500 രൂപ ഇല്ലാത്തതിനാൽ പരീക്ഷ എഴുതാതിരുന്ന എന്നെ ദൈവത്തിന്റെ രൂപത്തിൽ കൂടെ നിന്ന ശ്രീക്കുട്ടൻ ഇന്ന്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ കുറിപ്പ്

EDITOR

ജീവിതത്തിൽ എത്ര മാത്രം കഷ്ടപ്പെടുന്നോ അവർക്കു മാത്രം ആകും അവസാന ജീവിത വിജയം എന്ന് ഓർമ്മിപ്പിക്കുക ആണ് ഷെർജ എഴുതിയ ഇ കുറിപ്പ്.ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ രൂപംഎഞ്ചിനീറിംഗിന് ശേഷം എന്ത് എന്ന് ചിന്തിച്ചിരിക്കുബോൾ ശ്രീകുട്ടനാണ് ICDയെ കുറിച്ച് പറയുന്നത്. രാത്രിയും പകലും  കൂട്ടലും-കുറക്കലും ഗുണനവും-ഹരണവുമായി 5 മാസം പിന്നിട്ടു. രണ്ടാം മാസം മുതൽ നിരവധി ബാങ്ക് ടെസ്റ്റുകൾ പാസ് ആയെങ്കിലും ഫൈനൽ സെലക്ഷൻ കിട്ടാതെ നിൽക്കുന്ന സമയത്താണ് ആദ്യ വിവാഹാലോചന വന്നത്.കൊല്ലത്തുനിന്ന് എന്നെ വീട്ടിലേക്കു വിളിപ്പിച്ചു.ആദ്യത്തെ ആലോചന ആയതുകൊണ്ട് വീട്ടുകാരെ പിണക്കാതെ ഒന്ന് മുഖം കാട്ടി തിരികെ വരാമെന്നോർത്തു.ഞായറാഴ്ച രാവിലെ പത്തു മാണി ആയപ്പോഴേക്കും അവരെത്തി. നാട്ടിലെ പതിവ് പോലെ അലുവയും ഈന്തപ്പഴവും അണ്ടിപരിപ്പും ജിലേബിയും ഒക്കെ പാത്രങ്ങളിൽ നിരത്തി.അവര് പോയി കഴിയുമ്പോൾ പലഹാരങ്ങൾ അകത്താക്കാമെന്ന ചിന്തയിൽ നാവിൽ വെള്ളമൂറി അമ്പുവും തമ്പിയും കാത്തിരുന്നു.ചെക്കനും ഒരു പെങ്ങളും അമ്മയും വന്നിറങ്ങി.

അവര് പോയിട്ട് എങ്ങനേലും അവിടുന്ന് വേഗം ചാടാനായി ഞാനും കാത്തിരുന്നു .പക്ഷേ പോകുന്നതിനു മുൻപ് എൻ്റെ സമ്മതമൊന്നും കൂടാതെ പെങ്ങളുടെ കയ്യിൽ കിടന്ന വള ഊരി എൻ്റെ വലതുകയ്യിലിട്ടു . അപ്രതീക്ഷിതമായി ഒരു വിലങ്ങു വീണ പോലെ എൻ്റെ നെഞ്ചോന്നു പിടഞ്ഞു.അവര് പോയ ശേഷം എനിക്കിപ്പോ കല്യാണം വേണ്ടെന്നു”വീട്ടുകാരോട് കെഞ്ചിയും കരഞ്ഞും നോക്കി പക്ഷെ അവർ വഴങ്ങിയില്ല ചെക്കന് കൊല്ലം കളക്ടറേറ്റിൽ സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിൽ വല്യ ഗസറ്റഡ് ഉദ്യോഗമുണ്ടത്രെ ,പോരാത്തതിന് ബംഗ്ലാവും പുരയിടവും .ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കുള്ളൂന്ന് ഉറപ്പിച്ചു പറഞ്ഞിട്ട് കയ്യിൽ കിടന്ന വള ഊരി മേശപ്പുറത്തു വെച്ചിട്ടു ബാഗുമെടുത്തു ഞാൻ വീട്ടിൽ നിന്നിറങ്ങി .ഞാൻ ആരെയോ പ്രേമിക്കുന്നുണ്ടെന്നു എൻ്റെ മാതാപിതാക്കൾ ഭയന്നു .ഞാൻ അറിയാതെ അവർ കോച്ചിങ് സ്ഥാപനത്തിലെത്തി ജെ കെ സാറുമായി സംസാരിച്ചു .

