ഞാൻ കുഞ്ഞിന് വേണ്ടി ഓർഡർ ചെയ്തത് ഏത് മഹാപാപിയാണ് സൂറത്തിൽ നിന്നും വലിയ ഒരു പെട്ടിക്കകത്ത് ഇങനെ ചെയ്തത്

EDITOR

ഈബേ കാലത്ത് തുടങ്ങിയതാണ് ഓൺലൈൻ പർച്ചേസ്. അത് കഴിഞ്ഞ് ഫ്ലിപ്കാർട്ട്, ആമസോൺ മുതൽ ഒരു വിധം കൊള്ളാവുന്ന പ്ലാറ്റ്ഫോമുകളിൽ നിന്നൊക്കെ സാധനം വാങ്ങിയിട്ടുണ്ട്. ഓർഡർ ചെയ്ത സാധനത്തിൻ്റെ കുറഞ്ഞ സ്പെക്സ് ഉള്ളത്, വേറെ നിറം ഉള്ളത്, തുടങ്ങി ഡാമേജ് ആയ സാധനം വരെ കിട്ടിയിട്ടുണ്ട്. എല്ലാം റിട്ടേൺ അടിച്ച് മാറ്റി വാങ്ങുകയോ റീഫണ്ട് കിട്ടുകയോ ചെയ്തിട്ടുമുണ്ട്. എന്നാൽ ഈയിടെ നടന്നത് ഞെട്ടിച്ചു കളഞ്ഞു.

സംഗതി ഒരു ഫാൻസി ലൈറ്റാണ്. മോൾക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കാൻ വേണ്ടി ഫ്ലിപ്കാർട്ടിൽ നിന്ന് ഓർഡർ ചെയ്ത ഐറ്റം. ഒരു 350 രൂപ റേഞ്ചിൽ ഒക്കെ ഉള്ളതാണ്. ഇടക്ക് വില കുറഞ്ഞ് കണ്ടപ്പോൾ ചാടിക്കേറി ഓർഡർ ചെയ്തതാണ്. എന്തായാലും പതിവിൽക്കവിഞ്ഞ് സമയമെടുത്താണ് സംഗതി എത്തിയത്. ബോക്സ് തുറന്ന എന്നെ നോക്കി പുഞ്ചിരി തൂകുന്ന പാർലെ ജി ബിസ്ക്കറ്റ്. അഞ്ചു രൂപയുടെ സാധനം. 50 ഗ്രാമിൻ്റെ കൂടെ 10 ഗ്രാം എക്സ്ട്രാ ഉണ്ടത്രേ. വില കൂടിയ ഐറ്റം ഒന്നും അല്ലാത്തത് കൊണ്ട് അൺബോക്സിങ് വീഡിയോ ഒന്നും എടുത്തില്ല. തൂക്കി നോക്കി. സംഗതി ബോക്സ് അടക്കം 108 ഗ്രാം. ഓർഡർ ഐഡി ഒക്കെ ഒന്ന് തന്നെ. പക്ഷേ സെല്ലറുടെ പേര് മാറിയിട്ടുണ്ട്. എന്തായാലും സംഗതി അപ്പോൾ തന്നെ റിട്ടേൺ അടിച്ചു. ഫ്ലിപ്കാർട്ട് റിട്ടേൺ ആക്സപ്റ്റ് ചെയ്തു.

5 രൂപയുടെ പാർലേജി റിട്ടേൺ വാങ്ങാൻ അവര് വരുമോ എന്ന് കൗതുകത്തോടെ കാത്തിരുന്നു. മൂന്ന് തവണ റീഷെഡ്യൂൾ അടിച്ച് മൂന്നാം ദിവസം ഡെലിവറി ബോയ് വന്നു. സാധനം കൊണ്ടുപോയി. പിന്നേം മൂന്ന് ദിവസം കഴിഞ്ഞപ്പോൾ റീഫണ്ട് ആയി മുടക്കിയ കാശ് അക്കൗണ്ടിൽ തിരിച്ച് കേറി. വലുതോ ചെറുതോ വില കൂടിയതോ കുറഞ്ഞതോ എന്ത് പണ്ടാരമായാലും ഒരു അൺബോക്സിങ്ങ് വീഡിയോ എടുത്തില്ലെങ്കിൽ സ്വന്തം വീട്ടുകാര് പോലും വിശ്വസിക്കില്ല ഇതൊന്നും. എന്നാലും ഏത് മഹാപാപിയാണ് സൂറത്തിൽ നിന്നും വലിയ ഒരു പെട്ടിക്കകത്ത് കിട്ടാവുന്ന ഏറ്റവും ചെറിയ ബിസ്കറ്റ് കയറ്റിയത് ആവോ? എന്തായാലും സമയനഷ്ടം അല്ലാതെ ധനനഷ്ടം ഒന്നും ഉണ്ടായില്ല. തുറന്ന് നോക്കാതെ ആർക്കേലും നേരെ കൊണ്ട് ഗിഫ്റ്റ് കൊടുത്തതല്ല എന്നതിനാൽ നല്ല ആശ്വാസമുണ്ട്.

പ്രവീൺ എൻ യൂ