സാനിറ്ററി ഐറ്റംസ് വിൽക്കുന്ന കടയിൽ നിൽക്കുമ്പോൾ ആണ് ഒരു കോണ്ട്രാക്റ്ററും സെയിൽസ്മാനുമായുള്ള സംസാരം ശ്രദ്ധിച്ചത്. ‘ക്ലയന്റിന് ഇവിടെ ഇഷ്ടപ്പെട്ട ക്ലോസറ്റുകൾ എല്ലാം S ട്രാപ്പ് ആണ്. പക്ഷേ അത് വയ്ക്കുന്നതിനോട് യോജിപ്പില്ല. നിങ്ങളെന്താണ് P ട്രാപ്പ് മോഡലുകൾ കൂടുതൽ വയ്ക്കാത്തത്? ‘
വാൾ മൗണ്ടിംഗ് ഒഴികെ P ട്രാപ്പ് മോഡലുകൾ കുറവാണ് കിട്ടുന്നത്.
ഈ സംസാരം കേട്ട് നിന്നപ്പോൾ ആകെ കൺഫ്യൂഷൻ ആയി. എന്തായാലും കക്ഷിയോട് തന്നെ ചോദിച്ചു. എന്താണ് ഈ S ട്രാപ്പിന്റെ പ്രശ്നം?
വാട്ടർ സീൽ ചിലപ്പോഴൊക്കെ S ട്രാപ്പിൽ മിസ് ആകും.അതുകൊണ്ട് മണം വരാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ഞാൻ പൊതുവേ ഇത് റക്കമൻഡ് ചെയ്യാറില്ല. പല രാജ്യങ്ങളിലും നിയമം മൂലം തന്നെ ഇത് പ്ലംബിംഗിനായി ഉപയൊഗിക്കുന്നത് നിരോധിച്ചിട്ടൂണ്ട്.
എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അറിവ് ആയിരുന്നു. വിദേശ രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടു എങ്കിൽ അതിനൊരു ശക്തമായ കാരണം ഉണ്ടാകുമല്ലോ. നമ്മുടെ സിലബസ്സിൽ ഇല്ലാത്ത വിഷയം ആണെങ്കിലും നിത്യ ജീവിതവുമായി ഇത്രയധികം ബന്ധമുള്ള സുപ്രധാന വിഷയം ആയതിനാൽ കൂടുതൽ കാര്യങ്ങൾ അറിയാമെന്ന് വച്ചു.പ്ലംബിംഗിൽ ട്രാപ്പുകൾ ഉപയോഗിക്കുന്നത് വേസ്റ്റ് ലൈനിൽ നിന്നും (സീവർ ലൈൻ) ഗ്യാസ് മുറിയ്കകത്തേയ്ക്ക് പ്രവേശിക്കുന്നത് തടയുന്നതിനായാണ്. U ആകൃതിയിൽ വളച്ച് വച്ചിരിക്കുന്ന ഭാഗത്ത് വെള്ളം നിലനിൽക്കുന്നതിനാൽ അതൊരു ഗ്യാസ് സീൽ ആയി പ്രവർത്തിക്കുകയും വാതകങ്ങൾ സിങ്കിലൂടെയും കമോഡിലൂടെയുമൊക്കെ കെട്ടിടത്തിനകത്തേയ്ക്ക് കയറുന്നതും തടയാനാകുന്നു. അതുപോലെത്തന്നെ സീവർ ലൈനിലൂടെ വരുന്ന ക്ഷുദ്ര ജീവികളെ പ്രതിരോധിക്കാനും ഇതുവഴി കഴിയുന്നു.