എന്നെ , അവരെക്കാളും വിശ്വാസമുണ്ടായിരുന്ന ജെ കെ അവരുടെ ആരോപണങ്ങൾ തള്ളി കളഞ്ഞു .ജെ കെ ,എന്നെ അനുകൂലിച്ചതോടെ ഞാൻ അവിടെ തുടർന്ന് പഠിക്കേണ്ടെന്ന് അവർ തീരുമാനിച്ചു.കോഴിക്കോട് NIT യിൽ “ഫിനിഷിങ് സ്കൂൾ’ അഡ്മിഷൻ ശെരിയാക്കിയിട്ട് അവർ എന്നെ കൊല്ലത്തു നിന്നും കോഴിക്കോടേക്ക്‌ നാട് കടത്തി. വീണിടം വിഷ്ണുലോകം എന്നപോൽ ഞാൻ അവിടുത്തെ ക്യാമ്പസും സൗഹൃദവും വേണ്ടുവോളം ആസ്വദിച്ചു മോൾക്ക് ജോലി വല്ലോം ആയോ” എന്ന സുഹൃത്തിൻ്റെ ചോദ്യത്തിന് “ഇന്ത്യയിലെ എല്ലാ ബാങ്കുകളും കവർ ചെയ്തു ,ഇനി വേൾഡ് ബാങ്കൂടെ ബാക്കി ഉള്ളൂ” എന്ന വീട്ടിലെ തമാശ പറയലിനു ശേഷം പുതിയ അപ്ലിക്കേഷൻ അയക്കാൻ വീട്ടിൽ പൈസ ചോദിക്കാൻ മടിയായി .ഓറിയൻ്റെൽ ഇൻഷുറൻസ് ൽ ഐ .ടി സ്പെഷ്യലിസ്ററ് ഓഫീസർ ആയി ആപ്പ്ളിക്കേഷൻ വിളിച്ചു .500 രൂപ ഇല്ലാത്തകൊണ്ട് എഴുതേണ്ടെന്ന് കരുതി ഇരിക്കുമ്പോൾ അക്കൗണ്ടിലേക്കു 500 രൂപ വീണിരിക്കുന്നു .

ഇത് ഒരുപാട് ചാൻസ് ഉള്ളതാണ് ,വിട്ടു കളയരുതെന്നും പറഞ്ഞുകൊണ്ട് ശ്രീക്കുട്ടൻ്റെ ഫോൺ .അങ്ങനെ അത് പൂരിപ്പിച്ചയച്ചു.കേരളത്തിൽ തിരുവന്തപുരത്തു മാത്രമേ പരീക്ഷാ സെൻറ്റർ ഉണ്ടായിരുന്നുള്ളൂ .കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ തനിയെ പോകേണ്ടെന്നു ശാസിച്ചു പറഞ്ഞുകൊണ്ട് അച്ഛൻ ഫോൺ വെച്ചു .പിന്നെ വീട്ടിലറിയാതെ പോകാനുള്ള തത്രപ്പാടായി.ശെനിയാഴ്ച വൈകിട്ട് നാല് മണിയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി തിരുവനന്തപുരത്തേക്ക് ഒരു ഓപ്പൺ ടിക്കറ്റ് എടുത്തു .വൈകിട്ട് 6 മണിക്കുള്ള ട്രെയിനിലെ ലേഡീസ് കമ്പാർട്മെൻറ് നോക്കി ഓടിക്കൊണ്ടിരുന്നു .ട്രെയിൻ എടുക്കാൻ സമയായപ്പോൾ പിന്നെ ആദ്യം കണ്ട കൂപ്പയിലേക്ക് ഉന്തിയും തള്ളിയും കേറി പറ്റി . കൈ മുട്ടുകൊണ്ട് വഴി ഒരുക്കി ഒരുവിധം അകത്തേക്ക് ചൂഴ്ന്നു .ടോയ്‌ലെറ്റിനും വാതിലിനുമിടയിൽ ഒരിഞ്ചു സ്ഥലത്തു് ഒറ്റക്കാലിൽ ഒരു മണിക്കൂറോളം നിൽക്കേണ്ടി വന്നു. വീണ്ടും ആളുകളുടെ തള്ളി കയറ്റം .എല്ലാ സ്റ്റേഷനുകളിലും നിർത്തി നിർത്തി ഏകദേശം 4 മണിക്കൂറിൽ എറണാകുളം എത്തി .കുറച്ചൊന്നു ശ്വാസം വിടാമെന്നായി .

