വെള്ളം കയറിയ വീടുകളിലേക്ക് തിരിച്ചു കയറുമ്പോൾ ശ്രദ്ധിക്കേണ്ടത്
സേഫ്റ്റി ഫസ്റ്റ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം, പ്രളയ ദുരിതത്തിൽപ്പെട്ട വീട്ടിൽ സുരക്ഷിതമായി തുടർന്ന് താമസിക്കാൻ എന്തൊക്കെ ചെയ്യണമെന്നുള്ളതാണ്.വെള്ളം കയറിയ വീടുകളിൽ ഇലക്ട്രിക് വയറിങ്ങുകൾ സുരക്ഷിതമല്ലാത്ത വിധം ചീത്തയാകാൻ സാധ്യതയുണ്ട്. മെയിൻ സ്വിച്ച് ഓഫ് ആക്കിയതിനുശേഷം ഇലക്ട്രിക് വയറിങുകളും മറ്റ് വർക്കുകളും സുരക്ഷിതമാണോയെന്ന് ഒരു അംഗീകാരമുള്ള ഇലക്ട്രീഷ്യനെ കൊണ്ട് ചെക് ചെയ്യിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആദ്യമായി വീട്ടിൽ കയറുമ്പോൾ ചെരിപ്പിട്ടു വേണം കയറാൻ. കഴിയുമെങ്കിൽ ബൂട്ട് ഉപയോഗിക്കുക. വെള്ളത്തിന്റെ കൂടെ കൂർത്ത വസ്തുക്കളോ വസ്തുക്കളോ, ആണിയോ, ഷാർപ് ആയ കല്ലുകളോ, കക്കൂസ് മാലിന്യങ്ങളോ ഒക്കെ വീടിന്റെ ഉള്ളിൽ കാണാം.
ക്ഷുദ്ര ജീവികൾ, ഇഴ ജന്തുക്കൾ വെള്ളപ്പാച്ചിലിൽ നിന്നും രക്ഷ നേടാനായി ഇഴജന്തുക്കളും, മറ്റു ക്ഷുദ്ര ജീവികളും വീട്ടിലെ അലമാരയുടെ ഉള്ളിലോ, കട്ടിലിന്റെ അടിയിലോ, മേശയിലോ, അടുക്കളയുടെയോ വീടിന്റെ മറ്റു മുറികളിലോ, തട്ടിൻപുറത്തോ ഒക്കെ അഭയം തേടിയിരിക്കാം. വീട്ടിലെ മുതിർന്ന ആൾ ഒരു നീണ്ട വടിയുമായി വീടിന്റെ എല്ലാ ഭാഗങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മാത്രമേ മറ്റുള്ളവർ വീട്ടിലേക്ക് പ്രവേശിക്കാവൂ. പാമ്പുകളെ വീട്ടിൽ കണ്ടാൽ ഉടനെ വനം വകുപ്പിനെ വിവരം അറിയിക്കുക. മറ്റുള്ള ക്ഷുദ്ര ജീവികളെ സുരക്ഷിതമായി വീടിനു വെളിയിൽ ആക്കുക.വീട്ടിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ പ്രളയ ജലവുമായി സമ്പർക്കത്തിൽ വന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ (അരി ഉൾപ്പെടെ) എല്ലാം തന്നെ നശിപ്പിച്ചു കളയുന്നതാണ് ഉത്തമം.
മലിനജലവും, കക്കൂസ് മാലിന്യങ്ങളുമായി സമ്പർക്കത്തിലായ വസ്തുക്കൾ പിന്നീട് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.എത്ര കഴുകിയാലും ഇ.കോളി പോലുള്ള ബാക്ടീരിയകൾ നശിക്കില്ല.ഫർണീച്ചറുകൾ, കട്ടിൽ, മെത്ത, കുഷ്യനുകൾ ഉപയോഗശൂന്യമായ ഫർണീച്ചറുകൾ, കട്ടിൽ, മെത്ത, കുഷ്യനുകൾ, വിരിപ്പ് ഇവ കളയുക ബാക്കിയുള്ള ഉപയോഗ യോഗ്യമായ ഫർണീച്ചറുകൾ വീടിനു പുറത്തേക്കു മാറ്റിയാൽ ക്ലീനിങ് എളുപ്പം ആകും.വീട്ടിനുള്ളിലെ വെള്ളം, ചെളി ഒരു വീതിയുള്ള മണ്വെട്ടി (shovel) ഉപയോഗിച്ച് മണ്ണും ചെളിയും നീക്കുകയാണ് പിന്നീട് ചെയ്യേണ്ട ജോലി.കൂടുതൽ വെള്ളമുണ്ടെങ്കിൽ പമ്പ് ഉപയോഗിച്ചു നീക്കേണ്ടി വരും. കയ്യിൽ പറ്റുമെങ്കിൽ ഗ്ലൗസ് ധരിക്കാൻ ശ്രദ്ധിക്കുക. അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ ഗ്ലൗസ് വാങ്ങാൻ കിട്ടും. ഗ്ലൗസ് ഉപയോഗത്തിനു ശേഷം കളയുക. വീട് ക്ലീൻ ചെയ്യുമ്പോൾ ചെരിപ്പ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
