ഫേസ്ബുക്കിൽ പല സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ ഇന്നത്തെ ഉത്ര കേസ് വിധിയെ എതിർത്ത് പലരും സംസാരിക്കുന്നത് കണ്ടു പക്ഷെ ഇന്നത്തെ കോടതി വിധി തന്നെ ആണ് പ്രതി അർഹിക്കുന്നതും കോടതി വിധിച്ചതും.കോടതിയെയും വിമര്ശിക്കുന്നവർക്കും ജയിലിൽ ഭക്ഷണവും താമസവും സുഖം ആണെന്ന് ഫേസ്ബുക്കിൽ കുറിക്കുന്നവർക്കും വേണ്ടി രണ്ടു വ്യത്യസ്ത വ്യക്തികൾ എഴുതിയത് ചുവടെ ചേർക്കുന്നു
ഏറ്റവും വൃത്തികെട്ട ഭക്ഷണം ലഭിക്കുന്നത് ജയിലുകളിലാണ് മിനുസ്സമുള്ള തറയിൽ ടൂബ് ലൈറ്റിന്റെ വെളിച്ചത്തിലാണ് ഉറക്കം അഞ്ച് മണിയ്ക്ക് എണീപ്പിക്കുന്നതുമുതൽ സഹ തടവുകാരുടെയും ഉദ്യോഗസ്ഥരുടെയും വ്യക്തിഹത്യയും ഹറാസ്മെന്റും സെല്ലിലാണ് കക്കൂസ് ഇരുന്നാൽ തല മറ്റുള്ളവർക്ക് കാണാൻ പാകത്തിനുള്ള അര വാതിലിലാണ് പണിതിട്ടുള്ളത് രണ്ട് കക്കൂസുകളിൽ ഒന്നിൽ സിനിമാ നടിമാരുടെ ചിത്രങ്ങൾ ഒട്ടിച്ചിരിക്കും സ്വയം ഭോഗം ചെയ്യാനുള്ളവർ അതിൽ കയറാം, കറുത്ത മഷി പുരട്ടി വാർത്ത മറച്ച ദിനപത്രങ്ങൾ കിട്ടാറുണ്ട് ദിവസവും പിന്നീട് എപ്പോഴെങ്കിലും അറിയും അതിലൊരു വാർത്ത നമ്മുടെ പ്രിയപ്പെട്ടവർ ആരെങ്കിലും കൊല്ല പ്പെട്ടതായിരിക്കുമെന്ന് ജയിൽ ഒരു അനുഭവമാണ് കുറച്ച് ദിവസങ്ങൾ മാത്രം ആസ്വദിക്കാൻ ഒരിക്കലും മനുഷ്യരായവർക്ക് പറ്റില്ല പുറം
തള്ളുകാർക്ക് കാര്യങ്ങൾ അറിയാത്തോണ്ടാ ഒരു മാസത്തെ ജയിൽ ശിക്ഷ അല്ലങ്കിൽ തൂക്ക് കയർ ഇതിലേത് തെരഞ്ഞെടുക്കുമെന്ന് എന്നോട് ചോദിച്ചാൽ നിസംശയം ഞാൻ രണ്ടാമത്തേത് ആവശ്യപ്പെടും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ നമുക്ക് കുറ്റകൃത്യങ്ങൾ ചെയ്യാതെ ജീവിച്ചുപോകാൻ ശ്രമിക്കാം സത്യമേ വ ജയതേ
രതീഷ് രോഹിണി
ഉത്ര വധക്കേസിൽ സൂരജിന് ശിക്ഷ പോര എന്നും പറഞ്ഞ് എത്രയോ പേര് നിലവിളിയാണ്. ഇനി ഏതാണ്ട് ജീവിതാവസാനം വരെ കൂട്ടിലാണ് അയാൾ. ജയിലിലെ ജോലികളും ഏകാന്തവാസവുമൊക്കെ വല്ല്യ സുഖമാണ് എന്നാണോ ഇവരൊക്കെ കരുതുന്നത്.എത്രയെത്ര പേരാ ജയിലിലെ മെനുവൊക്കെയിട്ട് ‘ജയിലീപ്പോയാ മതിയാർന്ന്’ എന്ന് പറഞ്ഞോണ്ട് ട്രോളും പോസ്‌റ്റുമിടുന്നത്. ശരിക്കും ഇത്രേം ജയിൽദാഹികളുണ്ടായിരുന്നോ ഇവിടെ.സൂരജിനെ പാമ്പിനെക്കൊണ്ട് കൊത്തിക്കാനും തൂക്കാനുമൊക്കെ എളുപ്പം പറയാം. പക്ഷേ, വധശിക്ഷ എന്നത് തീർത്തും മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമാണ്. അത് ചെയ്താൽ പിന്നെ ഉത്രയെ കൊന്ന സൂരജും സൂരജിനെ കൊല്ലാൻ മുറവിളി കൂട്ടുന്ന നമ്മളും തമ്മിൽ വ്യത്യാസമൊന്നുമുണ്ടാവില്ല. ഇരുപത്തേഴ് വയസ്സുള്ള കൊലപാതകി നാൽപത്തഞ്ച് കൊല്ലം അകത്ത് കിടക്കാൻ പോകുന്നത് അയാൾക്ക് ലഭിക്കുന്ന വലിയ ശിക്ഷ തന്നെയാണ്.
പിന്നെ, ഈ മേളത്തിനെല്ലാമിടയിലും വിട്ടുപോകുന്ന ഒരു പ്രധാനവിഷയമുണ്ട്. ആറ്റ് നോറ്റ് പെറ്റ് പോറ്റി വളർത്തിയ പെൺമക്കളെ പറഞ്ഞയക്കുമ്പോൾ അവരുടെ മനസ്സമാധാനത്തിനും സന്തോഷത്തിനും വേണ്ടി സ്വർണവും പണവും കാറും പറമ്പും വീടും കണ്ണീരും ഒഴുക്കേണ്ടി വരുന്ന അച്‌ഛനമ്മമ്മാരുടെ തീരാനൊമ്പരങ്ങൾ. പാമ്പിനെ കൊണ്ട് കൊത്തിച്ചും തീയിട്ടും കത്തിക്ക് കുത്തിയുമൊക്കെ കരളിന്റെ ചീളായ മോളെ കൊന്നവനോട് സമവായത്തിലേർപ്പെടേണ്ടി വരുന്ന നിസ്സഹായരായ രക്ഷിതാക്കൾ. മക്കൾ ആ നരകങ്ങളിൽ നിന്ന് ഇറങ്ങിപ്പോന്നാലും ഇല്ലെങ്കിലും അവർ സഹിക്കേണ്ടി വരുന്ന ദുരന്തങ്ങൾ തന്റേടം വന്ന് സ്വന്തം കാലിൽ നിൽക്കാൻ പഠിക്കാതെ പെൺകുട്ടികൾ കല്യാണം കഴിക്കരുത്.പ്രായമെത്താതെ, അവർക്ക് വേണമെന്ന് തോന്നിയാലല്ലാതെ മാതാപിതാക്കൾ അവരെ വിവാഹജീവിതത്തിലേക്ക് പറഞ്ഞയക്കരുത് ഇനിയൊരുത്തനും പിച്ചിപ്പറിക്കാൻ പാകത്തിൽ പെൺകുട്ടികൾ പെട്ടുപോകരുത് ഈ വിധി ഒരു ഓർമ്മപ്പെടുത്തലായിരിക്കട്ടെ.
ഡോക്ടർ ഷിംന അസീസ്