21 വയസിൽ ഞാൻ ഗർഭിണി എന്നറിഞ്ഞപ്പോൾ ഒരു സന്തോഷവും തോന്നിയില്ല പേടിയായിരുന്നു ആദ്യം ശേഷം ജീവിതം കുറിപ്പ്

EDITOR

കല്യാണം കഴിഞ്ഞ ഓരോ സ്ത്രീകളും പുതിയ സ്ഥലത്തേക്ക് പറിച്ചു മാറ്റപ്പെടുന്ന ചെടികൾ പോലെയാണ് ഒരു താങ്ങു പോലുമില്ലെങ്കിലും, നല്ല വളം ഇല്ലെങ്കിലും, വെള്ളം കിട്ടുന്നില്ലെങ്കിലും പുതിയ അന്തരീക്ഷത്തിൽ അവ തഴച്ചു വളരാൻ പരമാവധി ശ്രമിക്കും.കല്യാണപിറ്റേന്ന് തൊട്ട് അവൾ ആ കുടുംബത്തിലെ ഓരോരുത്തരെയും,അവരുടെ ഇഷ്ടങ്ങളെയും അറിയണം, അതു മനസിലാക്കി അവൾ പെരുമാറണം… ഒരു പൂമ്പാറ്റ പോലെ പറന്നു നടക്കുന്ന ഓരോ പെണ്ണുങ്ങളും ചിറകുകൾ ഒതുക്കി വച്ച് അവരുടെ ഇഷ്ടങ്ങൾ മറന്ന് മറ്റൊരാളായി മാറും പെണ്ണുങ്ങൾ ശരിക്കും ഓന്തുകളാകുന്ന അവസ്ഥ ഭർത്താവിനോട്, ഭർതൃവീട്ടുകാരോട്, സ്വന്തം വീട്ടുകാരോട് ഓരോരുത്തരോടും ഓരോ രീതിയിൽ ചലിക്കാൻ കഴിയുന്ന പാവകൾ.

ഇതിനിടയിൽ അവൾക്കു മാത്രമുള്ള ഒരു സ്പേസ്, അവളെ മനസിലാക്കുന്ന ചുറ്റുപാടുകൾ അവളുടെ ഇഷ്ടങ്ങൾ അവൾ മാറ്റി വക്കുന്ന എല്ലാം എനിക്കെന്തോ പെണ്ണുങ്ങളോട് ഒരുപാട് ഒരുപാട് ഇഷ്ടമാണ്.ഒരുപാട് പുരുഷ സുഹൃത്തുക്കൾ ഉണ്ടെങ്കിലും എപ്പോഴും കൂടുതൽ ഇഷ്ടം പെണ്ണുങ്ങളോടാണ് പെൺ സുഹൃത്തുക്കളോട് ഓരോ പെണ്ണിലും ഞാൻ എന്നെ കാണാറുണ്ട് എനിക്കും അങ്ങനെ താങ്ങായി നിന്നവർ ഉണ്ട്.ഒരമ്മ തന്റെ കുഞ്ഞിനെ ഇല്ലാതാക്കിയ വാർത്ത കണ്ട് ആ അമ്മയെ അവരുടെ അവസ്ഥകളെ ഒന്ന് ചിന്തിച്ചു പോയി.എനിക്കവരുടെ ആഴങ്ങളിൽ എത്താനാവില്ലെങ്കിലും ഉറപ്പാണ്.കൂടെയുള്ള ഒരാൾ പോലും അവരെ അറിഞ്ഞിരുന്നില്ല അത്രയും ഭീകരമായ ഡിപ്രെഷനിൽ അവരുണ്ടായിട്ടും ഒരാൾക്ക് പോലും അതു മനസിലായിരുന്നില്ല ത്രെ.

