1990 കളിലാണ് കക്കൂസ് ജനകീയമായതും വ്യാപകമായതും 80 കൾ വരെ ടെലഫോണുകളുടെ എണ്ണം എത്രയാണോ അത്രതന്നെയായിരുന്നു കക്കൂസുകളുടെ എണ്ണവും.വെളിമ്പറമ്പുകൾ കുറ്റിക്കാടുകൾ തോട്ടുവക്കുകൾ പാതവക്കുകൾ പുഴയോരം തുടങ്ങിയ ഇടങ്ങളാണ് കാര്യസാധ്യത്തിനുപയോഗിച്ചിരുന്നത്.പല നോവലുകളിലും വെളിക്കിരിക്കുന്നവർ ഒരു കഥാപാത്രമായിരുന്നു.പുലർകാലെ വെളുക്കുന്നതിന് മുമ്പ് പാതവക്കിൽ നിരനിരയായി വെളിക്കിരിക്കുന്ന സ്ത്രീകളെപ്പറ്റി ഒ.വി വിജയൻ തന്റെ കഥയിൽ പറയുന്നുണ്ട്.ഇപ്പോൾ ഇതൊന്നും പറഞ്ഞാൽ ഏറ്റവും പുതിയ തലമുറക്കാർക്ക് മനസിലാവണമെന്നില്ല.അത്തരം വിസർജ്ജനം അനാരോഗ്യകരമാണെന്ന് കേരളീയരെ പഠിപ്പിച്ച സംഘടനകളുണ്ടായിരുന്നു കേരളത്തിൽ.പലവിധ രോഗങ്ങൾക്കും അത് കാരണമായിരുന്നു അന്ന്.
കക്കൂസില്ലെങ്കിൽ വിവാഹം മുടങ്ങുമായിരുന്നു.കുട്ടികൾക്ക് വിളർച്ചരോഗം വ്യാപകമായിരുന്നു.2016 നവംബർ 1 നാണ് രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ വെളിയിട വിസർജ്ജന വിമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത്.ഇന്ന് 75 ലക്ഷം വീടുകൾ കേരളത്തിലുണ്ടെങ്കിൽ അത്രയും തന്നെ കക്കൂസ് കുഴികളുമുണ്ടാകും.ഒരു വീട്ടിൽ ശരാശരി 2 എന്ന തോതിൽ കക്കൂസുകളുമായി.
പറമ്പിലെ ഒരു മൂലക്കിരുന്ന കക്കൂസിനെ എടുത്ത് നാം നമ്മുടെ സ്വീകരണ മുറിയിലും അടുക്കളയോരത്തും കിടപ്പറയിലും വച്ചു.സ്റ്റയറിനു കീഴെ കക്കൂസ് സ്ഥാപിക്കാം എന്ന് കണ്ടെത്തിയവർ ഒരു പക്ഷെ മലയാളിയായിരിക്കും.ഏഴടി പൊക്കത്തിലെ കക്കൂസ് വ്യാപകമായത് അങ്ങനെയാണ്. കക്കൂസിന് ഏഴടി പൊക്കം മതി എന്ന് ഉറപ്പിക്കാനും അത് കാരണമായി.എപ്പോഴും നനഞ്ഞിരിക്കുന്നു സോപ്പുണങ്ങുന്നില്ല.
എന്നിങ്ങനെ പരാതി വന്നപ്പോഴാണ് പത്തടി ഉയരത്തിലേക്ക് നാം ചുവടുവച്ചത്.കക്കൂസിന്ന് നാലാളോട് പറയാൻ മാത്രമുള്ള സൗന്ദര്യങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഇടങ്ങളായി മാറിയിരിക്കുന്നു.ഒരു കക്കൂസിന് അമ്പതിനായിരം മുതൽ അഞ്ചു ലക്ഷം വരെ ചിലവഴിക്കാൻ ശരാശരി മലയാളികൾ പോലും മടിയില്ലാത്തവരായി മാറി.നല്ല കക്കൂസ് നല്ല കലാകാരൻമാരെ വരെ സൃഷ്ടിക്കാറുണ്ട് എന്നാണ് എന്റെ കണ്ടെത്തൽ.കക്കൂസിനെ കക്കൂസെന്ന് വിളിക്കാൻ പോലും നമുക്കിപ്പോൾ നാണമുണ്ട്.പകരംBathroom, Restroom, Lavatory, Washroom, Toilet, Loo, WC, Men’s room, Women’s room, Little boys room, Little girls room, Be fresh അങ്ങനെയൊക്കെ പറയാൻ നാം ശീലിച്ചു കഴിഞ്ഞു.ഇത്രയും കക്കൂസ് ചരിതം പറഞ്ഞത്കേരളത്തിലിപ്പോൾ ചിലരെങ്കിലും Open to sky രീതിയിൽ കക്കൂസ് പണിയാൻ ആഗ്രഹിക്കുന്നു എന്ന് പറയാൻ വേണ്ടിയാണ്.Toilet without Roof എന്നത് Trendy ആയിവരുന്നുണ്ട്.മുകൾ നിലയിൽ കക്കൂസ് പണിയുന്നവർ ഇത്തരം രീതി പരീക്ഷിക്കുന്നത് നല്ലതാണ്.ആകാശം വെയിൽ മേഘം മഴ നിലാവ് നക്ഷത്രം സൂര്യൻ ചന്ദ്രൻ ഇവയൊക്കെ കണ്ട് സാക്ഷി നിർത്തി കാര്യം സാധിക്കാനുള്ള ഗൃഹാതുരത നിറഞ്ഞ മലയാളിയുടെ ആഗ്രഹങ്ങൾ എന്തുകൊണ്ടും പ്രോൽസാഹിപ്പിക്കേണ്ടതാണ് എന്നുമാത്രം പറഞ്ഞുകൊണ്ട് ഞാനീ ലഘുകുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു.
രാമു ബാലകൃഷ്ണൻ