെന്ന് മനസ്സിലാക്കി ഉടനെ ത്തന്നെ ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിപ്പിച്ച് അടിയന്തിരശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.. തുടർന്ന് സൂപ്പർസ്പെഷ്യലിറ്റി വിഭാഗത്തിലെ ട്രോമ കെയർ ICU വിൽ വെന്റിലേറ്റർ സഹായത്തോടെ അഡ്മിറ്റ്‌ ചെയ്തു.രോഗിയുടെ നില അതീവഗുരുതരമായിരുന്നു. ജീവനോടെ തിരിച്ചുകിട്ടാൻ യാതൊരു സാധ്യതയും ഇല്ല എന്ന് തന്നെ എല്ലാവരും വിലയിരുത്തി. കണ്ണിമ ഒന്ന് തെറ്റിയാൽ ആൾ പോകും എന്ന അവസ്ഥ.എന്നാൽ ആ ജീവൻ തിരിച്ചുപിടിച്ചേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തോടെ ന്യൂറോസർജറി വിഭാഗം ഡോക്ടർമാരും ട്രോമ ICU വിലെ നഴ്സുമാരും നഴ്സിംഗ് അസിസ്റ്റന്റുമാരും അറ്റൻഡർമാരും അടങ്ങുന്ന ജീവനക്കാർ വ്യക്തിപരമായ ശ്രദ്ധ നൽകി ആ രോഗിയെ പരിചരിച്ചു.

മെഡിക്കൽ കോളേജിൽ വരുന്ന അനാഥരായ രോഗികൾക്ക് നിസ്വാർത്ഥസേവനം നൽകുന്ന മൈത്രി എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകരും ICU വിൽ കിടന്ന മറ്റു രോഗികളുടെ ബന്ധുക്കളും എല്ലാ പിന്തുണയും നൽകി കൂടെ നിന്നു.മെഡിക്കൽ കോളേജിൽ ലഭ്യമല്ലാതിരുന്ന മരുന്നുകൾ മൈത്രിയുടെ പ്രവർത്തകർ എത്തിച്ചുനൽകി.അങ്ങനെ ദിവസങ്ങൾ കൊണ്ട് രോഗിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി കാണാൻ തുടങ്ങി. നില അൽപ്പം മെച്ചപ്പെട്ട് സ്വയം ശ്വസിക്കാമെന്നുള്ള നില എത്തിയപ്പോൾ വെന്റിലേറ്റർ മാറ്റി എന്നാൽ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് നേരിട്ടപ്പോൾ വീണ്ടും വെന്റിലേറ്ററിൽ ആക്കി.ICU വിൽ നിന്നും വാർഡിലേക്ക് മാറ്റേണ്ട ഘട്ടം എത്തിയിട്ടും അങ്ങനെ ചെയ്യാതെ ട്രോമ ICU വിൽത്തന്നെ രോഗിയെ കിടത്താൻ ഡോക്ടർമാർ തീരുമാനിച്ചു. വാർഡിലേക്ക് എത്തുമ്പോൾ നിലവിൽ ലഭിക്കുന്ന വ്യക്തിപരമായ ശ്രദ്ധ കുറഞ്ഞാലോ എന്ന് ഭയന്നാണ് അങ്ങനെ ചെയ്തത്.ആവശ്യമായ വസ്ത്രങ്ങൾ, കഴിക്കാനുള്ള ജ്യൂസ്‌, മിക്സിയിൽ അടിച്ച ഓട്സ് എന്നിവ മൈത്രി പ്രവർത്തകരും അവിടെ കിടക്കുന്ന മറ്റു രോഗികളുടെ ബന്ധുക്കളും എത്തിച്ചുനൽകി. ചിലപ്പോൾ ജീവനക്കാർ വീടുകളിൽ നിന്നും ആവശ്യമായ ഭക്ഷണം എത്തിച്ചു.