എൻ്റെ കഷ്ടപ്പാട് കണ്ടിട്ടെന്നോണം ഒരമ്മ പഴയ ഒരു പത്രതാൾ തന്നു .അത് വിരിച്ചു ഞാൻ മെല്ലെ താഴേക്ക് ഇരുന്നു .ജീവിതത്തിലൊരിക്കലും “ഇരിപ്പിൻ്റെ”സുഖം ഞാൻ ഇത്രയേറെ അനുഭവിച്ചിട്ടില്ല .പിന്നെപ്പോഴോ മയങ്ങിപ്പോയി .3 മണിക്ക് വെച്ചിരുന്ന അലാറം മുഴങ്ങിയപ്പോൾ ഞാൻ ഞെട്ടി ഉണർന്നു .നാല് മണിയോടടുപ്പിച്ചു സ്റ്റേഷനിൽ ഇറങ്ങി .സതേൺ റയിൽവെയുടെ “സുലഭ്‌  ൽ 5 രൂപ കൊടുത്ത് സുലഭമായ ഒരു കുളി പാസ്സാക്കി വസ്ത്രങ്ങൾ മാറി കുറച്ചു നേരം വിശ്രമിച്ച ശേഷം 7 മണിയോടെ പുറത്തിറങ്ങി .ഒരു ഓട്ടോയുമായി ശ്രീക്കുട്ടൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു .എന്നെ കോട്ടൺ ഹില്ലിലുള്ള പരീക്ഷ ഹാളിൽ ആക്കിയ ശേഷം ഗവൺമെൻറ് ബോയ്‌സ് സ്കൂളിലുള്ള അവൻ്റെ സെൻററിലേക്ക് പാഞ്ഞു .പരീക്ഷ നന്നായി എഴുതാൻ കഴിഞ്ഞു .തിരികെ എന്നെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ വിട്ടിട്ട് ഒരു ഊണ് പൊതിയും വാങ്ങി തന്ന് അവൻ നാട്ടിലേക്ക് തിരിച്ചു .ഇത്തവണ സ്ത്രീകളുടെ കംപാർട്ട്മെൻറ്റിൽ കയറിക്കൂടാൻ പറ്റി .ട്രെയിൻ അവിടുന്ന് പുറപ്പെടുന്നതിനാൽ ഒരു സീറ്റും ഒപ്പിച്ചു .രാത്രി മുഴുവൻ ഉറക്കമുളച്ചതിനാൽ പെട്ടെന്ന് ഉറങ്ങിപ്പോയി .രാവിലെ 5 മണിയോടെ കോഴിക്കോട് ട്രെയിനിറങ്ങി .രാത്രിയിൽ ഇത്രദൂരം തനിയെ യാത്ര ചെയ്യാൻ ഞാൻ പ്രാപ്ത ആയിരിക്കുന്നു .

2 മാസത്തെ ഫിനിഷിങ് സ്കൂൾ പഠനം കഴിഞ്ഞു വീട്ടിലേക്കു പോയാൽ കെട്ടിച്ചു വിടുമെന്നോർത്തു മംഗലാപുരത്തെ ഒരു സാശ്രയ എഞ്ചിനീയറിംഗ് കോളേജിൽ ഗസ്റ്റ് ലെക്ചറ്റെർ ആയി ജോയിൻ ചെയ്തു. 15 ദിവസത്തിൽ പരീക്ഷാഫലം വന്നു.ഞാൻ പാസ്സായിരിക്കുന്നു , അതും നല്ല മാർക്കോടെ .ഇൻ്റർവ്യൂനുള്ള കാൾ ലെറ്റർ വീട്ടിലേക്ക് വന്നപ്പോൾ നല്ല ചീത്ത കിട്ടി .കോളേജിൽ HOD യോട് നടുവേദന എന്നു കള്ളം പറഞ്ഞു അപ്പൊ തന്നെ നാട്ടിലേക്ക് പുറപ്പെട്ടു .ഹൈദെരാബാദിലെ അമീർപേട്ടിലുള്ള “ഹോട്ടൽ ആദിത്യാ പാർക്ക് ഇൻ “എന്ന 3 സ്റ്റാർ ഹോട്ടലിൽ 2007 ഓഗസ്റ്റ് 28 ന് ഹാജരാകണം .ഇതെങ്കിലും കൈവിടെരുതെന്നു കരുതി ,അന്ന് മനോരായിൽ കരിയർ ലൈൻ എഴുതുന്ന പി ആർ വെങ്കിട്ടരാമൻ സാറിൻ്റെ കൊച്ചി പനമ്പള്ളി നഗറിലെ വീട്ടിലേക്ക് ഒരാഴ്ചത്തെ അഭിമുഖ പരിശീലനത്തിനു ചേർന്നു .

