മകളുടെ വിവാഹത്തിനു ആകെ ഉള്ള നാല് ലക്ഷം രൂപ എടുക്കാൻ ബാങ്കിൽ എത്തിയ അച്ഛൻ ഞെട്ടി ബാലൻസ് പൂജ്യം രൂപ

EDITOR

അച്ഛനും അമ്മയും രണ്ട് കുട്ടികളുമടങ്ങുന്ന തൃശൂർ ജില്ലയിലെ ഗ്രാമപ്രദേശത്തെ ഒരു പാവപ്പെട്ട കുടുംബം.കൃഷിചെയ്തും, കൂലിപ്പണിയെടുത്തും മാതാപിതാക്കൾ അവരുടെ രണ്ടു മക്കളെ പഠിപ്പിച്ചു. കല്യാണപ്രായമായ മൂത്ത പെൺകുട്ടിയുടെ വിവാഹത്തിനായി സ്വരുകൂട്ടിയ നാലു ലക്ഷത്തോളം രൂപ അവർ ഒരു ബാങ്കിൽ നിക്ഷേപിച്ചിരുന്നു.അങ്ങിനെയിരിക്കെയാണ് ഭേദപ്പെട്ട ഒരു കുടുംബത്തിൽ നിന്നുള്ള ഒരു ചെറുക്കന്റെ വിവാഹാലോചന മകളെത്തേടിയെത്തിയത്. അന്വേഷിച്ചു നോക്കിയപ്പോൾ സൽസ്വഭാവിയും, തൊഴിലെടുത്തു ജീവിക്കുന്നവനുമായ ആ ചെറുപ്പക്കാരന് മകളെ കല്യാണം കഴിച്ചു നൽകാൻ അവർ തീരുമാനിച്ചു.
വിവാഹ ദിവസം അടുത്തുവരവെ, ബാങ്കിൽ നിക്ഷേപിച്ചിരുന്ന നാലു ലക്ഷം രൂപ പിൻവലിക്കുന്നതിനായി അവർ ബാങ്കിൽ എത്തി. ആ സമയമാണ് അവർ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. ബാങ്കിൽ നിക്ഷേപിച്ചിരുന്ന മുഴുവൻ പണവും പല തവണകളായി ആരോ തട്ടിയെടുത്തിരിക്കുന്നു. എക്കൌണ്ട് തീർത്തും കാലി.
എങ്ങിനെയാണ് ഇത് സംഭവിച്ചത് ?

ബാങ്കിൽ കിടന്ന് അച്ഛനും അമ്മയും അലമുറയിട്ടു കരഞ്ഞു. പക്ഷേ, ബാങ്ക് അധികൃതർ കൈ മലർത്തി. എക്കൌണ്ടിൽ നിന്നും പല ഘട്ടങ്ങളിലായി പണം പിൻവലിച്ചതിന്റെ വിശദാംശങ്ങൾ ബാങ്ക് അധികൃതർ അവർക്ക് കൈമാറി.
നിറഞ്ഞ കണ്ണുകളുമായി അവർ പോലീസ് സ്റ്റേഷനിലെത്തി. പോലീസ് അധികൃതർ അത് വാങ്ങി പരിശോധിച്ചു.ആരാണ് പണം പിൻവലിച്ചത്, ഏത് എക്കൌണ്ടിലേക്കാണ് പണം കൈമാറിയത് എന്നൊക്കെ പോലീസുദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു.
അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. പണം പിൻവലിച്ചതും, പണം വിവിധ എക്കൌണ്ടുകളിലേക്ക് കൈമാറിയതുമെല്ലാം അവരുടെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ആൺകുട്ടിയാണെന്നാണ്.എങ്ങിനെയാണ് ? എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് ?ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന അവരുടെ മകന് പഠനാവശ്യാർത്ഥം ഒരു മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. പഠനത്തിൽ മികവു പുലർത്തിയിരുന്ന അവൻ പലപ്പോഴും ക്ലാസ്സിലെ മറ്റ് കുട്ടികൾക്ക് മാതൃകയും അച്ഛനമ്മമാർക്ക് അഭിമാനവുമായിരുന്നു.

