എട്ടു കൊല്ലം കഷ്ടപ്പെട്ടു ഞാൻ വെച്ച വീട്….എനിക്ക് പറ്റിയ ഈ അബദ്ധങ്ങൾ നിങ്ങൾക്ക് പറ്റരുത് കുറിപ്പ്

EDITOR

ഹിറ്റായതിന്റെ പിറകെ പോവുന്നത് അത്ര ഫിറ്റായ ജോലിയല്ല .രണ്ടാമത്തെ ശ്രമത്തിൽ പരിക്ക് പറ്റാനാണ് ഏറെ സാധ്യത .പക്ഷെ വീടിനെ കുറിച്ച് തൊട്ടുമുൻപത്തെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് എഴുതിയതിനാൽ ചിലതെല്ലാം പറയാൻമറന്നു പോയി!!!. അതിൽ വിട്ട് പോയവ തട്ടി കൂട്ടി പറയാനുള്ള ഒരു ശ്രമമായി ഈ രണ്ടാം ഭാഗത്തെ കണ്ടാൽ മതി . ( ഒപ്പം ആ പോസ്റ്റിൽ പലരും നൽകിയ കമെന്റുകളും ഇതോടൊപ്പം നിർദേശമായി ചേർക്കുന്നു )ഇതിൽ പറയുന്നത് പലർക്കും അറിവുള്ളതാവാം . അങ്ങിനെ അറിയുന്നവരോട് വഴി മാറി പോവാൻ അപേക്ഷ. പതിവ് പോലെ ചുരുക്കി പറയാൻ ശ്രമിക്കാം . നീണ്ടു പോയി എന്ന് തോന്നുവർ വായന എവിടെ എത്തിയോ അവിടെ നിർത്താം എന്ന് സാരം . ഒരു പരിഭവുമില്ല.

ഒരു വീട് തട്ടിക്കൂട്ടുക എന്നത് ചില്ലറ പണിയല്ലന്ന് മാത്രമല്ല നല്ല “നോട്ട്” ചിലവാകുന്ന പണിയാണ് താനും. വീട് പണിയിൽ പണി കിട്ടാതിരിക്കാൻ ചിലത് താഴെപ്പറയാം .
സ്ഥലം വാങ്ങുമ്പോൾ1. വാങ്ങുന്ന സ്ഥലം “നിലം / പുരയിടം” എന്നതിൽ ഏതിൽ ആണെന്ന് ഉറപ്പുവരുത്തുക. നിലം ആണെങ്കിൽ അവിടെ കെട്ടിടനിർമ്മാണത്തിന് അനുമതികിട്ടാൻ കുറച്ചു ചെരുപ്പുകൾ തേഞ്ഞു തീരും.2 .പ്രീ വർക്ക് അഥവാ മുന്നൊരുക്കം വീടിനായി സാമ്പത്തികം ഒരുക്കൂട്ടാൻ അഞ്ചു വർഷം.എന്നാൽ വീടിന്റെ പ്ളേനും , ചർച്ചകൾക്കും അഞ്ചു ദിവസം അതാണ്‌ നമ്മുടെ പതിവ് . വീട് വെക്കാനുള്ള സാമ്പത്തിക ചർച്ചക്കൊപ്പം ” വീടിന്റെ പ്ലാനും ” ചർച്ചയിൽ വരണം . 30 ദിവസത്തെ ഷൂട്ടിങ്ങ് വേണ്ടി വരുന്ന സിനിമക്ക് 3 വർഷം മുൻപേ പ്രീ വർക്കുകൾ ആരംഭിക്കും എന്ന് പറയുമ്പോൾ പ്രീ വർക്കിന്റെ പ്രാധാന്യം മനസിലാവുമല്ലോ ?. അത്തരം സംരംഭങ്ങലാണ് വിജയിച്ചവയിൽ ഏറെയും . മറക്കരുത്

