വിശുദ്ധ ഗ്രന്ഥങ്ങളിൽ മനുഷ്യനെ ഇല്ലാതാക്കാൻ ആഹ്വാനം ചെയ്യുന്നത് എവിടെ എന്ന് തിരികെ ചോദിക്കുന്ന ഒരു യുവതലമുറ ഉദയം ചെയ്തെങ്കിൽ മാത്രമേ ഈ നാടിന് രക്ഷയുള്ളൂ

EDITOR

ദേശീയ മദ്ധ്യമങ്ങളിലെല്ലാം ഇപ്പോൾ സജീവചർച്ച കശ്മീരല്ല കേരളത്തിലെ ആലപ്പുഴയിലെ ചില വാർത്തകൾ ആണ് .നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി അരാജകത്വത്തിലേക്കുള്ള ഈ പോക്ക് പ്രബുദ്ധ കേരളത്തി നാകെ അപമാനകരമാണ്. ഏത് വിശ്വാസത്തിന്റെയോ തത്വസംഹിതകയുടെയോ പേരിലായാലും കൂട്ടം ചേർന്ന് ഒരു വ്യക്തിയുടെ ജീവനെടുക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല .നമ്മുടെ രാഷ്ട്രീയ മാനസിക ചിന്തകൾ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .മുൻപ് അണികൾ തമ്മിൽ വെട്ടിയെങ്കിൽ ഇന്ന് അത് നേതാക്കന്മാരിലേക്ക് എത്തിയിരിക്കുന്നു .ഇ വിഷയത്തെ കുറിച്ച് പി സി ജോർജ് ന്റെ മകൻ ഷോൺ ജോർജ് തന്റെ ഫേസ്ബുക്ക് വാളിൽ കുറിച്ചത് ചുവടെ.

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി രാഷ്ട്രീയ രംഗത്ത് സജീവമാണ് ഞാൻ. എന്റെ അനുഭവത്തിലും, പരിചയത്തിലും ഇന്നു വരെ നടന്നിട്ടുള്ള വർഗ്ഗീയ സംഘട്ടനങ്ങൾക്കും, ഇന്നലെ നടന്ന പോലെ ഉള്ള സംഭവങ്ങൾക്കും പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്.വർഗ്ഗീയ സംഘടനകളും, മത സംഘടനകളും, വർഗ്ഗീയ ചായ്‌വുള്ള രാഷ്ട്രീയ സംഘടനകൾക്കും ലക്ഷ്യം അധികാരവും,രാഷ്ട്രീയവും മാത്രമാണ്. ഇല്ലാതായ വ്യക്തിയുടെ കുടുംബത്തിന്റെ നഷ്ടം പോലെ തന്നെ ഇത് ചെയ്തവരുടെ കുടുംബത്തിന്റെ ജീവിതവും ഈ സംഭവ൦ വഴി നശിച്ചു പോവുകയാണ്. തന്റെ പ്രസ്ഥാനത്തോട്, സമുദായത്തോട്, മതത്തോടുള്ള സ്നേഹം നിമിത്തം മറ്റൊരുവനെഇല്ലാതാക്കാൻ ഇറങ്ങുന്നവർ സ്വന്തം ജീവിതത്തയോ കുടുംബത്തെയോ മറന്നു കൊണ്ട് അത് ചെയ്യുന്നുവെങ്കിൽ അവന്റെ സിരകളിലേക്ക് കുത്തി വെച്ചിട്ടുള്ള വർഗ്ഗീയ വിഷം എത്ര വലുതായിരിക്കും.

യഥാർത്ഥത്തിൽ അവരും ആരുടെയൊക്കെയോ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി വിഡ്ഢികളാകുകയാണ്.വേദം പ്രസംഗിച്ച് ഇല്ലാതാക്കാൻ ആഹ്വാനം ചെയ്യുന്നവരോട് ബൈബിളിലും,ഭഗവത് ഗീതയിലും, ഖുർആനിലും എവിടെയാണ് മനുഷ്യനെ ഇല്ലാതാക്കാൻ ആഹ്വാനം ചെയ്യുന്നതെന്ന് തിരികെ ചോദിക്കുന്ന ഒരു യുവതലമുറ ഉദയം ചെയ്തെങ്കിൽ മാത്രമേ ഇനി ഈ നാടിന് രക്ഷയുള്ളൂ.കഴിഞ്ഞ രണ്ടു വർഷക്കാലത്തെ എന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിലപാട് വെച്ച് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ, അത് എന്നെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവർക്ക് രാഷ്ട്രീയപരമായി നഷ്ടമാണ് എന്നത് കൊണ്ടുമാത്രമാണ്.എന്റെ ഈ കുറിപ്പിന് കീഴെ വരാൻ പോകുന്ന അഭിപ്രായപ്രകടനങ്ങൾ എന്താണെന്ന് എനിക്ക് നന്നായി അറിയാം.

അതുകൊണ്ടു തന്നെ എന്റെ നിലപാട് ഞാൻ ഇവിടെ വ്യക്തമാക്കട്ടെ ജീവിത അവസാനം വരെയും ഒരു രാഷ്ട്രീയ ലാഭത്തിന് വേണ്ടിയും മനുഷ്യനെ തമ്മിൽ വിഭജിക്കുന്ന ഒരു വർഗീയതയ്ക്കും ഞാൻ കൂട്ടുനിൽക്കില്ല.അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ രാഷ്ട്രീയരംഗത്ത് പിന്നെ ഞാൻ ഉണ്ടാവില്ല.ഇന്നലെ ജീവൻ വെടിഞ്ഞ രണ്ട് സഹോദരന്മാരുടെയും ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
അഡ്വ. ഷോൺ ജോർജ്