ചുമ്മ ഞാനൊന്ന് 11 വർഷം പുറകിലോട്ട് പോകട്ടെ എന്റെ കുഞ്ഞു ജനിക്കുന്ന, എന്നിലെ അമ്മ ജനിക്കാൻ തയ്യാറാകുന്നിടത്തേക്ക്.21 വയസിൽ ഞാൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ എനിക്കൊരു സന്തോഷവും തോന്നിയില്ല. പേടിയായിരുന്നു ആദ്യം.എന്റെ വീട്ടിലെ കുഞ്ഞു ഞാനായിരുന്നു.പെട്ടെന്ന് ഞാനൊരു അമ്മയാവുക എന്നത് ഉൾക്കൊള്ളാൻ പറ്റാത്ത ഒന്നായിരുന്നു പിന്നെ ഗർഭനിരോധന മാർഗങ്ങൾ സാധാരണ മിക്ക സ്ത്രീകളും ഇതിനൊന്നും കുറിച്ച് ആദ്യം ബോധവാതികൾ ആയിരിക്കില്ല.ശരിക്കും ലൈം ഗികവിദ്യാഭ്യാസം ഒരു വിധം പ്രായമാകുമ്പോൾ കുട്ടികൾക്ക് ലഭിക്കണം.വിരൽത്തുമ്പത്തു ഉള്ള എന്തും കാണാൻ സൗകര്യമുള്ള മൊബൈലുകൾ ആണ് ഓരോ കുട്ടികളുടെയും കയ്യിൽ. ഇതിനെക്കുറിച്ച് മതിയായ അറിവില്ലാതെ അവർ കാണുന്ന, അറിയുന്ന വീഡിയോകൾ ചിത്രങ്ങൾ.അവരുടെ മുമ്പിൽ സ്ത്രീ അമ്മ, ബഹുമാനം ഇതൊന്നും ഉണ്ടാകില്ല.എല്ലാവരുടെയും കാര്യമല്ല പറയുന്നത്.പക്ഷെ മിക്കവാറും പേർക്ക് പെണ്ണ് ഒരു ശരീരം ആയി മാത്രമാകുന്ന അവസ്ഥയാണ് ഇപ്പോൾ കൂടുതൽ കാണുന്നത്.
ഹാ പറഞ്ഞുവന്നത്.

ഞാൻ മാനസികമായി തയ്യാറെടുക്കുന്നതിനു മുൻപേ ആണ് ഞാൻ ഗർഭിണിയായത്.പൂർണ്ണമായും ഞങ്ങളുടെ തെറ്റ് തന്നെയാണ് അറിവില്ലായ്മ എന്നും പറയാ. അങ്ങനെ ആധിയോടെയാണ് എന്റെ ഗർഭകാലം തുടങ്ങുന്നത് ക്ഷീണം തളർച്ച എപ്പോഴും ഉറക്കം വരിക, ശർദ്ദി ഇഷ്ടപ്പെട്ട എല്ലാത്തിനോടും വെറുപ്പ്, ദേഷ്യം സങ്കടം മണങ്ങൾ പിടിക്കാതിരിക്കുക ചുരുക്കം പറഞ്ഞാൽ ഒരമ്മ ജനിക്കാനുള്ള ഒമ്പതുമാസം കുഞ്ഞു ജനിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഇതെന്റെ അവസ്ഥയാണ് ഓരോ സ്ത്രീകളും ഉറപ്പായും ഇതൊക്കെ കടന്നു പോയിട്ടുണ്ടാകും നമുക്കൊന്ന് പനി വന്നാലോ, ജലദോഷം വന്നാലോ നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അറിയാമല്ലോ ഗർഭിണിയായ സ്ത്രീ ഓരോ ദിവസവും ബുദ്ധിമുട്ടുകളോട് കൂടിയാണ് തള്ളിനീക്കുന്നത്.

അതായത് ഒമ്പത് മാസവും അവൾ വേറെ ഒരു ചുറ്റുപാടിലേക്ക് മാറ്റപ്പെടുകയാണ് അവൾ മാത്രം അനുഭവിക്കേണ്ട ഒന്ന്.ഗ്യാസ് പ്രോബ്ലം, കാലിൽ നീര് വരുക, കാലിൽ മസിൽ കയറി രാത്രി ഉറങ്ങാൻ പറ്റാതെ ഇരിക്കുക, ചെരിഞ്ഞു മാത്രം കിടക്കാൻ പറ്റുക, ഉറക്കം വരാതിരിക്കുക.എന്ത് അസുഖം വന്നാലും മരുന്ന് കഴിക്കാൻ പറ്റാത്ത അവസ്ഥ,ഇതിനിടയ്ക്ക് മാനസിക അസ്വാസ്ഥ്യങ്ങൾ അതിനിടയിൽ വീട്ടിലെ കാര്യങ്ങൾ,ഇതൊക്കെ വച്ച് ജോലിക്ക് പോകുന്ന സ്ത്രീകൾ അപ്പോൾ എന്ത് മാസ്സ് ആണല്ലേ.ഇത്രയും എല്ലാം അസ്വസ്ഥതകൾ വേദനകൾ, ബുദ്ധിമുട്ടുകൾ എല്ലാം തള്ളി നീക്കിയാണ് ഒൻപതാം മാസത്തെ ആ ദിവസത്തിലേക്ക് അവൾ എത്തുന്നത്.