3 .യുദ്ധത്തിനിടയ്ക്ക് കുതിരയെ മാറ്റി കെട്ടൽ .വീട് പണി ഒരു യുദ്ധം തന്നെയാണ്. സംശയം ഉണ്ടെങ്കിൽ “പണി കഴിഞ്ഞ”വരോട് ചോദിക്കു . ആ രണ ഭൂമിയിൽ മാനസിക- സാമ്പത്തിക സംഘർഷങ്ങളേറ്റ് നട്ടം തിരിയാത്തവർ കുറവായിരിക്കും . അത് കൊണ്ട് തന്നെ ഒരിക്കൽ പ്ലാൻ ഫൈനൽ ആക്കിയാൽ പിന്നീട് മാറ്റം വരുത്തരുത്. അത് യുദ്ധമുഖത്ത് കുതിരയെ മാറ്റിക്കെട്ടുന്നതിനു തുല്യമായിരിക്കും . അത്തരമൊന്നു ചിലവേറും എന്ന് മാത്രമല്ല പിന്നീട് വെട്ടി ചേർക്കുന്നത് മുഴച്ചു നിൽക്കുകയും ചെയ്യും.

4 .കോംപ്രമൈസ് അഥവാ വിട്ട് വീഴ്ച്ചപ്രീ പ്ലാനിങ്ങിന്റെ കുറവാണ് പലപ്പോഴും വിട്ടുവീഴ്‌ചകളിൽ നമ്മെ തള്ളിയിടുന്നത് . പണി നടക്കുന്ന വേളയിൽ ചെറുതെന്ന് കരുതി കോംപ്രമൈസ് ചെയ്യുന്ന പലതും വീട്ടിൽ താമസിച്ചു തുടങ്ങിയാൽ വലുതായി, വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും . ചിലപ്പോൾ നമ്മൾ മുടക്കിയ പൈസയേക്കാൾ കുറച്ചു കൂടി ചേർത്താൽ ആ നേരത്ത് പരിഹരിക്കാമായിരുന്ന വിഷയം പിന്നീട് ഇരട്ടി കാശ് കൊണ്ടും പരിഹരിക്കാൻ ആവാത്ത പ്രശ്നങ്ങൾ ആയി പരിവട്ടത്ത് നിൽക്കും . അതിനാൽ എടുപ്പിക്കുന്ന പണിയിൽ നോ കോമ്പ്രമൈസ് മുറകെപ്പിടിക്കുക.

5 .പണി കാണാൻ വന്നു പണി തരുന്നവർ പ്ലാനിങ്ങിൽ കാണിച്ചതിലും വലിയ വൈദഗ്‌ധ്യം മേല്പറഞ്ഞവരെ നേരിടാൻ ഉടമസ്ഥൻ കാണിച്ചിരിക്കണം. ഇല്ലെങ്കിൽ വീടെടുത്ത് തലകീഴായി നിർത്തും ഇത്തരം ഉപദേശകർ.നിർമിക്കുന്ന വീടിനെക്കുറിച്ചു പഠിക്കാതെ ഗോദയിൽ ഇറങുന്നവരെയാണ് ഇത്തരക്കാർ മലർത്തി അടിക്കാറുള്ളത് മറക്കരുത്6. പണിക്കാരെ തിരഞ്ഞെടുക്കുന്നതിലുള്ള സൂക്ഷ്മത
ഇത് മറ്റൊരു മുട്ടൻ പണി തരുന്ന തിരഞ്ഞെടുപ്പാണ്.പണി കൊടുക്കും വരെ നമ്മളാവും ഉടമസ്ഥർ, പണി കിട്ടിക്കഴിഞ്ഞാൽ അവരും . ശേഷം പണി കിട്ടുന്നത് ഉടമസ്ഥന് തന്നെയാവും എന്ന് സാരം!! . അത് കൊണ്ട് വീട് പണി നൽകാൻ ഉദ്ദേശിക്കുന്ന “അയാൾ/ അല്ലെങ്കിൽ കോൺട്രാക്റ്റർ” ഇതിന് മുമ്പ് പണിത നാലഞ്ച് വീടുകളെങ്കിലും കണ്ട്, ഉടമസ്ഥരുടെ (താമസിയ്ക്കുന്നവരുടെ) അഭിപ്രായം അറിഞ്ഞു മാത്രം സെലക്ട് ചെയ്യുക. അതെ ഇതിനു നിലവിൽ ഒരു പോംവഴി നിർദേശിക്കാനുള്ളു .

