ഓണത്തിന് കുഞ്ഞുങ്ങളുടെ സന്തോഷം ഇല്ലാതാക്കുന്ന ചില വീടുകൾ ഉണ്ട് മുഴുമദ്യപാനികളായ തന്തമാർ ഉള്ള വീടുകൾ

EDITOR

ഓണം വിഷു എന്ന് തുടങ്ങി ജീവിതത്തിന്റെ ഏതൊരു ആഘോഷങ്ങളിലും കുഞ്ഞുങ്ങളുടെ സന്തോഷങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുന്ന ചില വീടുകൾ ഉണ്ട്. മുഴുമദ്യപാനികളായ തന്തമാർ ഉള്ള വീടുകൾ.അത്തരം ഒരു വീട്ടിൽ ജനിച്ചത് കൊണ്ട് കുട്ടിക്കാലത്തെ ഓണ ആഘോഷങ്ങളിൽ മനസമാധാനം എന്നൊന്ന് അറിഞ്ഞിട്ടില്ല.മദ്യപിക്കാത്ത അച്ഛൻ ഒരു നല്ല വ്യക്തി ആയിരുന്നു. ബോധാബോധങ്ങൾക്കിടയിൽ ഞങ്ങളെ സ്നേഹിച്ചിരുന്നും കാണണം. അത്ര വെടിപ്പായ ഒരു കുട്ടിക്കാലമോ ഓണക്കാലമോ ഒന്നും എന്റെ ഓർമയിൽ ഉണ്ടായിട്ടില്ല.അമ്മയുടെ ധൈര്യത്തിൽ അങ്ങനെ അങ്ങ് വളർന്നുവെന്നേയുള്ളൂ.
പട്ടാളത്തിൽ നിന്നും റിട്ടയർ ചെയ്ത ഒരു അങ്കിൾ കൊച്ചിയിൽ ഞങ്ങളുടെ അയല്പക്കത്തു താമസിച്ചിരുന്നു. ആന്റി കൊച്ചിൻ പോർട്ട്‌ ൽ അഛന്റെ സഹപ്രവർത്തക.ഗീത, മിനി എന്നിങ്ങനെ പേരുള്ള രണ്ടു സുന്ദരിമാരായ പെൺകുട്ടികളായിരുന്നു അവർക്ക്.എന്നും മദ്യപിച്ചു അയാൾ ഇവരെ ഉപദ്രവിക്കുമായിരുന്നു. ഡൊമസ്റ്റിക്ക് വയലൻസ് ഇന്നും വളരെ നോർമൽ ആയി കാണുന്ന ഒരു സമൂഹത്തിൽ പഴയ കാലഘട്ടത്തെ ക്കുറിച്ച് എഴുതുക പോലും വേണ്ടല്ലോ.

ചെടിച്ചട്ടി കൊണ്ട് അയാൾ ആ സ്ത്രീയുടെ തലക്കടിക്കുന്നത് കൊച്ചു കുട്ടി ആയിരുന്ന എന്റെ മുൻപിൽ വെച്ചാണ്.ആ സ്ത്രീ കരഞ്ഞു കൊണ്ടോടി പോകുന്നതും കലിയടങ്ങാതെ അയാൾ ആ മൂന്ന് പെണ്ണുങ്ങളെയും ആ റോഡ് മുഴുവൻ ഓടിക്കുന്നതൊക്കെ ഏറ്റവും പേടിയോടെ ഇന്നും ഓർമ വരും.പേടികൊണ്ട് ആ കുട്ടികളോട് അന്ന് ആരും തന്നെ കൂട്ട് കൂടാൻ പോയിരുന്നില്ല.എന്നും രാത്രി ആ കുട്ടികളുടെ നിലവിളി കേൾക്കുമായിരുന്നു.എന്നത്തേയും വലിയ nightmare ആണ് എനിക്കാ രംഗങ്ങൾ.ഏറിയും കുറഞ്ഞും അതേ അവസ്ഥയിലൂടെ എത്ര തവണ കടന്നുപോയിരുന്നു.

ബോധം വരുമ്പോൾ കുറ്റബോധം കൊണ്ട് വേദനിക്കുന്ന അച്ഛനോട് വീണ്ടും ഐക്യപ്പെട്ടു ആശ്വസിപ്പിച്ചു ഞങ്ങൾ അങ്ങ് വളർന്നു. മദ്യപാനം കൊണ്ട് തന്നെ അച്ഛന്റെ വണ്ടി ആക്‌സിഡന്റ് ആയി ഒരു വശം തളർന്നതിൽ പിന്നെയാണ് അച്ഛന്റെ മദ്യരഹിത ജീവിതം ആരംഭിച്ചതും.,പിന്നീട് സമാധാനത്തോടെ ഞങ്ങൾ ജീവിച്ചു തുടങ്ങിയതും.ഒരു വ്യക്തി തന്റെ ജീവിതം കുരുതി കൊടുത്തത് എങ്ങനെ എന്നതിന്റെ മികച്ച ഉദാഹരണം ആയിരുന്നു എന്റെ അച്ഛൻ.ജീവിതത്തിന്റെ ഏറ്റവും നല്ല പ്രായം മുഴുവനും അരക്ഷിതാവസ്ഥയിലും മാനസികമായ പരിക്കുകളിലൂടെയും ആണ് കടന്നു പോയത്.ഇന്നും തിരുവോണത്തിന് ഒരു പിടി ചോറ് വാരി തിന്നുമ്പോൾ പേടിച്ചു മൂലക്കിരുന്നു കരയുന്ന രണ്ട് പെൺകുട്ടികളെ ഓർമ വരും. അടിയേറ്റ് കിടക്കുന്ന അമ്മയെ ഓർമ വരും.കുഞ്ഞുങ്ങളുടെ സന്തോഷങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഏത് ബന്ധങ്ങളിൽ നിന്നും പറ്റിയാൽ ഇറങ്ങി പോരണം സ്ത്രീകളെ. അവർക്കേൽക്കുന്ന മുറിവുകൾ ആഘാതങ്ങൾ ഒന്നും ജീവനുള്ള കാലത്തോളം ഉണങ്ങാൻ പോകുകയില്ല.

മിത്ര നീലിമ