വീട്ടുകാരോട് അത്രമേൽ അടുപ്പമുള്ള അവൾ ക്യാൻസർ മൂലം പോയപ്പോൾ അവളുടെ വീട്ടിലേ അവസ്ഥ അറിയാൻ വിളിച്ചു പക്ഷെ അറിഞ്ഞത് മറ്റൊന്ന്

EDITOR

എനിക്ക് ഒരു സ്നേഹിതയുണ്ടായിരുന്നു എഞ്ചിനീയറിങ് കോളേജിൽ എനിക്കൊപ്പം പഠിച്ചവൾ. നല്ല ചുറുചുറുക്കുള്ള ഒരു മിടുക്കി. നാല്പത്തഞ്ചാം പിറന്നാൾ കഴിഞ്ഞ് എട്ടു ദിവസത്തിനുള്ളിൽ അവൾക്ക് കാൻസർ സ്ഥിരീകരിക്കപ്പെട്ടു. മാസങ്ങൾക്കുള്ളിൽ തന്നെ അവൾ ആ മാറാരോഗത്തിന് കീഴടങ്ങുകയും ചെയ്തു.ഞങ്ങളുടെ കോളേജ് ഗ്രൂപ്പിൽ പലരും ക്‌ളാസിൽ അവൾ യൂണിഫോമൊക്കെ ഇട്ടിരിക്കുന്ന പഴയ പടങ്ങൾ പങ്കിട്ട്, ഇത്ര പെട്ടെന്ന് അവൾ പൊയ്ക്കളഞ്ഞ”തിന്റെ സങ്കടം പറഞ്ഞു.റെസ്റ്റ് ഇൻ പീസ്ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.വിൽ മിസ് യൂ.മെസേജുകൾ പലതും പ്രവഹിച്ചു.ആരോ ഒരാൾ ഞങ്ങളുടെ ഒരു ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് അവളുടെ രൂപം മാത്രം വെട്ടി മാറ്റി അവളുടെ അസാന്നിധ്യം പകരുന്ന ശൂന്യതയെക്കുറിച്ചും ഞങ്ങളെ ബോധ്യപ്പെടുത്തി.

അവൾ പോയിരണ്ടു മാസം കഴിഞ്ഞപ്പോൾ ഞാൻ അവളുടെ ഭർത്താവിനെ ഒന്ന് വിളിച്ചു. പാവം. അയാൾക്ക് അവൾ ജീവനായിരുന്നു. ഏതോ കമ്പനിയുടെ ഏരിയ സെയിൽസ് മാനേജർ ആണയാൾ.പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ് അവർക്ക്.ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടി വരുന്ന അയാൾ അമ്മയില്ലാതെ അവരെ എങ്ങനെ നോക്കുമോ എന്തോ അതോർത്തപ്പോൾ എന്റെ മനസ്സ് വല്ലാതെ പിടഞ്ഞു.
അവളായിരുന്നേ അന്നോളം ആ വീടിന്റെ ജീവാത്മാവും പരമാത്മാവും. എല്ലാം അവൾ ഒറ്റയ്ക്കാണ് നോക്കി നടത്തിയിരുന്നത്. കുട്ടികളുടെ പഠിപ്പ് അവരുടെ ട്യൂഷൻ അയാളുടെയും അവളുടെയും അച്ഛനമ്മമാരുടെ അസുഖങ്ങൾ അയാളുടെ ഇഷ്ടാനിഷ്ടങ്ങൾ ഒക്കെ അവൾ ഒരു കുറവും വരുത്താതെ നോക്കി നടത്തിയിരുന്നു.കുടുംബത്ത് ഒരു ചടങ്ങുണ്ടായാൽ അതിൽ എന്തിനും ആദ്യാവസാനം അവളാണ് ഓടി നടക്കുക.നല്ലൊരു ഇവന്റ് മാനേജർ ആയിരുന്നു അവൾ.ഒരു കാര്യമേൽപ്പിച്ചാൽ ഒരു പരാതിക്കും ഇടവരുത്താത്തവൾ. ജീവിതത്തിലും ജോലിയിലും അവൾ 100 % പെർഫെക്റ്റ് ആയിരുന്നു.