അങ്ങിനെയിരിക്കെ പഠിക്കാനായി വാങ്ങി നൽകിയ മൊബൈൽഫോണിൽ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി, അവൻ ഒരു ഓൺലൈൻ ഗെയിം ഇൻസ്റ്റാൾ ചെയ്തു. അങ്ങിനെയങ്ങിനെ അവൻ മൊബൈൽ ഗെയിമിന് അടിമപ്പെട്ടു.
അച്ഛനമ്മമാർ വാങ്ങി നൽകിയ മൊബൈൽഫോണിൽ ഇന്റർനെറ്റ് ലഭിക്കുന്നതിനുവേണ്ടിയും മൊബൈൽഫോൺ റീചാർജ് ചെയ്യുന്നതിനുവേണ്ടിയും അമ്മയുടെ പേരിലെടുത്ത സിം കാർഡാണ് ഉപയോഗിച്ചിരുന്നത്. ആ സിം കാർഡിലെ അതേ മൊബൈൽ നമ്പർ തന്നെയാണ് അമ്മയുടെ പേരിലുള്ള ബാങ്ക് എക്കൌണ്ടുമായി ബന്ധിപ്പിച്ചിരുന്നത്.മൊബൈൽഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്ന ഗെയിമിന് അവൻ അടിമപ്പെട്ടതോടെ പണം കൊടുത്തു വാങ്ങുന്ന പുതിയ പുതിയ സങ്കേതങ്ങൾ അവൻ തേടിപ്പിടിച്ചു. ബാങ്ക് എക്കൌണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോൺ നമ്പർ ഉൾക്കൊള്ളിച്ച അവന്റെ മൊബൈൽ ഫോണിൽ തന്നെ ബാങ്ക് ഇടപാടുകൾ നടത്തുമ്പോൾ വരുന്ന നിർദ്ദേശങ്ങളും ഓ.ടി.പി സന്ദേശങ്ങളും മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല.

ആദ്യമാദ്യം പത്തും പതിനഞ്ചും രൂപയുടെ കളി സങ്കേതങ്ങൾ അവൻ വാങ്ങിത്തുടങ്ങിയത്. അച്ഛനും അമ്മയും സഹോദരിയും ഇത് തിരിച്ചറിയുന്നില്ലെന്ന് മനസ്സിലാക്കിയതോടെ അവൻ പിന്നീട് നൂറും ആയിരവും വിലപിടിപ്പുള്ള സങ്കേതങ്ങളും, ഓൺലൈൻ കളി ഉപകരണങ്ങളും വാങ്ങാൻ തുടങ്ങി. ഓരോ ഇടപാടുകൾക്കും അവൻ ബാങ്ക് എക്കൌണ്ട് വിവരങ്ങൾ കൈമാറുകയും മൊബൈൽഫോണിലൂടെ ഒറ്റത്തവണ പാസ് വേഡുകൾ നൽകുകയും ചെയ്തു. അങ്ങിനെയാണ് അവർ സ്വരുകൂട്ടിയ മുഴുവൻ പണവും ബാങ്ക് എക്കൌണ്ടിൽ നിന്നും നഷ്ടപ്പെട്ടത്.

പോലീസുദ്യോഗസ്ഥർ അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. നഷ്ടപ്പെട്ട പണത്തെക്കുറിച്ചോർത്ത് കുട്ടിയെ ശാസിക്കുകയും മർദ്ദിക്കുകയും ചെയ്തിട്ടു കാര്യമില്ലെന്നും സംഭവിച്ചുപോയ തെറ്റ് അവനെ പറഞ്ഞു മനസ്സിലാക്കി, നേർവഴി കാണിച്ചുനൽകുന്നതിന് പോലീസുദ്യോഗസ്ഥർ കൌൺസിലിങ്ങും ഏർപ്പെടുത്തി.
വീടിനകത്ത് ഓൺലൈൻ പഠനം നടക്കുമ്പോൾ നമ്മുടെ മക്കൾ അറിഞ്ഞോ അറിയാതെയോ ചെന്നുചാടുന്ന അപകടങ്ങളിലേക്കാണ് ഓരോ സംഭവങ്ങളും വിരൽചൂണ്ടുന്നത്.ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട വിവിധ വശങ്ങളെക്കുറിച്ചും അതിനുള്ള സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും അടുത്ത ദിവസങ്ങളിൽ വിശദമായി പരാമർശിക്കാം.

കടപ്പാട് : തൃശൂർ സിറ്റി പോലീസ്