ഗർഭകാലം അത്ര സിംപിൾ അല്ല ഒൻപതാം മാസത്തെ സ്കാനിങ്ങിൽ അത് കണ്ടത് കുഞ്ഞ് ക്രോസ്സ് ആയാണ് കിടക്കുന്നതു കുറിപ്പ്

EDITOR

ഗർഭകാലം പ്രസവം എന്നൊക്കെ കേൾക്കുമ്പോൾ പലർക്കും തോന്നും ഓ ഇതിപ്പോ ലോകത്തെ ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ എല്ലാ സ്ത്രീകളും കടന്നു പോകുന്ന ഒരു അവസ്‌ഥ.അതിലിപ്പോൾ ഇത്ര കൊട്ടിഘോഷിക്കാൻ എന്തിരിക്കുന്നു ?’ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം,ഗർഭ കാലംഅമ്മ ആവാൻ പോകുന്ന ആ നിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ കാലം.പക്ഷെ ആ നിമിഷം അവൾ വിജയിച്ചു വരുന്നത് എത്രയെത്ര കഠിന പരീക്ഷണങ്ങൾ അതിജീവിച്ചാണ് തന്റേയും തന്റെ ഉദരത്തിലുള്ള കുഞ്ഞിന്റെയും ജീവൻ വരെ അപകടത്തിലാക്കുന്ന അവസ്‌ഥ പോലും അതിജീവിച്ച്എന്നാൽ അമ്മയാവാനുള്ള അവളുടെ അതിതീവ്ര ആഗ്രഹത്തിന് മുന്നിൽ ആ പരീക്ഷണങ്ങളൊന്നും അവൾക്കൊരു വിഷയമല്ല.

ഒരു ടെറ്റനസ് ഇൻജെക്ഷൻ എടുക്കാൻ തന്നെ ഭയന്ന് വിറച്ചിരുന്ന എന്റെ ഗർഭകാലവും പ്രസവവും ഒരു ഗർഭിണിക്കുണ്ടായേക്കാവുന്ന സങ്കീർണതകളിലൂടെയെല്ലാം കടന്നു വന്നിട്ടാണ് ഞാൻ എന്റെ രണ്ടു കുഞ്ഞുങ്ങളെയും പ്രസവിച്ചത്.മോനെ ഗർഭിണിയായിരുന്നപ്പോൾ ലോ ലയിങ് പ്ലാസന്റ കാരണം 3 മാസം മുതൽ ഏഴു മാസം വരെ കംപ്ലീറ്റ് ബെഡ് റസ്റ്റ് വേണ്ടിവന്നു പുറം ലോകം കാണാതെ ഒരു മുറിക്കുള്ളിൽ കിടന്നകിടപ്പിൽ 5 മാസം .ഏഴാം മാസം ചെക്കപ്പിന് പോയപ്പോൾ ഡോക്ടർ ഇനി റസ്റ്റ് വേണ്ടാ ന്ന് പറഞ്ഞു .ആ ആശ്വാസവാക്ക് കേട്ട് സന്തോഷിക്കാൻ തുടങ്ങും മുന്നേ ഡോക്ടർ ഇതും കൂടെ കൂട്ടിച്ചേർത്തു ജസ്റ്റേഷനൽ ഡയബെറ്റിക്ക് ആണ് (അതായത് ഗർഭ കാലത്തു സ്ത്രീകളിൽ കാണുന്ന പ്രമേഹം.അത് കൊണ്ട് സ്ട്രിക്ട് ഡൈറ്റ് ഫോള്ളോ ചെയ്യണം.അതൊന്നും എനിക്കൊരു പ്രശ്നമായി തോന്നിയില്ല.എന്റെ കുഞ്ഞിനു വേണ്ടി എന്തും സഹിക്കാൻ ഞാൻ ഒരുക്കമായിരുന്നു.അങ്ങനെ ആഴ്ചകൾ കടന്ന് പോയി.