വല്ലപ്പോഴും ഒത്തുകൂടാറുണ്ട് ഞങ്ങൾ. ആ അവസരങ്ങളിലും, ഞങ്ങൾക്കൊപ്പം ഇരിക്കുന്ന നേരത്തും അവളുടെ മനസ്സ് അങ്ങ് വീട്ടിലാവും. ചെല്ലട്ടെ ചെന്നിട്ടു നൂറു പണിയുണ്ട് എന്നും തിരികെ വീടുപൂകാൻ ധൃതിയായിരുന്നു അവൾക്ക്.ഞാനില്ലെങ്കിൽ അവിടെ എല്ലാം അവതാളത്തിലാവുമെന്നെ. എന്റെ ഭർത്താവിന് ദൈവം സഹായിച്ച് ഒരു ചായ പോലും ഇട്ടു കുടിക്കാനറിയില്ല സ്വന്തമായി. പിന്നെ ഒരു സമാധാനമുണ്ട് ഞാൻ ഈ ഇടുന്ന എഫർട്ട് അതൊരു പട്ടിക്കുഞ്ഞു പോലും അംഗീകരിക്കാറില്ല. ഇതൊക്കെ അങ്ങ് സ്വാഭാവികമായി നടക്കുന്നതാണ് എന്നാണ് എല്ലാവരുടെയും വിചാരം. ഇതിന്റെയൊക്കെ പിന്നിൽ ഞാൻ എത്ര കിടന്നു പെടാപ്പാട് പെടുന്നുണ്ട് എന്ന് ആർക്കുമറിയില്ല.ങ്ങാ ഞാൻ പോവുമ്പോൾ, എന്റെ വില അവരൊക്കെ അറിയും.എന്ന് അവൾ എന്നോ പറഞ്ഞത് അറംപറ്റിയ പോലെ തോന്നി എനിക്ക്.അവളുടെ ഭർത്താവിനെ ഞാൻ വിളിച്ചത്, ആ കുടുംബത്തിന് സഹായം വല്ലതും വേണ്ടി വരുമോ എന്നറിയാൻ വേണ്ടിയാണ്.

ലൗ മാരേജ് ആയിരുന്നു അവരുടേത്. വീട്ടിൽ വിപ്ലവമുണ്ടാക്കി നടത്തിയ വിവാഹം. ഇത്ര ചെറുപ്പത്തിൽ പ്രാണസഖി വേർപിരിഞ്ഞു പോയതിന്റെ ആഘാതം അയാൾ എങ്ങനെയാവും അതിജീവിച്ചിട്ടുണ്ടാവുക?വല്ലാത്തൊരു ശൂന്യത അയാളെ ചൂഴ്ന്നു നിൽക്കുന്നുണ്ടാവും ഇപ്പോൾ. ആ വീടിന്റെ ഓരോ ഇഞ്ചിലും അവളുടെ അസാന്നിധ്യം മുഴച്ചു നിൽക്കുന്നുണ്ടാവും. അതൊക്കെ ഓർത്തപ്പോൾ തന്നെ എനിക്ക് വീർപ്പുമുട്ടി.ഞാനുടനെ ഫോണെടുത്ത് അയാളെ വിളിച്ചു. മുഴുവൻ റിങ്ങും അടിച്ച് അത് നിന്നു. കുറേ നേരം കഴിഞ്ഞപ്പോൾ അയാൾ എന്നെ തിരിച്ചു വിളിച്ചു. നേരത്തെ ഫോൺ സൈലന്റ് മോഡിൽ ആയിരുന്നു എന്നും, അറിഞ്ഞില്ല എന്നും അയാൾ ക്ഷമാപണ സ്വരത്തിൽ പറഞ്ഞു. ക്ലബ്ബിൽ ടെന്നീസ് കളിക്കുകയായിരുന്നത്രെ. അതിനു ശേഷം സുഹൃത്തുക്കളുമൊത്ത് ഒരു ചെറിയ പാർട്ടി ഉണ്ടായിരുന്നു. ഇപ്പോഴാണ് തിരിച്ചു വിളിക്കാൻ ഒരു സാവകാശം കിട്ടിയതത്രെ. ഇപ്പോൾ പഴയ പോലെ യാത്ര ഇല്ല ജോലിയിൽ.

