ആത്മാർഥമായി പരിശ്രമിച്ചാൽ വിജയിക്കും ഇ ചെറിയ സാഹചര്യങ്ങളിൽ ഞാൻ അമേരിക്കയിൽ ഇ നിലയിൽ എത്തിയത്

EDITOR

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ പ്രമുഖ ഗ്രുപ്പ് ആയ വേൾഡ് മലയാളീ സർക്കിളിൽ ഒരു ജോബ് ചലഞ്ച് നടക്കുന്നു അതിൽ വരുന്ന പല പോസ്റ്റുകളും വളരുന്ന തലമുറയ്ക്ക് ഇൻസിപ്പറേഷൻ ആണ് .അങ്ങനെ പ്രിയ എഴുതിയ തന്റെ ജോബ് ചലഞ്ച് പോസ്റ്റ് ആണ് വൈറൽ ആകുന്നത് പോസ്റ്റിന്റെ പൂർണ്ണ രൂപം എന്റെ അമേരിക്കൻ നഴ്സ് എന്ന സ്വപ്നം പൂവണിഞ്ഞ കഥ ഈ കഴിഞ്ഞ നഴ്സസ് വീക്കിൽ ലോകമെമ്പാടുമുള്ള മലയാളി നേഴ്സുമാരുടെ ഏറ്റവും വലിയ ഫേസ്ബുക്ക് ഗ്രൂപ്പായ AIMNA യിൽ ആണ് ഞാൻ ആദ്യമായി ഈ കഥ വിവരിച്ചിട്ടുള്ളത്. എന്റെ പരാജയങ്ങളുടെ കഥ ആർക്കെങ്കിലും പ്രചോദനമാകും എങ്കിൽ ആകട്ടെ എന്നു കരുതി. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ മനസ്സിൽ തോന്നി തുടങ്ങിയ ഒരു ആഗ്രഹമാണ് നേഴ്സ് ആവണം എന്നുള്ളത്. അതിനൊരു കാരണമുണ്ട്. എന്തെങ്കിലും ചെറിയ പനി ഒക്കെ വരുമ്പോൾ മാങ്ങാനം മന്ദിരം ആശുപത്രിയിലായിരുന്നു ഞങ്ങളെ കൊണ്ടുപോകാറുള്ളത്.

എന്ത് കാരണത്തിന്റെ പേരിലായാലും അവിടെ പോയാൽ എന്റെ കസിൻ താമസിക്കുന്ന ഹോസ്റ്റൽ വഴി ഒരു കയറ്റിറക്കം ഉണ്ട്. ആ ചേച്ചിമാർ കപ്പയും കാച്ചിലും തുടങ്ങി കോഴിക്കറി വരെ രുചികരമായ ഭക്ഷണങ്ങൾ പാകം ചെയ്യുന്നതും അതിന്റെ വീതം ഞങ്ങൾക്കും തരുന്നതൊക്കെ ഓർക്കുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം അതൊന്നും അല്ലായിരുന്നു. എല്ലാദിവസവും രാവിലെ ഓപ്പി (ക്ലിനിക് ) തുറക്കുമ്പോൾ നല്ല വെള്ള സാരിയുടുത്ത്, തലമുടി ഒക്കെ കെട്ടി വെച്ച് വെള്ള തൊപ്പിയും വെച്ച് സുന്ദരിമാരായ ചേച്ചിമാർ പുറത്തേക്കിറങ്ങി വന്ന് രോഗികളുടെ പേരുകൾ നീട്ടി വിളിക്കുമ്പോൾ അവിടെ ഇരിക്കുന്ന എല്ലാവരുടെയും കണ്ണുകൾ ആ വെള്ളമാലാഖമാരിൽ ആയിരുന്നു എന്നുള്ളതാണ്. ഞാൻ ഒരു നേഴ്സ് ആകുവാൻ ഉള്ള ആഗ്രഹം പൊട്ടിമുളച്ചത് ആ മന്ദിരം ആശുപത്രിയുടെ ഓപ്പി വെയ്റ്റിംഗ് റൂമിലിരുന്നാണ്.