തൊട്ടടുത്ത വീട്ടിൽ പേയിങ് ഗസ്റ്റ് ആയി താമസിച്ചു .പകൽ മുഴുവൻ കോളേജിൽ ക്ലാസ് എടുക്കേണ്ടതിനാൽ എനിക്ക് രാവിലെ 5 മണിക്കുള്ള സ്ലോട്ട് അനുവദിച്ചു .ഹോസ്റ്റൽ ഗേറ്റ് ആ സമയത്ത് പൂട്ടി കിടക്കുന്നതിനാൽ പ്ലാസ്റ്റിക് ബക്കറ്റുകൾ ഒന്നിന് മീതെ ഒന്നായി വെച്ച് എല്ലാ ദിവസവും മതില് ചാടി ക്ലാസ്സ്‌നു പോയി .അവിടെ നിന്നും എനിക്ക് കിട്ടിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല.അദ്ദേഹമൊരു എൻസൈക്ലോപീഡിയ ആയിരുന്നു ഞാനും അച്ഛനും അമ്മയും കായംകുളത്തുനിന്ന് ഹൈദെരാബാദിലേക്കുള്ള ശബരി സ്പ്രെസ്സിലെ സ്ലീപ്പർ കംപാർട്മെൻറിൽ കയറി .കേരളത്തിൽ നിന്നും ലിസ്റ്റിൽ കയറി പറ്റിയ രഞ്ജിത് ,സെൻ എന്നിവരെ വഴിയേ പരിചയപ്പെട്ടു .സെക്കന്ദരാബാദിൽ ട്രൈനിറങ്ങി ഹോട്ടൽ റൂമിലേക്ക് പോയി .അവിടെയുള്ള ടെലിവിഷൻ വച്ചപ്പോൾ 2007 ലെ ഇരട്ട ബോംബ് സ്ഫോടനത്തിൻ്റെ വാർത്ത .ആ തിരുവോണനാൾ ഒരു ദിവസം പേടിച്ചു റൂമിൽ തന്നെ കഴിച്ചു കൂട്ടി . 28ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നു .

കേരളം പോലെ വലിയ ചലനങ്ങൾ സൃഷ്ട്ടിക്കാൻ പറ്റാഞ്ഞതിനാൽ ഹർത്താൽ ഇന്റർവ്യൂനെ ബാധിച്ചില്ല . കോളർ പിടിപ്പിച്ച വെള്ള സൽവാർ സ്യുട്ടും ധരിച്ച് ഇൻ്റർവ്യൂ ഹാളിലേക്ക് .ഇന്ത്യയിലൊട്ടാകെ പതിനായിരത്തിലേറെ പേർ എഴുതിയ പരീക്ഷയിൽ 300 പേരെ ഇൻ്റർവ്യൂന് ക്ഷെണിച്ചിരിക്കുന്നു .അതിൽ മൂന്നിലൊന്നിന്, അതായത് 100 പേർക്ക് ഫൈനൽ സെലക്ഷൻ കിട്ടും .ഇൻ്റർവ്യൂ കഴിഞ്ഞിറങ്ങിയപ്പോൾ നല്ല ആത്മവിശ്വാസം തോന്നി .10 ദിവസങ്ങൾക്കു ശേഷം മെഡിക്കൽ ടെസ്റ്റിന് ഹാജരാക്കൻ കൊച്ചി റീജിയണൽ ഓഫീസിൽ എത്തണമെന്ന അറിയിപ്പ് വന്നു.100 ൽ ഒരാളാവാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു .മെഡിക്കൽ റിപ്പോർട്ടിൽ പീഡിയാട്രിക് വെയ്റ്റ് എന്നൊരു റിമാർക് കമ്പനി ഡോക്ടർ എഴുതി ചേർത്തു .ഭാഗ്യത്തിന് സെലക്ഷന് അതൊരു ഘടകമായില്ല .അങ്ങനെ 2 മാസത്തെ INDUCTION ട്രെയിനിങ്ന് ഹരിയാനയിലെ ഫരീദാബാദിലുള്ള സ്റ്റാഫ് ട്രെയിനിങ് കോളേജിലേക്ക് .

