ട്യൂഷൻ ഇഷ്ടമില്ല പോകില്ല കുട്ടികൾ അമ്മയോട് വാശിപിടിച്ചു കരഞ്ഞു അമ്മ കേട്ടില്ല ശേഷം കുട്ടികൾ ചെയ്തത് മാതാപിതാക്കൾ ശ്രദ്ധിക്കുക

EDITOR

ട്യൂഷൻ ഞങ്ങൾക്ക് ഇഷ്ടമില്ല ഞങ്ങൾ ട്യൂഷന് പോകുകയില്ല.ഇരട്ടക്കുട്ടികളായ സഹോദരങ്ങൾ അമ്മയോട് വാശിപിടിച്ചു കരഞ്ഞു. അമ്മ അവരെ വഴക്കുപറഞ്ഞു.നിർബന്ധിച്ച് ട്യൂഷന് പറഞ്ഞയച്ചു.വൈകീട്ട് നാലു മണിക്ക് ട്യൂഷന് എത്തേണ്ട കുട്ടികൾ എത്തിയില്ലെന്നു പറഞ്ഞ് ട്യൂഷൻ ടീച്ചർ അമ്മയെ വിളിച്ചു.അപ്പോൾ സമയം 5 മണിയായിട്ടുണ്ടാകും.അവർ ഇവിടെനിന്നും ട്യൂഷന് പോയതാണല്ലോ അവർ ഇതുവരേയും അവിടെ എത്തിയില്ലേ ?അമ്മയുടെ കൈയിൽ നിന്നും ഫോൺ നിലത്തുവീണു. എന്തുചെയ്യണമെന്നറിയാതെ ആകെ പരിഭ്രാന്തിയിലായി.കുട്ടികളെ അന്വേഷിച്ച് അവർ വീടിനു പുറത്തേക്കിറങ്ങി.ട്യൂഷൻ ടീച്ചറുടെ വീട് വരെ പോയി നോക്കി. പക്ഷേ, കുട്ടികളെ കണ്ടില്ല.അവർ ഉടനെ നെടുപുഴ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു.കുട്ടികളെ കാണാനില്ലെന്ന അറിയിപ്പ് ലഭിച്ചപ്പോൾ സംഭവത്തിന്റെ ഗൌരവം മനസ്സിലാക്കി, സബ് ഇൻസ്പെക്ടർമാരായ എം.വി. പൌലോസ്, അനിൽ കെ.ജി അസി. സബ് ഇൻസ്പെക്ടർ കെ.എസ്. സുനിൽകുമാർ സിവിൽ പോലീസ് ഓഫീസർ പി. പ്രിയൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു വാഹനങ്ങളിലായി പലയിടത്തും അന്വേഷിച്ചു.

ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം വയർലെസ് മുഖാന്തിരം കൈമാറി. നിമിഷനേരങ്ങൾക്കുള്ളിൽ സമീപത്തെ ബസ് സ്റ്റാൻഡുകളിലും ഓട്ടോറിക്ഷാ സ്റ്റാൻഡുകളിലേക്കും സന്ദേശങ്ങൾ എത്തി. അങ്ങിനെ എല്ലാവരും കുട്ടികളെ അന്വേഷിക്കാൻ പോലീസിനൊപ്പം ചേർന്നു, പോകാനിടയുള്ള എല്ലായിടത്തും അന്വേഷിച്ചു.പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ച്, കേവലം ഇരുപത് മിനിറ്റുകൾക്കുള്ളിൽ തന്നെ ഒരു ഉൾപ്രദേശത്തെ റോഡിൽ പരിഭ്രമിച്ച് നിൽക്കുകയായിരുന്ന കുട്ടികളെ പോലീസ് കണ്ടെത്തി.കുട്ടികളെ സമാധാനപ്പെടുത്തി, കൂടെക്കൂട്ടി പോലീസുദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിൽ മടങ്ങിയെത്തി. അവരോട് കുശലാന്വേഷണങ്ങൾ പറഞ്ഞ്, മിഠായിയും വാങ്ങി നൽകി അമ്മയോടൊപ്പം പറഞ്ഞയച്ചു.പ്രിയപ്പെട്ട കുട്ടികളേ, നിങ്ങൾക്ക് എന്തുപ്രശ്നങ്ങൾ ഉണ്ടെങ്കിലും കേരളാ പോലീസിനെ വിളിക്കാം.ഈ ഫോൺ നമ്പർ സൂക്ഷിച്ചുവെച്ചോളൂ: 9497900200

ഇനി പറയാനുള്ളത് രക്ഷിതാക്കളോടാണ്.കുട്ടികളുടെ മാനസിക അസ്വസ്ഥതകൾക്ക് പ്രധാന കാരണം രക്ഷിതാക്കളുടെ ഭാഗത്തുനിന്നുള്ള പെരുമാറ്റമാണ്. കുട്ടികളോടുള്ള നിരന്തര കോപം, അപക്വമാർന്ന മര്യാദ പഠിപ്പിക്കൽ എന്നിവ കുട്ടികളിൽ പ്രതികാര ചിന്തകൾ വളർത്തും. ഇത്തരം പ്രശ്നങ്ങളാണ് കുട്ടികളെ വീടുവിട്ടിറങ്ങുവാൻ പ്രേരിപ്പിക്കുന്നത്. രക്ഷിതാക്കളിൽ നിന്നും കുട്ടികൾക്ക് ആശ്വാസം ലഭിച്ചില്ലെങ്കിൽ അവർ അതു ലഭിക്കുന്നിടത്തേക്കു സഞ്ചരിക്കും. ബാല്യത്തിനും കൌമാരത്തിനും മുറിവേൽപ്പിക്കാതെ മക്കളെ ചേർത്തു നിർത്തുക. സന്തോഷത്തോടെയും സമാധാനത്തോടെയും അവരുമായി കൂടുതൽ ഇടപഴകുക.
കടപ്പാട് :തൃശൂർ സിറ്റി പോലീസ്