തീവ്രമായ പ്രണയത്തിന്റെ ന്യായം മറ്റ് എല്ലാ അന്യായങ്ങളെയും നീതീകരിക്കുന്നു! മിന്നൽ മുരളി കണ്ട ശേഷം എന്റെ ഒരു അടുത്ത സുഹൃത് എഴുതിയ റിവ്യൂ ഇൽ വായിച്ച ഒരു വാചകമാണ്. ഇത് കടമെടുക്കാതെ ആ സിനിമയെ കുറിച്ച് ഒന്നും എഴുതാൻ സാധിക്കില്ല എന്നൊരു തോന്നൽ.കാരണം ഈ ഒരു വാചകമാണ് ആ സിനിമ നായകനെക്കാൾ വില്ലനായി പ്രതിഷ്ഠിക്കപ്പെട്ട ഒരാളോട് തോന്നുന്ന സ്നേഹം. അയാൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ എല്ലാം അവിടെ നിൽക്കുമ്പോഴും, ഒരിക്കലും നീതീകരിക്കപ്പെടില്ലെങ്കിലും അയാളോട് നമുക്ക് തോന്നുന്ന ആർദ്രത! നിസ്സഹായതയും ഭയവും സങ്കോചവും ദേഷ്യവും പ്രതികാരവും അതിലെല്ലാമുപരി പ്രണയവും തുളുമ്പുന്ന അയാളുടെ കണ്ണുകളിലെ തെളിച്ചത്തിൽ എന്തുകൊണ്ടാണ് നമുക്കും കാഴ്ച മറഞ്ഞു പോകുന്നത്?! അയാൾ ചെയ്യുന്ന ക്രൂരകൃത്യങ്ങൾ കാണാൻ നമ്മുടെ കണ്ണുകൾ മടിക്കുന്നത്?
അതിന്റെ കാരണമാണ്, ഒരേയൊരു കാരണമാണ് അയാളുടെ ഉള്ളിൽ ഒരിക്കലും കെട്ടടങ്ങാതെ എരിഞ്ഞു കൊണ്ടിരിക്കുന്ന അയാളുടെ പ്രണയം! അതിനോട് അറിയാതെ നമുക്ക് തോന്നിപ്പോകുന്ന വിധേയത്വംനമ്മുടെ ഉള്ളിൽ ആരോടൊക്കെയോ എന്നൊക്കെയോ തോന്നിപ്പോയ, ഇന്നും മനസ്സിൽ കെട്ടടങ്ങാതെ നിൽക്കുന്ന, നമുക്ക് പോലും പലപ്പോഴും മനസ്സിലാക്കാൻ പറ്റാതിരുന്ന, ചെയ്യുന്നത് ശരി തന്നെയോ എന്ന് നമ്മെ നമ്മളോട് തന്നെ ചോദിപ്പിച്ച എന്തോ ഒന്ന്..അയാളുടെ കണ്ണുകൾ, അത് കാണുമ്പോൾ അറിയാതെ നമ്മളെ വീണ്ടും വേട്ടയാടുന്നപോലെ!
പല പ്രതിബന്ധങ്ങളിലും തട്ടി നമ്മൾ വീണു പോയിട്ടുണ്ടാവും. ആ ഇഷ്ടങ്ങൾ എന്നും ഇഷ്ടങ്ങളായി തന്നെ നമ്മുടെ മനസ്സുകളിൽ എന്നും ഒളിച്ചുകളി നടത്തുന്നുണ്ടാവാം. അവർക്കും നമുക്കും ഇടയിലെ ആ വലിയ മറ ഒന്ന് തകർത്തെറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് നമ്മളിൽ പലരും തീവ്രമായി ആഗ്രഹിക്കുന്നുണ്ടാകാം.
അതുകൊണ്ട് തന്നെ അയാളും ഉഷയും തമ്മിൽ ഒരുമിക്കാൻ നമ്മുടെ നമ്മുടെ മനസ്സുകളും വെമ്പുന്നു. അവർക്കിടയിൽ ഉണ്ടാക്കുന്ന പ്രതിബന്ധങ്ങൾ എങ്ങനെ എങ്കിലും മാറികിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു. അതിന് അയാൾ സ്വീകരിക്കുന്ന തെറ്റായ മാർഗങ്ങളിലും അയാളെ വെറുക്കാൻ നമ്മുടെ മനസ്സിന് കഴിയുന്നില്ല!
എല്ലാം അറിഞ്ഞു ഉഷ അയാളുടെ അടുത് വരുമ്പോൾ അയാളുടെ കണ്ണുകളിൽ ഈ ലോകം കീഴടക്കിയ സന്തോഷം നമ്മൾ കാണുന്നു. “ഞാനൊന്നും കളഞ്ഞിട്ടില്ല” എന്ന് പറയുന്ന അയാളോട് ഒരു കൊച്ചുകുഞ്ഞിനോടെന്ന പോലെ നമുക്ക് വാത്സല്യം തോന്നുന്നു. “ഇനിയെന്നും എന്റെ കൂടെ ഉണ്ടാകുമോ? ” എന്ന ഉഷയുടെ ചോദ്യത്തിന് മറുപടി പറയാൻ ഒരുങ്ങുന്ന അയാൾ ജനലിലൂടെ കാണുന്നത് തങ്ങളെ ചുട്ടെരിക്കാൻ പന്തങ്ങളുമായി വരുന്ന ഒരു ഗ്രാമത്തെ മുഴുവനുമാണ്.
ഉഷ അത് കാണുന്നുമില്ല അതുകൊണ്ട് തന്നെ അയാൾ തന്റെ കണ്ണുകളിൽ ഭയത്തിന്റെ നിഴൽപാട് പോലും വരാതെ, പ്രണയാർദ്രതയോടെ അവളെ നോക്കുന്നു.
ഈ ലോകം മുഴുവൻ തന്നെ ഇല്ലാതാക്കാൻ വരുന്നു എന്നറിഞ്ഞിട്ടും താൻ തോറ്റു പോകുമോ എന്ന ഭയത്തിലും യാതൊരു സങ്കോചവുമില്ലാതെ അവളുടെ കണ്ണുകളിൽ നോക്കി ” ഉണ്ടാവും! ” എന്ന് ഉറപ്പിച്ചു പറയാൻ അയാൾക്കല്ലാതെ ആർക്ക് സാധിക്കും?! തന്റെ പ്രണയിനിക്ക് വേണ്ടി ഈ ലോകത്തോട് മുഴുവൻ യുദ്ധം ചെയ്യാൻ അയാൾക്കല്ലാതെ ആർക്ക് സാധിക്കും?ഷിബു, നിങ്ങൾ ശെരിയോ തെറ്റോ എന്നെനിക്കറിയില്ല. എന്നാൽ നിങ്ങളിലെ പ്രണയം ആണ് ഈ ലോകത്തെ ഏറ്റവും വലിയ ശെരി!നിങ്ങളെ പോലെ ഒരു കാമുകനെ ആരാണ് ആഗ്രഹിക്കാത്തത്!
എനിക്ക് തോന്നുന്നു ആ മ രണം നിങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണെന്ന്.ഉഷയില്ലാത്ത ഈ ലോകത് നിങ്ങൾ എങ്ങിനെ ജീവിക്കാനാണ്.
എഴുതിയത് : ഡോക്ടർ സൗമ്യ സരിൻ