തൊഴിലും സാമ്പത്തികവും പ്രധാനം തന്നെ. പക്ഷേ വിലപ്പെട്ട മനുഷ്യജീവന്റെ കാര്യമാകുമ്പോൾ മറ്റെന്തെങ്കിലും ചിന്തിക്കാനാകുമോ ?പറപ്പൂർ – ചാവക്കാട് റൂട്ടിൽ ബസ് സർവ്വീസ് നടത്തുന്ന ജോണീസ് (വില്ലൻ) എന്ന ബസ്സിലെ ഡ്രൈവർ ചാവക്കാട് നരിയംപുള്ളി റിബിൻ ബാലൻ, കണ്ടക്ടർ എടക്കഴിയൂർ അയ്യത്തയിൽ ഷംസീർ എന്നിവർ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണിവ.ചാവക്കാട് സ്വദേശി സുബൈദയ്ക്ക് ഇവരുടെ ബസ്സിൽ തൃശൂരിലേക്ക് യാത്രചെയ്യവേ പറപ്പൂർ എത്തിയപ്പോൾ കലശലായ നെഞ്ചുവേദന അനുഭവപ്പെട്ടു.. ഉടൻതന്നെ സഹയാത്രികർ ബസ്സ് ജീവനക്കാരെ വിവരമറിയിച്ചു. ഇതിനിടയിൽ സുബൈദ വല്ലാതെ തളർന്നു. ബസ് ഡ്രൈവറും കണ്ടക്ടറും എങ്ങിനെയെങ്കിലും സുബൈദയുടെ ജീവൻ രക്ഷിക്കണമെന്ന് തീരുമാനത്തിൽ യാത്രക്കാർ എല്ലാവരും അതുതന്നെ പറഞ്ഞു.
പിന്നീട് ഒന്നും നോക്കിയില്ല. മറ്റു സ്റ്റോപ്പുകളിൽ നിർത്താതെ ബസ് നേരെ അമല ആശുപത്രിയിലെത്തിച്ചു. ഒട്ടും സമയം പാഴാക്കാതെ ആശുപത്രയിൽ എത്തിച്ചതിനാൽ അവരെ മരണത്തിൽ നിന്നും രക്ഷിക്കാനായി.
ബസ്സിന്റെ ട്രിപ്പ് മുടങ്ങുകയും തങ്ങളുടെ വേതനം നഷ്ടപ്പെടുകയും ചെയ്തു. എന്നിരുന്നാലും ഇവർ മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതുകൊണ്ട്, അമൂല്യമായ ഒരു മനുഷ്യജീവനാണ് രക്ഷിക്കാനായത്.റോഡിൽ മത്സരഓട്ടം നടത്തുന്നവർക്ക് കണ്ടു പഠിക്കേണ്ട മാതൃകാപരമായ പ്രവൃത്തിയാണ് ഡ്രൈവർ റിബിൻ ബാലന്റേയും, കണ്ടക്ടർ ഷംസീറിന്റേയും ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
അത്യാസന്നഘട്ടത്തിലായ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച റിബിൻ ബാലനും, ഷംസീറിനും തൃശ്ശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.