ട്രാഫിക് ഡ്യൂട്ടി ചെയ്യുമ്പോൾ സമീപത്തേക്ക് ഒരു ചെറുപ്പക്കാരനും ഭാര്യയും എത്തി ശേഷം അവർ തന്നത് ഹൃദ്യം ഇ അനുഭവം

EDITOR

ഇന്നലെ നഗരത്തിലെ തിരക്കേറിയ ജംഗ്ഷനിൽ പതിവുപോലെ ട്രാഫിക് ഡ്യൂട്ടി ചെയ്യുകയായിരുന്നു ഹോംഗാർഡ് ശശീന്ദ്രൻ.തന്റെ സമീപത്തേക്ക് ഒരു ചെറുപ്പക്കാരനും ഭാര്യയും നടന്നുവരുന്നത് അയാൾ ശ്രദ്ധിച്ചു. റോഡു മുറിച്ചു കടക്കാനായിരിക്കുമെന്നുകരുതി അയാൾ അവരെ നോക്കി. അവർ രണ്ടു പേരും നന്നായി ചിരിച്ചു.സർ,എന്റെ പേര് നിഖിൽ, ഇത് ഭാര്യ പ്രവീണ.ജോലി ആവശ്യാർത്ഥം ഞാൻ, ഇതുവഴി പോകാറുണ്ട്. താങ്കൾ ഡ്യൂട്ടി ചെയ്യുന്നതു കാണുമ്പോൾ ബൈക്കു നിറുത്തി കുറച്ചുനേരം താങ്കളുടെ പ്രവൃത്തികൾ ശ്രദ്ധിച്ചു നിൽക്കാറുണ്ട്. ഓരോ ചലനങ്ങളും ഞാൻ സസൂക്ഷ്മം നിരീക്ഷിച്ചു. അങ്ങിനെ അങ്ങയുടെ ചിത്രം എന്റെ മനസ്സിൽ പതിഞ്ഞു.സർ, ഇപ്പോൾ ഞാൻ താങ്കളുടെ ഒരു ആരാധകനാണ്.ആരാധകനോ ?അവർ രണ്ടുപേരും ചേർന്ന് അയാളുടെ നേരെ ഒരു കടലാസ് പൊതി നീട്ടി.

എന്താണിത് ?സർ, ഞാന്‍ ചെറിയ രീതിയില്‍ പടം വരയ്ക്കാറുണ്ട് എന്റെ എളിയ കഴിവുപയോഗിച്ച് സാറിനെ ഒന്നു വരയ്ക്കാൻ ശ്രമിച്ചതാണ്.നന്നായിട്ടുണ്ടോ എന്നറിയില്ല ഇതൊന്നു തുറന്നു നോക്കുമോ.?സന്തോഷത്തോടെ ആ സ്നേഹസമ്മാനം അയാൾ സ്വീകരിച്ചു.അയാൾ അത് തുറന്നു നോക്കി. ട്രാഫിക് പോയിന്റിൽ നിൽക്കുമ്പോഴത്തെ തന്റെ ചിത്രം മനോഹരമായി വരച്ചിരിക്കുന്നു.
തൃശൂർ മരത്താക്കര സ്വദേശിയായ ശശീന്ദ്രൻ കഴിഞ്ഞ എട്ടുവർഷമായി തൃശൂർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ ഹോംഗാർഡ് ആയി ജോലിചെയ്തുവരികയാണ്. പട്ടാളത്തിൽ നിന്നും വിരമിച്ച് ഇരുപത്തിരണ്ടു വർഷം കഴിഞ്ഞു.ഗാംഭീര്യം തുടിക്കുന്ന മുഖം നിറയുന്ന തരത്തിൽ നീളത്തിൽ കൊമ്പൻ മീശ.

തലയിൽ തൊപ്പിവെച്ച്, മുഖത്ത് കൂളിങ്ങ് ഗ്ലാസ്സും ധരിച്ച് ഹോംഗാർഡ് ശശീന്ദ്രൻ ട്രാഫിക് ഡ്യൂട്ടിയിൽ നിൽക്കുമ്പോൾ ഏതൊരാളും ശ്രദ്ധിച്ചു പോകും.അശ്രദ്ധയോടെ വണ്ടിയോടിക്കുന്നവരേയും റോഡ് നിയമങ്ങൾ തെറ്റിക്കുന്നവരേയും കണ്ടാൽ ഒരു കൊച്ചുകുട്ടികളോടെന്നപോലെ അവരെ വിളിച്ച്, വളരെ സൌമ്യമായി ഉപദേശിക്കുകയും തെറ്റുകൾ ആവർത്തിക്കരുതെന്ന കർശന നിർദ്ദേശവും നൽകും.
പലഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ട്രാഫിക് കുരുക്ക് ഉണ്ടാക്കാതെ കടന്നുപോകുന്നതിന് തന്റെ ഇരുകൈളും ഉയർത്തി കൃത്യമായ സിഗ്നലുകൾ നൽകും. കാൽനടയാത്രക്കാർക്കും, റോഡു മുറിച്ചു കടക്കുന്നവർക്കും സഹായിയായി പൊരിവെയിലത്തും, മഴയത്തും, അയാൾ റോഡിൽ നിൽക്കുന്നുണ്ടാകും.

കർത്തവ്യ നിർവ്വഹണത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത അയാളുടെ അംഗ വിക്ഷേപങ്ങൾ അതുവഴിപോകുന്ന ആരും ആസ്വദിച്ച് നിൽക്കുക സ്വാഭാവികം.
ചെറുപ്പക്കാരേക്കാൾ ചുറുചുറുക്കോടെ കൃത്യനിഷ്ഠയുടേയും കരുതലിന്റേയും മുഖമായി ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന ശശീന്ദ്രന് സദ്സേവന പത്രികയടക്കം നിരവധി പുരസ്കാരങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്.ട്രാഫിക് നിയന്ത്രണ ജോലിയിലെ ആത്മാർത്ഥ സേവനത്തിന്റെ പ്രതീകമാണ് ഹോംഗാർഡ് ശശീന്ദ്രൻ. അദ്ദേഹത്തിന്റെ പ്രവർത്തനത്തെ അഭിനന്ദിക്കുവാൻ മനസ്സുകാണിച്ച നിഖിലിനും ഭാര്യ പ്രവീണക്കും തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.

തൃശൂർ സിറ്റി പോലീസ്