പുണെക്ക് ട്രാൻസ്ഫർ വാങ്ങിയല്ലോ.വീട്ടിൽ എല്ലാവർക്കും സുഖം തന്നെയോ? ഞാൻ കുശലം ചോദിച്ചു.വീട്ടിൽ പുതുതായി ഒരു ഫുൾ ടൈം കുക്കിനെ വെച്ചു. അവർ നന്നായി പാചകം ചെയ്യും. വീട്ടിലേക്കുള്ള റേഷനും മറ്റും അവര് തന്നെ പോയി വാങ്ങി കൊണ്ടുവരികയും ചെയ്യും. അച്ഛനെയും അമ്മയെയും നോക്കാൻ ഇപ്പോൾ ഫുൾ ടൈം ഹോം നേഴ്‌സിനെ വെച്ചിട്ടുണ്ട്. അതുകൊണ്ട് ആ വഴിക്കും ടെൻഷൻ ഇല്ല. കുഴപ്പമില്ല. അയാം മാനേജിങ് വെൽ. കിഡ്സ് ആർ ഫൈൻ. ലൈഫ് റിട്ടേർണിംഗ് റ്റു നോർമൽസി. അയാൾ മറുപടി പറഞ്ഞു.എന്തോ എനിക്ക് പിന്നീട് അധിക നേരം ആ സംഭാഷണം തുടരാൻ സാധിച്ചില്ല.ഒട്ടു യാന്ത്രികമായി എന്തൊക്കെയോ കൂടി ചോദിക്കുകയും പറയുകയും ചെയ്ത് ഞാൻ ഫോൺ വെച്ചു. റിസീവർ ക്രാഡിലിൽ വെച്ചപ്പോൾ അറിയാതെ ഒരു നെടിയ നിശ്വാസം ഉതിർന്നു. തൊണ്ടക്കുഴിയിൽ ഒരു വിങ്ങൽ പൊട്ടി.കണ്ണുകൾ നിറഞ്ഞൊഴുകി.ഞാൻ എന്തിനാണ് അപ്പോൾ കരഞ്ഞത് ?

ആവോ അറിയില്ല എനിക്ക് അവളെ വല്ലാതെ ഓർമവന്നു. ഐ മിസ്ഡ് ഹെർ ടെറിബിളി. ഒരിക്കൽ അവൾ ഞങ്ങളുടെ റീയൂണിയനു വരാതിരുന്നത്, ഇയാളുടെ അമ്മയ്ക്ക് എന്തോ ചെറിയ പനി വന്നതിന്റെ പേരിലാണ്. വീട്ടിൽ എന്തോ മെയിന്റൻസ് വർക്ക് നടക്കുന്നുണ്ട് കൂടെ നിന്നു ചെയ്യിച്ചില്ലേൽ അവർ ഉഴപ്പും എന്ന് പറഞ്ഞ്, അടുത്ത ബന്ധുവിന്റെ കല്യാണം മിസ് ചെയ്തവളാണ് അവൾ. ഞങ്ങളുടെ പല ഫൺ പാർട്ടികളും അവൾ മിസ് ചെയ്തിട്ടുള്ളത് മക്കൾക്ക് പരീക്ഷ അടുത്ത സമയമാണ് എന്നും പറഞ്ഞാണ്. വീട്ടിലേക്ക് നേരത്തെ ഓടിപ്പോയിട്ടുള്ളത്, ഭർത്താവിനും മക്കൾക്കും രാത്രിക്കലേക്ക് വല്ലതും വെച്ചുവിളമ്പണം എന്ന് വെപ്രാളപ്പെട്ടുകൊണ്ടാണ്.അവൾ എന്നും ആഗ്രഹിച്ചിരുന്നത് അവരിൽ നിന്നുള്ള ഒരു അംഗീകാരത്തിനാണ്. ഉച്ചക്ക് ലഞ്ച് ബോക്സിൽ മീൻ പൊള്ളിച്ചത് വാഴയിലയിൽ പൊതിഞ്ഞു കൊടുത്തയക്കുമ്പോൾ, അത് കഴിച്ചു കഴിഞ്ഞ് അയാളിൽ നിന്ന് ഒരു വിളി അവൾ പ്രതീക്ഷിക്കും. ഒരിക്കലും അതുണ്ടാവാറില്ല. രാത്രി തിരികെ ക്ഷീണിച്ചു വന്നു കേറുന്ന അയാളോട്  ഉച്ചക്കൽത്തെ മീൻ കറി എങ്ങനുണ്ടായിരുന്നു ?” എന്ന് ചോദിക്കുമ്പോൾ,ആ കൊള്ളാമായിരുന്നു. അടിപൊളി എന്ന ചടങ്ങു മറുപടി അയാളിൽ നിന്നു കേൾക്കുമ്പോൾ അവൾ വെറും വെറുതെ സങ്കടപ്പെടുമായിരുന്നു.

