പെൺകുഞ്ഞുങ്ങളെ സ്വപ്‍നം കണ്ടതോ കണക്കു കൂട്ടിയതോ ആയിരിക്കില്ല ജീവിതം 20 വയസ്സിൽ പ്രേമിച്ചു വിവാഹം കഴിച്ച എന്റെ ജീവിതം

EDITOR

എന്റെ ഇരുപത്തിഒന്നാം വയസ്സിൽ ആയിരുന്നു എന്റെ മകന്റെ ജനനം.തീർത്തും മാനസികമായും ശരീരികമായും ഒട്ടും സുരക്ഷിതമായിരുന്നില്ല അവനെ ഉദരത്തിൽ പേറിയുള്ള ഗർഭകാലം.ഓർക്കാൻ കൂടി ഇഷ്ടപെടാത്ത ഒരുകാലം.അനുവാദം ചോദിക്കാതെ ഓടി എത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്നത് കണ്ണുനീർ മാത്രമല്ല.ഉയർന്നു പറക്കേണ്ട ഒരു ജീവിതം ഇരുപതാം വയസ്സിൽ തന്നെ സ്വയം ചവിട്ടി അരച്ചതിന്റെ നിരാശ കൂടിയാണ്.പ്രണയവിവാഹമായിരുന്നു സ്വയം ഹത്യ ഭീഷണി വരെ നടത്തി അതുമാത്രം മതിയെന്ന് ഒറ്റക്കാലിൽ തപസ് ചെയ്തു അപ്പനെ കൊണ്ട് സമ്മതിപ്പിച്ചെടുത്ത വിവാഹം.33 വയസുള്ള ആൾക്ക് 20 കാരി ആയ എന്റെ മാനസിക അവസ്ഥയിലേക്ക് ഇറങ്ങി ചിന്തിക്കാനോ ഇരുപതു കാരി ആയ എനിക്ക് 33 വയസ്സിന്റെ പക്വതയിലേക്ക് എത്താനോ സാധിക്കില്ല എന്ന് ഞാൻ മനസിലാക്കി വന്നപ്പോഴേക്കും മകനെ ഗർഭം ധരിച്ചിരുന്നു.മാനസികമായി തകർന്നു കൊണ്ടിരിക്കുന്ന ഞാൻ ഏഴരമാസത്തിൽ അവനെ പ്രസവിച്ചു.സന്തോകരമായി ജീവിച്ചു തീർക്കേണ്ട ഒരു സ്ത്രീയുടെ ഗർഭകാലം അതിനുള്ളിലെ കുഞ്ഞിന്റെ മാനസിക നിലയെ എത്ര സ്വാധീനിക്കുമെന്നതിനു ഉദാഹരണമാണ് എന്റെ മകൻ.

ചെറുപ്പത്തിൽ അപസ്മാരം എന്ന അവസ്ഥ എനിക്ക് ഉണ്ടായിരുന്നത് കൊണ്ട് അമിതമായി ലാളിച്ചു വളർത്തിയത് കൊണ്ടാകാം ചെറിയ കാര്യങ്ങൾ പോലും എനിക്ക് പെട്ടെന്ന് മുറിവേൽക്കുമായിരുന്നു.ഇന്നും അങ്ങനെ തന്നെയാണ്.എന്റെ മകനെ നീ വശീകരിച്ചെടുത്തു ഇനി എന്റെ ഭർത്താവിനെ വശീകരിക്കാൻ അല്ലെ നീ നടക്കുന്നത് എന്ന ചോദ്യം കയറിച്ചെന്ന ഇടത്തെ എനിക്ക് നരകമാക്കി മാറ്റി നീ എന്ത് കൊണ്ട് വന്നെടി എന്ന ചോദ്യം ദിവസവും കേൾക്കാൻ തുടങ്ങി.ചേർത്ത് പിടിക്കേണ്ടിടത്തു നിന്നും മൗനവും.ഈ ചോദ്യങ്ങളൊക്കെ എന്നേക്കാൾ അപ്പുറം വേദനിച്ചത് എന്റെ അപ്പന് തന്നെയായിരുന്നു.ചർച്ചകൾ Councelling എല്ലാം നടന്നു.ഒടുവിൽ അവർ ഒരു ഡിമാൻഡ് വച്ചു.സ്വന്തം വീട്ടിൽ പോകാൻ പാടില്ല.ഫോൺ ഉപയോഗിക്കാൻ പാടില്ല വീട്ടിൽ നിന്നും ആരും അന്വേഷിച്ചു വരാനും പാടില്ല.അങ്ങനെ ഉണ്ടെങ്കിൽ ഇവിടെ ജീവിക്കാം.

