വിവാഹ ശേഷം പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് പൂട്ട് വീഴുമെന്ന പല്ലവി സ്ഥിരമാണ്. എന്നാൽ ആ ചിന്തയെ പൊളിച്ചടുക്കി, പെണ്കുട്ടികളേ നിങ്ങൾ ധൈര്യമായി സ്വപ്നം കാണ’ എന്ന് ഉറക്കെ പറയുകയാണ് ഇക്കുറി മിസിസ് ഇന്ത്യ ഐക്കൺ സൗന്ദര്യ മത്സരത്തിലെ വിജയിയായ അനുപ . അനുപയുടെ വിജയത്തിന് തിളക്കം കുറച്ചു ഏറെയാണ്. ശരീരഭാരം കൂടിയതിന്റെ പേരിൽ സ്കൂളിലും കോളേജിലും നിരവധി കയ്പേറിയ അനുഭവങ്ങൾ സമ്മാനിച്ച ഓർമകളുടെ മുറിവ് കഠിനാധ്വാനത്തിലൂടെ മാറ്റിയെടുത്താണ് ഈ വിജയം കൊയ്തത്. വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ, ചിട്ടയായ വ്യായാമത്തിലൂടെ 10 കിലോ ഭാരമാണ് അനുപ കുറച്ചത്. 2021 വർഷത്തെ മിസിസ് കേരള മത്സരത്തിൽ മൂന്നാം റണ്ണർ അപ്പ് ആവുകയും ചെയ്തു. ഒരു മാസത്തിനിടെ രണ്ട് ടൈറ്റിലുകൾ, മോഡലിംഗ് രംഗത്തു തന്റേതായ ഇടം, ഒപ്പം വിജയിയായ ഒരു സംരംഭക. അനുപയുടെ കഠിനാധ്വാനത്തിന്റെ കഥയ്ക്ക് മധുരം ഏറെയാണ്. കാസർഗോഡാണ് സ്വദേശമെങ്കിലും കൊച്ചിയിൽ ജീവിതം പടുത്തുയർത്തിയ ഇന്റീരിയർ ഡിസൈനറും ഓൺലൈൻ ബുട്ടീക്ക് ഉടമയുമായ അനുപയുടെ വിശേഷങ്ങളിലേക്ക്.
മോഡലിംഗ് രംഗത്തേക്ക് എത്തിയത് പണ്ടുതൊട്ടേ അഭിനയം മോഡലിംഗ് തുടങ്ങിയ കാര്യങ്ങൾ ഇഷ്ടമായിരുന്നു, കാസ്റ്റിങ് കോൾ ഒക്കെ കാണുമ്പോൾ ശ്രദ്ധിക്കുമായിരുന്നു. ഈ ഫീൽഡുമായി അധികം ബന്ധമില്ലാത്ത ഒരു നാടാണ് എന്റേത്. അതുകൊണ്ടുതന്നെ ഒരു തുടക്കം കിട്ടുക എന്നത് ശ്രമകരമായിരുന്നു. രണ്ടര വര്ഷം മുൻപാണ് മോഡലിംഗിലും ഫാഷൻ ഷോകളിലുമൊക്കെ പങ്കെടുക്കാൻ തുടങ്ങിയത്.”
ശരീരഭാരം നൽകിയ പ്രതിസന്ധികൾ ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ 60 കിലോ ആയിരുന്നു ശരീരഭാരം. തഞ്ചാവൂർ പാവ എന്നൊക്കെ വിളിച്ചു കൂടെ പഠിക്കുന്ന കുട്ടികൾ കളിയാക്കിയിരുന്നു. ബോഡി ഷേമിങ് അനുഭവങ്ങൾ നിരവധിയാണ്. മാനസികമായി വളരെയധികം തളർന്നിട്ടുണ്ട്. ബിടെക് കഴിഞ്ഞു കൊച്ചിയിൽ ജോലിക്ക് എത്തിയ സമയത്താണ് ഭാരം കുറയ്ക്കണമെന്ന് തോന്നി വർക്ക്ഔട് തുടങ്ങിയത്. മെലിഞ്ഞപ്പോൾ കിട്ടിയ കോൺഫിഡൻസ് വളരെയധികമാണ്. ബോഡി ഷേമിങ് ഒഴിവായതിനെക്കാളുപരി ആത്മവിശ്വാസം നന്നായി വർധിച്ചു. ഉള്ളിലുണ്ടായിരുന്ന ആഗ്രഹങ്ങൾക്ക് വേണ്ടി ശ്രമിക്കണമെന്ന് തോന്നലുണ്ടായി. ആ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് മോഡലിങ്ങിലേക്ക് ഇറങ്ങിയത്.”
