മോളേ നിന്നെ കെട്ടിച്ച് വിടാൻ ഉള്ളതല്ലേ അതായത് പെൺകുട്ടികൾക്ക് സ്വന്തമായി വീടില്ല അവളുടെ അമ്മക്കും വീടില്ലായിരുന്നു കുറിപ്പ്

EDITOR

സുഹൃത്തുക്കളെ നിങ്ങളുടെ വീടിൻ്റെ പ്ലാൻ നിങ്ങളുടേത് മാത്രമായിരിക്കണം. ഒന്നാമത്തെ കാര്യം സാമ്പത്തികം , പിന്നെ ആവശ്യങ്ങൾ , പിന്നെ ഭംഗി , വെളിച്ചം , കാറ്റ് വെള്ളം കഴിഞ്ഞോ ? ഇല്ല വേറെയും ഉണ്ട് ഇനി വെള്ളം എന്നാൽ ശദ്ധജല ലഭ്യത മാത്രമല്ല , വെള്ളപ്പൊക്ക സാധ്യതയും വീട് നിർമ്മാണത്തിന് വിഷയമാക്കേണ്ടിയിരിക്കുന്നു. വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്ന വെയിസ്റ്റ് വാട്ടറും ജൈവ വെയിസ്റ്റും വീട് നിർമ്മാണ ഘട്ടത്തിൽ തന്നെ പരിഗണിക്കേണ്ട വിഷയങ്ങളാണ്.അതായത് രണ്ട് വ്യക്തികളുടെ ആയുഷ്കാലത്തെ മൊത്തം ബാധിക്കുന്ന കാര്യമാണ് വീട് നിർമ്മാണം. എന്തെല്ലാം പരിഗണിക്കണം എന്നതും പരിഗണിക്കുന്നത് മൊത്തം ബഡ്ജറ്റിൽ ഒതുങ്ങണം എന്നുള്ളതും വലിയ വിഷയമാണ്. നിങ്ങളുടെ വീടിൻ്റെ കക്കൂസ് ടാങ്ക് അടുത്ത വീട്ടുകാർക്ക് പ്രശ്നമാവാതിരിക്കണം എന്ന പോലെ ഒരു പാട് സിവിൽ മാനദണ്ഡങ്ങൾ ഉണ്ട്.

പിന്നെ നിങ്ങളുടെ കക്കൂസ് ടാങ്ക് നിങ്ങളുടെ കിണറ്റിലെക്ക് പടരാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കും എന്നെങ്കിലും കരുതാമല്ലോ. കുറെയൊക്കെ മുൻസിപ്പൽ പഞ്ചായത്ത് അധികൃതർ നോക്കും എങ്കിലും അവരല്ലല്ലോ താമസിക്കുന്നതും നല്ല അയൽപക്ക ബന്ധം സൂക്ഷിച്ചൊക്കെ ജീവിക്കേണ്ടതും .വീടെടുക്കാൻ ബാങ്ക് ലോൺ കൂടാതെ 90 ശതമാനം പേർക്കും കഴിയില്ല. അല്ലെങ്കിൽ കൊല്ലങ്ങളോളം വീട് നിർമ്മാണം നീണ്ട് പോവുക മാത്രമല്ല വിചാരിച്ച ബഡ്ജറ്റ് ഇരട്ടിയോ മൂന്നിരട്ടിയോ ആയി മാറും എന്ന അവസ്ഥ വന്നാൽ കുടുംബം തന്നെ മുടിഞ്ഞുപോവാനുള്ള സ്ഥിതിയുണ്ട്.
ലോണെടുത്ത് വീടെടുക്കുമ്പോൾ 20 കൊല്ലം നീണ്ട് നിൽക്കുന്ന സാമ്പത്തിക സ്ഥിതി പരിശോധിക്കേണ്ടി വരും.20 കൊല്ലം കഴിയുമ്പോൾ വീടെടുക്കുന്ന വ്യക്തി റിട്ടയർ ആയി ജോലിയില്ലാതാകും അല്ലെങ്കിൽ ജോലി ചെയ്യാൻ കഴിയാത്ത ആളായി മാറാം. സർക്കാർ ഉദ്യോഗസ്ഥനാണെങ്കിൽ പെൻഷൻ ലഭിക്കും എന്ന ചെറിയ സമാധാനമുണ്ട്.