അവസാനം വില്ലനായെത്തിയത് ഒരു വൈറൽ ഫീവർ.ആ വൈറൽ ഇൻഫെക്ഷൻ കാരണം ഡോക്ടർ പറഞ്ഞ ഡേറ്റിനു മൂന്നാഴ്ച്ച മുൻപ് എനിക്ക് പെയിൻ വന്നു .ആദ്യം കരുതി ഫാൾസ് പെയിൻ ആവും എന്ന്.ഹോസ്പിറ്റൽ എത്തി ടെസ്റ്റ് ചെയ്തപ്പോൾ മനസ്സിലായി സമയമായി എന്ന്.പക്ഷെ വൈറൽ ഫീവെർ എന്നെ വല്ലാതെ തളർത്തിയിരുന്നു.നോർമൽ ഡെലിവറി ക്ക് ശക്തി ഇല്ലാതായിരിക്കുന്നു.പക്ഷെ ഡോക്ടർക്ക് അത് മനസ്സിലായത് കുറച്ചു വൈകിയാണ് .അപ്പോഴേക്കും ഡെലിവറി പകുതിയിലെത്തിയിരുന്നു .എന്റെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലായ നിമിഷങ്ങൾഡോക്ടർ പറഞ്ഞു “വർഷാസകല ശക്തിയും എടുത്ത് ഒന്ന് ശ്രമിക്കു എന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാനുള്ള എന്റെ കാത്തിരിപ്പിന്റെ അവസാന ഘട്ടം എനിക്ക് എവിടെന്നോ പറഞ്ഞറിയിക്കാനാവാത്ത ഒരു കരുത്തു കിട്ടി അങ്ങനെ ദൈവാനുഗ്രത്താൽ നോർമൽ ഡെലിവെറിയിലൂടെ ഞാൻ എന്റെ മകനെ പ്രസവിച്ചു

ജീവിതത്തിൽ ഇത്രയധികം സന്തോഷിച്ച നാളുകൾ ഉണ്ടായിട്ടില്ല .അവൻ എന്റെയുള്ളിൽ ഉണ്ടെന്നറിഞ്ഞ നിമിഷം മുതൽ തുടങ്ങിയ പ്രാർത്ഥനയും കാത്തിരിപ്പുമാണ് അവനെ ആദ്യമായി കണ്ടപ്പോൾ അവന്റെ കുഞ്ഞിക്കയ്യിൽ ആദ്യമായി പിടിച്ചപ്പോൾ ആ ഒൻപതു മാസം ഞാൻ അനുഭവിച്ച ശാരീരിക വിഷമതകൾ എങ്ങോ മാഞ്ഞു പക്ഷെ ആ അളവറ്റ സന്തോഷത്തിനു മങ്ങലേൽപ്പിക്കാനെന്നോണം വീണ്ടും ഒരു പരീക്ഷണം ,പ്രസവം കഴിഞ്ഞു പിറ്റേന്ന് കാലത്തു കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ നോക്കുമ്പോൾ പറ്റുന്നില്ല.വലത്തേക്കാൾ ഉയർത്താനാവുന്നില്ല.ഉയർത്താൻ നോക്കുമ്പോൾ കൊളുത്തി വലിക്കുന്ന വേദന ഞാൻ നിലവിളിച്ചു കരയാൻ തുടങ്ങി .എന്റെ പൊന്ന് മകനെ ഒന്ന് മടിയിലിരുത്തി ഓമനിക്കാൻ പോലും ആവുന്നില്ല ഡോക്ടർമാരെ വിവരമറിയിച്ചു.ആദ്യം ഡെലിവറി അറ്റൻഡ് ചെയ്ത ആരതി ഡോക്ടർ വന്നു പരിശോധിച്ചു.