എന്റെ പപ്പാ പറയുമായിരുന്നു നാലാം ക്ലാസ് മുതൽ ഞാൻ പറയാറുണ്ടത്രേ എനിക്ക് പഠിച്ചു മിടുക്കി ആയി ഒരു നേഴ്സ് ആവണം എന്നിട്ട് എനിക്ക് അമേരിക്കയിൽ പോകണം എന്ന്. ഒരു കൊച്ചുകുട്ടിയുടെ കൊച്ചു ആഗ്രഹം ആയിരുന്നെങ്കിലും ‘ഡ്രീം ബിഗ്’ എന്നൊരു ചൊല്ലുണ്ടല്ലോ. അങ്ങനെ സിഎംസി ലുധിയാന മെഡിക്കൽകോളേജിൽ മെറിറ്റിൽ അഡ്മിഷൻ കിട്ടി പഠിച്ചു ഞാൻ ഒരു ബിഎസ്സി നഴ്സ് ആയി. കൂട്ടത്തിൽ പറയട്ടെ, ഒരു നഴ്സിംഗ് പഠനം പൂർത്തിയാക്കുക എന്നതിലല്ല നാളുകൾ കൊണ്ട് നേടിയെടുക്കുന്ന അറിവും പരിശീലനവും കോർത്തിണക്കി സഹജീവികളോട് കാണിക്കുന്ന സഹാനുഭൂതിയും ദീർഘക്ഷമയും പരിചരണ മനോഭാവവുമാണ് ഏത് പ്രതിസന്ധിയിലും രോഗികൾക്ക് വേണ്ടി ജീവൻ പോലും കൊടുക്കാൻ തയ്യാറാവും വിധം കർത്തവ്യബോധമുള്ള ഒരു നല്ല നേഴ്സിനെ വാർത്തെടുക്കുന്നത്. കുറെ ഡിഗ്രി എടുക്കുന്നത് കൊണ്ട് മാത്രം സാധ്യമാകുന്ന ഒരു കാര്യമല്ല അത്.

അധികം താമസിക്കാതെ തന്നെ അമേരിക്കൻ മോഹം മനസ്സിൽ കൊണ്ട് നടന്ന കുറെ നേഴ്സുമാരും ഒക്കെയായി ഞാൻ ശ്രീലങ്കയ്ക്ക് പറന്നു (വിമാനത്തിൽ ആദ്യമായി കയറി കുറേ മണ്ടത്തരങ്ങൾ ഒക്കെ കാണിച്ച ഒരു യാത്ര) CGFNS പരീക്ഷ എഴുതുവാൻ. അവിടെ ചെന്നപ്പോൾ പരീക്ഷ നടക്കാനിരുന്ന ഹോട്ടലിന് നേരെ ബോംബ് ഭീഷണി. ഞങ്ങളെ പരീക്ഷയെഴുതിക്കാതെ അടുത്ത വിമാനത്തിൽ തിരികെ നേരെ കൊച്ചിൻ എയർപോർട്ടിലേക്ക് കയറ്റി വിട്ടു. അങ്ങോട്ട് വലിയ ഗമയിൽ എല്ലാവരുടെയും ലീഡർ കളിച്ചു പോയ ഞാൻ തിരികെ കിളി പോയി വന്നിറങ്ങുമ്പോൾ പലതരം ചോദ്യങ്ങളുമായി നിന്ന പത്രക്കാരെ കണ്ടു പത്രത്തിൽ പടം വരുമോ എന്ന നാണക്കേടോർത്ത് എല്ലാവരുടെയും പുറകിൽ എവിടെയോ പോയി ഒളിച്ചത് ഇപ്പോഴും ഓർക്കുന്നു .