പക്ഷെ പെൺമക്കളുടെ കല്യാണം എല്ലാ മക്കളുടെയും വിദ്യാഭ്യാസം എന്നിവയുള്ള പണം വേറെ തന്നെ കണ്ടെത്താതെ ലോണടവും ദൈനം ദിന ചിലവും മാത്രം കണക്കിലെടുത്ത് വീട് നിർമ്മിച്ചാൽ മക്കൾക്ക് അവരാഗ്രഹിക്കുന്ന അല്ലെങ്കിൽ രക്ഷിതാക്കൾ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം നൽകാൻ കഴിയില്ല . അത് വലിയ പ്രശ്നങ്ങളിലേക്കും കുടുംബ ഛിദ്രത്തിലേക്കും പോകും. രോഗാവസ്ഥയുടെ കാര്യം ഞാൻ പറയുന്നേയില്ല. അതിനാൽ വീടെടുക്കുമ്പോൾ സമഗ്രമായ ഒരു 20 കൊല്ലത്തേക്കും അതിനപ്പുറത്തേക്കുമുള്ള സാമ്പത്തിക കണക്കെടുപ്പ് നടത്തുക. നിങ്ങളുടെ കൊക്കിൽ ഒതുങ്ങുന്നത് മാത്രം ചെയ്യുക.വീടെടുത്തത് കൊണ്ട് മാത്രം പുഞ്ചിരി മാഞ്ഞ മുഖങ്ങൾ ധാരാളം കാണുന്നത് കൊണ്ടാണ് പറയുന്നത്. അതിലൊന്ന് വീടെടുത്ത കാരണം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് കോംപ്രമൈസ് വരുന്നത് .

മോളേ നിന്നെ കെട്ടിച്ച് വിടാൻ ഉള്ളതല്ലേ ?അച്ഛന് ലോണടവും ചേട്ടനെ പഠിപ്പിക്കലും എല്ലാം കൂടി നടക്കില്ല മോളേ എന്ന ഡയലോഗ് ചിലയിടത്തൊക്കെ കേട്ടിട്ടുണ്ട്. അതായത് സത്യത്തിൽ പെൺകുട്ടികൾക്ക് സ്വന്തമായി വീടില്ല. അല്ല അവളുടെ അമ്മക്കും വീടില്ലായിരുന്നു. വീട് അച്ചൻ്റെയും ആൺമക്കളുടേതുമാണ്.
അതവിടെ നിൽക്കട്ടെ.ഗൾഫ് കാരുടെ വീട് നിർമ്മാണം ഒരു സമസ്യയാണ്. ഗൾഫിലെ ജോലി ശാശ്വതമല്ലാത്തതിനാൽ ഒരു കോടിയുടെ ഒക്കെ ബഡ്ജറ്റിൽ വീട് പണിയുന്ന ധാരാളം പ്രവാസികൾ ഉണ്ട്. അവരിൽ അത്രയും കാശ് കൈയിലുള്ളവർ കുറവായിരിക്കും. എത്രയോ അധികം പേർ ജോലി നഷ്ടപ്പെട്ട് തിരികെ വന്ന് പണിതീരാത്ത വീട് വിറ്റ് ബാധ്യത തീർക്കേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ട്. അതൊന്ന് രണ്ടാമതായി ഈ ഗൾഫ് കാർക്ക് സ്ഥലത്ത് നിന്ന് വീട് നിർമ്മാണം നേരിൽ നിയന്ത്രിച്ച് കൊണ്ട് പോവാൻ കഴിയാത്തതിനാൽ വലിയ ചൂഷണത്തിന് ഇരയാവുന്നുണ്ട്.

സ്വന്തം പിതാവ് മുതൽ പടവ് കാരൻ വരെ ഗൾഫ് കാരനെ പറ്റിക്കും. ഗൾഫുകാർ അത്തരം കഥകൾ എത്രയോ പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാൻ പറയുന്നത് ഗൾഫുകാർ വീടെടുക്കുമ്പോൾ മറ്റെല്ലാ ഫാക്ടറുകളും ശ്രദ്ധിക്കുന്ന കൂട്ടത്തിൽ ഈ ഫാക്ടറും ശ്രദ്ധിക്കണം. എന്നാൽ മകൻ ഗൾഫിൽ നിന്ന് അയച്ച് കൊടുക്കുമെന്ന് കരുതി അവൻ്റെ ഉമ്മാൻ്റെ സ്വർണ്ണം എടുത്ത് പണയം വെച്ച് മകൻ്റെ വീട് നിർമ്മാണത്തിന് ചില വിട്ട വാപ്പ മകൻ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയപ്പോൾ മേലോട്ട് നോക്കിയ ചരിത്രവും ഈ അടുത്ത സ്ഥലത്ത് ഉണ്ടായി.മറ്റൊരു കാര്യം പുതിയ വീട് ഒരു വലിയ സ്വപ്നമാണ്. എന്നാൽ വീടെടുത്ത് കഴിഞ്ഞാൽ അതൊരു ബാധ്യതയും ആണ്.
പുതിയ വീടെടുക്കുന്നവർ വൈദ്യൂതി ബില്ലും ടാക്സും (വലിയ വീടാണെങ്കിൽ ആഡംമ്പര നികുതി വരും ) അത് പോലെയുള്ള കാര്യങ്ങളും കണക്കിലെടുക്കണം.