അവരുടെ ആവശ്യപ്രകാരം ഓർത്തോ ഡോക്ടർ അങ്ങോട്ടെത്തി .രണ്ടുപേരുടെയും പരിശോധനകൾക്കൊടുവിൽ അവർ പറഞ്ഞു ഡെലിവെറിയിൽ ഉണ്ടായ പ്രശ്നങ്ങൾ മൂലം ഇടുപ്പെല്ലിന്റെ ലിഗമെന്റിന് വലിവ് സംഭവിച്ചിരിക്കുന്നു .കിടന്ന കിടപ്പിൽ നിന്നെഴുനേൽക്കാതെ ഒരു മാസം പൂർണ്ണമായി ബെഡ് റസ്റ്റ് എടുക്കണം ഭഗവാനെ ഇനി എന്ത് ചെയ്യും ?എന്റെ കുഞ്ഞിനെ ഒന്നെടുക്കാൻ പോലും പറ്റാതെ അയ്യോ ഇപ്പോഴും എനിക്കറിയില്ല ആ ദിവസങ്ങൾ ഞാൻ എങ്ങനെയാ കഴിഞ്ഞതെന്ന്
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തി ഡോക്ടർ പറഞ്ഞ പോലെ കംപ്ലീറ്റ് ബെഡ് റെസ്റ്റിലിരുന്നു.ദിവസങ്ങൾ കഴിയവേ ചെറിയ മാറ്റം കണ്ടു തുടങ്ങി.പതുക്കെ എണീറ്റിരിക്കാമെന്നായി പിന്നെ നിൽക്കാൻ പറ്റി അങ്ങനെ പതിയെ ഞാൻ പിച്ചവച്ചു തുടങ്ങി .ഒരുമാസം കഴിഞ്ഞപ്പോൾ ശരിക്കും നടന്നു തുടങ്ങി..(ഇന്നും കുറച്ചധികം സ്‌ട്രെയിൻ ചെയ്ത് ജോലികൾ ചെയ്താൽ കാലിൽ ആ പഴയ കൊളുത്തിവലി അനുഭവപ്പെടാറുണ്ട്.

വീണ്ടും സന്തോഷത്തിന്റെ നാളുകൾ.ജീവിതം മോനെ ചുറ്റിപറ്റിയായി.അവന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും അറിഞ്ഞും ആസ്വദിച്ചും നാളുകൾ മുന്നോട്ട് നീങ്ങി രണ്ടു വർഷം കഴിഞ്ഞാണ് മോളെ ഗർഭിണിയായത് .ഇപ്രാവശ്യം മൂന്ന് മാസം കഴിഞ്ഞതും പ്രമേഹം അതിന്റെ വേലത്തരങ്ങളുമായെത്തി.ചില സമയം ബ്ലഡ് ഷുഗർ തീരെ കുറയും .ഭക്ഷണം കഴിച്ചാൽ ക്രമാതീതമായി കൂടും .അതോടെ തളർച്ച അനുഭവപ്പെടും .ചുറ്റും നടക്കുന്നതൊക്കെ അറിയാൻ കഴിയും ,പക്ഷെ പ്രതികരിക്കാനോ തലയുയർത്താനോ ആവാതെ ഒരേ കിടപ്പാണ് .ഒരുമണിക്കൂർ നേരം കഴിയുമ്പോൾ പതിയെ നോർമലാവും എന്റെ കുഞ്ഞന്റെ ചിന്ത വന്നാൽ പിന്നെ ഒരു നിമിഷം കിടക്കാൻ തോന്നില്ല എണീറ്റ് അവന്റെ പുറകെ ഓടും.എന്റെ അവശതകൾ മൂലം അവന് എന്നെ മിസ്സ് ചെയ്തുകൂടാ എന്ന് തോന്നി.ഡോക്ടർ അധികം സ്‌ട്രെയിൻ എടുക്കരുത് ,ഇപ്രാവശ്യവും ലോ ലയിങ് പ്ലാസന്റ ആണ് എന്ന് മുന്നറിയിപ്പ് തന്നിരുന്നെങ്കിലും എന്റെ മോനെ എടുക്കാതിരിക്കാൻ എനിക്കായില്ല ജസ്റ്റേഷനൽ ഡയബെറ്റിക്സ് മൂലം ഭക്ഷണത്തിൽ കടു കട്ടി നിയന്ത്രണങ്ങളായിരുന്നു പത്തു മാസം അരിഭക്ഷണം കഴിക്കാതെ ഫ്രൂട്ട്സ് കഴിക്കാതെ മറ്റു പലഹാരങ്ങൾ എല്ലാം ഒഴിവാക്കി ഗോതമ്പും റാഗിയും മാറി മാറി കഴിച്ച് മാസങ്ങൾ തള്ളിനീക്കി ഇതിനിടയിൽ മോന് ചിലപ്പോ വയ്യാണ്ടാവും.