അവൾ എടുക്കുന്ന എഫേർട്ട്സിന് ഒരിക്കലും വീട്ടിൽ ഭർത്താവോ, മക്കളോ ഒന്നും അവളോട് ഒരു നല്ലവാക്കു പറഞ്ഞിരുന്നില്ല. അക്കാര്യത്തില് അസംതൃപ്തി മരണം വരെയും അവളെ പിന്തുടർന്നിരുന്നു.ഇന്നെനിക്ക് അവളോട് പറയണമെന്നുണ്ട്.എടീ വീട്ടിൽ നീ ചെന്നില്ലെങ്കിലും ഒരു പുല്ലും വരാനില്ല. നീ ചെന്നില്ലെങ്കിലും നിന്റെ അമ്മായി അമ്മയെ നിന്റെ ഭർത്താവ് നോക്കിക്കോളും. ഒരു ദിവസത്തേക്ക് അവരോട് സ്വിഗ്ഗി ഓർഡർ ചെയ്യാൻ പറ. ഇത് ക്രിസ്മസ് എക്സാം അല്ലെ? പിള്ളേർ സ്വന്തം പഠിച്ചോളും നീ ഇവിടിരി നമുക്ക് വല്ലപ്പോഴും കിട്ടുന്ന സമയം അല്ലെ. പോവണ്ട. ഇവിടിരി എടീ ആരും ആരെയും മിസ് ചെയ്യുന്നില്ല ഇവിടെ.അതൊക്കെ നമ്മുടെ വെറും വെറും വ്യാമോഹങ്ങൾ മാത്രമാണ്. തെറ്റിദ്ധാരണകൾ മാത്രം. ജീവിതകാലം മുഴുവൻ മറ്റുള്ളവരുടെ ഇഷ്ടങ്ങൾ നടത്തിക്കാൻ വേണ്ടി സ്വന്തം ജീവിതത്തിലെ ഇഷ്ടങ്ങൾ ഹോമിക്കുമ്പോൾ ഇച്ഛാഭംഗം തോന്നാതിരിക്കാൻ നമ്മൾ അവനവനോട് പറയുന്ന ആശ്വാസവാക്കുകൾ. നമ്മൾ ആർക്കൊക്കെയോ വേണ്ടപ്പെട്ടവരാണ് എന്ന് തോന്നുമ്പോൾ, നമ്മൾ ഇല്ലെങ്കിൽ ആരുടെയൊക്കെയോ ജീവിതങ്ങൾ തകിടം മറിയും എന്ന് ധരിക്കുമ്പോൾ ഒരിച്ചിരി ആശ്വാസം തോന്നും.

