ഈ ഫോട്ടോയിൽ കാണുന്ന പണിതീരാത്ത വീടിന് ഒരു പ്രത്യേകതയുണ്ട്. ഒരു പക്ഷേ മലയാളികളുള്ളിടത്തോളം മറക്കാനാകാത്ത ഒരു ക്രൈം സ്റ്റോറിയുടെ മൂലകാരണമാണീ വീട്. അതെ, ഇതാണ് സുകുമാര കുറുപ്പിന്റെ വീട്. ഈ വീടിന്റെ നിർമ്മാണം പൂർത്തിയാക്കാനുള്ള പണം കുറുക്കു വഴിയിലൂടെ നേടാനുള്ള തിരക്കഥ നടപ്പിലാക്കിയതോടെയാണ് മലയാളികളുടെ മനസ്സിൽ കുറുപ്പ് കുപ്രസിദ്ധനായത്.
സ്വന്തമായി വീടും അത്യാവശ്യം സാമ്പത്തികവുമൊക്കെയുണ്ടായിരുന്ന ഗൾഫുകാരനായിരുന്ന കുറുപ്പ് പുതുതായി വാങ്ങിയ ഈ സ്ഥലത്ത് ഒരു വലിയ വീട് പണിയാനുള്ള ശ്രമത്തിലായിരുന്നു. അന്നത്തെ നിലയിൽ തികച്ചും ആഡംബരം എന്ന് വിശേഷിപ്പിക്കാവുന്ന ഈ വീടിന്റെ സ്ട്രകച്ചർ പൂർത്തിയാക്കി ഇലൿട്രിറ്റിക് വർക്കുകൾക്കായി വാൾകട്ടിങ് വരെ ചെയ്തിട്ടതായി കാണം. അപ്പോഴേക്കും സാമ്പത്തിക ഞെരുക്കത്തിലായ കുറുപ്പ്.
തന്റെ പേരിൽ ഗൾഫിൽ നിന്നും എടുത്തിരുന്ന ലക്ഷങ്ങളുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടാനായി കരുതിക്കൂട്ടിയ ഒരു കൊ ലപാ തകത്തിലൂടെ ആത്മ നാശം നടപ്പിലാക്കിയ കഥ മലയാളികൾക്ക് മനപ്പാഠമാണ്.1984 ജനുവരി 22 നു പുലർച്ചെ ഡ്രൈവറടക്കം കത്തിയ നിലയിൽ സുകുമാരക്കുറുപ്പിന്റെ കറുത്ത അംബാസഡർ കാർ മാവേലിക്കര-ചെങ്ങന്നൂർ റോഡിൽ നിന്നും വയലിലേക്ക് ഇറങ്ങിയ നിലയിൽ കണ്ടെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. സുകുമാരക്കുറുപ്പ് ഇല്ലാതായി എന്ന് കരുതിയ സംഭവത്തിൽ സംശയം തോന്നിയ ചെങ്ങന്നൂർ DySP ഹരിദാസൻ പോസ്റ്റ് മോ ർട്ടത്തിന് നൽകിയ അപേക്ഷയിൽ മരിച്ചയാളുടെ പേര് Said to be Sukumarakurupu (സുകുമാര കുറുപ്പ് എന്ന് പറയപ്പെടുന്നയാൾ) എന്നെഴുതിയതു മുതൽ നടന്ന നാടകീയ ശാസ്ത്രീയ അന്വേഷണങ്ങളുടെ സംഭ്രമജനകമായ അന്വേഷണകുറിപ്പുകൾ അന്ന് ആ ബോഡി പോ സ്റ്റ്മോ ർട്ടം ചെയ്ത ഫോറൻസിക് സർജൻ ഡോക്ടർ ബി.ഉമാദത്തൻ അദ്ദേഹത്തിന്റെ “ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ ” എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഇനിയത് DQSalmaan ന്റെ kurup സിനിമയായി പുതിയ രൂപത്തിൽ കാണാം.
ഏതായാലും ഒരു പ്രവാസിയുടെ ദാരുണമായ മര ണമെ ന്നോ വിലയിരുത്തി ക്രൈം രേഖകളിൽ ഇടം പിടിക്കുമായിരുന്ന അവസാനിക്കുമായിരുന്ന ഒരു കേസാണ് അവിശ്വസനീയമായ വഴിത്തിരിവുകളിലേക്കു പൊടുന്നനെ മാറിപ്പോയത് പ്രതികൾ പലരും പിടിയിലായെങ്കിലും പ്രധാന ആസൂത്രികൻ കുറുപ്പിനെ മാത്രം കിട്ടിയില്ല.
