കളിക്കുമ്പോൾ റഫ്രിജറേറ്ററിൽ നിന്ന് ഷോക്കേറ്റ് ഒന്നര വയസ്സുകാരി മരണമടഞ്ഞ വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്. വീട്ടിലെ വയറിംഗിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിന്റെ ആവശ്യകതയിലേക്കാണ് ഈ സങ്കട വാർത്ത വിരൽ ചൂണ്ടുന്നത്.അൽപ്പം ജാഗ്രത പുലർത്തിയാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാകും.
1. വീട്ടിലെ എർത്തിംഗ് സംവിധാനത്തിന്റെ നിർമ്മാണവും പരിപാലനവും വളരെ പ്രധാനമാണ്. എർത്തിംഗ് കാര്യക്ഷമമാണെന്ന് നിശ്ചിത ഇടവേളകളിൽ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി ഒരു അംഗീകൃത വയർമാൻ/ ഇലക്ട്രീഷ്യന്റെ സഹായം തേടാവുന്നതാണ്.
2. ത്രീ പിൻ പ്ലഗുകൾ വഴി മാത്രമേ ഇസ്തിരിപ്പെട്ടി, റഫ്രിജറേറ്റർ (ഫ്രിജ്) തുടങ്ങിയ ലോഹ കവചമുള്ള ഉപകരണങ്ങൾ വൈദ്യുതിയുമായി ബന്ധിപ്പിക്കാവൂ. ഏതെങ്കിലും കാരണവശാൽ വൈദ്യുതി ലീക്കായി ലോഹകവചത്തിലേക്കെത്തിയാൽ മൂന്നാമത്തെ പിന്നിലൂടെ വൈദ്യുതി ഭൂമിയിലേക്ക് ഒഴുകുകയും ഫ്യൂസ് പോകുന്നതിലൂടെയോ MCB ട്രിപ്പാകുന്നതിലൂടെയോ സുരക്ഷ ഉറപ്പാകുകയും ചെയ്യും.
3. വൈദ്യുതാഘാതമേൽക്കുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായാണ് മരണം സംഭവിക്കുന്നത്. സാധാരണ നിലയിൽ 30 മില്ലി ആമ്പിയറിന് മുകളിൽ വൈദ്യുതി ശരീരത്തിലൂടെ കടന്നു പോകുമ്പോഴാണ് അത് മാരകമാകുന്നത്. വീടുകളിലെ മെയിൻ സ്വിച്ചിനു സമീപം നിർബന്ധമായും എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ELCB) അഥവാ റെഡിഡ്വൽ കറന്റ് സർക്യൂട്ട് ബ്രേക്കർ (RCCB) സ്ഥാപിക്കുന്നതിലൂടെ ഷോക്കേറ്റുള്ള അപകടം ഒഴിവാക്കാനാകും. ഷോക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ അപ്പോൾത്തന്നെ ഈ ഉപകരണം സ്വയം ഓഫായി അപകടം ഒഴിവാക്കും. നിശ്ചിത ഇടവേളകളിൽ ELCB/RCCB യുടെ ടെസ്റ്റ് ബട്ടൺ ഓണാക്കി അവ കൃത്യമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം.ജാഗ്രത പുലർത്താം അപകടം ഒഴിവാക്കാം.
KSEB