അത് അംഗീകരിക്കാൻ ഞാനും എന്റെ അപ്പനും തയാറായില്ല.എനിക്ക് പറ്റാത്തിടത്തു നിന്നും ഇറങ്ങി പോരാൻ കൈ പിടിച്ചത് എന്റെ അപ്പനായിരുന്നു എന്റെ മകനെ നോക്കിയതും എന്നെ വീണ്ടും പഠിപ്പിക്കാൻ അയച്ചതും ഒക്കെ എന്റെ മാതാപിതാക്കൾ ആയിരുന്നു.ഇതിനിടയിൽ അവർക്കു അമേരിക്കയിലെക്ക് പോകേണ്ടി വന്നു.പിന്നീട് ഞാനും അവനും മാത്രമായുള്ള ജീവിതം.3 വയസുള്ള അവനെ രാവിലെ ഡേ care ലാക്കി പോകുമ്പോൾ കാരണം ഒന്നുമില്ലാതെ ഞങ്ങളുടെ രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞൊഴുകുമായിരുന്നു.പഠിക്കാൻ പ്രായമായപ്പോൾ മകന്റെ സംസാരിക്കാനുള്ള ബുദ്ധിമുട്ടും പഠിക്കാനുള്ള ബുദ്ധിമുട്ടും കൊണ്ട് ഒരു സ്കൂളിലും അവനു സ്ഥിരമായി പഠിക്കാൻ സാധിച്ചില്ല.അങ്ങനെ 4 വർഷത്തോളം ഞാനും അവനും മാത്രമായി ഒരു ജീവിതം കടന്നു പോയി.ഒരു വിവാഹമോചനം കഴിഞ്ഞ പെണ്ണിനെ സമൂഹം എത്ര മോശക്കാരി ആക്കാൻ പറ്റുമോ അത്രയും മോശക്കാരി ആക്കിയ ചരിത്രമേ കേട്ടിട്ടുള്ളു.എന്റെ കാര്യവും മറിച്ചായിരുന്നില്ല.രാത്രി സുഖവിവരം അന്വേഷിക്കാനുള്ള പല മാന്യന്മാരുടെ ഫോൺ വിളികളും പലവിധ നാടകങ്ങളും കണ്ടു.

സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്ന അവനെയും കൊണ്ട് speech തെറാപ്പിയും മറ്റും ചെയ്യിക്കാനായി ഒരുപാട് അലഞ്ഞു.അവന്റെ ഹെർണിയ ഓപ്പറേഷൻ നടന്നപ്പോഴും ഒരു പട്ടി അവനെ ആക്രമിച്ചപ്പോഴുമൊക്കെ ഒരു ആൾ സഹായമില്ലാതെ ഒരുപാട് കഷ്ടപ്പെട്ടു.ചില സമയങ്ങളിൽ അയൽക്കാരൊക്കെ സഹായിച്ചു എന്നതൊഴിച്ചാൽ ഞാനും അവനും തനിയെ ജീവിതത്തോട് പൊരുതികൊണ്ടിരുന്നു.ഒരാളെ ഒരുപാട് അങ്ങ് തളർത്തിയാൽ തിരിച്ചു കേറില്ല എന്ന ശാസ്ത്രം കൊണ്ടാകാം പ്രകൃതി വീണ്ടും എനിക്ക് ഒരു വിവാഹജീവിതം നൽകിയത്.കൈ പിടിക്കാൻ ഒരാളെ തന്നത്.ഇന്ന് ഞാൻ അദ്ദേഹത്തിന്റെ ഭാര്യയും ഒരു മകളുടെ കൂടി അമ്മയും മറ്റൊരു മാതാപിതാക്കളുടെ മരുമകളും കൂടിയാണ്.അന്നത്തെ എന്നിൽ നിന്നും ഇന്നത്തെ എന്നിലേക്കുള്ള യാത്ര അതിസാഹസികമായിരുന്നുപെൺകുട്ടികൾക്ക് 21 വയസ്സ് പ്രായം വിവാഹത്തിന് എന്നതിനെ പിന്തുണയ്ക്കുന്നത് എന്റെ ജീവിതം അടയാളപ്പെടുത്തി കൊണ്ട് തന്നെയാണ്.പിരിയുമ്പോൾ മകനെ മാസം തോറും കാണാനുള്ള സാഹചര്യം ഉണ്ടാക്കി തരാം എന്ന് പറഞ്ഞ കോടതിയോട് അവന്റെ അച്ഛൻ പറഞ്ഞു അതിന്റെ ആവശ്യമില്ലെന്നു.അത് കേട്ട ഷോക്കിൽ,മാസം തോറും കുഞ്ഞിന്റെ ചിലവിനുള്ള പണം വാങ്ങി തരാമെന്നു പറഞ്ഞ കോടതിയോട് ഞാനും പറഞ്ഞു എനിക്ക് അതിന്റെ ആവശ്യമില്ലെന്നു.

20 വയസിൽ വിവാഹം കഴിച്ചു പോയി 23 വയസ്സിൽ തിരികെ എത്തിയപ്പോൾ ആകെ ഉള്ളത് പപ്പ തന്ന കുറച്ചു ആഭരണങ്ങളും ബുദ്ധിമുട്ടുകൾ നേരിടുന്ന കുഞ്ഞും.ഒരു degree സർട്ടിഫിക്കറ്റ് ഉം മാത്രമായിരുന്നു.അതുകൊണ്ട് പെൺകുഞ്ഞുങ്ങളെ വീണ്ടും പറയുന്നു.സ്വപ്‍നം കണ്ടതോ കണക്കു കൂട്ടിയതോ ഒന്നുമായിരിക്കില്ല മുന്നിലേക്ക് എത്തിക്കിട്ടുന്ന ജീവിതം.അതുകൊണ്ട് ഒരു സ്ഥിരവരുമാനം ഇല്ലാതെ ഒരു വിവാഹജീവിതത്തിലേക്ക് പ്രവേശിക്കരുത്.സൗന്ദര്യമോ കുടുംബ മഹിമയോ ഭർത്താവിന്റെ വരുമാനമോ കണ്ടു പെണ്മക്കളെ ഒരു മാതാപിതാക്കളും പറഞ്ഞയക്കരുത്.അവർക്കു കൊടുക്കാനുള്ളത് സ്ത്രീധമല്ല…നല്ല വിദ്യാഭ്യാസമാണ്.ഒരു സ്ഥിരവരുമാനം കിട്ടുന്ന ജോലി നേടാനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുകയാണ് വേണ്ടത്.മാറ്റങ്ങൾ അനിവാര്യമാണ്..കാലം അത് നമ്മുടെ പെണ്മക്കളിലൂടെ അടയാളപെടുത്തട്ടെ.

എഴുതിയത് : സിൻസി അനിൽ