തിരികെ വന്ന് കങ്ങഴ ആശുപത്രിയിൽ ട്യൂട്ടറായി ജോലി ചെയ്തു. അവിടെത്തന്നെ താമസിക്കുകയും വീക്കെൻഡ് കളിൽ ചെറുക്കൻ കാണൽ എന്ന കലാപരിപാടി ആസ്വദിക്കുകയും ചെയ്തു കൊണ്ടിരുന്ന ഒരു കാലം.അങ്ങനെയിരിക്കുമ്പോൾ എന്റെ കസിൻ എന്നെ കുവൈറ്റിൽ കൊണ്ടുപോയി. കുവൈറ്റിലും യുകെയിലും ഒരേസമയം തന്നെ ജോലി കിട്ടിയപ്പോൾ അമേരിക്ക ആയിരുന്നു സ്വപ്നം എന്നുള്ളതുകൊണ്ട് cgfns എഴുതുന്നതിനു വേണ്ടി രണ്ടാഴ്ചത്തേക്ക് ഞാൻ കുവൈറ്റിൽ നിന്നും കേരളത്തിലേക്ക് മടങ്ങി വന്നു. തന്നെയല്ല മിനിസ്ട്രിയിൽ ജോലി കിട്ടിയപ്പോൾ വിസ മാറണമെങ്കിൽ രാജ്യം വിടണമായിരുന്നു.അങ്ങനെ സി ജി എഫ് എൻ എസ് എഴുതുവാൻ വേണ്ടി ഒന്നുകൂടി ലങ്കയിലേക്ക് പറന്നു.കൊളംബോ മുഴുവൻ കറങ്ങി ആദ്യത്തെക്കാൾ വലിയ ഒരു ഗ്രൂപ്പുമായി ആണ് പോയത്. ഒരു വേൾഡ് ടൂറിന് പോകുന്ന ലാഘവത്തോടെ അടിച്ചുപൊളിക്കാൻ പോയ ഞാൻ തോറ്റു തൊപ്പിയിട്ടു തിരികെ വന്നു. എന്നിട്ടും ആശ കൈവിട്ടില്ല. അന്നു അമേരിക്കയിൽ ഉണ്ടായിരുന്ന ഒരു ആന്റി ലക്മാൻ ആൻഡ് സോരൻസൺ എന്ന ഒരു ബുക്ക് എനിക്ക് അയച്ചുതന്നു.

അപ്പോൾ മാത്രമാണ് ഇവിടുത്തെ നഴ്സിങ്ങിന് പറ്റിയുള്ള ഒരു അറിവ് കിട്ടിയത്. നാട്ടിൽ നിന്ന് നേരത്തേ അമേരിക്കയിലേക്ക് കുടിയേറിയ ഒരു കൂട്ടുകാരി മൂന്നാം തവണ ലങ്കക്ക് പോവാനുള്ള ടിക്കറ്റിന്റെ പണവും അയച്ചുതന്നു. അങ്ങനെ ശക്തമായ ഒരു തയ്യാറെടുപ്പിന് ശേഷം മൂന്നാമത്തെ പ്രാവശ്യം ഞാൻ ലങ്കയിലേക്ക് വീണ്ടും വണ്ടി കയറി.അത്ഭുതമെന്ന് പറയട്ടെ, ആ പരീക്ഷ ഞാൻ പാസായി.ഒരു കടമ്പ കഴിഞ്ഞു കിട്ടി.അടുത്തത് ഇംഗ്ലീഷിന്റെ പരീക്ഷകൾ പാസാകണം. TSE, TOEFL, TWE ഇത്രയും പരീക്ഷകൾ കൂടി ക്ലിയർ ചെയ്യണം എന്നാൽ ഇനി കുവൈറ്റും യുകെയുമൊന്നും നോക്കുന്നില്ല എന്ന് തീരുമാനിച്ചു ഒരു പെട്ടി ചുരിദാറും തുണികളും ഇപ്പോഴും കുവൈറ്റിൽ എവിടെയോ ഇരിപ്പുണ്ട്. അങ്ങനെ ഇംഗ്ലീഷ് പഠിക്കാൻ മാഞ്ഞൂരാൻസിൽ ജോയിൻ ചെയ്തു TOEFL അനായാസേന പാസായി.