സ്വപ്നങ്ങളെ കളയാക്കിയവർ ഏറെയാണ് ഒത്തിരി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട് കുടുംബത്തിൽനിന്നും സുഹൃത്തുക്കളില് നിന്നും നാട്ടുകാരിൽ നിന്നും ഒക്കെയായി. കാസർഗോഡ് റൂറൽ ഏരിയ ആയതുകൊണ്ട് ഈ ഫീൽഡിലേക്ക് ഇറങ്ങുന്നു എന്നത് തുറന്ന മനസോടെ അല്ല പലരും സ്വീകരിച്ചത്. ഫാഷൻ ഷോ അല്ലെങ്കിൽ സൗന്ദര്യ മത്സരം എന്നത് എന്താണെന്ന് ഉൾക്കൊള്ളാൻ തയ്യാറായിരുന്നില്ല. ഫാഷൻ ഷോ എന്ന് പറഞ്ഞാൽ ബിക്കിനിയിട്ടു പോവുക എന്നതായിരുന്നു ചിന്ത. നീയൊന്നും ആവാൻ പോകുന്നില്ല, കുറച്ചുനാൾ കഴിയുമ്പോ ഇതൊക്കെ തീരും എന്ന രീതിയിലെ വാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. അതിനൊപ്പം അത്ര വികസിച്ചിട്ടില്ലാത്ത പ്രദേശമായതിനാൽ മത്സരത്തിനിടാൻ ഒരു ഹീൽ ചെരിപ്പ് പോലും വാങ്ങാൻ കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ഒരു ഫാഷൻ ഷോയ്ക്ക് പോകുമ്പോൾ വേണ്ട ഒരുക്കങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയിലൂടെ പോകേണ്ടി വന്നു പലപ്പോഴും. ”
മോഡലിങ്ങിൽ തിളങ്ങി വിജയകിരീടത്തിലേക്ക്ലൈഫ്സ്റ്റൈൽ ടോപ്പ് ഐക്കൺ ആണ് ആദ്യത്തെ ഷോ. ആ മത്സരത്തിൽ അവസാന അഞ്ചുപേരിൽ അനുപ എത്തി. പിന്നീട് ലുലു ബ്യൂട്ടി ഫെസ്റ്റിൽ ഫൈനലിസ്റ്റ് ആയി. 2020ൽ നടന്ന മിസിസ് വിമൻ ഓഫ് ദ ഇയർ മത്സരത്തിൽ ടൈറ്റിൽ വിന്നർ. ശേഷമാണ് ഈ വർഷം മിസ്സിസ് കേരളയിലേക്ക് എത്തുന്നത്. തേഡ് റണ്ണർ അപ്പായി. ഒരുമാസം പോലും കഴിയുന്നതിനു മുൻപ് മിസിസ് ഇന്ത്യൻ ഐക്കൺ ടൈറ്റിൽ വിന്നർ ആയി.
കോവിഡ് തുടങ്ങിയതിൽ പിന്നെ മത്സരങ്ങളും മറ്റും നിന്ന് പോയിരുന്നു. ഒരു വർഷത്തോളം ഷോസ് ഒന്നും ചെയ്യാതിരുന്നു വീണ്ടും ഭാരം കൂടി. മിസിസ് കേരള ഡേറ്റ് വന്നതിനു ശേഷം വിശ്രമമില്ലാതെ വർക്ഔട്ട് ചെയ്താണ് 70 കിലോയെത്തിയ ഭാരം വീണ്ടും കുറച്ചത്. രാവിലെ വർക്ഔട് ചെയ്തതിനു ശേഷം വൈകിട്ട് വരെ നീളുന്ന ഓൺലൈൻ ഗ്രൂമിങ്ങിൽ പങ്കെടുക്കും. പിന്നീട് ജിമ്മിൽ ട്രെയ്നറുടെ മേൽനോട്ടത്തിലുള്ള വർക്ക് ഔട്ട്. വീണ്ടും ഓൺലൈൻ ഗ്രൂമിങ്. രാത്രികളിൽ ബാക്കി തയ്യാറെടുപ്പുകൾ. അങ്ങനെ ഒരുനിമിഷം പോലും പാഴാക്കാതെ നടത്തിയ തയ്യാറെടുപ്പുകളാണ് ഈ വിജയങ്ങൾ നേടിത്തന്നത്.42 പേർ പങ്കെടുത്ത ഫൈനൽ മത്സരത്തിൽ മൂന്നാം റണ്ണർ അപ്പ് ആകാൻ കഴിഞ്ഞു. ഒരാഴ്ച പോലും കഴിയുന്നതിന് മുൻപായിരുന്നു മിസിസ് ഇന്ത്യൻ ഐക്കൺ മത്സരം. അതിൽ ടൈറ്റിൽ നേടാൻ കഴിഞ്ഞു. ഒരു നിമിഷം പോലും ഇതെന്റെ ഭാഗ്യമായി ഞാൻ കണ്ടിട്ടില്ല. അതുപോലെ പരിശ്രമിച്ചിട്ടുണ്ട്, രാപകൽ വ്യത്യാസമില്ലാതെ.”