S ട്രാപ്പ് , P ട്രാപ്പ് , Q ട്രാപ്പ്, ബോട്ടിൽ ട്രാപ്പ്, ഫ്ലോർ ട്രാപ് തുടങ്ങി വിവിധ തരം ട്രാപ്പുകൾ പ്ലംബിംഗ് സിസ്റ്റത്തിലുണ്ട്. S, P തുടങ്ങിയവയൊക്കെ ട്രാപ്പിന്റെ ആകൃതിയ സൂചിപ്പിക്കുന്നു. ഇവയുടെയൊക്കെ ലക്ഷ്യം ഒന്നു തന്നെ ആണെങ്കിലും പ്രായോഗിക തലത്തിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് പല തരം ട്രാപ്പുകൾ ഉപയോഗിക്കപ്പെടുന്നു. S ട്രാപ്പ് ആണ് പതിനെട്ടാം നൂറ്റാണ്ട് മുതൽ ഉപയോഗിച്ച് വരുന്ന ആദ്യ കാല ട്രാപ്പുകൾ. പക്ഷേ പിന്നീട് ഇത്തരം ട്രാപ്പുകളിൽ ഗുരുതരമായ ചില പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഇവയ്ക് പകരമായി P ട്രാപ്പ് പോലെയുള്ള സംവിധാനങ്ങൾ കൂടുതൽ വ്യാപകമായി.
എന്തിനാണോ ട്രാപ്പുകൾ ഉപയോഗിക്കുന്നത് അതിന്റെ ഉദ്ദേശത്തെ തന്നെ ഇല്ലാതാക്കുന്ന ഒരു പ്രശ്നം S ട്രാപ്പുകൾക്ക് ഉണ്ട് . അതായത് മർദ്ദ വ്യത്യാസം കൊണ്ടുള്ള “സൈഫൺ എഫക്റ്റ്” ഇത്തരം ട്രാപ്പുകളിൽ കൂടുതൽ ആയതിനാൽ ട്രാപ്പിലുള്ള വെള്ളം കൂടുതൽ അളവിൽ വേസ്റ്റ് ലൈനിലേക്ക് വലിച്ചെടുക്കപ്പെട്ട് വാട്ടർ സീൽ പലപ്പോഴും നഷ്ടമാകുന്നു. അങ്ങനെ വാതകങ്ങൾ കെട്ടിടത്തിനകത്തേയ്ക്ക് പ്രവേശിക്കാൻ സാഹചര്യമൊരുങ്ങുന്നു. ഇതുകൊണ്ട് തന്നെ അമേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും പ്ലംബിംഗിനായി S ട്രാപ്പുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധം ആണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ നാട്ടിൽ ഇപ്പോഴും ഇത്തരം യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്തത് എന്തുകൊണ്ടായിരിക്കാം? ഈ മേഖലയിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കളോട് ഇക്കാര്യം സംസാരിച്ചപ്പൊൾ പറഞ്ഞത് പൊതുവേ ഈ പറയുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നാണ്. പിന്നെ എയർ വെന്റുകൾ ഇടുന്നതു കാരണം സൈഫൺ ഡ്രൈ എന്ന പ്രശ്നം ഉണ്ടാകാറില്ലത്രേ. നമ്മുടെ നാട്ടിൽ S ട്രാപ്പുകൾ ഉള്ള ടൊയ്ലറ്റ് സിസ്റ്റം കമ്പനികൾ കൂടുതലായി പുറത്തിറക്കാൻ കാരണം പ്രായോഗികതയിൽ ഊന്നിയ അവയുടെ ഡിമാന്റ് തന്നെ ആയിരിക്കാം. അതായത് ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള ടോയ്ലറ്റുകളിൽ വേസ്റ്റ് പൈപ്പ് ലൈൻ തറയ്ക് അടിയിലൂടെ തന്നെ സ്ഥാപിക്കാം എന്നതിനാൽ കൂടുതൽ സൗകര്യം S ട്രാപ്പുകൾ ആണ് എന്നതു തന്നെ.
വാഷ് ബേസിനിലും കമോഡിലുമൊക്കെ വളരെ അധികം വെള്ളം ഒരുമിച്ച് ഫ്ലഷ് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആണ് S ട്രാപ്പുകളിൽ സൈഫൺ ഡ്രൈ എഫക്റ്റ് വഴി വാട്ടർ സീൽ നഷ്ടമാകുന്നത് എന്നതിനാൽ ഉപയോഗ ശേഷം എപ്പോഴും പതുക്കെ അല്പം വെള്ളം കൂടി ഒഴിച്ച് വാട്ടർ സീൽ നഷ്ടമാകുന്ന പ്രശ്നം ഒഴിവാക്കാൻ കഴിയും.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദന്മാരുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.
കടപ്പാട് : സുജിത് കുമാർ