കേസിനു എന്നേക്കാൾ പഴക്കമുണ്ടെങ്കിലും കുറുപ്പും കൂട്ടരും പദ്ധതി ആസൂത്രണം ചെയ്ത ആലപ്പുഴ ദേശീയ പാതയിലെ കൽപകവാടി റിസോർട്ട് , ഫിലിം റിപ്രസന്റെറ്റ്റീവ് ചാക്കൊ ദുർമരണമെന്ന തന്റെ വിധിയിലേക്ക് കാത്തു നിന്ന കരുവാറ്റ ദേശീയ പാത, കാറടക്കം ചാക്കോയെ കത്തിച്ച മാവേലിക്കര-ചെങ്ങന്നൂർ റോഡിൽ കൊല്ലകടവ് പാലത്തിന് സമീപമുള്ള കുന്നം വയൽ പ്രദേശം, കൃത്യത്തിന് ശേഷം കുറുപ്പ് ഇല്ലാതായി പറഞ്ഞു ഡ്രൈവർ പൊന്നപ്പൻ കുറുപ്പിന്റെ ഭാര്യക്ക് ടെലിഗ്രാം ചെയ്ത ആലപ്പുഴ ഇരുമ്പ് പാലം പോസ്റ്റ് ഓഫിസ് , ഒടുവിൽ കുറുപ്പ് താമസിച്ചു എന്ന് പോലീസ് പറയുന്ന ആലുവ റെയിൽവേ സ്റ്റേഷന് മുൻപിലെ അലങ്കാർ ഹോട്ടൽ തുടങ്ങി ആ കേസ് നടന്ന പല സ്ഥലങ്ങളും എനിക്ക് പരിചിതമായ ഇടങ്ങളായതുകൊണ്ട് പലരും പൊതുവേ കരുതും പോലെ ‘എവിടയോ പണ്ട് നടന്ന ഒരു കഥയായല്ല’ മറിച്ചു എന്റെയടുത്ത് നടന്ന ഒരു സംഭവമായാണ് തോന്നാറ്.
ചാക്കോ കൊല്ലപ്പെടുമ്പോൾ 6 മാസം ഗർഭിണിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ശാന്തമ്മ. ക്രൈമിനു സഹായിയായ കുറുപ്പിന്റെ സുഹൃത്ത് ഷാഹുവിനെ മാപ്പ് സാക്ഷിയാക്കി നടന്ന അന്വേഷണത്തിൽ നേരിട്ട് നടത്തി എന്ന കുറ്റത്തിന് കുറുപ്പിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് ഭാസ്കരപിള്ളയേയും കൂട്ടുനിന്നതിനു ഡ്രൈവർ പൊന്നപ്പനേയും ജീവപര്യന്തം ശിക്ഷിച്ചു. പന്ത്രണ്ടു വർഷത്തെ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ ഭാസ്കരപിള്ള പിന്നീട് ലോകത്തോട് വിട പറഞ്ഞു പൊന്നപ്പൻ സ്വയം ഹത്യ ചെയ്തു. കേസിൽ പെട്ട് ജീവിതം തീർന്നു പോയെങ്കിലും ഭാസ്കരപിള്ള മറ്റൊന്നിനും കൂടി സാക്ഷിയായി ചാക്കോയുടെ ഭാര്യ ശാന്തമ്മ തന്റെ ഭർത്താവിന്റെ കൊ ലപാ തകിയായ ഭാസ്കരപിള്ളയെ ചെന്ന് കണ്ടു കുറുപ്പുൾപ്പെടെ കേസിൽഉൾപ്പെട്ട എല്ലാവർക്കും മാപ്പ് നൽകുന്നതായി പറഞ്ഞു. പക്വതയില്ലാത്ത തന്റെ പ്രായത്തിൽ വരുംവരായ്കകൾ അറിയാതെ ചെയ്ത ഒരു അപരാധമായിരുന്നു അതെന്ന് അന്ന് മുഴുമിക്കാനാകാത്ത വാക്കുകളിലൂടെ ഭാസ്കരപിള്ള അവരോട് പറഞ്ഞത്രെ ഇരയുടെ മാപ്പ് എന്ന കൊടിയ ശിക്ഷ ഒരു പക്ഷെ ആ പ്രായത്തിൽ അയാൾ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