പ്രസവ വേദന ആ വേദനക്കൊടുവിൽ ആണ് അവളിലെ അമ്മ ജനിക്കുന്നത് ഓരോ സ്ത്രീയുടെയും ചുറ്റുപാടുകൾ അനുസരിച്ച് ഇതിലൊക്കെ വ്യത്യാസം വരാം കൂടുതൽ കെയർ യർ ചെയ്യുന്ന കൂടുതൽ സപ്പോർട്ട് ചെയ്യുന്ന ഫാമിലി ആണെങ്കിൽ ഇതിനൊക്കെ തയ്യാറെടുക്കാൻ കുറച്ചുകൂടി ഈസി ആയിരിക്കും പ്രസവം കഴിഞ്ഞാൽ അവസാനിച്ചോ ഇല്ല്യ നോർമൽ ഡെലിവറി ആണെങ്കിൽ, സ്റ്റിച്ചിന്റെ വേദന മര്യാദ ക്കു യൂറിൻ പാസ് ചെയ്യാനും ടോയ്‌ലറ്റിൽ പോകാനും വരെ പറ്റില്ല കുറച്ചു ദിവസങ്ങളോളം.സിസേറിയൻ ആണെങ്കിൽ അതങ്ങനെ.അത്രയും പെയിൻ ആണ് ആ പെയിൻ സഹിച്ചു വേണം കുഞ്ഞിന് ഇരുന്ന് പാല് കൊടുക്കാൻ ഇരുന്ന്, അത്രയും ശ്രദ്ധിച്ച് പാല് കൊടുക്കണം അല്ലെങ്കിൽ പാലു നെറുകയിൽ കയറും.അങ്ങനെ കുട്ടികൾ മരിച്ചിട്ടുണ്ട് പിന്നീടുള്ള പെയിൻ ഈ മുലക്കണ്ണ് പൊട്ടുന്ന വേദനയാണ് കുഞ്ഞ് പാല് കുടിക്കുമ്പോൾ ജീവൻ പോകുന്ന വേദനയാണ് ശരിക്കും വേദനകളുടെ ഘോഷയാത്രയാണ്.

ആദ്യമൊക്കെ സൂചി കാണുമ്പോൾ തന്നെ പേടിച്ചിരുന്ന ഞാൻ മാറിയത് ഒരു പ്രസവം കഴിഞ്ഞതോടെയാണ്.കുഞ്ഞുണ്ടായി കുറച്ചു നാളുകൾ അമ്മയ്ക്ക് മര്യാദയ്ക്ക് ഒന്നുറങ്ങാൻ സാധിക്കില്ല ഇതിന്റെ എല്ലാം ഇടയിൽ ഡിപ്രഷൻ വരുന്ന സ്ത്രീകളുടെ അവസ്ഥ പറയാനുണ്ടോ എന്റെ മകൾ ജനിച്ചു ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയിരുന്നു ഉറങ്ങാൻ പറ്റാത്ത അവസ്ഥ, സങ്കടം,കുഞ്ഞിന് പാല് കൊടുക്കാൻ വരെ തോന്നിയിരുന്നില്ല ഒട്ടു മിക്ക സ്ത്രീകളും

ഈ അവസ്ഥകൾ കടന്നു പോകുന്നവരാണ്. ഇതിനെ അതിജീവിക്കാൻ കഴിയാത്തവർ, ഡിപ്രഷൻന്റെ ആഴങ്ങങ്ങളിൽ നിന്നും പുറത്തു വരാൻ കഴിയാത്തവർക്ക് ഉറപ്പായും ട്രീറ്റ്മെന്റ് വേണം നമ്മുടെ ശരീരത്തിന് രോഗം വന്നാൽ ചികിത്സിക്കേണ്ടത് പോലെ തന്നെയാണ് മനസ്സിന്റെ കാര്യവും എനിക്ക് ആ അമ്മയോട് ഇപ്പോഴും സങ്കടം തോന്നുന്നു അവരെ മനസ്സിലാക്കാൻ ആരും ഉണ്ടായില്ലല്ലോ എന്നോർത്ത്.പ്രസവം വലിയ സംഭവമാക്കി പറഞ്ഞതല്ല പക്ഷേ പറയാതെ വയ്യ അതൊരു സംഭവം തന്നെയാണ് പക്ഷേ ഏതൊരു സ്ത്രീയും ഈ വേദനകളും ബുദ്ധിമുട്ടുകളും എല്ലാം അനുഭവിക്കാൻ തയ്യാറുമാണ് അവർക്ക് ചുറ്റുമുള്ളവർ ഓരോരുത്തരും മനസ്സിലാക്കണം എന്നു മാത്രം അവൾ ഏറ്റവും കൂടുതൽ സ്നേഹം ആഗ്രഹിക്കുന്നത് അപ്പോഴാണ് ആ സമയത്ത് ഒരുപക്ഷേ ആ കുഞ്ഞിനെക്കാൾ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് അവൾക്കാണ്.ഓരോ പ്രസവത്തിനുശേഷവും ഓരോ അമ്മയും പുനർജനിക്കുകയാണ്.

എഴുതിയത് : രേവതി രൂപേഷ്