ക്ലാസിലെ ഏറ്റവും മിടുക്കി കുട്ടി 18 വയസ്സിലെ കല്യാണം കഴിപ്പിച്ചു വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ അവളുടെ അവസ്ഥ

EDITOR

ദിവ്യാ ഗീത് എഴുതുന്നു മലപ്പുറം ജില്ലയിലെ ഒരു അൺ ഐഡഡ്ഡ്‌ ഹയർസെക്കൻഡറി സ്കൂളിൽ ഗസ്റ്റായി കുറച്ചുനാൾ ജോലി ചെയ്തിരുന്ന കാലം.ഹയർ സെക്കൻഡറിയിൽ പെൺകുട്ടികളിൽ വളരെ നിഷ്കളങ്കമായി ചിരിക്കുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. ഫരീദ.ഉൾനാടൻ ഗ്രാമങ്ങളിൽ ഒന്നിൽ നിന്നും വന്ന പഠിക്കുന്ന ഒരു കുട്ടി.പഠനത്തിൽ അത്രയും മിടുക്കിയായിരുന്നു. ഒന്നാം വർഷ പരീക്ഷയ്ക്ക് എല്ലാത്തിനും 85 ശതമാനത്തിലധികം മാർക്ക്.പ്രത്യേകിച്ച് ട്യൂഷനോ പഠന സമയമോ ഒന്നുമില്ലാത്ത പെൺകുട്ടിയാണ്.രാവിലെ സ്കൂളിലേക്ക് വരുമ്പോൾ അവൾക്കും താഴെയുള്ള 4 പെൺകുട്ടികൾക്കും വേണ്ട ഭക്ഷണമുണ്ടാക്കി, ഓരോരുത്തർക്കും ഉള്ളത് പൊതിഞ്ഞുകെട്ടി അവരുടെ ബാഗുകളിൽ കൊടുത്തു വിട്ടാണ് അവൾ സ്കൂളിൽ വരുന്നത്.മൂന്ന് വയസ്സ് വ്യത്യാസത്തിൽ അഞ്ചു പെൺകുട്ടികളാണ് ആ വീട്ടിൽ.എണീറ്റു നിൽക്കാൻ ആവതില്ലാത്ത ഒരു സ്ത്രീയേയാണ് പിടിഎ മീറ്റിങ്ങിന് അവളുടെ ഉമ്മയാണ് എന്ന് പറഞ്ഞ് അവൾ പരിചയപ്പെടുത്തിയത്.

മറ്റു കുട്ടികളൊക്കെ ഇന്റർവൽ സമയത്ത് കൂട്ടുകാരോട് കഥ പറഞ്ഞ് ഇരിക്കുമ്പോഴും ഈ കുട്ടി വന്ന് പാഠഭാഗങ്ങളിലെ സംശയങ്ങളെല്ലാം ചോദിക്കും. അല്ലെങ്കിൽ ക്ലാസിലിരുന്ന് പഠിക്കും.. ഒരുദിവസം ചോദിച്ചപ്പോൾ അവൾ പറഞ്ഞു വീട്ടിൽ ഇരുന്ന് പഠിക്കാനുള്ള സമയം ഉണ്ടാവില്ല ഒരുപാട് ജോലി ഉണ്ട് എന്ന്.സെക്കൻഡ് ഇയർ ആയതോടെ അവൾ ഒന്നുകൂടി വാശിയിൽ പഠിക്കാൻ തുടങ്ങി. 90 ശതമാനമെങ്കിലും മാർക്ക് വാങ്ങണം എന്നാൽ തുടർന്ന് പഠിപ്പിക്കാൻ വിടാമെന്ന് ആപ്പാപ്പ ( പിതൃസഹോദരൻ) സമ്മതിച്ചിട്ടുണ്ട് എന്നു പറഞ്ഞു.സാധാരണ ഞാനാണ് സ്കൂളിൽ ആദ്യമെത്തുന്ന ടീച്ചർ.9 മണിക്കാണ് ക്ലാസ് എങ്കിലും ഞാൻ എട്ടു മണി ആകുമ്പോഴേക്കും എത്തും അന്നൊക്കെ അതിരാവിലെയുള്ള ബസ് യാത്രകൾ എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു.