7പ്ലാസ്റ്റർ വർക്ക് അഥവാ സിമെന്റ് തേപ്പ് ഫിനിഷിങ് വർക്കിൽ വളരെ അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് മേല്പറഞ്ഞത് . ഏറ്റവും കുറവ്, കാശ് പറയുന്നവന് പ്ലാസ്റ്റർ വർക്ക് കൊടുത്ത് പത്ത് രൂപ ലാഭിച്ചുവെന്ന അഭിമാനത്താൽ പുളകിതരായവരിൽ പലരും, തേപ്പിലെ കുണ്ടും കുഴിയും നികത്താൻ ലോഡ് കണക്കിന് പുട്ടി ഇറക്കേണ്ടി വരുന്നത് കണ്ടിട്ടുണ്ട്. .അതായത് എള്ളിലെ ലാഭം മുത്താറിയിൽ പോയിക്കിട്ടും .
ഇനി പണി മുന്നും പിന്നും നോക്കാതെ കൊടുത്തു പോയെങ്കിൽ പ്ലാസ്റ്ററിങ്ങിന്റെ ഫിനിഷിങ് അറിയാൻ രണ്ടു മാർഗങ്ങൾ പറയാം .ഒന്ന്, പണിക്കാർ തേപ്പിനു ഉപയോഗിക്കുന്ന ചാനൽ ( അലുമിനിയം ചാനൽ ) ചുവരിൽ വെച്ച് നോക്കിയാൽ സംഗതി ലെവൽ ആണോ എന്ന് മനസിലാവുംരണ്ടു , നല്ല വോൾട്ടേജുള്ള ബൾബ് പ്ലാസ്റ്റർ ചെയ്ത ചുവരിന് താഴെയായി ചേർത്ത്പിടിക്കുക.എന്നിട്ടു മുകളിലേക്ക് നോക്കിയാൽ വ്യക്തമായി കാണാൻ ആവും ചുവരിലെ “ഓളങ്ങൾ
നോട്ട് : ഇത് രണ്ടും പണി തുടങ്ങിയ ആദ്യ നാൾ തന്നെ ചെയ്ത് നോക്കുക . പശു ചത്തതിന് ശേഷം മോരിലെ പുളി നോക്കിയിട്ട് എന്ത് ഗുണം ! ( നല്ല മനക്കരുത്ത് ഉള്ളവർ മാത്രം പണിക്കാർ ഉള്ളപ്പോൾ ഇവ ചെയ്ത് നോക്കുക )

8.ഇനി പ്ലാനിലെ കുറച്ചു പൊതുവായ കാര്യങ്ങൾ ഫ്രണ്ട് ഡോർ നടുക്ക് വെക്കുന്നതിലും ഒരു ഭാഗത്തേയ്ക്ക് നീക്കി വെക്കുന്നതാണ് ഉപയോഗത്തിൽ വരുമ്പോൾ സുഖപ്രദം . മിക്ക വീട്ടിലും ഫ്രണ്ട് റൂമിലെ വാതിലും, ജനലും കാരണം ഫർണിച്ചറുകൾ ഇടാൻ അസൗകര്യം നേരിടാറുണ്ട് .കൂടാതെ സിറ്റ് ഔട്ടിന്റെ സൗകര്യം കുറയുന്നതായി പ്രധാന വാതിൽ നടുക്ക് വെക്കുമ്പോൾ അനുഭവപ്പെടുന്നതും കാണാം.( ലുക്ക് മാത്രമാണ് നോട്ടം എങ്കിൽ നടുക്ക് തന്നെ വെക്കുന്നതിൽ കുഴപ്പം ഇല്ല ).9ടോയലറ്റുകൾ ടോയലറ്റുകൾ വീടിന്റെ ഒന്നോ രണ്ടോ വശത്തു മാത്രം ഒതുക്കി നിർത്തുന്നത് പ്ലംബിംഗ് ചിലവ് കുറയ്ക്കും.. ഒപ്പം വീട് ചുറ്റി ഓടുന്ന പൈപ്പുകളെ പേടിച്ചു മുറ്റത്ത് കൈക്കോട്ട് വെക്കേണ്ട അവസ്ഥയും വരില്ല .

