എരുമപ്പെട്ടി ജംഗ്ഷനിലെ തുണിക്കടയുടെ മുന്നിലെ റോഡിൽ ഒരു സ്വർണാഭരണം വീണുകിടക്കുന്നത് നവീൻ കണ്ടു. അയാൾ അതെടുത്തു. എന്നിട്ട് അടുത്തു നിന്നിരുന്നവരോട് ചോദിച്ചു. ഇത് ആരുടെയെങ്കിലുമാണോ ?അത് അവിടെ നിന്നിരുന്നവരുടെ ആരുടേതുമായിരുന്നില്ല.അയാൾ ഉടൻതന്നെ ഒന്നരപ്പവനോളം തൂക്കം വരുന്ന സ്വർണ കൈചെയ്യിൻ എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെത്തിച്ചു.പോലീസുദ്യോഗസ്ഥർ അയാളുടെ പേരും വിവരങ്ങളും ചോദിച്ചറിഞ്ഞു. എവിടെനിന്നുമാണ് ഈ സ്വർണാഭരണം കിട്ടിയതെന്ന് അയാൾ പോലീസുദ്യോഗസ്ഥനോട് വിശദീകരിച്ചു. അക്കാര്യങ്ങളെല്ലാം വിശദമായി എഴുതിവെച്ച്, പോലീസുദ്യോഗസ്ഥൻ അയാളെ പറഞ്ഞയച്ചു.അല്പസമയത്തിനുള്ളിൽ തന്നെ പോലീസ് സ്റ്റേഷനിൽ നിന്നും നവീനിന് ഫോൺ വിളിയെത്തി.
സ്വർണാഭരണത്തിന്റെ ഉടമസ്ഥൻ എത്തിയിട്ടുണ്ട് താങ്കൾ ഉടനെ പോലീസ് സ്റ്റേഷനിലേക്കു വരണം.ഞാൻ വരണോ സാറേ ?അത് അവർക്ക് കൊടുത്തുകൊള്ളൂ.
നവീൻ മറുപടി പറഞ്ഞു.താങ്കൾക്ക് കഴിയുമെങ്കിൽ ഇവിടം വരെ വരണം. പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൾ ഹക്കീമിന്റെ സ്നേഹപൂർവ്വമായ നിർബന്ധത്തിനു വഴങ്ങി, അയാൾ ഉടനെ പോലീസ് സ്റ്റേഷനിൽ എത്തി. അവിടെ ഒരു കുടുംബാംഗങ്ങൾ മുഴുവനും അയാളെ കാത്തു നിൽക്കുകയായിരുന്നു.അവരുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി. വടക്കാഞ്ചേരി കുമരനെല്ലൂർ സ്വദേശി സുലൈമാനും കുടുംബാംഗങ്ങളും ചേർന്ന് കുട്ടികൾക്ക് ഉടുപ്പുകൾ വാങ്ങുന്നതിനായി എരുമപ്പെട്ടിയിലെ തുണിക്കടയിലേക്ക് വന്നതാണ്. സാധനങ്ങളെല്ലാം വാങ്ങി, വീട്ടിലെത്തിയപ്പോഴാണ് സ്വർണാഭരണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത് . വീണുപോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം തിരഞ്ഞു. പക്ഷേ, ആഭരണം കിട്ടിയില്ല. പിന്നീട് എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയതായിരുന്നു അവർ. അപ്പോഴാണ് നഷ്ടപെട്ട സ്വർണാഭരണം ഒരു യുവാവ് പോലീസ് സ്റ്റേഷനിൽ കൊണ്ടു വന്നു ഏൽപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്.
റോഡിൽ നിന്നും വീണു ലഭിച്ച സ്വർണാഭരണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച ആളെ നേരിട്ട് കാണണമെന്ന് കുടുംബാംഗങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചു. അതു കൊണ്ടാണ് നവീനിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. റോഡിൽ നിന്നും വീണു ലഭിച്ച സ്വർണാഭരണം, പോലീസ് സ്റ്റേഷനിൽ വെച്ച്, നവീൻ തന്നെ സുലൈമാന് കൈമാറി. പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരെല്ലാം ആ സന്തോഷ നിമിഷത്തിന് സാക്ഷികളായി. കൂലിപണിക്കാരായ അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബമാണ് നവീനിന്റേത്. സാമ്പത്തിക പരാധീനത മൂലം പ്ലസ്ടു വിദ്യാഭ്യാസം പൂർത്തിയാക്കാനാകാത്തതിനാല് കുടുംബത്തിന് ഒരു വരുമാനമാകട്ടെ എന്നു കരുതി, അയാൾ തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ദിവസ വേതനത്തിന് ജോലിക്കു പോയിത്തുടങ്ങിയത്.കടുത്ത കുടുംബ പ്രാരാബ്ധങ്ങൾക്കിടയിലും ഒരു തെറ്റു ചെയ്യാൻ അയാൾക്ക് കഴിയുമായിരുന്നില്ല. തനിക്ക് റോഡിൽ നിന്നും കളഞ്ഞു കിട്ടിയ ഒന്നരപ്പവൻ സ്വർണാഭരണം എത്രയും വേഗം അയാൾ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പ്രിയപ്പെട്ട നവീൻ,ജീവിതത്തിലെ കഷ്ടപ്പാടുകൾക്കൊന്നിനും താങ്കളെപ്പോലെയുള്ള സത്യസന്ധതയുള്ള മനുഷ്യരെ തോൽപ്പിക്കാനാകില്ല.താങ്കൾക്ക് തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.