ചെറിയ നാരങ്ങാ വലിപ്പത്തിലുള്ള ഓറഞ്ചു പഴങ്ങൾ അവിടെയാകെ സുഗന്ധം പരത്തി .ഡിസംബറിലെ കോച്ചുന്ന തണുപ്പിൽ റൂം ഹീറ്ററിനെ പിൻബലത്തിൽ പകൽ മുഴുവൻ ക്ലാസ്സ് .വൈകുന്നേരങ്ങളിൽ ബാഡ്മിൻറൺ , ക്യാരംമ്സ് ,ടേബിൾ ടെന്നീസ് ഒക്കെയായി ഒരു സുവർണ കാലം .റൂം വൃത്തിയാക്കാനും,ബെഡ്ഷീറ്റ് മാറ്റാനും,ഭക്ഷണം വിളമ്പി തരാനും ,പെട്ടി ചുമക്കാനും ചുറ്റും പരിചാരകർ. പ്രാതലിനുള്ള ബൊഫെ യിൽ കാച്ചി കുരുക്കിയ എരുമപ്പാൽ ഞങ്ങളുടെ ഇഷ്ട്ട വിഭവമായി . വ്യാഴാഴ്ചകളിലെ അത്താഴ വിരുന്ന് പാട്ടും ആട്ടവുമായി ആവോളം ആസ്വദിച്ചു .ആ ദിവങ്ങളിൽ ആട്ടിറച്ചിയും ,മൽസ്യ വിഭവങ്ങളും,തന്തൂരി വിഭവങ്ങളുമായി ഊൺമേശ നിറഞ്ഞു. ഇന്ത്യാമഹാരാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഒരാളെങ്കിലും ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.

ഭാഷകൾക്ക് അതിർത്തി കൽപ്പിക്കാതെ ഞങ്ങൾ രാ വെളുക്കോളം സ്വീകരണമുറിയിൽ തമാശകൾ പറഞ്ഞു ചിരിച്ചു .ഒച്ചത്തിലുള്ള ചിരി അട്ടഹാസമായി മാറുമ്പോൾ പ്രിൻസിപ്പൽ ജൈസ്വാൾ സർ ബംഗാളി കലർന്ന ഹിന്ദിയിൽ ചീത്ത പറഞ്ഞു ഓടിക്കുമായിരുന്നു .സാർ പോയശേഷം ഞങ്ങൾ വീണ്ടുമത് തുടരും .5 മണിക്ക് ക്ലാസ് കഴിഞ്ഞ ഉടൻ അടുത്തുള്ള നമ്പർ വൺ മാർകെറ്റിൽ പോയി താമസിച്ചെത്തി മിക്കദിവസങ്ങളിലും റൂം കീ കിട്ടാതെ ജനൽ വഴി ഉള്ളിലേക്ക് ചാടും .

അങ്ങനെ ജനുവരിയിൽ ട്രെയിനിങ് തീർത്തു കോയമ്പത്തൂർ ലെ എൻ്റെ ആദ്യ ഓഫീസിലേക്ക് .അവിടെയുള്ള 6 വർഷത്തിനിടെ കല്യാണം കഴിഞ്ഞു മോനുണ്ടായി ,ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു.പിന്നീട് മേട്ടുപ്പാളയം ഓഫീസ് ഇൻചാർജ് ആയി3 വർഷവും ചെന്നെയിലെ 3 വർഷങ്ങളും കഴിഞ്ഞ് , മെഡിക്കൽ ടെസ്റ്റിന് വേണ്ടി കാത്തുനിന്ന ഓറിയൻറ്റൽ ഇൻഷുറൻസ് കൊച്ചി റീജിയണൽ ഓഫീസിൽ I.T. Head ആയി ഇരിക്കുമ്പോൾ കാരുണ്യവാനായ ദൈവത്തിനോട് നന്ദിയും സ്നേഹവും മാത്രം ദൈവത്തിന്റെ രൂപത്തിൽ അന്നെന്റെ കൂടെ നിന്ന ശ്രീക്കുട്ടൻ ,ഇന്ന്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടൂർ ശാഖാമാനേജർ .

കടപ്പാട് : ഷെർജ