ചങ്കിൽ കുത്ത് ഇത്തിരി കുറയും.അല്ലാതെ അതൊന്നുമല്ല യാഥാർഥ്യം. നമ്മളെ ആർക്കും വേണമെന്നില്ല. നമ്മൾ ഇല്ലെങ്കിലും ഇവിടെ കാര്യങ്ങൾ മുറയ്ക്ക് നടക്കും. അതറിയണമെങ്കിൽ നമ്മൾ ഇല്ലാതാവണം. ഒരു ദിവസം അങ്ങോട്ട് നിന്ന നിൽപ്പിനു മാഞ്ഞു പോയാലും ഒരു പുല്ലനും നമ്മളെ മിസ് ചെയ്യില്ലിവിടെ. നോക്കിക്കോ എന്ന് അത് കേൾക്കാൻ അവൾ ഇന്നില്ലെങ്കിലും.അതാണ് സത്യം. വേദനിപ്പിക്കുന്ന സത്യം. ഓർത്തിരിക്കാതെ ഒരു ദിവസം അവൾ മരിച്ചു പോയിട്ടും അവരുടെ ജീവിതത്തിൽ ഒരു കുറവും ഉണ്ടായില്ല. ഒരു കുക്ക്, ഒരു ഹോം നേഴ്‌സ്.രണ്ടു പേരെ ജോലിക്കെടുത്തതോടെ അവളുടെ അസാന്നിധ്യം കൊണ്ടുണ്ടായ അസൗകര്യങ്ങൾ പൂർണമായും പരിഹരിക്കപ്പെട്ടു. താനില്ലെങ്കിൽ ഈ വീട് തകിടം മറിയുമെന്നു കരുതി ജീവിതം ഹോമിച്ച അവൾ മണ്ടി മരമണ്ടി.

എന്റെ പൊന്നു പെണ്ണുങ്ങളേ നിങ്ങളോട് പറയാനുള്ളത് ഇത്രമാത്രം ജീവിതം ഒന്നേയുള്ളൂ.എപ്പോൾ തീരുമെന്നും നിശ്ചയമില്ല. അതുകൊണ്ട് സന്തോഷിക്കുക.ആദ്യം ചെയ്യേണ്ടത് സ്വന്തം മനസ്സിനുവേണ്ട ആഹ്ലാദം കണ്ടെത്തുകയാണ്. അവനവനുവേണ്ടിയും സമയം ചെലവിടാൻ നിങ്ങൾ ശീലിക്കണം.നിങ്ങളുടെ സൗഹൃദങ്ങൾ ഇഷ്ടങ്ങൾ സന്തോഷങ്ങൾ ഒന്നും തന്നെ മറ്റുള്ളവരുടെ പ്രിയാപ്രിയങ്ങളെകരുതി വേണ്ടെന്നു വെക്കരുത്.നിങ്ങളുടെ പാഷനുകളെ പിന്തുടരുക.ലിവ് യുവർ ലൈഫ് ഇടക്കൊക്കെ പോയി ഒന്ന് കടലുകാണുക. കപ്പലണ്ടി കൊറിച്ച് കാറ്റു കൊള്ളുക.ഫിലിം ഫെസ്റ്റിവൽ വേദിയിൽ കറങ്ങി നടന്നു വായിൽ നോക്കുക.ഇഷ്ടമുള്ള സിനിമകൾ കാണുക പുസ്തകങ്ങൾ വായിക്കുക.സ്നേഹിതരുമായി സല്ലപിക്കുക. പെഡിക്യൂർ മാനിക്യൂർ ഫേഷ്യൽ ഹെയർ സ്പാ. വേണ്ടതൊക്കെ ചെയ്ത് അവനവനെ ആനന്ദിപ്പിക്കുക.മറ്റുള്ളവരുടെ സന്തോഷം ഉറപ്പാക്കുന്ന തിരക്കിൽ സ്വന്തം സമാധാനം നഷ്ടപ്പെടുത്താതിരിക്കുക.

ഒരു ഇംഗ്ളീഷ് പോസ്റ്റിന്റെ മലയാള പരിഭാഷ
പരിഭാഷ സ്വതന്ത്രം.
ബാബു രാമചന്ദ്രൻ