വലിപ്പച്ചെറുപ്പമില്ലാതെ ഓരോ ജീവനക്കാരും ഊഴമിട്ട് രോഗിയെ പരിചരിച്ചു. സ്വന്തം കുടുംബാംഗമെന്നപോലെയാണ് അവരോരോരുത്തരും അയാളെ പരിചരിച്ചത്.അവർ അയാളെ കുളിപ്പിച്ചു, പല്ല് തേപ്പിച്ചു, ഭക്ഷണം കോരി നൽകി, ശയ്യാവൃണം ഉണ്ടാവാതിരിക്കാൻ ഓരോ മൂന്ന് മണിക്കൂർ കൂടുമ്പോഴും ചരിച്ചും മറിച്ചും തിരിച്ചും കിടത്തി.ആശുപത്രിയിലെ ഫിസിയോതെറാപ്പി വിഭാഗം ദിവസവും 2 നേരം ശ്വാസകോശത്തിന്റെ പ്രവർത്തനം പൂർവ്വസ്ഥിതിയിൽ ആകാനുള്ള വിവിധതരം ഫിസിയോതെറാപ്പിയും നൽകി.അങ്ങനെ ദിവസങ്ങൾ നീണ്ട സ്നേഹമസൃണമായ പരിചരണങ്ങൾക്കൊടുവിൽ അയാൾക്ക് ബോധം വീണു. പതിയെ പതിയെ അയാൾ അപകടം തളർത്തിയ തന്റെ മസ്‌തിഷ്കത്തിൽ ചിതറിക്കിടക്കുന്ന ഓർമ്മകൾ ഒരുമിച്ചു കൂട്ടാൻ തുടങ്ങി. എന്നാൽ സംസാരശേഷി അപ്പോഴും വീണ്ടുകിട്ടിയിട്ടില്ലായിരുന്നു.Unknown ആയ രോഗി അഡ്മിറ്റ് ആയാൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് ഇന്റിമേഷൻ കൊടുക്കുക എന്നത് നിയമപരമായ ഒരു പ്രക്രിയയാണ്. അങ്ങനെ കൊടുത്ത അറിയിപ്പ് പ്രകാരം മെഡിക്കൽ കോളേജ് പൊലീസ് ഇയാളെക്കുറിച്ച് പറ്റാവുന്ന വിധത്തിലൊക്കെ അന്വേഷണം നടത്തിയെങ്കിലും ആളെ തിരിച്ചറിയാൻ സഹായകരമായ ഒരു വിവരവും ലഭിച്ചിരുന്നില്ല.

ഇതിനിടെ ജീവനക്കാരിൽ ചിലർ സ്വന്തംനിലയിലും അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഇയാളെ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടുകിട്ടിയ നീണ്ടകര ഉൾപ്പെടെ പ്രദേശവാസികളായ ആരോഗ്യവകുപ്പ് ജീവനക്കാരെ ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല.രോഗിയുടെ ഓർമ്മയിൽ പുരോഗതി ഉണ്ടായതോടെ പേനയും പേപ്പറും കൊടുത്ത് ആളുടെ വിവരങ്ങൾ അതിൽ എഴുതിക്കാൻ ജീവനക്കാർ ശ്രമം തുടങ്ങി. ആദ്യമൊക്കെ വെറുതേ വരക്കുകയും കുറിക്കുകയുമാണ് ചെയ്തതെങ്കിലും ഏതാനും ദിവസം കഴിഞ്ഞതോടെ അയാൾ തന്റെ പേരും നാടും പേപ്പറിൽ എഴുതി. ഷറഫുദ്ധീൻ എന്നാണ് പേര് എന്നും മലപ്പുറം ജില്ലയിലെ പുതുപ്പൊന്നാനി ആണ് സ്വദേശമെന്നും അങ്ങനെ ജീവനക്കാർ മനസ്സിലാക്കി. ഈ വിവരങ്ങൾ മെഡിക്കൽ കോളേജ് പൊലീസിൽ അറിയിക്കുകയും ചെയ്തു.എന്നാൽ അതോടൊപ്പം തന്നെ ജീവനക്കാർ സ്വന്തംനിലയിലും അന്വേഷണം നടത്തി. അവിടെയുള്ള ഒരു സ്റ്റാഫിന്റെ ബന്ധു പൊന്നാനി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം വഴി അന്വേഷിച്ചപ്പോൾ ഇയാളെ കാണാതായതുമായി ബന്ധപ്പെട്ട് ഒരു Man Missing Case പൊന്നാനി സ്റ്റേഷനിൽ എടുത്തിട്ടുണ്ട് എന്നറിഞ്ഞു.