37 വർഷങ്ങൾക്ക് ശേഷവും സുകുമാര കുറുപ്പിനോളം കുപ്രസിദ്ധനായ മറ്റൊരു കുറ്റവാളി മലയാളികൾക്കിടയിലുണ്ടോ എന്ന് സംശയമുണ്ട്. അന്ന് തന്നെ ഹൃദ്രോഗ ബാധിതനായിരുന്ന അയാൾ ഇപ്പോഴും ജീവിചിരിപ്പുണ്ടോ എന്നറിയില്ല. കുറുപ്പിനെ തപ്പി പോലീസ് പല വിദേശരാജ്യങ്ങളിലും പോയിട്ടുണ്ട്. ഒരു പക്ഷേ കേരള പോലീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രാവലിംഗ് എക്സ്പെൻസ് വേണ്ടി വന്ന അവസാനിക്കാത്ത കേസാണ് ഇതെന്ന് ഒരു പോലീസ് മേധാവി പറയുന്നത് മുൻപ് കേട്ടിരുന്നു. എന്നെങ്കിലും കുറുപ്പ് വീട്ടിൽ വരുമെന്ന് കരുതി ഏതാണ്ട് 8 വർഷത്തോളം സുകുമാര കുറുപ്പിന്റെ വീടിനു സമീപം മറ്റൊരു വീടിന്റെ മുകളിൽ രണ്ടു പോലീസുകാരെ താമസിപ്പിച്ചിരുന്നതായി SP ജോർജ്ജ് ജോസഫ് വെളുപ്പെടിത്തിയിട്ടുണ്ട്. കുറുപ്പിനെ കണ്ടു എന്ന് പറഞ്ഞു ഭൂലോകത്ത് പലയിടത്തുമുള്ള മലയാളികൾ കേരളാ പോലീസിനെ പലവട്ടം വട്ടം ചുറ്റിച്ചിട്ടുണ്ട്. 1990 ൽ സുകുമാരകുറുപ്പിന്റെ അയൽവാസിയായിരുന്ന ഒരു നേഴ്സ് ബീഹാറിലെ ധൻബാദ് ജില്ലാ ഹോസ്പിറ്റലിൽ വെച്ച് കുറുപ്പിനെ കണ്ടു തിരിച്ചറിഞ്ഞു എന്ന് പോലീസ് പറയുന്നതാണ് അൽപമെങ്കിലും വിശ്വസനീയമായ വിവരം.
കാഷായ വസ്ത്രധാരിയായിരുന്ന അയാൾ ഹൃദ്രോഗം മൂലം അവിടെ അഡ്മിറ്റായിരുന്നു. ജോഷി എന്നപേരിൽ അവിടെ ചികിത്സയ്ക്ക് വന്ന അയാൾ അവിടെ നിന്നും ചികിത്സാരേഖകൾ അടക്കം വാങ്ങി ഇടയ്ക്ക് മുങ്ങുകയായിരുന്നു.. തുടർന്ന് നടന്ന അന്വേഷണത്തിൽ പല സംസ്ഥാനങ്ങളിലേയും റയിൽവേ സ്റ്റേഷൻ തൊട്ടടുത്തുള്ള, ഐസിയു സംവിധാനമുള്ള ജില്ലാ ഹോസ്പിറ്റലുകളിൽ ഇതേ പേരിൽ ഇതേ ലക്ഷണങ്ങളോടെ ഒരു മലയാളി ചികിത്സക്ക് ചെന്നിരുന്നതായി കണ്ടെത്തി. അയാൾ തീരെ അവശനായിരുന്നു. അധികം ജീവിക്കാൻ സാധ്യതയില്ല എന്ന് ചികിൽസിച്ച ഡോക്ടർ പോലീസിനോട് പറഞ്ഞു. തെളിവ് കൊണ്ട് തിരിച്ചറിഞ്ഞില്ല എങ്കിലും കുറുപ്പിന്റെ ബ്രില്യൻസിന്റെ സ്വാധീനം തിരിച്ചറിഞ്ഞു കൊണ്ട് അതയാൾ തന്നെയാകാമെന്ന് പോലീസ് വിശ്വസിക്കുന്നു.
അപ്പോഴേക്കും പരമ ദരിദ്രനായിരുന്ന അയാൾ വഴിയിലെവിടെയെങ്കിലും കിടന്ന് അവസാനിച്ചിട്ടുണ്ടാകാം എന്നാണ് കേരളാ പോലീസ് കരുതുന്നത്.
അത്യാവശ്യം സാമ്പത്തിക ഭദ്രതയിൽ സമൂഹത്തിൽ ജീവിച്ചിരുന്ന കുറുപ്പിന്റെ അത്യാഗ്രഹം മൂലം അയാൾക്കും കൂട്ടർക്കും സംഭവിച്ച ദുര്യോഗങ്ങളുടെ ഒരു സ്മരകമായി ഈ വീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനടുത്തായി ഇങ്ങനെ നിൽക്കുകയാണ്. സർക്കാർ ഇപ്പോൾ റെവന്യൂ റിക്കവറി ചെയ്തിരിക്കുന്ന സുകുമാരകുറുപ്പിന്റെ ഈ ആഡംബര സ്വപ്ന ഗേഹത്തിൽ ഇന്ന് അയൽക്കാർ ആട് വളർത്തുന്നു എല്ലാവർക്കും ഒരു പാഠമായി
നസീം ഖാൻ.എം
ഫോട്ടോ : 2019 ൽ എടുത്തത്