TWE യും TSE ടെസ്റ്റ് ഓഫ് സ്പോക്കൺ ഇംഗ്ലീഷ്  ആണ് നമ്മുടെ താരം. മാഞ്ഞൂരാൻസിലെ സാർ എന്നെക്കൊണ്ട് അറഞ്ചം പുറഞ്ചം ഇംഗ്ലീഷിൽ TSE യുടെ ചോദ്യങ്ങളുടെ ഉത്തരം പറയിപ്പിക്കൽ ആയിരുന്നു ക്ലാസ്സിൽ മറ്റ് കുട്ടികളുടെ മുൻപിൽ. ഞാൻ ഉറപ്പായിട്ടും ജയിക്കും എന്നൊരു വിശ്വാസമായിരുന്നു എല്ലാവർക്കും. എന്റെ സ്പോക്കൺ ഇംഗ്ലീഷ് റിക്കോർഡ് ചെയ്തു കേട്ട് ഞാൻ പോലും ഞെട്ടിപ്പോയിരുന്നു അങ്ങനെ ടെസ്റ്റ് ഓഫ് സ്പോക്കൺ ഇംഗ്ലീഷ് പരീക്ഷ അറ്റൻഡ് ചെയ്യുവാൻ വേണ്ടി ഞാൻ ബോംബെയിലേക്ക് തീവണ്ടി കയറി എന്റെ പപ്പയുമായി. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ട്രെയിൻ യാത്ര. സ്റ്റേഷനിലിറങ്ങി ഒന്ന് തല തിരിക്കുമ്പോഴേക്കും എന്റെ പപ്പായെ കാന്മാനില്ല. റെയിൽവേ സ്റ്റേഷനിൽ അനൗൺസ് ചെയ്യിപ്പിച്ചു. എന്റെ പരീക്ഷയുടെ സമയവും അടുത്തുവരുന്നു. മലയാളം മാത്രം പറയാൻ അറിയാവുന്ന എന്റെ പപ്പക്കു എന്ത്പറ്റി എന്ന ഭയം മനസ്സിൽ ഇരിക്കെ ഞാൻ ഒരു ഓട്ടോ പിടിച്ച് കുറെ ദൂരെയുള്ള പരീക്ഷാഹാളിൽ എത്തി.

സ്പോക്കൺ ഇംഗ്ലീഷ് പരീക്ഷ അറ്റൻഡ് ചെയ്തു.മനസ്സിലാകെ പേടിയും അങ്കലാപ്പും ആയിരുന്നു കാരണം പപ്പയ്ക്ക് എന്തെങ്കിലും പറ്റിയോ എന്ന ചിന്തയായിരുന്നു മനസ്സിൽ. പരീക്ഷ കഴിഞ്ഞ് ഞാൻ ഇറങ്ങി വരുമ്പോൾ ചിരിക്കുന്ന മുഖവുമായി എന്റെ പപ്പാ മുൻപിൽ നിൽക്കുന്നു. നോക്കിയപ്പോൾ ദാ നിൽക്കുന്നു ഒരു മലയാളി ഓട്ടോറിക്ഷാ ഡ്രൈവർ. ദൈവം നടത്തിയ ചില വിധങ്ങൾ!അങ്ങനെ ബോംബെയിൽ നിന്നും തിരിച്ചു നാട്ടിൽ എത്തി റിസൾട്ട് കാത്തിരിക്കുമ്പോൾ ഒരു ദിവസം ലെറ്റർ വന്നു. ചില സാങ്കേതിക തടസ്സങ്ങൾ മൂലം നിങ്ങളുടെ കാസറ്റ് സ്കോർ ചെയ്യാൻ പറ്റിയില്ല എന്ന ഒരു കുറിപ്പുമായി.കണ്ഠമിടറിയതല്ലാതെ ഒന്നും ഉച്ചരിക്കാൻ കൂടെ പറ്റാതെ പോയ ചില നിമിഷങ്ങൾ.എന്താണ് ഇതിന്റെ അർത്ഥം എന്നുപോലും എനിക്ക് മനസ്സിലായില്ല. പിന്നെ മനസ്സിലായി കാസറ്റ് കുരുങ്ങി പോയി അതുകൊണ്ട് ഞാൻ പറഞ്ഞതൊന്നും അവർക്ക് മാർക്കിടാൻ പറ്റിയില്ലത്രേ എന്നാണ് ഈ റിസൾട്ടിന്റെ അർത്ഥം എന്ന്.

