ദാരിദ്ര്യം കുറവ് കേരളത്തിൽ എന്ന വാർത്ത ഇത് 2015 ഉമ്മൻ ചാണ്ടി ഭരിച്ചപ്പോൾ ഉള്ള കണക്ക് കുറിപ്പ്

EDITOR

ഇന്ത്യയിൽ ഏറ്റവും കുറവ് ദാരിദ്ര്യം ഉള്ള സംസ്ഥാനം എന്ന നീതി ആയോഗിന്റെ കണക്ക് പുറത്തു വന്ന ശേഷം പല ചർച്ചകൾ ആണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത് ചിലർ പിണറായി സർക്കാരിന്റെ ഗുണം എന്ന് പറയുമ്പോൾ ചിലർ പറയുന്നു ഇത് 2015 ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഉള്ള കണക്ക് എന്ന് .എം എൽ എ ശ്രീ പിസി വിഷ്ണു നാഥ്‌ ഫേസ്ബുക്കിൽ കുറിച്ച വരികൾ ഇങ്ങനെ.

2016 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്തും മുൻപുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട നീതി ആയോഗ് പട്ടികയാണ്‌ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആ പട്ടികയെ ആണ് സി.പി.എം കേന്ദ്രങ്ങൾ നിലവിലെ സംസ്ഥാന സർക്കാരിന് ലഭിച്ച അംഗീകരമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. എന്തപഹാസ്യമാണ് ഇത്തരം ശ്രമങ്ങൾ. കണക്ക് തയ്യാറാക്കപ്പെട്ട കാലത്തെ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയാണ്. എന്നാൽ, ഈ കണക്കിലെ മികവ് അദ്ദേഹത്തിന്റെയോ അദ്ദേഹത്തിന്റെ സർക്കാരിന്റെയോ പ്രവർത്തനങ്ങളുടെ മാത്രമല്ല, കേരളത്തിലിന്നോളം ഭരിച്ച സർക്കാരുകളുടെയും വിവിധ ചരിത്രഘടകങ്ങളുടെയും ആകെത്തുകയാണ്‌. കേരളം രൂപീകരിക്കപ്പെടുന്നതിനു മുൻപ് തന്നെ ഉണ്ടായിരുന്ന തിരു-കൊച്ചി സർക്കാരുകൾ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഊന്നൽ നൽകുന്ന വികസന മാതൃകയാണ് മുന്നോട്ടു വെച്ചത്.

സി കേശവൻ, പനമ്പിള്ളി ഗോവിന്ദ മേനോൻ തുടങ്ങിയ ഭരണകർത്താക്കളുടെ മികവ് അതിനു പിറകിലുണ്ട്. 1956 ൽ ഭാഷാടിസ്ഥാനത്തിൽ കേരളം രൂപപ്പെട്ടതിനു ശേഷം കൂടുതൽ കാലം ഭരണത്തിന്റെ ചുമതലയിലിരുന്നത് കോൺഗ്രസ്‌ നേതൃത്വത്തിലിരുന്നതോ പങ്കാളിത്തമുള്ളതോ ആയ സർക്കാരുകളാണ്. ആർ. ശങ്കറിനെപ്പോലെ സാമൂഹ്യക്ഷേമ പെൻഷനുകൾ ആദ്യമായി കൊണ്ടുവന്ന വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ സർക്കാരിന്റെ തലപ്പത്തിരുന്നു സ്ഥാപിച്ച കർമ്മയോഗിയുടെ അധ്വാനത്തിന്റെ ഫലമുണ്ട്. സംസ്ഥാന ചരിത്രത്തിലെ മികച്ച സർക്കാരുകളിൽ ഒന്നായ സി അച്യുതമേനോന്റെ നേതൃത്വത്തത്തിലുള്ള ഐക്യജനാധിപത്യ മുന്നണി സർക്കാരിന്റെ ഭാവനാപൂർണമായ ആസൂത്രണത്തിന് ഈ കണക്കിൽ പങ്കുണ്ട്. വലിയ സ്വപ്നങ്ങളിലേക്ക് കേരളത്തെ പിടിച്ചുയർത്തിയ കരുണാകരന്റെയും .

ആന്റണിയുടെയും കരുതലും വികസനവും ചേർത്ത ഉമ്മൻ ചാണ്ടിയുടെയും സർക്കാരുകൾക്ക് ഈ കണക്കിൽ പങ്കുണ്ട്. തീർച്ചയായും സിപിഎം പങ്കാളിത്തമുള്ള സർക്കാരുകക്ക് കൂടി അവകാശപ്പെടാവുന്ന കണക്കുകളാണ്. എന്നാൽ, അവരുടെ മാത്രം സംഭാവനയല്ല ഇതെന്നു ഓർമ്മപ്പെടുത്തേണ്ട വിധത്തിലുള്ള പ്രചാരണങ്ങൾ ആരംഭിച്ചതിനാലാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. ജനാധിപത്യ സർക്കാരുകൾക്ക് മാത്രമല്ല അതിനു മുൻപ് രൂപം കൊണ്ട സാമൂഹ്യ പ്രസ്ഥാനങ്ങളും നവോത്ഥന നായകരും ക്രൈസ്തവ മിഷനറിമാരും നൽകിയ സംഭവനകൾക്ക് പങ്കുണ്ട്. കേരളത്തെ രൂപപ്പെടുത്തിയ മണ്ണിലും കടലിലും അധ്വാനിക്കുന്നവർക്കും പ്രവാസികൾക്കും പങ്കുണ്ട്. 2018 നു മുൻപ് ഒറീസയിലെ പോലെ നമ്മെ വേട്ടയാടാതിരുന്ന പ്രകൃതിക്കും ഈ ഭേദപ്പെട്ട നിലയിൽ പങ്കുണ്ട്.

അതോടൊപ്പം സാമ്പത്തികമായി സ്വയം പര്യാപ്തത നേടാൻ സാധിക്കാത്തതും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കാത്തതും അട്ടപ്പാടിയിലുൾപ്പടെയുള്ള പട്ടിണിയും ഭൂമി അപര്യാപ്തയും പോലെ നിരവധി വിഷയങ്ങളിൽ ആത്മപരിശോധന നടത്താതെ അഭിരമിക്കാനുള്ള കാരണമായി ഇതൊന്നും മാറിക്കൂടാ എന്നതും പ്രധാനമാണ്. ഇത്തരം കണക്കുകളെ ഏതെങ്കിലും കക്ഷി രാഷ്ട്രീയ സംഘടനയുടെ സ്വകാര്യ വിജയമാക്കുന്നത് സമഗ്രാധിപത്യ സംഘടനകൾക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന രാഷ്ട്രീയ അശ്ലീലമാണ്‌.

പിസി വിഷ്ണു നാഥ്‌