അവരുടെ പ്രധാന വരുമാനം തന്നെ പാറ പൊട്ടിക്കുന്നത് ആണ് നമ്മുടെ നാട്ടിൽ പ്രകൃതികോപിക്കുമത്രേ കടൽക്കരയിൽ വീട് പണിഞ്ഞാൽ

EDITOR

യൂറോപ്പിലെ ഏറ്റവും വലിയ കരിങ്കൽ ക്വാറി നോർവെയിലെ ജെൽസ ക്വാറിയാണ്. മണിക്കൂറിൽ 3000 ടൺ ആണ് ഇവിടെ നിന്നുമുള്ള ഉൽപ്പാദനം.കടൽത്തീരത്തുള്ള ഈ ക്വാറിയുടെ രണ്ടുവലിയ ജെട്ടികളിൽ ഏതുനേരവും 10 ലക്ഷം ടൺ കല്ല് കയറ്റുമതിക്ക് തയ്യാറാക്കി സംഭരിച്ചിട്ടുണ്ടാവും. കപ്പലുകൾ വെറുതേ കിടക്കാൻ ഇടവരാതിരിക്കാനാണ് ഇങ്ങനെ സംഭരിച്ചുവയ്ക്കുന്നത്. വലിയ കപ്പലുകളിൽ കയറ്റി ഇവ യൂറോപ്പിലേക്കെങ്ങും നാൽപ്പതോളം ടെർമിനലുകൾ വഴി കയറ്റുമതി ചെയ്യുന്നു. 50000 ടൺ ശേഷിയുള്ള കപ്പലുകളിൽ കയറ്റുന്ന കരിങ്കൽ ഉൽപ്പന്നങ്ങളുടെ 40 ശതമാനത്തോളം ജർമനിയിലേക്ക് മാത്രമാണ് കൊണ്ടുപോകുന്നത്. മണിക്കൂറിൽ 3000 ടൺ ആണ് ഇവിടുത്തെ ലോഡിങ്ങ് കപാസിറ്റി.

ലോകത്തേറ്റവും വലിയ ക്രഷറുകളിൽ ഒന്നാണ് ഇവിടെ പ്രവർത്തിക്കുന്നത്.എല്ലാ ആവശ്യത്തിനും ഉതകുന്ന രീതിയിൽ ഇവിടെനിന്നും കല്ലുകൾ ലഭ്യമാക്കുന്നു. രാത്രിയും പകലും പ്രവർത്തിക്കുന്ന ഈ ക്വാറിയിൽ നിന്നും എല്ലാ കാലാവസ്ഥയിലും രാപകൽ വ്യത്യാസമില്ലാതെ കരിങ്കൽ ഉൽപ്പന്നങ്ങൾ കപ്പലിൽ കയറ്റുന്നു.ഏഴുതരം കരിങ്കൽ ഉൽപ്പന്നങ്ങൾ കയറ്റാവുന്ന ഈ ഭീമൻ കപ്പലുകൾ സ്വയം തന്നെ ചരക്ക് കരയിൽ ഇറക്കാൻ തക്കവണ്ണം തയ്യാറാക്കിയതാണ്. കൺവെയർ ബെൽറ്റുകൾ ഉപയോഗിച്ച് കരയിൽ 86 മീറ്റർ അകലെ വരെ ഇതിൽ നിന്നും കല്ല് ഇറക്കാനാവും.ഈ കല്ലുകൾ ഉപയോഗിച്ചാണ് യൂറോപ്പിൽ റോഡുകളും പാലങ്ങളും ഹൈവേകളും തുറമുഖങ്ങളും വിമാനത്താവളങ്ങളും പണിയുന്നത് ഫാക്ടറികൾ ഉണ്ടാക്കുന്നത് അവിടെ തോക്കും യുദ്ധവിമാനങ്ങളും ഉണ്ടാക്കി ഇന്ത്യയ്ക്കൊക്കെ വിൽക്കുന്നത്.വിറ്റ് സമ്പത്തുണ്ടാക്കി കലാലയങ്ങൾ പണിയുന്നത് വികസിക്കുന്നത്.ആ കാശിന് വൈദ്യുതകാർ വാങ്ങി സ്വന്തം നാട്ടിൽ ഓടിച്ച് പരിസ്ഥിതിസ്നേഹികളാകുന്നത്.ആ മെറ്റൽ ഉപയോഗിച്ച് കടലിൽ വലിയ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ച് ഗ്രീൻ എനർജി ഉണ്ടാക്കുന്നത്.

ഈ ഖനനം നടത്തുന്ന മിബോ സ്റ്റെമ എന്ന കമ്പനിക്ക് നോർവേയിൽ ത്തന്നെ മൂന്ന് ഭീമൻ കരിങ്കൽക്വാറികൾ ആണ് ഉള്ളത്. ലോകത്തേറ്റവും പരിസ്ഥിതിസൗഹൃദം എന്നറിയപ്പെടുന്ന രാജ്യങ്ങളിലൊന്നായ നോർവേ കാശുണ്ടാക്കാൻ മാത്രമായി കടൽത്തീരത്ത് മണിക്കൂറിൽ 3000 ടൺ കരിങ്കൽ ഉൽപ്പാദിപ്പിക്കുന്ന ക്വാറി പ്രവർത്തിപ്പിക്കുന്നു.താഴേക്ക് താഴേക്ക് കുഴിച്ചാണ് ഇവിടെ ഖനനം നടത്തുന്നത്. കടൽനിരപ്പിനേക്കാൾ നൂറുമീറ്ററോളം ആഴത്തിൽ ഖനനം നടത്തും.എന്നെങ്കിലും ഖനനം അവസാനിക്കുമ്പോൾ ക്വാറി നിൽക്കുന്ന സ്ഥലത്തെ യന്ത്രങ്ങൾ നീക്കം ചെയ്യും ആൾക്കാർ അവിടുന്ന് പോകും.ആ സ്ഥലം പ്രകൃതിയ്ക്ക് വിട്ടുകൊടുക്കും.
നമ്മുടെ കടൽക്കരയിൽ ഖനനം പോട്ടെ മൽസ്യത്തൊഴിലാളികൾക്ക് വീടുണ്ടാക്കാൻ പോലും പറ്റില്ല പ്രകൃതി കോപിക്കുമത്രേ.

കടൽ നികത്തി സൗദി അറേബിയ കൃത്രിമദ്വീപുകൾ പണിയുന്നു. ജപ്പാൻ വിമാനത്താവളം പണിയുന്നു.കായൽക്കരയിൽ പണിത ഫ്ലാറ്റുകൾ പൊളിച്ചുകളഞ്ഞപ്പോൾ ആർത്തുചിരിച്ചവരാണ് നമ്മൾ പരിസ്ഥിതിക്കായി എന്തോ നീതി നടപ്പാക്കിയത്രേ.കരിങ്കല്ലും അതിന്റെ ഉൽപ്പന്നങ്ങളും ഇല്ലാതെ ലോകത്തിന് മുന്നോട്ട് പോവാനാവില്ല.ഒരുപക്ഷേ നമ്മൾ അത് ഖനനം ചെയ്യുന്ന രീതിയിൽ മാറ്റം വേണ്ടിവന്നേക്കാം എത്രയും പെട്ടെന്ന് അതിലൊരു തീർപ്പ് ആക്കുന്നത് നല്ലതായിരിക്കും.

എഴുതിയത് : വിനയരാജ് വി ആർ