അപ്പോഴേക്കും സ്പോക്കൺ ഇംഗ്ലീഷ് പരീക്ഷ എന്റെ അമേരിക്കൻ സ്വപ്നത്തിലെ ഒരു വില്ലൻ ആയി മാറി തുടങ്ങിയിരുന്നു.TSE എന്നത് ഒരിക്കലും കിട്ടാൻ സാധ്യതയില്ലാത്ത ഒരു പേടിസ്വപ്നമായി മാറി.കല്യാണം കഴിക്കുന്നതിനു മുമ്പ് അമേരിക്കയ്ക്ക് പോയാലുള്ള പങ്കപ്പാടുകൾ അറിയാവുന്ന പപ്പാ ഇതിനോടകം എന്നെ കെട്ടിക്കാനുള്ള ചുറ്റുവട്ടങ്ങൾ ഒരുക്കി തുടങ്ങിയിരുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ അങ്ങനെ കല്യാണം കഴിഞ്ഞു. പക്ഷേ പ്രതിശ്രുത വരൻ സിറ്റിസൻ അല്ലാത്തത് കാരണം ഞാൻ TSE പാസ്സായി എങ്കിൽ മാത്രമേ എനിക്ക് പോകുവാൻ വകുപ്പ് ഉള്ളൂ. പിന്നീടുള്ള എന്റെ അന്വേഷണങ്ങൾ മുഴുവൻ TSE ഇല്ലാതെ അമേരിക്കക്ക് കൊണ്ടുപോകുന്ന വല്ല ഏജൻസിയും ഉണ്ടോ എന്നു തപ്പി ആയിരുന്നു. നിരാശയായിരുന്നു ഫലം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ആ സമയങ്ങളിൽ നടന്ന എല്ലാ അമേരിക്കൻ നിയമന ഇന്റർവ്യൂകളും പങ്കെടുത്തു.

എല്ലായിടത്തും ജഗജില്ലി ആയിരുന്ന ഞാൻ TSE എന്ന പേര് കേൾക്കുമ്പോഴേക്കും പമ്മി ഒതുങ്ങി മരവിച്ചു ഒരു മൂലയിൽ കൂടുന്ന അവസ്ഥയായി പോയി . പേടി കിട്ടി പോയത് കൊണ്ടാണോ കല്യാണം കഴിഞ്ഞ ഉടനെ അറ്റൻഡ് ചെയ്തത് കൊണ്ടാണോ എന്നറിയില്ല രണ്ടാമത് ചെയ്ത റ്റി എസ് ഇ യും എട്ട് നിലയിൽ പൊട്ടിഅങ്ങനെ ഒളിച്ചോട്ടം ഒരു പരിഹാരമല്ല എന്ന് മനസ്സിലായ ഞാൻ ഒടുവിൽ വീണ്ടും TSE ഒന്നൂടെ എടുക്കാൻ തീരുമാനിച്ചു. മൂന്നാം തവണ അപ്പോഴേക്കും മിനിസോട്ടയിലെ ഒരു നഴ്സിംഗ് ഹോമിൽ നിന്ന് എനിക്ക് ജോലിയുടെ ഓഫർ ലെറ്റർ കിട്ടി.സ്പോക്കൺ ഇംഗ്ലീഷ് റിസൾട്ട് കൂടി വന്നു കഴിഞ്ഞാൽ എനിക്ക് വിസ ഇന്റർവ്യൂവിനുള്ള ഡേറ്റ് കിട്ടും എന്ന ഒരു സമയമായി. ഒരു ഡിസംബർ 26 ന് എന്റെ വിസാ കോൾ ഡേറ്റ് കിട്ടി. ടി എസ് സിയുടെ പരീക്ഷാ ഡേറ്റ് അടുത്ത ഫെബ്രുവരിയിൽ കിട്ടിയിട്ടേയുള്ളു.