കൂട്ടായി കുടുംബംഅമ്മ കോഓപ്പറേറ്റിവ് ബാങ്ക് മാനേജർ, അച്ഛൻ ഡ്രൈവർ. തുടക്കത്തിൽ ആരുടേയും പിന്തുണ ഇല്ലായിരുന്നു. മോഡലിംഗ് രംഗം എന്നത് തന്നെ അവർക്ക് അപ്രതീക്ഷിതമായിരുന്നു. ഈയൊരു രംഗത്ത് എന്താണ് ഭാവി എന്നെല്ലാം ഉത്കണ്ഠ ഉണ്ടായിരുന്നു. എന്നാൽ എന്റെ തീവ്രമായ ആഗ്രഹം മനസിലായപ്പോൾ എന്നേക്കാൾ കൂടുതൽ അച്ഛനും അമ്മയും ചേച്ചിയും എന്റെ സ്വപ്നങ്ങൾക്ക് വേണ്ടി നില്ക്കാൻ തുടങ്ങി. ഒരിക്കലും പിൻവാങ്ങരുതെന്നും മുന്നോട്ട് പോകണമെന്നും വിജയങ്ങൾ നേടണമെന്നും പറഞ്ഞു പിന്തുണ നൽകി. വിവാഹശേഷം ഇപ്പോൾ ഭർത്താവ് അനീഷിന്റെ വീടും കട്ട സപ്പോർട്ടായി കൂടെയുണ്ട്.”
സ്കൂൾ കാലത്തേ കലാരംഗത്ത് സജീവംസ്കൂൾ, കോളേജിലൊക്കെ പഠിക്കുമ്പോൾ കലാപരിപാടികളിൽ സ്ഥിരമായി പങ്കെടുക്കുമായിരുന്നു.പഠിത്തത്തിലും ഒരിക്കലും പിന്നിൽ ആയിരുന്നില്ല. സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കുസാറ്റ് യൂണിവേഴ്സിറ്റി ടീമിൽ പോയിട്ടുണ്ട്. ബിടെക് സിവിൽ എൻജിനീയറിങ് ആയിരുന്നു പഠിച്ചത് പക്ഷെ താല്പര്യം ഇല്ലാതെയാണ് കോഴ്സിന് ചേർന്നത്. ക്രിയേറ്റിവ് ആയി എന്തെങ്കിലും ചെയ്യാൻ ചിന്തയാണ് ഇന്റീരിയർ ഡിസൈനിങ്ങിലേക്ക് എത്തിച്ചത്. തുടർന്നാണ് ഓൺലൈൻ സാരി ബുട്ടീക് എന്ന സംരംഭം തുടങ്ങുന്നത്.”
വിവാഹശേഷം ഉയരങ്ങളിലേക്ക് പറന്ന് പറന്ന്കൊച്ചി സ്വദേശി അനീഷാണ് അനുപയുടെ ഭർത്താവ്. സ്മാർട് പിക്സ് ഓൺലൈൻ മീഡിയ മാനേജിങ് പാർട്ണറാണ് അനീഷ്. “വിവാഹത്തിന് ശേഷം എന്റെ കഴിവും സ്വപ്നങ്ങളും ഏറ്റവുമധികം തിരിച്ചറിഞ്ഞിട്ടുള്ളത് അദ്ദേഹമാണ്. ആ ഒരു പിന്തുണ നൽകിയ ശക്തി ചെറുതല്ല. എന്തിനും ഒപ്പം തന്നെയുണ്ട്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ വീട്ടുകാരും. അച്ഛനും അമ്മയും അനുജത്തിയും എല്ലാ പിന്തുണയും നൽകുന്നുണ്ട്. വീട്ടു ജോലികൾ ചെയ്യാൻ ചെല്ലുമ്പോൾ അത് വേണ്ട മത്സരത്തിന് വേണ്ട പ്രിപറേഷൻ ചെയ്യൂ എന്ന് പറഞ്ഞു വിടുന്നത് അമ്മയാണ്. അങ്ങനെ എന്റെ സ്വപ്നങ്ങൾ ഇപ്പോൾ അവരുടെ സ്വപ്നങ്ങൾ കൂടെയായി മാറി. അപ്പോൾ വീണ്ടും വീണ്ടും അതിനായി പരിശ്രമിക്കാൻ ഊർജം ലഭിക്കുകയാണ്.”