സോപ്പുവെള്ളത്തിൽ കഴുകുക വെള്ളവും ചെളിയും പൂർണ്ണമായും മാറ്റിയതിനു ശേഷം ആദ്യം വെള്ളത്തിൽ കഴുകുക, പിന്നീട് നീണ്ട ഒരു ബ്രഷ് ഉപയോഗിച്ചു പല പ്രാവശ്യം സോപ്പുവെള്ളത്തിൽ കഴുകുക. കഴുകുമ്പോൾ പറ്റുമെങ്കിൽ കയ്യിൽ ഗ്ലൗസ് ധരിക്കാൻ ശ്രദ്ധിക്കുക.അണു നശീകരണം.നമുക്ക് നാട്ടിൽ ഉപയോഗിക്കാവുന്ന ഏറ്റവും ഫലപ്രദമായ അണു നശീകരണ ഉപാധിയാണ് ബ്ലീച്ചിങ് പൗഡർ അഥവാ Calcium hypochlorite [Ca(ClO)2]. ഇത് വെള്ളവും ആയി പ്രവർത്തിക്കുമ്പോൾ ക്ലോറിൻ ഗ്യാസ് ഉണ്ടാക്കുകയും അത് അണുനാശിനിയായി ഭവിക്കുകയും ചെയ്യും. Ca(OCl)Cl+H2O —> Ca(OH)2+Cl2. അതായത് ഇത് വെള്ളം ഇല്ലാതെ പൗഡർ ആയി ഉപയോഗിച്ചാൽ അണുനാശിനി അല്ല എന്നർത്ഥം.1 % ആക്റ്റീവ് ക്ലോറിൻ ലായനി തയ്യാറാക്കുന്ന വിധം.ഒരു വലിയ ടേബിൾ സ്പൂൺ / അല്ലെങ്കിൽ മൂന്നു, നാല് ടീ സ്പൂൺ ബ്ലീച്ചിങ് പൗഡർ കുറച്ചു വെള്ളത്തിൽ ലയിപ്പിച്ച ശേഷം അതിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിക്കുക. ഏകദേശം പത്തു പതിനഞ്ചു മിനിട്ട് വച്ചതിനു ശേഷം ഈ ലായനി നിലം തുടയ്ക്കാനായി ഉപയോഗിക്കാം.
പാത്രങ്ങൾ കുക്കിങ് വെസ്സലുകൾ പാത്രങ്ങൾ കുക്കിങ് വെസ്സലുകൾ എന്നിവ ആദ്യം തണുത്ത വെള്ളത്തിൽ കഴുകി, ചെളി കളയുക. തുടർന്ന് സോപ്പും, വിം പോലുള്ള ക്ലീനിങ് പൗഡറുകൾ ഉപയോഗിച്ചു നന്നായി കഴുകിയതിനു ശേഷം, ഉണക്കി തിളച്ച വെള്ളത്തിൽ ഒന്നു കൂടി കഴുകി അണു വിമുക്തമാക്കിയതിനുശേഷമേ ഉപയോഗിക്കാവൂ.ആകെ ക്ലീനിങ്ങുനുള്ള സമയം 18 മുതൽ 20 മണിക്കൂർ വരെ വേണ്ടി വരും. അതായത് രണ്ടു മൂന്നു ദിവസം.അമേരിക്കയിലെ New Orleans ഉണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും പെട്ട വീടുകൾ ക്ലീൻ ചെയ്തതിന്റെ സമയം ഏകദേശം പതിനെട്ട് മണിക്കൂർ ആണ്. (Riggs, Margaret A., et al. “Resident cleanup activities, characteristics of flood-damaged homes and airborne microbial concentrations in New Orleans, Louisiana, October 2005.” Environmental research 106.3 (2008): 401-409.)അപ്പോൾ ശ്രദ്ധിക്കേണ്ട കാര്യം വേണ്ട വിധം മുൻകരുതലുകൾ എടുത്തു, നന്നായി സമയം എടുത്ത് വേണ്ട രീതിയിൽ ക്ലീൻ ചെയ്ത ശേഷമേ പ്രളയ ദുരിതങ്ങൾ ഉണ്ടായ സ്ഥലത്തെ വീടുകളിൽ താമസമാക്കാൻ പറ്റൂ.
സന്നദ്ധ സംഘടനകളുടെയും, പൊതു പ്രവർത്തകരുടെയും, ദുരിതാശ്വാസ പ്രവർത്തകരുടെയും ജോലി ക്യാമ്പുകളിൽ ആളുകളെ എത്തിക്കുന്നതുവരെയും, അവരെ സംരക്ഷിക്കുന്നതു കൊണ്ടും തീർന്നില്ല.വെള്ളം കയറിയ വീടുകളിലേക്ക് താമസത്തിനു കയറുന്നതിന് മുൻപ് വീട് സുരക്ഷിതമായി താമസിക്കാൻ അനുയോജ്യം ആക്കാൻ സഹായിക്കുന്നതും ദുരിതാശ്വാസ പ്രവർത്തനത്തിൽപ്പെട്ട കാര്യം തന്നെ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
കടപ്പാട് :(കടപ്പാട്: സുരേഷ് സി പിള്ള) 2018 പ്രളയ സമയത്തു എഴുതിയതിൽ നിന്ന്