എന്തായാലും വിസ കിട്ടില്ല പക്ഷേ കോൾ വന്ന സ്ഥിതിക്ക് പോയേക്കാം എന്ന് തീരുമാനിച്ചു.അങ്ങനെ ഞാനും എന്റെ പപ്പയും കൂടി മദ്രാസ് കോൺസുലേറ്റിലേക്ക് യാത്രയായി.പിറ്റേദിവസം രാവിലെ എനിക്ക് അവിടെ വച്ച് ഒരു കൂട്ടുകാരിയെ കിട്ടി.. ആനി.. ആദ്യം ആനിയുടെ ഇന്റർവ്യൂ ആയിരുന്നു.അത് കഴിഞ്ഞപ്പോൾ അവൾ സങ്കടത്തോടെ ഇറങ്ങി വരുന്നത് കണ്ടു. അവൾക്ക് വിസ കിട്ടിയില്ലായിരിക്കും എന്ന് കരുതി ഞാൻ എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ അവൾ വളരെ വിഷമത്തോടെ പറയുകയാണ്.. പ്രിയ എനിക്ക് വിസ കിട്ടി പക്ഷേ സായിപ്പ് ടി എസ് ഇ ചോദിക്കുന്നുണ്ട്.നിനക്ക് ഇല്ലല്ലോ എന്നോർത്ത് സങ്കടപ്പെട്ടതാണ് എന്ന്.ഞാൻ പറഞ്ഞു അത് സാരമില്ല ഞാൻ അല്ലെങ്കിലും പ്രതീക്ഷിക്കുന്നില്ല എന്ന്. അങ്ങനെ ആനിയ്ക്ക് വിസ കൊടുത്ത അതേ സായിപ്പിന്റെ മുൻപിലേക്ക് ഞാനും കയറിചെന്നു.മനസ്സിൽ ഒന്നു പ്രാർത്ഥിച്ചു. ദൈവമേ ഈ സായിപ്പിന്റെ മനസ്സിൽ നല്ല ബുദ്ധി തോന്നിക്കണമെ എന്ന്.

യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു എങ്കിലും വെറുതെ ഒന്ന് ആശിച്ചു. ടി എസ് സി യുടെ പേപ്പർ കാണുന്നില്ലല്ലോ എന്ന ചോദ്യം പ്രതീക്ഷിച്ചു നിൽക്കുന്ന എന്നോട് സായിപ്പ് വല്യ സന്തോഷത്തോടെ പറഞ്ഞു..നീ തിരികെ പൊയ്ക്കൊള്ളൂ രണ്ടുമൂന്നു ദിവസത്തിനകം വിസ വീട്ടിൽ വരും എന്ന്. എനിക്ക് സന്തോഷം കൊണ്ട് ഒന്ന് പൊട്ടിക്കരയണം എന്ന് തോന്നി. അതെ കൂട്ടുകാരെ, ഭയപ്പെട്ടതുപോലെ സംഭവിച്ചില്ല. എന്റെ ഊഴം വന്നപ്പോൾ സായിപ്പ് ടി എസ് സി യുടെ കാര്യം മറന്നു. അല്ലെങ്കിൽ ദൈവം പുള്ളിയെ ഓർമിപ്പിച്ചില്ല. ഞാൻ സന്തോഷംകൊണ്ട് കരഞ്ഞു കൂവിക്കൊണ്ട് ഇറങ്ങി വന്നു. ആനിക്കും എന്റെ പപ്പയ്ക്കും എല്ലാവർക്കും അവിശ്വസനീയമായ ഒരു സന്തോഷവാർത്ത ആയിരുന്നു അത്.അങ്ങനെ, ആ ജനുവരി 1 നു ഞാൻ ആദ്യമായി അമേരിക്കയിൽ ലാൻഡ് ചെയ്തു. എന്റെ അമേരിക്കൻ സ്വപ്നം പൂവണിഞ്ഞു. ആ സമയങ്ങളിൽ (2000-2001) എന്നെപ്പോലെ ടി എസ് ഇ പാസാകാതെ സായിപ്പിന്റെ കണ്ണിൽ പൊടിയിട്ട് അമേരിക്കയിലെത്തിയ ആരെങ്കിലും ഇത് വായിക്കുന്നുണ്ടോ? ദൈവം അത്ഭുതം പ്രവർത്തിച്ചതാണ് എന്ന് എനിക്ക് ഉറപ്പുണ്ട്. അല്ലെങ്കിൽ ആ പരീക്ഷ ഞാൻ ഒരിക്കൽ പോലും പാസാകും എന്ന് എനിക്ക് തോന്നിയിട്ടില്ല. ഇപ്പൊ മണിമണിയായി സ്പോക്കൺ ഇംഗ്ലീഷ് സംസാരിക്കുന്ന ഞാൻ ടി എസ് ഇ പരീക്ഷ ഇപ്പൊ എടുത്താലും പാസ് ആകും എന്ന് യാതൊരു വിശ്വാസവുമില്ല .

