ഒരമ്മ എന്നോട് പറഞ്ഞു മരുമകൾ ഭക്ഷണം കഴിക്കാൻ പോലും വിളിക്കാറില്ല ഉടനെ ഞാൻ ഒരു കാര്യം ചെയ്തു ശേഷം സംഭവിച്ചത്

EDITOR

Updated on:

ഞാൻ ജാൻസി ഗുരുവായൂർ ടെംപിൾ പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായി ജോലിചെയ്തു വരുന്നു. കുന്ദംകുളം പോലീസ് ക്വാര്‍ട്ടേഴ്സില്‍ സകുടുംബം താമസിക്കുന്ന ഞാൻ വല്ലപ്പോഴും മാത്രമേ മലപ്പുറം ജില്ലയിലെ അരീക്കോടുള്ള എന്റെ സ്വന്തം വീട്ടിലേക്ക് പോകാറുള്ളൂ. അവിടെ ചെല്ലുമ്പോൾ വീടും പരിസരവും വൃത്തിയാക്കുന്നതിനും എന്നെ സഹായിക്കുന്നതിനുമായി അയൽവാസിയായ ഒരു അമ്മൂമ്മ വരാറുണ്ട് അമ്മൂമ്മയ്ക് നല്ല പ്രായമുണ്ട് അവർ വന്ന് മുറ്റമടിക്കുകയും എന്നെ സഹായിക്കുകയും ചെയ്യുമ്പോൾ അവരുടെ പ്രായത്തെ ഓർത്ത്,പലതവണ ഞാനവരെ വിലക്കിയിട്ടുണ്ട്.ഞാൻതന്നെ വൃത്തിയാക്കിക്കോളാം എന്ന് എത്രവട്ടം പറഞ്ഞാലും,ഞങ്ങൾ വീട്ടിൽ എത്തിയിട്ടുണ്ട് എന്നറിഞ്ഞാൽ അവർ അവിടെയെത്തി പരിസരം വൃത്തിയാക്കുക പതിവാണ്.രാവിലെ മുറ്റം വൃത്തിയാക്കിക്കഴിഞ്ഞാൽ അവർ എന്റെ കയ്യിൽ നിന്നും ചായവാങ്ങിക്കുടിക്കും. പിന്നെ നന്നായി വെറ്റില മുറുക്കും അതോടൊപ്പം എന്നോട് നാട്ടുവർത്തമാനവും പറഞ്ഞിരിക്കും.

ചായക്കും കാപ്പിക്കും വേണ്ടി മാത്രമല്ല അത്യാവശ്യം ചിലവിനുള്ള പണം കണ്ടെത്തുവാനും കൂടിയാണ് ഈ പ്രായത്തിലും അവർ അധ്വാനത്തിനിറങ്ങുന്നത് എന്ന് എനിക്ക് മനസ്സിലായി. അദ്ധ്വാനിക്കാതെ പണം വാങ്ങരുത് എന്നാണ് അമ്മൂമ്മയ്ക് ശാഠ്യം.ഞാൻ ഇതെല്ലാം കണ്ടറിഞ്ഞ് അവർക്ക് പണമായും സാധനങ്ങളായും പലതും നൽകി. അപ്പോൾ മനസ്സു നിറഞ്ഞ് അവർ ചിരിക്കും.പതിവുപോലെ മുറ്റം വൃത്തിയാക്കി കഴിഞ്ഞ്, ചായയും കുടിച്ച് പോകാനിറങ്ങി.ഇങ്ങള് പോലീസാശരിക്കും പോലീസ് എന്നാ ഇച്ചൊരു (എനിക്കൊരു) കൂട്ടം പറയാണ്ട്.കേക്കാൻ സമയണ്ടോവ്വോ. എനിക്കത് കേട്ടപ്പോൾ കൌതുകമായി.തിരക്കുകളുണ്ടായിരുന്നിട്ടും വിശേഷമറിയാൻ ഞാനും സമയം കണ്ടെത്തി.പതിനൊന്നു വർഷമായി ഞാൻ ന്റെ കുടീന്ന് ചോറ് ബെയ്ച്ചിട്ട് ഭക്ഷണം കഴിച്ചിട്ട്. മരുമകളായി ഒരു പൊരുത്തവുല്ല്യ.പകലൊക്കെ ഞാൻ ഇങ്ങനെ അയൽക്കാരുടെ ചെലവില് കഴിയും.

