പ്രായത്തിന്റെ പക്വത ഉണ്ടാക്കിയതാണൊ ഈ മാറ്റം. ഏയ് ഒരിക്കലുമല്ല, അങ്ങിനെ പ്രായത്തിന്റെ പറ്റു പുസ്തകത്തിൽ എഴുതി വച്ച് മറിക്കാനുള്ളതല്ല സ്ക്രീൻ നിറഞ്ഞു നിൽക്കുന്ന ഒരു നടന്റെ /നടിയുടെ പെർഫോമൻസ്.പറയുന്നത് ഇന്ദ്രൻസിനെ കുറിച്ചു തന്നെയാണ്. സിനിമയിൽ മുഖം കാണിച്ചു തമാശയായി ചുറ്റിത്തിരിഞ്ഞ കാലത്ത് ആരും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല അദ്ദെഹത്തിന്റെ ഉള്ളിലുണ്ടായിരുന്ന സ്വാഭാവിക നടനം എന്ന ചെരുതരിയെ. അങ്ങിനെ ഉണ്ടാകാൻ ചാൻസും ഇല്ല. കാരണം അന്ന്, എന്നു പറയുമ്പോൾ ഈ നടന്റെ തുടക്കകാലത്ത്, ആ ശരീരത്തിലെ കുടക്കമ്പി തപ്പി നടക്കുകയായിരുന്നു മലയാള സിനിമ, കാരണം നമ്മൾ പ്രേക്ഷകർക്ക് ചിരിക്കാൻ ആ നടനിൽ നിന്നും വേണ്ടത് അതായിരുന്നു. ശരീരവും ശരീര ഭാഷയും കോമഡി ഉണ്ടാക്കിയിരുന്ന കാലത്തായിരുന്നു ആളിന്റെയും ആദ്യ സ്ക്രീൻ പ്രസൻസ് തുടങ്ങുന്നത് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
കോമള ശരീരം നായകനും, ഉറച്ച ശരീരം വില്ലനും, ഇതു രണ്ടുമല്ലാത്ത, അതുകൊണ്ടുതന്നെ ഒന്നുമല്ലാത്ത ശരീരം തമാശ നടനും എന്നത് സിനിമ ഉള്ള കാലം മുതലുള്ള വാർപ്പു മാത്രുകയായിരുന്നു (അത് പൊളിച്ചവർ ഒക്കെ പണ്ടും ഉണ്ടായിരുന്നു, പൊളിച്ചതൊക്കെ ഹൈലൈറ്റും ആയിരുന്നു). ഉറച്ച ശരീരങ്ങളായ ക്യാപറ്റർ രാജുവും ജനാർദ്ധനനനും ഭീമൻ രഘുവും ഒക്കെ പിൽക്കാലത്ത് കോമഡി ചെയ്ത് വില്ലൻ ശരീരത്തേയും പൊളിച്ചു.പക്ഷെ തൻ്റെ ശരീരവും ശാരീരവും സ്ക്രീനിൽ തീർത്ത കോമഡി കെട്ടുപാടുകളിൽ നിന്നും ഉള്ളിലെ കനലൂതി (അല്ലെങ്കിൽ, അത് തിരിച്ചറിഞ്ഞവർ ആരെക്കൊയോ ഊതിപ്പുകച്ചു) പുറത്തു ചാടിച്ച നടനാണ് ഇന്ദ്രൻസ്. ഇതിനു മുൻപ് ഭാസിയും ബഹദൂരും പപ്പുവും ജഗതിയും മാളയും പിന്നെ മാമുക്കോയയും തുടങ്ങി ചിലരൊക്കെ ഇതെ പരകായത്തിൻ്റെ കഥാപാത്രങ്ങളായി നമുക്ക് മുന്നിലുണ്ട്.ഏതൊക്കെയോ സംവിധായകരുടെ ഗട്ട് ഫീൽ ആണ് അതിനു പിന്നിൽ കനമായുണ്ടായത്.അതിനു കാരണമായത് ഇവരൊക്കെ എതെങ്കിലും കോമഡി സിനിമയുടെ ഇടയിൽ ഇട്ടുവച്ചുപോയ സീരിയസ് നോട്ടുകൾ തന്നെയാവും. പക്ഷെ ഊതിക്കത്തിക്കലുകൾ ഇല്ലായിരുന്നു എങ്കിൽ അതൊക്കെ അങ്ങിനെ തന്നെ അങ്ങ് കെട്ടുപോയെനെ.ആ കത്തിക്കലുകൾ.ഒരു നടൻ്റെ തലവര മാറ്റൽ അല്ല, അയാൾക്കുള്ള നീതിയാണ്.