10.വർക്ക് ഏരിയയിലെ കക്കൂസ് ആദ്യ ലേഖനത്തിൽ ഡൈനിങ് ഹാളിൽ കക്കൂസ് ഒഴിവാക്കണം എന്ന് സൂചിപ്പിച്ചിരുന്നു.അത് സന്തോഷത്തോടെ സ്വീകരിച്ചവർ , നേരെ കൊണ്ട് വെച്ചത് വർക്ക് ഏരിയയിൽ. അതായത് ഭക്ഷണം പാകം ചെയ്യുന്ന ഇടത്ത്. അത്തരക്കാരോട് ഒന്നേ പറയാനുള്ളു.നിങ്ങൾ ഡൈനിങ് ഹാളിൽ തന്നെ വെച്ചോളൂ11 . ബാത്ത് റൂം ഡോർ , ബെഡ്‌റൂം ഫ്ലോറിന്റെ ലെവലിൽ ഫിറ്റ് ചെയ്യാതെ ബാത്റൂമിന്റെ ഫ്ലോർ ലെവലിൽ ഫിക്സ് ചെയുക.വെള്ളം വാതിലിനടിയിലൂടെ തെറിച്ചു വീണ് ബെഡുംറൂമിൽ വീഴുന്നത് ഒഴിവാക്കാം.

11 ബാത്ത്റൂമിലെ വെന്റിലേറ്റർ വളരെ ചെറുതാക്കുന്ന ഒരു പ്രവണത കണ്ടു വരുന്നുണ്ട് .അത് കൊണ്ട് തന്നെ പകലും അതിനകത്ത് ലൈറ്റ് ഇടേണ്ടി വരുന്നു. കറണ്ട് ചാർജിനൊപ്പം ചൂടും ഉയരാനുള്ള എളുപ്പവഴിയാണിത് !!. ഒപ്പം ഡാർക്ക് കളർ, അല്ലെങ്കിൽ വള്ളിയും പുള്ളിയും ഡിസൈൻ ടൈൽസുകൾ ഒട്ടിക്കുന്നതോടെ കംഫേർട്ട് സ്റ്റേഷൻ ഒട്ടും കംഫർട്ട് അല്ലാതെ മാറുന്നു 12.വാട്ടർ ടാങ്ക് കിണറിന്റെ അടുത്ത് തന്നെ വാട്ടർ ടാങ്ക് വന്നാൽ നല്ലത് അത് പ്ലംബിംഗ് ജോലികൾ എളുപ്പമാക്കും മോട്ടറിന് പണി കുറയ്ക്കും . ഒപ്പം കറണ്ട് ബില്ലും .ടാങ്കിന്റെ ചുറ്റിലും നടന്നു വൃത്തിയാക്കാൻ കഴിയുന്ന രീതിയിൽ ഫിറ്റ് ചെയ്യിതാൽ ഒരു നേരം വീട്ടിലെ സ്ത്രീകൾക്കും അത് വൃത്തിയാക്കാൻ എളുപ്പമാവും .കഴിയുന്നതും ടാങ്കിൽ നേരിട്ട് വെയിൽ അടിക്കാത്ത വിധം ഒരു തണൽ ഒരുക്കിയാൽ പത്ത് കൊല്ലത്തെ ആയുസ് 7 കൊല്ലാമായി ചുരുങ്ങുന്നത് തടയാം .