പിന്നീടെല്ലാം ദ്രുതഗതിയിൽ ആയിരുന്നു. ബന്ധുക്കൾക്ക് പൊലീസ് വഴി മെഡിക്കൽ കോളേജ് സ്റ്റാഫിന്റെ ഫോൺ നമ്പർ നൽകുകയും അവരുടെ ഒരു ബന്ധു ട്രോമ കെയർ ICU വിൽ വന്ന് ആളെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് രോഗിയുടെ അടുത്ത ബന്ധുക്കൾ പൊന്നാനിയിൽ നിന്നും തിരുവനന്തപുരത്തെത്തി മെഡിക്കൽ കോളേജ് പൊലീസ് മുഖേന രോഗിയെ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.ആളുടെ ആരോഗ്യനില വളരെ മെച്ചപ്പെട്ടതിനെത്തുടർന്ന് ഇന്നലെ അയാളെ ട്രോമ ICU വിൽ നിന്ന് സൂപ്പർസ്പെഷ്യൽറ്റി വിഭാഗത്തിലെ ന്യൂറോവാർഡ് 6 ലേക്ക് മാറ്റുകയുണ്ടായി. ഏതാനും ദിവസത്തെ ചികിത്സകൂടി കഴിഞ്ഞാൽ അയാൾക്ക് ഡിസ്ചാർജ് ലഭിക്കും. തുടർന്ന് ബന്ധുക്കളോടൊപ്പം സ്വദേശത്തേക്ക് മടങ്ങാൻ കഴിയുകയും ചെയ്യും.ന്യൂറോസർജറി വിഭാഗം HOD ഡോക്ടർ പി അനിൽ, ന്യൂറോസർജറി യൂണിറ്റ് 3 തലവൻ ഡോക്ടർ കെ എൽ സുരേഷ്, ന്യൂറോസർജറി വിഭാഗം ഡോക്ടർമാരായ ഡോക്ടർ ജ്യോതിഷ്, ഡോക്ടർ അഭിഷേക്, ഡോക്ടർ സാനു, ന്യൂറോസർജറി വിഭാഗം PG ഡോക്ടർമാരായ ഡോക്ടർ മനോജ്‌, ഡോക്ടർ ദിവ്യ എന്നീ ഡോക്ടർമാരും ട്രോമ ICU വിലെ യാമിനി, ബീന എന്നീ സീനിയർ നഴ്സിംഗ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ മഞ്ജുഷ, ഇന്ദു, ദിവ്യ, ജസ്‌ന, ഷിജാസ്, ആർഷ, രമ്യകൃഷ്ണൻ, ടീന, അശ്വതി, ഷിൻസി, വിനീത, സനിത, അജീഷ് എന്നീ പതിമൂന്നോളം നഴ്സിംഗ് ഓഫീസർമാരും ബിനു, കാവ്യ, അനന്തു, ഹരി എന്നീ ഫിസിയോതെറാപ്പിസ്റ്റുകളും അറ്റൻഡർമാരായ ഷീജാമോൾ, ദീപ, സന്ധ്യ, സുലത, ഗീത എന്നിവരും മഹത്തായ ഈ ദൗത്യത്തിൽ പങ്കാളികളായി.