പനി ജലദോഷംഅങ്ങനെ ഓരോന്ന് കുഞ്ഞല്ലേ അവൻ.അപ്പോഴൊക്കെ എന്റെ ഒക്കത്തു നിന്നിറക്കാതെ കൊണ്ട് നടന്നു .അവനെ പാട്ടു പാടി ഉറക്കുമ്പോൾ ,അവന് കഥ പറഞ്ഞു ആഹാരം കൊടുക്കുമ്പോൾ ഒക്കെ ഉള്ളിലൊരാൾ എല്ലാത്തിനും സാക്ഷിയായി അങ്ങനിരുന്നു.എട്ട് മാസങ്ങൾ കടന്നു .എട്ടാം മാസം ചെക്കപ്പിന് പോയപ്പോൾ ഡോക്ടർ പറഞ്ഞു പ്ലാസെന്റ കുറെകൂടെ താഴെയായി .അത് കൊണ്ട് കംപ്ലീറ്റ് റസ്റ്റ് വേണം.ഒട്ടും വെയ്റ്റ് എടുക്കരുത്.ഇനി അധികം സ്‌ട്രെയിൻ എടുത്താൽ ഡെലിവറി പെട്ടെന്നാവും അതോടെ മോനെ എടുക്കാൻ പറ്റാതായി .എന്തോ അവൻ എല്ലാം മനസ്സിലാക്കിയ പോലെ പെരുമാറി.ഞാൻ എടുക്കണം എന്ന് വാശിപിടിച്ചില്ല .അതൊരു അദ്‌ഭുതമാണ് ട്ടോ.അന്ന് വരെ എപ്പോഴും എന്റെ ഒക്കത്തായിരുന്ന അവൻ പിന്നെ എന്റെ കൈ പിടിച്ചു നടന്നു നാളുകൾ കടന്നു.അവസാന ആഴ്ചയിലെത്താറായി .അപ്പോഴാണ് ഒൻപതാം മാസത്തെ സ്കാനിങ്ങിൽ അത് കണ്ടത് .കുഞ്ഞ് ക്രോസ്സ് ആയാണ് കിടക്കുന്നതു .സിസേറിയൻ വേണം .ഒന്നുകിൽ തല താഴേക്കയോ അല്ലെങ്കിൽ കാല് താഴേക്കായോ കിടന്നാലെ സിസേറിയൻ ചെയ്യാനൊക്കു.അങ്ങനെ വരുത്താൻ ECV ന്നോ മറ്റോ ഉള്ള ഒരു പ്രോസിജർ ചെയ്യണം .ഞാൻ പേടിച്ചു കരച്ചിലായി

എന്തായാലും നാളെ തന്നെ വന്ന് അഡ്മിറ്റ് ആവാൻ ഡോക്ടർ പറഞ്ഞു അന്ന് രാത്രി ഒരുപോള കണ്ണടച്ചില്ല ഞാൻ.ഇത് വരെ എന്റെ മകനെ പിരിഞ്ഞിരുന്നിട്ടില്ല .നാളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവണം .അതും സിറ്റുവേഷൻ കുറച്ചു കോംപ്ലിക്കേറ്റഡ് ആണ് .എനിക്കെന്തെങ്കിലും പറ്റിയാൽ ഓരോന്ന് ഇങ്ങനെ മനസ്സിൽ മാറി മാറി വന്നു .ഇന്നും മറക്കാനാവില്ല എനിക്കാ രാത്രി പിറ്റേന്നു രാവിലെ എന്റൊപ്പം ഹോസ്പിറ്റലിൽ വരാൻ റെഡി ആയ അമ്മയെ ഞാൻ വിലക്കി മോനെയും കൊണ്ട് അമ്മ എന്റൊപ്പം വരണ്ട .അവന് അവിടെ വന്നാൽ ആകെ പേടിയാണ് .കരയാൻ തുടങ്ങും എനിക്ക് പിന്നെ ഒരു സമാധാനവും കാണില്അവൻ ഇവിടെ സ്വസ്ഥമായി കളിക്കട്ടെ ഇതിന് എതിര് പറയരുത് ഏട്ടന്റെ അച്ഛനും അമ്മയുമുണ്ടല്ലോ ഒന്നും പേടിക്കണ്ട .അവര് നോക്കിക്കൊള്ളും പാവം അമ്മ ക്ക് അത് ഓർക്കാൻ വയ്യായിരുന്നു .അമ്മയില്ലാതെ ഞാൻ തനിയെ അമ്മ കരച്ചിലായി അവസാനം എന്റെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു എന്റെ അമ്മക്ക്