13 വാർപ്പിന്റെ ചെരിവ് റൂഫ് ഫ്ലാറ്റാണെങ്കിൽ കിണറിന്റെ ഭാഗത്തേക്ക് നിർബന്ധമായും സ്ലോപ്പ് ഇടുക.ഡിസ്ചാർജ്ജ് വാട്ടർ കിണറിലേക്ക് കൊടുക്കുന്നതിനുള്ള പെപ്പ് ലാഭിക്കുന്നതോടൊപ്പം, കിണറിലെ വെള്ളം നല്ലതായി മാറും . വേനലിൽ വരൾച്ചക്ക് അടിവര ഇടുകയും ചെയ്യാം.14വെയിസ്റ്റ് പൈപ്പുകൾ
അടുക്കളയിൽ നിന്നും ബാത്ത് റൂമിൽ നിന്നും വെയിസ്റ്റ് ടാങ്കിലേക്ക് ഇടുന്ന പൈപ്പുകൾ നാല് ഇഞ്ചിൽ കൂടുതൽ ഡയമീറ്റർ ഉള്ളത് ഇടുന്നതാണ് നല്ലത് .അല്ലാത്ത പക്ഷം ബ്ലോക്കായാൽ അടുക്കള വെയിസ്റ്റ് ടാങ്ക് ആവും .15കാർ പോർച്ച്
കഴിവതും വീടിനു മുൻപിൽ കാർപ്പോർച്ചു വരുന്നത് ഒഴിവാക്കാൻ ശ്രമിക്കുക . വണ്ടി നിർത്തിയിട്ടാൽ വീടിന്റെ മുഖം അടഞ്ഞ പ്രതീതിയും പെട്ടന്ന് പുറത്തേക്ക് ഇറങ്ങാനുളള തടസവും ആയി പരിണമിച്ചേക്കാം.കാർ പോർച്ച് പണിയും മുൻപ് കാർ നിർത്തിയിട്ടാൽ നനയില്ല സുഗമമായി വണ്ടി വളച്ചു കയറ്റാൻ കഴിയുമെന്നു ഉറപ്പിക്കുക.

ഇനി വീണ്ടും വെട്ടി ചുരുക്കിപ്പറയാം16 . പുറത്ത് മഴ വെയിൽ കൊള്ളുന്ന ഇടങ്ങളിൽ ഗ്ലാസ് വർക്കുകൾ ചെയ്യരുത്.കുറച്ചു കഴിഞ്ഞാൽ പായൽ ഏത് ഗ്ലാസ് ഏത് എന്ന് തിരിപ്പാട് ഇല്ലാതാവും 17 പറഗോള ആവശ്യമെങ്കിൽ മാത്രം ചില്ല് ഇട്ടില്ലെങ്കിൽ പൊടി അനുവാദം വാങ്ങാതെ കടന്നു വന്നു പറന്നു നടക്കും.18.ഇഷ്ടപ്പെട്ട ടൈൽ എടുക്കും മുൻപ് അതിന്റെ ഒരു പീസ് നോർമൽ വെളിച്ചത്തിൽ കാണാൻ ശ്രമിക്കുക
19ടൈൽ വിരിക്കാൻ വാർപ്പിന് ഉപയോഗിക്കുന്ന പാറപൊടിയാണ് ൯ തരിവണ്ണം കൂടിയ ) കൂടുതൽ നല്ലത്.പക്ഷെ പണിക്കാർക്ക് അത്ര രസിക്കാൻ ഇടയില്ല .
19 ഡിജിറ്റൽ പ്രിന്റഡ് ടൈലിൽ എടുക്കും മുൻപ് അവ വിരിച്ചാൽ തുടർച്ച കിട്ടുമെന്ന് ഉറപ്പിക്കുക കൂടുതൽ പറയുന്നില്ല.ബാക്കിയൊക്കെ എന്നെപ്പോലെ അനുഭവം കൊണ്ട് നിങ്ങൾ തന്നെ തിരിച്ചറിയൂ . പഠിക്കു.പഠിച്ചത് മറ്റുള്ളവർക്കായി പങ്ക് വെക്കൂ .നല്ലതേ വരൂ നമോവാകം
മനോജ് കുമാർ കാപ്പാട് – കുവൈറ്റ്