പ്രായം ഉണ്ടാക്കിയ ചില ഇരുത്തങ്ങൾ ഒഴിച്ചാൽ ഇന്ദ്രൻസിന് ഇന്നും അതേ ശരീരം തന്നെയാണ്, ശബ്ദവും. പക്ഷെ ഇന്ന് അതെ കുഞ്ഞു ശരീരത്തിൻ്റെ അച്ചിൻ്റെ കൂട്ടിൽ നിന്ന് അയാൾ വാർത്തിടുന്ന കഥാപാത്രങ്ങൾ മലയാള സിനിമയുടെ മുകൾ നിരയിലേയ്ക്ക് തലയെടുപ്പോടെ നടന്നു കയറുന്നുണ്ട്. അതിൻ്റെ പുതിയ ഉദാഹരണമാണ്, വിജയ് ബാബു നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്ത #HOME (@Prim Video) എന്ന ചിത്രത്തിലെ ഒളിവർ ട്വിസ്റ്റ് എന്ന കഥാപാത്രം. ആദ്യ രംഗം മുതൽ ആ സിനിമയുടെ ആത്മാവ് ആ കഥാപാത്രത്തിലാണ്, നമ്മുടെ ഈ നടനിലാണ്. കൈവിടുമെന്ന് തോന്നുന്നതിനു തൊട്ട് മുൻപ് തന്റെ കയ്യിലേയ്ക്ക് പിടിച്ചു വച്ച് സ്വതസിദ്ധമായ ഇന്ദ്രൻസ് ചിരി ചിരിക്കുന്ന കഥാപാത്രം.
എടുക്കാൻ പറ്റുന്ന ഭാരം മാത്രം ഉയർത്തുക, ഉയർത്തുന്ന ഭാരം ലളിതമായി മനോഹരമായി ഉയർത്തുക എന്ന ഒരു പുതിയ നടന തത്വം എഴുതി വരുന്നപോലെ ഓരോ കഥാപാത്രങ്ങളിലായി ഈ നടൻ നടന്നു കയറുകയാണ്.
HOME എന്ന ചിത്രത്തിൽ അത് അതിന്റെ പല ലെവലുകളിൽ നമുക്ക് കാണാം.
ഉള്ളിൽ ഉണ്ടായിരുന്ന തിരി, ഒരു ഷോട്ടിൽ എങ്കിലും ഊതിക്കത്തിച്ചവർക്കൊക്കെ നന്ദി. സത്യത്തിൽ ആരൊക്കെയാണ് ഇന്ദ്രൻസിന്റെ ഈ പരകായം തുടങ്ങി വച്ചവർ? പപ്പു പിഷാരടി മുഴു നീളത്തിൽ ജ്വലിച്ചു നിന്ന വിസി അഭിലാഷിന്റെ ആളൊരുക്കത്തിനും മുൻപ് തന്നെ നമ്മൾ കണ്ടിരുന്നു ചെറിയ സീനുകളിലായിട്ട് ഇങ്ങിനെ ഒരു “നടന്റെ“ തിരനോട്ടം.ഒരു നടനെ തിരിച്ചറിഞ്ഞ് അയാൾക്ക് കഥാപാത്രം ഒരുക്കിയവരും ചർച്ച ചെയ്യെണ്ടതാണ്, കാരണം ഇനിയും ഒരുപാടു പേർ ഈ നിരയിൽ ഒളിച്ചിരുപ്പുണ്ട്.ഇത്രയും എഴുതാൻ കാരണമായ വിജയ് ബാബു റോജിൻ ടീമിനും അവരുടെ HOME നും നന്ദി.
✍️✍️ Kumar Neelakandan