പ്ലസ് ടു എക്സാമിന് മുമ്പുള്ള മൂന്നുമാസം.ആ ജനുവരിയിൽ നല്ല തണുത്ത കാറ്റ് അടിക്കുന്ന ഒരു പുലരിയിൽ ഞാൻ ബാഗ് അകത്തുവച്ചു സ്റ്റാഫ് റൂംന്റെ മുന്നിലുള്ള വരാന്തയിൽ, അപ്പുറത്ത് ബിൽഡിങ്ങിൽ ഉള്ള മദ്രസ ക്ലാസും കേട്ടു നിൽക്കുമ്പോൾ മിസ്സേ എന്ന ഒരു കരച്ചിൽ കേട്ടു.. തിരിഞ്ഞു നോക്കിയപ്പോൾ ഫരീദ.എന്താ മോളെ എന്തുപറ്റി എന്ന എന്റെ ചോദ്യത്തിന് വിങ്ങി വിങ്ങി ക്കരയുകയായിരുന്നു ആ പെൺകുഞ്ഞ്. അതിനിടയിലെപ്പോഴോ അവൾ പറഞ്ഞു അവളുടെ കല്യാണം ഉറപ്പിച്ചിട്ടുണ്ട്. കരച്ചിലടക്കി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ എന്തൊക്കെയോ ആശ്വാസവാക്കുകൾ പറഞ്ഞു. പക്ഷേ മലപ്പുറം ജില്ലയിൽ ജനിച്ചു വളർന്ന എനിക്ക് തന്നെ അറിയാമായിരുന്നു അതൊക്കെ വെറും വാക്കുകൾ മാത്രമാണ് എന്ന് ഒമ്പതാം ക്ലാസിൽ നിന്നും ജയിച്ച എന്റെ കൂട്ടുകാരികളിൽ പലരും പത്താം ക്ലാസിലേക്ക് വരാതിരുന്നത് എന്തുകൊണ്ടാണെന്ന് ആ പ്രായത്തിലേ എനിക്കറിയാമായിരുന്നു.

ഞങ്ങളൊക്കെ കോളേജിൽ പോകുമ്പോൾ കുഞ്ഞിനെ നെഞ്ചത്ത് അടക്കി വിരുന്നിനും ആശുപത്രിയിലേക്കും പോകുന്ന കൂട്ടുകാരികൾ എനിക്കും ഉണ്ടായിരുന്നു.പക്ഷേ ഫരീദയെ പോലെ അത്രയും മിടുക്കിയായ, പഠിച്ചു മുന്നേറണമെന്ന് അത്രയും കൊതിക്കുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് അയക്കുന്നു എന്ന് പറയുമ്പോൾ ഉൾക്കൊള്ളാൻ ഞങ്ങൾക്കും വലിയ പ്രയാസമായിരുന്നു.ഞങ്ങൾ കുറച്ച് ടീച്ചർമാര് തന്നെ മുൻകൈയ്യെടുത്ത് അവളുടെ വീട്ടിൽ പോയി.ഭാര്യയുടെ കഴിവുകേട് കൊണ്ട് എനിക്ക് അഞ്ചു പെൺകുട്ടികൾ ഉണ്ടായി എന്നും അഞ്ചും പെൺകുട്ടികൾ ആയതുകൊണ്ട് എത്രയും പെട്ടെന്ന് കല്യാണം കഴിപ്പിച്ച് അയക്കുന്നതാണ് കടമയെന്നും നീതി എന്നും ഘോരഘോരം തർക്കിക്കുന്ന പിതാവ്.അഞ്ച് പെൺകുട്ടികളെ പ്രസവിച്ച പാപം എന്നോണം ഉമ്മ വാക്കുകളില്ലാതെ തലതാഴ്ത്തി നിൽക്കുന്നു.