അങനെ എന്നേക്കാൾ നന്നായി എന്റെ മോനെ നോക്കുന്ന എന്റെ അച്ഛന്റേയും അമ്മേടെയും അനിയത്തിടേയും അച്ഛമ്മേടെയും (അച്ഛമ്മ ഇന്നില്ല ..എന്റെ ജീവിതത്തിൽ നികത്താനാവാത്ത നഷ്ടം സമ്മാനിച്ച് 4 വർഷം മുൻപ് എന്നെ വിട്ടു പോയി )കയ്യിൽ അവനെ ഏല്പിച്ചു ഞാൻ ഹോസ്പിറ്റലിലേക്ക് യാത്രയായി കാർ മുന്നോട്ട് നീങ്ങവേ ഞാൻ അമ്മേടെ ഒക്കത്തിരിക്കുന്ന എന്റെ കുഞ്ഞനെ ഒന്നൂടെ തിരിഞ്ഞു നോക്കി നിറഞ്ഞൊഴുകിയ കണ്ണുനീർ അവനെ മറച്ചു ഹോസ്പിറ്റൽ എത്തി .ഏട്ടനും ഏട്ടന്റെ അച്ഛനും അമ്മയും ധൈര്യം തന്ന് കൂടെനിന്നു .ഡോക്ടർ വീണ്ടും സ്കാൻ ചെയ്യണം എന്ന് പറഞ്ഞു .ദൈവാനുഗ്രഹം കൊണ്ട് തലേന്ന് സ്കാനിങ്ങിൽ ക്രോസ്സ് ആയികിടന്ന കുഞ്ഞ് തിരിഞ്ഞു വന്നിരിക്കുന്നുഡോക്ടർ ഉടനെ ഓപ്പറേഷൻ തീയേറ്ററിലേക്ക് എന്നെ ഷിഫ്റ്റ് ചെയ്യാൻ പറഞ്ഞു അങ്ങനെ അന്ന് കാലത്തു 10 45 ന്‌ ഡോക്ടർ എന്റെ ചെവിയിൽ പറഞ്ഞു കഴിഞ്ഞു ട്ടോ പെൺകുട്ടിയാണ്
എനിക്ക് അത് മുൻപേ അറിയായിരുന്നു ഈ പത്തുമാസക്കാലം എന്റെ വേദനകളിൽ അവശതകളിൽ ആശങ്കകളിൽ എല്ലാം സാക്ഷിയായി എനിക്ക് ശക്തി പകർന്ന് അച്ഛന്റെ വാത്സല്യം അറിയാൻ ഏട്ടന്റെ കരുതലറിയാൻ എന്റെയുള്ളിൽ ക്ഷമയോടെ കാത്തിരുന്നത് ഒരു കുഞ്ഞിപെണ്ണാണെന്ന് .ഇത് ഇവിടെ ഇങ്ങനെ നിങ്ങളുമായി പങ്കു വയ്ക്കുമ്പോൾ എന്നിലെ ‘അമ്മ’ തെല്ല് അഭിമാനം കൊള്ളുന്നുണ്ടോന്നൊരു സംശയം.ഞാൻ എന്ന സ്ത്രീയുടെ ഏറ്റവും കരുത്തുള്ള ഭാവം മാതൃഭാവം സ്നേഹം
വർഷ കണ്ണൻ