സ്വപ്നങ്ങൾ വേണ്ടന്ന് വച്ചവരോട് പറയാനുള്ളത്ഒരുപാട് പെൺകുട്ടികൾ മെസേജ് അയക്കാറുണ്ട്, ഈ ഫീൽഡിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്നവർ. വീട്ടുകാർ സമ്മതിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. മോഡലിംഗ് രംഗത്ത് പെൺകുട്ടികൾ എത്ര സുരക്ഷിതരാണ് എന്നതാണ് ഇവരുടെ ഏറ്റവും വലിയ പേടി. എനിക്ക് പറയാനുള്ളത് ആ കുട്ടികളോട് അല്ല, അവരുടെ മാതാപിതാക്കളോടാണ്. ഏതൊരു പ്രൊഫഷനിൽ പോയാലും അവിടെ ഒറ്റയ്ക്കാണ് ജോലി ചെയ്യേണ്ടത്; എന്നാൽ മോഡലിംഗ് അങ്ങനെയല്ല. നമുക്ക് കൂട്ടായി കുടുംബത്തിന് എതാൻ കഴിയും എന്നൊരു പ്രത്യേകത അതിനുണ്ട്. ഏറ്റവും സുരക്ഷിതമായ മേഖലയാണ് ഇത്.
അതുപോലെ കല്യാണം എല്ലാത്തിന്റെയും അവസാനമല്ല. നമ്മുടെ ജീവിതത്തിലെ ഒരു ലക്ഷ്യമായി വിവാഹത്തെ കാണരുത്. സാധാരണ നടന്നുപ്പോകുന്ന ഒരു കാര്യം മാത്രമാണ്. അത് നടന്നു എന്നു കരുതി ഒരിക്കലും നമ്മൾ നമ്മളല്ലാതായി മാറരുത്. നമ്മളുടെ സ്വപ്നങ്ങൾ വേണ്ടന്ന് വയ്ക്കരുത്.”
സ്വപ്നങ്ങൾക്ക് വേണ്ടി ഒരു വിട്ടുവീഴ്ചയുമില്ലഒരു സ്വപ്നം ഉള്ളിൽ മൊട്ടിട്ടാൽ പിന്നെ അത് നേടിയെടുക്കാതെ ഉറക്കം വരില്ല. എനിക്ക് പറ്റില്ല എന്ന് സ്വന്തമായി തോന്നുന്ന കാര്യങ്ങൾ എങ്ങനെ ചെയ്തെടുക്കാം എന്നാണ് ഞാൻ ചിന്തിക്കുക. അത് ചെയ്തെടുക്കുന്ന വരെ വിശ്രമമില്ല.വിവാഹം കഴിഞ്ഞതിനു ശേഷം സ്വപ്നങ്ങൾ മാറ്റിവച്ചു വീട്ടുകാര്യമ് മാത്രം നോക്കി ഒടുങ്ങി പോകുന്ന സ്ത്രീകൾക്ക്ക് ഒരു പ്രചോദനം ആകണം എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. സൗന്ദര്യമത്സരത്തിലേക്ക് ഇറങ്ങണമെന്നല്ല, സ്വപ്നങ്ങൾ അത് വലുതോ ചെറുതോ ആകട്ടെ, അവർ അത് മാറ്റിവച്ചിട്ടുണ്ടെങ്കിൽ അതിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാനും അത് നേടിയെടുക്കണമെന്നു വീണ്ടും ആഗ്രഹം തോന്നിപ്പിക്കാനും എനിക്ക് കഴിഞ്ഞാൽ അതാണ് എന്റെ ജീവിതം കൊണ്ട് ഞാൻ നേടിയെടുത്ത ഏറ്റവും വലിയ വിജയം.”