ഞങ്ങൾ വന്നതറിഞ്ഞ് ഓടിപ്പിടച്ചെത്തിയ,കല്യാണം നടത്താൻ വേണ്ടി വാദിക്കാൻ വന്ന മഹല്ല് കമ്മിറ്റിയിലെ രണ്ട് അംഗങ്ങൾ. പിന്നെ തൊട്ടടുത്ത വീടുകളിലെ കുറച്ചു ബന്ധുക്കളും.അതിലൊരാൾ മുഖത്തുനോക്കി പറഞ്ഞു, വിവാഹം തന്നെയാണ് പെൺകുട്ടികളുടെ ഏറ്റവും വലിയ രക്ഷാ എന്ന്.അതിനു തടസ്സം നിൽക്കുന്ന നിങ്ങളൊക്കെ എന്ത് ടീച്ചർമാർ ആണ് എന്ന്.അഞ്ച് പെൺകുട്ടികളെ പ്രസവിച്ച ആ സ്ത്രീ ഒരു വാക്ക് പോലും ഇല്ലാതെ വാതിലിന് മറവിൽ തന്നെ തലയും താഴ്ത്തി നിൽക്കുകയായിരുന്നു.ഇത്രയും ആഴത്തിലുള്ള നിസ്സഹായത അവരുടെ കണ്ണിൽ നിന്ന് വായിച്ചെടുക്കാം.ഞങ്ങൾ ആവതു പറഞ്ഞു നോക്കി. അവളുടെ മാർക് ലിസ്റ്റ് വരെ എടുത്തു കാണിച്ചു കൊടുത്തു.

അവരാരും കല്യാണക്കാര്യത്തിൽ ഒന്നു മാറി ചിന്തിക്കാൻ കൂട്ടാക്കിയില്ല. ആരും മാറില്ല എന്ന് ഉറപ്പായപ്പോൾ ആ പെൺകുട്ടി ഞങ്ങളുടെ മുന്നിൽ വെച്ച് അവളുടെ വീട്ടുകാരോട് അറ്റ്ലീസ്റ്റ് എന്നെ എക്സാം എഴുതാൻ എങ്കിലും സമ്മതിക്കണം അത് മാത്രം ചെയ്യാൻ സമ്മതിക്കണം എന്ന് കെഞ്ചി കല്യാണം നിശ്ചയിച്ചിരുന്നത് മാർച്ച് രണ്ടാം തീയതി ആയിരുന്നു. അവസാനത്തെ പരീക്ഷയുടെ പിറ്റേദിവസം നിങ്ങൾ കല്യാണം വച്ചോ ഞാൻ സമ്മതിക്കാം പക്ഷേ പരീക്ഷയെഴുതിക്കോട്ടെ എന്ന് പറഞ്ഞ് അവൾ കരഞ്ഞു.ഞങ്ങളും അവിടുത്തെ ആൾക്കാരോട് പറഞ്ഞു ആ കുട്ടിയെ പരീക്ഷയെഴുതാൻ എങ്കിലും സമ്മതിക്കു എന്ന്.അത് വേണമെങ്കിൽ നോക്കാം എന്നു പറഞ്ഞു. പക്ഷേ ഞങ്ങളെ അവിടെ നിന്ന് ഒഴിവാക്കാൻ വേണ്ടി ഒരു സൂത്രം പ്രയോഗിച്ചതാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായത് മാർച്ച് രണ്ടിന് തന്നെ സ്കൂളിൽ ആരേയും അറിയിക്കാതെ അവളുടെ കല്യാണം നടത്തി എന്നറിഞ്ഞപ്പോൾ ആണ്.
സ്റ്റഡി ലീവിനായി സ്കൂൾ പൂട്ടുന്നത് വരെ ഫരീദ പോലും അവളുടെ കല്യാണ തീയതിയെ കുറിച്ച് അറിഞ്ഞിരുന്നില്ല.