രാത്രിയിൽ മരുമകൾ ഭക്ഷണം കഴിക്കാൻ അച്ഛനേയും മകനേയും വിളിക്കും എന്നെ വിളിക്കില്ല. അപ്പോൾ മകൻ എന്നെ വിളിക്കും എന്നിട്ട് അച്ഛനും മകനും കൂടി അവരുടെ ഭക്ഷണത്തിൽ നിന്നും കുറച്ചു ഭക്ഷണം എനിക്ക് തരും.ഇത്രയും പറഞ്ഞപ്പോൾതന്നെ അമ്മൂമ്മയുടെ ശബ്ദം ഇടറി.അവരുടെ കണ്ണുകൾനിറഞ്ഞു.അമ്മൂമ്മ പോയ്ക്കോളൂ എല്ലാം ശരിയാകും എന്നു പറഞ്ഞ് ഞാൻ അവരെ ആശ്വസിപ്പിച്ച് പറഞ്ഞയച്ചു.ഇക്കാര്യം എന്റെ മനസ്സിൽ ഒരു നീറ്റലായി കടന്നുകൂടി.ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായി ബീറ്റ് ഓഫീസർ എന്നനിലയിൽ ഞാൻ എത്രയോ വീടുകളിൽ സന്ദർശിച്ചു. പലരുടേയും പ്രശ്നങ്ങൾ അടുത്തറിയുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.എത്രയോ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി.എന്തുകൊണ്ട് വയോധികയായ ഇവരുടെ പ്രശ്നത്തിൽ എനിക്ക് ഇടപെട്ടുകൂടാ എന്റെ മനസ്സ് എന്നോട് ചോദിച്ചുകൊണ്ടേയിരുന്നു.

വീട്ടിൽ നിന്നും തിരിച്ചു പോകുമ്പോഴേക്കും അവരുടെ പ്രശ്നത്തിന് ഒരു പരിഹാരം കാണണം. ഞാനുറപ്പിച്ചു.എന്റെ വീട്ടിൽ തെങ്ങിൽ കയറി തേങ്ങയിടുന്നത് അമ്മൂമ്മയുടെ മകനാണ്. അടുത്ത ദിവസം അയാൾ വീട്ടിൽ വന്നപ്പോൾ ഞാൻ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു.അമ്മ പറഞ്ഞത് ശരിതന്നെയാണെന്നും, അമ്മയ്ക് അയാളുടെ ഭാര്യയുമായി ഏറെനാളത്തെ പിണക്കമാണെന്നും ആരു പറഞ്ഞാലും അനുസരിക്കാത്ത പ്രകൃതമാണ് ഭാര്യയുടേതെന്നും അയാൾ എന്നോട് പറഞ്ഞു. അയാൾ തന്റെ നിസ്സഹായത എന്നോട് വിവരിച്ചു.അയാൾ ഇതു പറഞ്ഞതോടെ മരുമകളെ കണ്ട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു.അന്ന് വൈകുന്നേരം ഞാൻ അവരുടെ വീട്ടിലേക്ക് പോയി. മരുമകളെ കണ്ടു. അവർക്കും എന്നോട് കുറേ പറയുവാനുണ്ടായിരുന്നു.ഞാനതെല്ലാം നല്ലവണ്ണം കേട്ടു.മികച്ച കുടുംബ ബന്ധങ്ങൾ നിലനിർത്തുന്നതിനെക്കുറിച്ചും മാറ്റേണ്ട കാഴ്ചപാടുകളെ കുറിച്ചും ഞാനവരോട് സംസാരിച്ചു.

