പുലർച്ചെ മൂന്ന് മണി നടുറോഡിൽ എന്തോ സാധനം കിടക്കുന്നപോലെ പട്രോളിങ്ങ് ഉദ്യോഗസ്ഥർക്ക് തോന്നി ശേഷം സംഭവിച്ചത് കുറിപ്പ്

EDITOR

പുലർച്ചെ മൂന്ന് മണി.പോലീസ് കൺട്രോൾ റൂമിലെ ആറാം നമ്പർ വാഹനത്തിൽ തൃശൂർ – കോഴിക്കോട് പാതയിൽ കേരള വർമ്മ കോളേജ് ജംഗ്ഷനു സമീപം പട്രോളിങ്ങ് നടത്തുകയായിരുന്നു സിവിൽ പോലീസ് ഓഫീസർമാരായ അജേഷും, ഷിനുമോനും.നടുറോഡിൽ എന്തോ ഒരു സാധനം കിടക്കുന്നതുപോലെ പോലീസുദ്യോഗസ്ഥർക്ക് തോന്നി. അവർ അവിടെ വാഹനം നിർത്തി, ഇറങ്ങി നോക്കി.ഏകദേശം 80 വയസ്സോളം പ്രായമുള്ള ഒരു വയോധികനായിരുന്നു അത്. നല്ല മുണ്ടും വസ്ത്രങ്ങളും ധരിച്ചിട്ടുണ്ട്. സംസാരിക്കുവാൻ സാധിക്കുന്നില്ല.
എന്താ നടുറോഡിലാണോ കിടന്നുറങ്ങുന്നത് ? വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്ന റോഡല്ലേ ഇത് ? പോലീസുദ്യോഗസ്ഥർ അയാളോടു ചോദിച്ചു.

തട്ടിവിളിച്ചിട്ടും എഴുന്നേൽക്കാൻ പാടുപെടുന്ന അയാളെ പോലീസുദ്യോഗസ്ഥർ രണ്ടുപേരും ചേർന്ന് താങ്ങി എഴുന്നേൽപ്പിച്ച് അടുത്തുള്ള കടയുടെ വരാന്തയിൽ കൊണ്ടുചെന്നിരുത്തി. പോലീസുദ്യോഗസ്ഥരുടെ മൊബൈൽഫോണിൽ അയാളുടെ ഫോട്ടോ പകർത്തി. എന്നിട്ട് തൊട്ടടുത്ത വീട്ടിൽ എത്തി, വാതിലിൽ തട്ടിവിളിച്ച് ഇയാളെ തിരിച്ചറിയുന്നുണ്ടോ എന്ന് അന്വേഷിച്ചു. മൊബൈൽഫോണിലെ ഫോട്ടോ കണ്ട് അതുവഴി പോയിരുന്ന ഒരു മത്സ്യതൊഴിലാളിയും പത്രവിതരണക്കാരനും ആളെ തിരിച്ചറിഞ്ഞു. അടുത്ത വീട്ടുകാർ കൃത്യമായ അഡ്രസ്സും മേൽവിലാസവും പോലീസുദ്യോഗസ്ഥർക്ക് പറഞ്ഞു കൊടുത്തു. അതോടെ പോലീസുദ്യോഗസ്ഥർ അയാളെ വണ്ടിയിൽ കയറ്റി സുരക്ഷിതമായി വീട്ടിലെത്തിച്ചു.

തൃശൂർ കേരളവർമ്മ കോളേജിനു സമീപം താമസിക്കുന്ന വയോധികനാണ്, രാത്രി ഉറക്കത്തിനിടെ എഴുന്നേറ്റ് നടന്ന് വാഹനങ്ങൾ ചീറിപ്പായുന്ന നടുറോഡിൽ എത്തിയത്. വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം ഏതാനും മരുന്നുകൾ കഴിക്കുന്നുണ്ട്. അതിനാലായിരിക്കണം, ഉറക്കത്തിൽ എഴുന്നേറ്റ് നടന്ന് റോഡിലെത്തിയത് എന്നാണ് വീട്ടുകാർ പറഞ്ഞത്.കൃത്യസമയത്ത് പോലീസുദ്യോഗസ്ഥരുടെ കാഴ്ചയിൽ പെട്ടതിനാൽ അയാളെ രക്ഷിക്കുവാൻ കഴിഞ്ഞു. പോലീസുദ്യോഗസ്ഥർ വീട്ടിൽ കൊണ്ടുചെന്ന് എത്തിച്ചപ്പോഴാണ്, അച്ഛൻ രാത്രിയിൽ വീട്ടിൽ നിന്നും പോയ കാര്യം കുടുംബാംഗങ്ങൾ പോലും അറിഞ്ഞത്. അച്ഛനെ രക്ഷിച്ച പോലീസുദ്യോഗസ്ഥർക്ക് അവർ നന്ദി അറിയിച്ചു.പോലീസുദ്യോഗസ്ഥരുടെ ദൈനംദിന ഡ്യൂട്ടി നിർവ്വഹണവേളകളിലെ ഏതാനും നിമിഷങ്ങൾ മാത്രമാണ് ഇവിടെ പറഞ്ഞത്. ഇതുപോലെ എത്രയെത്ര സന്ദർഭങ്ങൾ നിങ്ങളുറങ്ങുമ്പോൾ നിങ്ങളുടെ സ്വത്തിനും ജീവനും വേണ്ടി കാവൽ നിൽക്കുകയാണ് കേരളാ പോലീസ്

തൃശൂർ സിറ്റി പോലീസ്