പിന്നീട് ഒരിക്കൽ ബസ്റ്റാൻഡിൽ വച്ച് അവളെ കണ്ടപ്പോൾ നവവധുവായി ആഭരണങ്ങളും തിളങ്ങുന്ന ചുരിദാറും ഒക്കെ ഇട്ട് ചിരിച്ചു കൊണ്ട് അവൾ ഓടി വന്നു. പരീക്ഷ എഴുതാൻ പറ്റാത്തതിന്റെ വിഷമം പറഞ്ഞു.അടുത്ത വർഷത്തോട് കൂടി ഞാനും ആ സ്കൂൾ വിട്ടു. പിന്നെ വർഷങ്ങൾക്കു ശേഷം എം എസ് ഡബ്ല്യൂ കോഴ്സിന്റെ ഭാഗമായി ഇന്റേൺഷിപ്പ് ചെയ്യാൻ ഫാമിലി കോർട്ടിൽ ചെന്നപ്പോഴാണ് പിന്നെ ഞാൻ ഫരീദയെ കാണുന്നത്. കയ്യിൽ ഒരു പൊടി കുഞ്ഞും ഒരു കൈയിൽ കഷ്ടി മൂന്ന് നാല് വയസ്സ് തോന്നിക്കുന്ന ഒരു മോനും.വെളുത്തുതുടുത്ത കവിളുകൾ എന്നെന്നേക്കുമായി മാഞ്ഞു പോയതു പോലെ. മിസ്സേ എന്നവൾ വിളിച്ചപ്പോൾ എനിക്ക് സത്യമായിട്ടും മനസ്സിലായില്ല.നിഷ്കളങ്കമായി ചിരിച്ചിരുന്ന അവളുടെ ചുണ്ടുകൾ നീര് വറ്റിയിരുന്നു.
ജീവനാംശം കേസുമായി വന്നതാണ്. ഭർത്താവ് മൊഴി ചൊല്ലി. ഈ രണ്ടു കുഞ്ഞുങ്ങളുണ്ട്. ഉപ്പാക്ക് അറ്റാക്ക് വന്നതിനുശേഷം ജോലിക്ക് പോകാൻ പറ്റില്ല. ഉമ്മ നിത്യരോഗി ആണ്.താഴെയുള്ള രണ്ട് അനിയത്തിമാരുടെ കല്യാണം കഴിഞ്ഞു. കുഞ്ഞുങ്ങളെ വളർത്താൻ എന്ത് ചെയ്യണം എന്ന് അറിയില്ല മിസ്സ് എന്ന ദയനീയമായി അവളെന്നോട് പറഞ്ഞു.

അന്ന് ആ പരീക്ഷ എഴുതാൻ സമ്മതിച്ചിരുന്നെങ്കിൽ എനിക്ക് പ്ലസ് ടു യോഗ്യത യെങ്കിലും ഉണ്ടാകുമായിരുന്നു. എന്തെങ്കിലും ഒരു ജോലിക്ക് ശ്രമിക്കാമായിരുന്നു. ഇപ്പോ വല്ലവരും തരുന്ന നക്കാപിച്ചയിലാണ് ഞങ്ങളുടെ ജീവിതം.അയാളുടെ മുഖത്ത് നോക്കാൻ പോലും ഇഷ്ടമല്ലെങ്കിലും ജീവനാംശത്തിന് വേണ്ടി കേസ് കൊടുത്തത് പോലും അതുകൊണ്ടാണ്… നാലുവർഷം മുൻപ് ഞാൻ കണ്ട 16കാരി അല്ല അന്ന് എന്റെ മുന്നിലിരുന്ന് സംസാരിച്ചത്, 20 വയസ്സിൽ ജീവിതം തന്നെ മടുത്തു പോയ ഒരു സ്ത്രീയാണ്സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചും 18 വയസ്സിൽ കല്യാണം കഴിക്കാൻ പറ്റാതെ പെൺകുട്ടികളെല്ലാം മുട്ടി നിൽക്കുകയാണ് എന്ന രീതിയിലും ഒക്കെ ഉള്ള കുറെ പോസ്റ്റുകൾ കണ്ടു. ഫരീദയുടെ മുഖം മനസ്സിൽ ഉള്ളടത്തോളം കാലം നിങ്ങളൊക്കെ പറയുന്നതിന് മനസിലെങ്കിലും ഞാൻ കാർക്കിച്ചു തുപ്പുകയാണ്.