മുതിർന്ന പൌരൻമാരുടെ ക്ഷേമത്തിനുവേണ്ടി നിലവിലുള്ള നിയമങ്ങളെക്കുറിച്ചും അത് ലംഘിക്കുന്നവർക്കുള്ള ശിക്ഷകളെ കുറിച്ചും ഇതിനിടയിൽ ഞാനവർക്കു പറഞ്ഞു മനസ്സിലാക്കി കൊടുത്തു.ജനമൈത്രി പോലീസ് പരിപാടിയുടെ ഭാഗമായി ഞാൻ നേരിട്ടറിഞ്ഞ പലതരം അനുഭവങ്ങളും അവരെ പറഞ്ഞു ബോധ്യപ്പെടുത്തി.ഇനിയും ഇത്തരം സംഭവങ്ങൾ തുടരുകയാണെങ്കിൽ സമീപത്തെ പോലീസ് സ്റ്റേഷനിൽ എനിക്ക് ഇക്കാര്യം അറിയിക്കേണ്ടി വരുമെന്നും ഞാനവരോട് താക്കീത് സ്വരത്തിൽ പറഞ്ഞു.വീട്ടിൽ ഭക്ഷണം വെച്ചാൽ ഇനി മരുമകൾ വിളമ്പിത്തരുമെന്നും തന്നില്ലെങ്കിൽ സ്വയം എടുത്ത് കഴിക്കണമെന്നും, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മരുമകളുടെ ഭാഗത്തുനിന്നും തെറ്റായി എന്തെങ്കിലും ഉണ്ടായാൽ തീർച്ചയായും എന്നെ വിളിക്കണമെന്നും ഞാൻ പറഞ്ഞു. കൂടാതെ അമ്മൂമയ്ക് എന്റെ ഫോൺ നമ്പറും നല്കിയാണ് ഞാൻ അവിടെ നിന്നും മടങ്ങിയത്.അടുത്ത ദിവസം രാവിലെ അമ്മൂമ്മ കിതച്ചുകൊണ്ട് എന്റെ വീട്ടിൽ വന്നു. അവരുടെ കണ്ണുകളിൽ വിടർന്ന സന്തോഷം കൊണ്ട് കണ്ണുനീർ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. മുഖത്ത് തെളിച്ചവും പുഞ്ചിരിയും ഞാൻ ശ്രദ്ധിച്ചു.

മോളെ.ഇച്ചിനി മേലേക്ക് പോയാമതി.കിതച്ചുകൊണ്ട് അവർ എന്‍റെ കൈകൾ പിടിച്ചു.എന്‍റെ മരോള് മരുമകൾ ഇന്നലെ രാത്രി ചോറ് വിളമ്പീട്ട് അമ്മേ ദാ ചോറ് ബെയ്ച്ചോളീ.ന്ന് കഴിച്ചോളാൻ പറഞ്ഞു.ഇച്ചിനി എനിക്കിനി മേലേക്ക് പോയാമതി സന്തോഷായി.പതിനൊന്ന് കൊല്ലം കയ്ഞ്ഞു ഓളിക്ക് വെളമ്ബി അവളെനിക്ക് വിളമ്പി തന്നിട്ട് അവർ തേങ്ങുകയായിരുന്നു.സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അവരുടെ കണ്ണുകളിൽ നിന്നും കണ്ണുനീർത്തുള്ളികൾ വാർന്നുവീഴുന്നുണ്ടായിരുന്നു. അമ്മൂമ്മയെ കെട്ടിപ്പിടിച്ച് ഞാനവരെ ആശ്വസിപ്പിച്ചു.ആ സമയം ഞാനറിയാതെ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.ഇക്കാര്യം പറയുന്നതിന് ഈ വയോജനദിനം തന്നെ ഞാൻ തെരഞ്ഞെടുത്തത് ഇത് പലർക്കും ഉപകാരപെടട്ടെ എന്നു കരുതുന്നു
തൃശൂർ സിറ്റി പോലീസ്