നാം സ്വപ്നത്തിൽ പ്രതീക്ഷിക്കാത്ത തട്ടിപ്പ് അതും ഒരു സ്കൂട്ടറിന്റെ രൂപത്തിൽ കരുതിയിരിക്കുക

EDITOR

ഇലക്ട്രിക് സ്കൂട്ടറിന്റെ പേരിൽ തട്ടിപ്പ്.തൃശൂരിലെ ഒരു യുവാവ് ഒരു പ്രശസ്ത കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തിരുന്നു. ഓൺലൈൻ ആയി 499 രൂപ അടച്ച്, ബുക്ക് ചെയ്താൽ പിന്നീട് മുൻഗണനാടിസ്ഥാനത്തിൽ സ്കൂട്ടർ വിതരണം ചെയ്യുമെന്നാണ് കമ്പനി നൽകിയിട്ടുള്ള വാഗ്ദാനം. സമൂഹ മാധ്യമങ്ങളിലും ഓട്ടോമൊബൈൽ പ്രസിദ്ധീകരണങ്ങളിലും വൻ പ്രചരണം നേടിയ ഓഫർ കണ്ട് ഇതിനോടകം നിരവധി പേരാണ് 499 രൂപ അടച്ച് ഇലക്ട്രിക് സ്കൂട്ടറിനുവേണ്ടി കാത്തിരിക്കുന്നത്.രണ്ടു ദിവസം മുമ്പ് സ്കൂട്ടർ ബുക്ക് ചെയ്തനിരവധിയാളുടെ മൊബൈൽ ഫോണുകളിലേക്ക് സ്കൂട്ടർ കമ്പനിയിൽ നിന്നും എന്ന നിലയിൽ വാട്സ് ആപ്പ് സന്ദേശം വന്നിരുന്നു. നിങ്ങൾ ബുക്ക് ചെയ്തിട്ടുള്ള ഇലക്ട്രിക് സ്കൂട്ടറിന്റെ മുഴുവൻ തുകയും അടച്ചാൽ നിങ്ങൾക്ക് വീട്ടിലേക്ക് ഇലക്ട്രിക് സ്കൂട്ടർ ഡെലിവറിയായി ലഭിക്കും എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.

ഇലക്ട്രിക് സ്കൂട്ടർ ലഭിക്കുമെന്ന ആകാംക്ഷയിൽ ഇതിനോട് പ്രതികരിക്കുന്നവരെ കമ്പനി പ്രതിനിധികളെന്ന നിലയിൽ ടെലഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്യും.കമ്പനിയുടെ യഥാർത്ഥ സന്ദേശമെന്ന രീതിയിൽ വിശ്വസിച്ച് പലരും ഇത്തരത്തിലുള്ള ആളുകളോട് പ്രതികരിക്കുകയും, അവരുടെ സംസാരത്തിൽ വീണുപോകുകയും ചെയ്തിട്ടുണ്ട്.തുടർന്ന് അവർ നൽകുന്ന ഒരു ബാങ്ക് എക്കൌണ്ടിൽ സ്കൂട്ടറിന്റെ വിലയായ 1,30,000 രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു.

തൃശൂരിലെ സ്കൂട്ടർ ബുക്ക് ചെയ്ത യുവാവിനോട് ഹിന്ദി ഭാഷയിലാണ് അയാൾ സംസാരിച്ചത്. എക്കൌണ്ടിൽ പണം നിക്ഷേപിച്ചാൽ രണ്ട് മൂന്ന് ദിവസത്തിനകം തന്നെ ഇലക്ട്രിക് സ്കൂട്ടർ വീട്ടിൽ എത്തിക്കാമെന്നും പറയുകയുണ്ടായി. സ്കൂട്ടർ കമ്പനിയുടേത് തന്നെയാണോ ബാങ്ക് എക്കൌണ്ട് എന്ന് അറിയുന്നതിന് യുവാവ് തൃശൂരിലെ ബാങ്ക് ശാഖയിൽ ചെന്ന് അന്വേഷണം നടത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്. അത് സ്കൂട്ടർ കമ്പനിയുടെ യഥാർത്ഥ ബാങ്ക് എക്കൌണ്ട് ആയിരുന്നില്ല. രാജസ്ഥാൻ സ്വദേശിയായ ഒരു സൈബർ കുറ്റവാളിയുടെ എക്കൌണ്ട് ആയിരുന്നു അത്. കമ്പനി പ്രതിനിധി എന്ന വ്യാജേന ഹിന്ദി ഭാഷയിൽ സംസാരിച്ചയാൾ നൽകിയ എക്കൌണ്ടിലേക്ക് ഗൂഗിൾ പേ മുഖാന്തിരമോ, അല്ലെങ്കിൽ മറ്റേതെങ്കിലും ഓൺലൈൻ മാർഗങ്ങളിലൂടേയോ പണം നിക്ഷേപിച്ചിരുന്നുവെങ്കിൽ പണം നഷ്ടപ്പെടുമായിരുന്നു. മുൻകൂട്ടി ബാങ്കിൽ ചെന്ന് അന്വേഷിച്ചതുകൊണ്ടു മാത്രമാണ് പണം നഷ്ടപ്പെടാതിരുന്നത്.

സൈബർ ക്രിമിനലുകളുടെ വിവിധ രൂപങ്ങളിലുള്ള തട്ടിപ്പുകളിൽ വീണുപോകാതിരിക്കുന്നതിന് എല്ലാ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് തൃശൂർ സിറ്റി പോലീസ് മുന്നറിയിപ്പ് നൽകുന്നു.അനാവശ്യമായ സന്ദേശങ്ങളോട് പ്രതികരിക്കുമ്പോൾ സൂക്ഷിക്കുക. അപരിചിതർ നൽകുന്ന എസ്എംഎസ്, വാട്സ് ആപ്പ് സന്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള അനാവശ്യ ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ സുരക്ഷിതമല്ലാത്ത മൊബൈൽ ആപ്പുകൾ ഡൌൺലോഡ് ചെയ്യുകയോ അരുത്. യഥാർത്ഥ വെബ് സൈറ്റുകളെന്നു തോന്നിപ്പിക്കുന്ന രീതിയിൽ തട്ടിപ്പുകാർ നിർമ്മിച്ചിട്ടുള്ള സൈറ്റുകളെ കരുതിയിരിക്കുക.

കടപ്പാട് : തൃശൂർ സിറ്റി പോലീസ്