സർക്കാർ ഹോസ്പിറ്റലുകളെക്കുറിച്ച് എന്തെങ്കിലും ന്യൂനതകൾ കിട്ടിയാൽ അത്‌ വലിയ വാർത്തയാക്കുന്ന നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ ഇത്തരം മനുഷ്യത്വപരമായ ഇടപെടലുകൾ ഒരിക്കലും അർഹമായ പ്രാധാന്യത്തോടെ വാർത്തയാക്കാറില്ല എന്നതാണ് വാസ്തവം!വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന് പറഞ്ഞപോലെ ഒരു മൊബൈൽഫോൺ ക്യാമറ കൈയ്യിൽ ഉള്ളവനെല്ലാം സിറ്റിസൺ ജേർണലിസ്റ്റ് ചമയുന്ന ഇക്കാലത്ത് നമ്മുടെ സർക്കാർ ആശുപത്രികളെക്കുറിച്ചുള്ള നെഗറ്റീവ് വാർത്തകൾക്ക് മാത്രമേ വാർത്താപ്രാധാന്യം ലഭിക്കാറുള്ളൂ. അങ്ങനെ മോശമാക്കാൻ വലിയ പ്രൈവറ്റ് ഹോസ്പിറ്റലുകൾ അടങ്ങുന്ന ഒരു ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നതാണ് വാസ്തവം! അവരിൽ നിന്ന് അച്ചാരം പറ്റുന്ന കുറേ മാധ്യമപ്രവർത്തകരും ആ കൂടെയുണ്ട് സത്യത്തിൽ നമ്മുടെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ഹോസ്പിറ്റലുകൾ എല്ലാം പൊളിയാണ്. ഏറ്റവും മികച്ച ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും തന്നെയാണ് അവിടെയും ഉള്ളത്.. എന്നാൽ പലപ്പോഴും Staff Shortage നിമിത്തം രണ്ടോ നാലോ പേരുടെ ജോലി ഒരാൾ ചെയ്യേണ്ടിവരുമ്പോൾ അവർ നിസ്സഹായരായിപ്പോകുന്നു.

ഒരൽപ്പം പശ്ചാത്തലസൗകര്യങ്ങൾ വർദ്ധിപ്പിച്ച് ആവശ്യമായ എല്ലാ വിഭാഗം ജീവനക്കാരുടെയും പുതിയ തസ്തികകളും അനുവദിച്ചുകൊടുത്താൽ നമ്മുടെ മെഡിക്കൽ കോളേജുകളെ വെല്ലാൻ ഏതൊരു ഫൈവ് സ്റ്റാർ ഹോസ്പിറ്റലിനും ആകില്ല എന്നതുറപ്പ്!ഇവിടെ ഹോസ്പിറ്റൽ സ്റ്റാഫ്‌ മാത്രമല്ല, ഷറഫുദ്ധീനെ പരിചരിച്ച് സുഖമാക്കി ബന്ധുക്കളെ കണ്ടുപിടിച്ച് ഏൽപ്പിക്കുന്നതിനായി മൈത്രി സന്നദ്ധസംഘടനാപ്രവർത്തകരും ന്യൂറോ ICU വിൽ കിടന്ന രോഗികളുടെ ബന്ധുക്കളും മെഡിക്കൽ കോളേജ്, പൊന്നാനി സ്റ്റേഷനിലെ പോലീസുകാരും പൊതുപ്രവർത്തകരും കട്ടയ്ക്ക് അവരുടെ കൂടെ നിന്നു!അതാണ് ഞാൻ തുടക്കത്തിൽ പറഞ്ഞുവച്ചത്. ഒരു ലക്ഷ്യം നേടണമെന്ന ദൃഢനിശ്ചയത്തോടെ നിങ്ങൾ ഇറങ്ങി പുറപ്പെട്ടാൽ ഈ ലോകം മുഴുവനും അതിനായി നിങ്ങളുടെ കൂടെ നിന്നിരിക്കും എന്ന്ഈ ദൗത്യത്തിൽ പങ്ക് വഹിച്ച ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അറിയിക്കുന്നു Hats Off.എല്ലാവരും വായിച്ചിട്ട് ഒന്ന് ഷെയർ കൂടി ചെയ്താൽ നമ്മുടെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇങ്ങനെ ചിലതും കൂടി നടക്കുന്നുണ്ട് എന്ന് പൊതുജനം അറിഞ്ഞുകൊള്ളും.( ഇതോടൊപ്പമുള്ള ചിത്രം ഷറഫുദ്ധീനെ കാണാതായപ്പോൾ നാട്ടുകാർ സോഷ്യൽ മീഡിയ വഴി ഇട്ടതാണ്. ആളെ തിരിച്ചറിയുന്നതിനായി പൊന്നാനിയിൽ നിന്ന് മെഡിക്കൽ കോളേജ് ജീവനക്കാർക്ക് അയച്ചു കൊടുത്തത് )