3 ഫേസ് കണക്ഷൻ വേണ്ടി വന്നാൽ മൂന്നിരട്ടി കരണ്ട് ചാർജ് വരും. ഇപ്പോഴത്തെ വൈദ്യൂതി ചിലവ് ഇനിയും പത്ത് ശതമാനം വെച്ച് വർദ്ധിക്കും എന്ന് കണക്കാക്കണം.
എന്നാൽ വീട് ബാധ്യതയാകും എന്ന് പറഞ്ഞത് ഞാൻ മറ്റൊരു യാഥാർത്ഥ്യം , പൊതുവെ ആരും ശ്രദ്ധിക്കാത്ത യാഥാർത്ഥ്യം ചൂണ്ടി കാണിക്കാനാണ്. വീട് ആദ്യത്തെ അഞ്ച് കൊല്ലം കുടുംബത്തിൻ്റെ അഭിമാനമാണ്. എന്നാൽ അടുത്ത അഞ്ച് കൊല്ലം വീട് അച്ഛൻ്റെയാണ് ,പിന്നെ അഞ്ച് കൊല്ലം അമ്മയുടെയാണ് , പിന്നെ അഞ്ച് കൊല്ലം എല്ലാവരുടെതുമാണ് പിന്നെ മുതൽ വീട് ആരുടേതുമല്ല. വീട് പിന്നെ ഒരു ബാധ്യതയാണ്. ഒന്നാമത്തെ കാര്യം മാറി വരുന്ന സൗന്ദര്യ സങ്കൽപ്പങ്ങളിൽ ഏത് വീടും പഴഞ്ചനും ഭംഗിയില്ലാത്തതും താൽപ്പര്യക്കുറവ് ഉണ്ടാക്കുന്നതുമായി കാലാന്തരത്തിൽ മാറുന്നു. സാധാരണ നിലക്ക് ഇളയമകന് വീട് നൽകി മുത്തമക്കൾ വേറെ വീടെടുത്ത് പോകുന്നു . അംഗങ്ങൾ വർദ്ധിക്കുന്നു എന്നത് മാത്രമല്ല കല്യാണ ശേഷം ഉണ്ടാകുന്ന സ്പിരിട്ട് ഓരോ മക്കളും അവരുടെ കുടുംബവും വേറെ വീടെടുത്ത് മാറി താമസിക്കുക എന്നതാണ്. പെൺമക്കളെ കെട്ടിച്ച് ഒഴിവാക്കി വിടുകയാണല്ലോ സത്യത്തിൽ നടക്കുന്നത്.

അതായത് ലോൺ അടച്ച് തീരുമ്പോൾ വീട് ഇല്ലാതാകുന്നു , വയസ്സായ അച്ഛൻ്റെതും അമ്മയുടെതും മാത്രമായ ഒരു കീറാമുട്ടിയായി വീട് മാറുന്നു. അപ്പോഴെക്കും വീട് അറ്റകുറ്റപ്പണികൾ സ്ഥിരമായി വേണ്ടിവരുന്ന , കൊല്ലം കൊല്ലം പെയിൻ്റടി വേണ്ടിവരുന്ന , വാതിലും ജനലും എ സി യും ഫ്രിഡ്ജും വാഷിംഗ് മിഷിനും ക്ലോസറ്റും ഡ്രെയിനേജും ടൈൽസും ഒക്കെ റിപ്പയറും വാർപ്പ് ചോർച്ചയും ചുമർ വിള്ളലും ഒക്കെയായി മാറുന്ന ഒരു പരുവത്തിലായിട്ടുണ്ടാകും. അതായത് ലോണടവ് തീർന്നു , പക്ഷെ അതിൻ്റെ അത്രയൊ ഇരട്ടിയോ പണം ചിലവഴിച്ച് നന്നാക്കി നിലനിർത്തി കൊണ്ട് പോവേണ്ട ആർക്കും താൽപ്പര്യമില്ലാത്ത തള്ളി തള്ളി മുന്നോട്ട് കൊണ്ട് പോവുന്ന ഒന്നായി വീട് മാറുന്നു. പിന്നീട് സാധനം തലയിൽ വരുന്ന ഇളയവൻ ഒന്നുകിൽ ആ വീടിനോട് താൽപ്പര്യം നഷ്ടപ്പെട്ട് പൊളിച്ച് വേറെ പണിയുന്നു . കാലചക്രം വീണ്ടും ആവർത്തിക്കുന്നു. അവൻ്റെ മക്കളുടെ കാലമാവുമ്പോൾ വീണ്ടും അത് ആവർത്തിക്കുന്നു.സ്നേഹിതന്മാരേ ഞാൻ ആരും വീടെടുക്കാതെ കാട്ടിൽ പോയി പണ്ടാറടങ്ങാൻ പറയുന്നില്ല.പക്ഷെ ഒരു സോഷ്യൽ ഓഡിറ്റിംഗ് നമുക്ക് വേണ്ടതാണ്. ദൈവത്തിൻ്റെ സ്വന്തം നാട്ടിന് ദൈവത്തിൻ്റെ സ്വന്തം വീട് ?
എഴുതിയത് :ടി.പി. കുഞ്ഞാലൻകുട്ടി

ഫോട്ടോ :സാമ്പിൾ