സഹോദരിയുടെ വിവാഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വം എന്ന് ആണ്മക്കളെ പറഞ്ഞ് പഠിപ്പിക്കുന്ന സമൂഹം ആണ് ഇതിനു കാരണം

EDITOR

ജേർണലിസ്റ്റ് അനഘ ജയൻ എഴുതുന്നു .രാവിലെ ഏറെ സങ്കടത്തോടെ പത്രത്തിൽ വായിച്ച വാർത്ത ആണിത്. ഇന്നും സഹോദരിയെ വിവാഹം കഴിപ്പിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വം എന്ന് ആണ്മക്കളെ പറഞ്ഞ് പഠിപ്പിക്കുന്ന കുടുംബങ്ങളും അങ്ങനെ സ്വയം വിശ്വസിക്കുന്ന യുവാക്കളും ഉണ്ട് എന്നത് തീർത്തും നിർഭാഗ്യകരമാണ്. വെറും 25 വയസ്സ്‌ മാത്രമുള്ള, ജീവിതം ആസ്വദിച്ച് തുടങ്ങിയിട്ടില്ലാത്ത യുവാവ്.. പാട്രിയാർക്കി ഈ നാട്ടിലെ ആണുങ്ങളോട് ചെയ്യുന്ന ക്രൂരത എന്തെന്ന് അവർ പോലും തിരിച്ചറിയുന്നില്ലല്ലോ.. ഈ ‘പെങ്ങൾ’ പ്രായപൂർത്തി ആയ ഒരു പൗരൻ ആണ്. അച്ഛൻ നു ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം സഹോദരനോടൊപ്പം പങ്കിടേണ്ട ആൾ.

കേരളത്തിലെ അവസ്ഥ വച്ച് പ്രാഥമിക വിദ്യാഭ്യാസം എങ്കിലും നേടിയിട്ടുണ്ടാവും എന്ന് തീർച്ച. പിന്നെ അവർ എങ്ങനെ ആങ്ങളയുടെ ‘ബാധ്യത’ ആയി? സ്വയം സമ്പാദിച്ച് കുടുംബം നോക്കി ഇഷ്ടപ്പെട്ട ആളോടൊപ്പം ഇഷ്ടമുള്ളപ്പോൾ ഒരു ജീവിതം തുടങ്ങാൻ അവർക്ക് എന്താണ് തടസ്സം? നിയമപരമായി തടസ്സം ഉണ്ടോ? ഇല്ല. വിദ്യാഭ്യാസപരമായി ഉണ്ടോ? അതുമില്ല. പിന്നെയോ? “അയ്യോ, ആണൊരുത്തൻ കൂടപ്പിറപ്പ് ആയി ഉള്ളപ്പോൾ പെണ്ണുങ്ങൾ അധ്വാനിച്ച് സ്വന്തം കല്യാണം നടത്തുകയോ?! പ്രായം ആയാൽ അന്യവീട്ടിലേക്ക് കെട്ടിക്കേറി പോവാതെ സ്വന്തം വീട് പുലർത്തുകയോ?! ഞാൻ ജീവനോടെ ഉള്ളപ്പോൾ എന്റെ അമ്മയേം പെങ്ങളേം പണിക്ക് വിടില്ല” ഇങ്ങനെ നൂറ് ചോദ്യങ്ങളും ചിന്തകളും ആണ് തടസ്സം. പെങ്ങളുടെ വിവാഹം നടത്തിയില്ലെങ്കിൽ താൻ കൊള്ളാരുതാത്തവൻ ആകും എന്ന മിഥ്യാധാരണ ആ ചെറുപ്പക്കാരന്റെ ഉള്ളിൽ കുത്തിവച്ചത് ഈ സമൂഹം തന്നെയാണ്.

ഇനിയെങ്കിലും എന്റെ പൊന്ന് പുരുഷന്മാരെ, മാതാപിതാക്കളെ, ബന്ധുക്കളെ, ന്യായം പറയുന്ന നാട്ടുകാരെ – നിങ്ങൾ കുടുംബത്തിലെ സ്ത്രീകളെ നിങ്ങളുടെ ബാധ്യതയോ ഉത്തരവാദിത്വമോ ആയി കാണാതിരിക്കൂ! അവർ നിങ്ങളെ പോലെ വിദ്യാഭ്യാസം നേടിയ മനുഷ്യർ മാത്രമാണ്. അവരുടെ ജീവിതം, വിവാഹം, ചെലവ് എന്നിവ അവർ സ്വയം ജോലിയെടുത്ത് നോക്കട്ടെ. കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ – കറന്റ് ബിൽ മുതൽ വീടിന്റെ ലോൺ വരെ – വീട്ടിലെ സ്ത്രീകളുമായും പങ്കിടുക. അല്ലാതെ അവരെ ആശ്രിതർ ആയി കണ്ട് കഴുതയെ പോലെ കുടുംബഭാരം മുഴുവൻ ഒറ്റയ്ക്ക് ചുമന്ന് കഷ്ടപ്പെടേണ്ട കാര്യം പുരുഷന്മാർക്ക് ഇല്ല.

നമ്മുടെ നാട്ടിലെ സ്ത്രീകൾ train ചെയ്യപ്പെട്ടിരിക്കുന്നത് തന്നെ ഗൃഹഭരണം നടത്താൻ വേണ്ടിയാണ്. ഇനി അധ്വാനിക്കുന്ന സ്ത്രീകളിൽ പലരും എല്ലാ ചെലവും പങ്കിടുമ്പോഴും പുരുഷന്റെ നിഴൽ ആയി നിൽക്കാൻ താത്പര്യപ്പെടുന്നുമുണ്ട്. ‘വീടിന്റെ നാഥൻ’ എന്ന ഇമേജ് വല്ലാത്ത ബാധ്യത തന്നെയാണ്. അങ്ങനെ ഒരു നാഥന്റെ ആവശ്യം വീടിന് ഇല്ല. Participative development ആണ് കുടുംബത്തിന് ആവശ്യം. ലിംഗസമത്വത്തിന്റെ ആദ്യപടിയാണ് അത്.ആകെ ശ്രദ്ധിക്കേണ്ടത് ഇത്ര മാത്രം: വീട്ടിലെ സ്ത്രീകൾ പുരുഷന്മാരെ പോലെ അധ്വാനിച്ച് കുടുംബം നോക്കുകയും സ്വന്തം വിവാഹം സ്വയം തീരുമാനിച്ച് നടത്തുകയും മറ്റും ചെയ്യുമ്പോൾ ഓഞ്ഞ സദാചാരവും പറഞ്ഞ് അവരുടെ മെക്കട്ട് കയറാതിരിക്കുക. കൂടാതെ അവർ വീട്ടിൽ ഒതുങ്ങി കഴിഞ്ഞിരുന്നപ്പോൾ ചെയ്തിരുന്ന വീട്ടുജോലികൾ മുഴുവൻ എല്ലാവരും ചേർന്ന് പങ്കിട്ട് ചെയ്യുക.ഇനിയും ഇതുപോലെ ‘കുടുംബ ബാധ്യതകൾ’ മുഴുവൻ തലയിൽ ഇട്ടുകൊടുത്ത് ആൺകുട്ടികളുടെ മനസമാധാനവും ജീവിതവും നശിപ്പിക്കാതിരിക്കുക. എല്ലാ ലിംഗവിഭാഗങ്ങളും ഒരുപോലെ thrive ചെയ്യുന്ന ഒരു സമൂഹത്തിലേ social security എല്ലാ അർത്ഥത്തിലും സാധ്യമാകൂ.

കടപ്പാട് : അനഘ ജയൻ