കാരണം അത്രയ്ക്ക് എന്നെ പേടിപ്പിച്ച് പണ്ടാരമടക്കിയ വേറെ ഒരു പരീക്ഷയും ഞാൻ ഇന്നുവരെ ചെയ്തിട്ടില്ല എങ്കിലും ഇപ്പോൾ പല രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്കും യൂറോപ്പിലേക്കുമൊക്കെ കുടിയേറി താമസിക്കുവാനായി ശ്രമിക്കുന്ന എന്റെ നഴ്സ് സുഹൃത്തുക്കളോട് ഒരു കാര്യം ആവർത്തിച്ചു പറയാം. പരീക്ഷകൾ പാസാവാൻ ഉള്ളതാണ് അല്ലാതെ തോൽക്കാൻ ഉള്ളതല്ല. അതുകൊണ്ട് കിട്ടുന്നതുവരെ ശ്രമിക്കുക. മൂന്ന് പ്രാവശ്യം സിജിഫെൻസിനുവേണ്ടി ലങ്കാപ്രയാണവും സായിപ്പ് ചോദിച്ചില്ലെങ്കിലും തോറ്റു പോയെങ്കിലും മൂന്നുപ്രാവശ്യം ടി എസ് സി പരീക്ഷകളും കുറഞ്ഞത് ഒരു 30 അമേരിക്കൻ ഇന്റർവ്യൂകളും അറ്റൻഡ് ചെയ്തില്ലായിരുന്നുവെങ്കിൽ ഞാൻ ഇന്ന് ഇവിടെ ഇരിക്കില്ലായിരുന്നു
കേരളത്തിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഞാൻ ജോലി ചെയ്തിട്ടുണ്ട്.

ഈ ജോലി തെരഞ്ഞെടുത്തതിൽ അഭിമാനം അല്ലാതെ ഇന്നുവരെ കുറ്റബോധം തോന്നിയിട്ടില്ല. ഒരു bedside നേഴ്സ് മുതൽ നഴ്സിംഗ് ട്യൂട്ടർ, കേസ് മാനേജർ, നഴ്‌സ് അനസ്തെറ്റിസ്റ്റ്, നേഴ്സ് പ്രാക്ടീഷനെർ ചിലത് മാത്രംഎന്നിങ്ങനെ ഉപരിപഠനാർത്ഥം ലോകത്തെവിടെയും നൂറുകണക്കിന് തൊഴിലവസരങ്ങൾ മാടിവിളിക്കുന്ന വളരെ ചുരുക്കം ചില തൊഴിലുകളിൽ ഒന്നാണ് നഴ്സിംഗ്. വീട്ടിലിരുന്ന് ചെയ്യാവുന്നതരം ജോലികൾ മുതൽ സ്വന്തമായി ക്ലിനിക്ക് വരെ നടത്താവുന്ന ധാരാളം അവസരങ്ങൾ ഇന്ന് നഴ്സിങ്ങിനുണ്ട്.ഞാൻ ഇരുപതിൽപരം വർഷങ്ങളായി അമേരിക്കയിൽ കുടുംബമായി താമസിക്കുന്നു. നഴ്സിംഗ് എഡ്യൂക്കേഷനിലും ഫാമിലി നഴ്സ് പ്രാക്ടീസിങ്ങിലും ഇവിടുത്തെ യൂണിവേഴ്സിറ്റികളിൽ നിന്നും മാസ്റ്റർസ് ഡിഗ്രി നേടി. ഡയബെറ്റീസിൽ പ്രത്യേക സർട്ടിഫിക്കേഷനും എടുത്തു. ഇവിടത്തെ ഫെഡറൽ മിലിറ്ററി ഹോസ്പിറ്റലിൽ ഡയബേറ്റിസ് സ്പെഷ്യലിസ്റ് നഴ്സ് പ്രാക്ടീഷിണ ആയി ജോലി ചെയ്യുന്നു.ഞാൻ ഏറ്റവും സ്വപ്നം കണ്ട, കഠിനപ്രയത്നം കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും പൂവണിഞ്ഞ എന്റെ കരിയർ ലൈഫ് എന്നാലുംറ്റി എസ് ഇ ഹൊ ഇപ്പോഴും ഓർക്കുമ്പോൾ ഒരു ഞെട്ടലാണ്.