ഇ ഒളിംപിക്സിൽ 400 മീറ്ററിൽ രണ്ടാമത് ഫിനിഷ് ചെയ്ത ഇ സ്ത്രീക്ക് ആയിരുന്നു കൈയടി മുഴുവൻ കാരണം കുറിപ്പ്

EDITOR

2018 ൽ അമ്മയാവാൻ തീരുമാനിച്ചപ്പോൾ സ്പോൺസറായ നൈക്കി അമേരിക്ക കണ്ട ഏറ്റവും മികച്ച വനിതാ അത്‌ലറ്റായ അലിസൺ ഫെലിക്സ്ന്റെ പ്രതിഫലം 70% ആണ് വെട്ടിക്കുറച്ചത്. അതിനു മുൻപ് നാലു ഒളിമ്പിക്സുകളിൽ തുടർച്ചയായി പങ്കെടുത്തു സ്വർണം നേടിയ, സ്വന്തം പേരിൽ ഒൻപതു മെഡലുകൾ എഴുതിച്ചേർത്ത, ഒരു വനിതാ കായികതാരത്തിനു നേരിടേണ്ടിവന്ന വിവേചനമാണിത്. വിവാഹിതയാകുമ്പോൾ, അമ്മയാകുമ്പോൾ, സ്വന്തം കരിയറിൽ വിട്ടുവീഴ്ചകളുടെ പടികൾ ചവിട്ടാൻ തുടങ്ങുന്നവരാണ് സ്ത്രീകൾ. എന്നാൽ ഫെലിക്സ് വിട്ടുകൊടുക്കാനും വീട്ടിലിരിക്കാനും തയ്യാറായില്ല.

ലോകത്തിലെ ഒരു കായികതാരവും മുട്ടാൻ തയ്യാറാവാത്ത നൈക്കിയോട് ഫെലിക്സ് ഇടഞ്ഞു. സകല കരാറുകളും ലംഘിച്ചുകൊണ്ട് നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ചു വിളിച്ചു പറഞ്ഞു. ഏഴാമത്തെ മാസം അടിയന്തിര ശസ്ത്രക്രിയയിലൂടെ ഫെലിക്സ് മാസം തികയാത്ത ഒരു പെൺകുഞ്ഞിന്റെ അമ്മയായി. കരിയർ അവസാനിച്ചുവെന്നു ലോകം കരുതി. എന്നാൽ ഫെലിക്സ് ഗ്യാപ്പുമായി കരാർ ഒപ്പിട്ടു, അവർ സ്പോൺസർ ചെയ്യുന്ന ആദ്യത്തെ കായികതാരമായി. ഒടുവിൽ നൈക്കിക്ക് അവരുടെ മറ്റേർണിറ്റി പോളിസി തിരുത്തി എഴുതേണ്ടിവന്നു, അപ്പോഴേക്കും വൈകിപ്പോയിരുന്നു.

ടോക്യോ ഒളിമ്പിക്സിന്റെ യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാൻ രണ്ടുവയസ്സുകാരി കാമറിനുമൊത്താണ് ഫെലിക്സ് വന്നത്. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ രണ്ടാമതായി ഫിനിഷ് ചെയ്തു യോഗ്യത ഉറപ്പിച്ച ഫെലിക്സിനായിരുന്നു കൈയടി മുഴുവൻ. ഗാലറിയിൽ ഇരുന്ന കാമറിന്റെ മുഖത്തായിരുന്നു ക്യാമറ മുഴുവൻ. ലോകത്തെ എത്രയോ അധികം അമ്മമാരുടെ കൈയടി ആയിരുന്നു അത്.ടോക്യോയിൽ 400 മീറ്ററിൽ വെങ്കലം നേടുമ്പോൾ പത്താമത്തെ ഒളിമ്പിക്സ് മെഡൽ നേടി ഫെലിക്സ് സാക്ഷാൽ കാൾ ലൂയിസിനൊപ്പം ഓടിയെത്തി. 4*400 മീറ്റർ റിലേയിലെ സ്വർണം കൂടി ആയപ്പോൾ കാൾ ലൂയിസിനെയും പിന്നിലാക്കി ട്രാക്കിൽ നിന്നും ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന അമേരിക്കൻ കായികതാരത്തിനു നേർക്കു ഫെലിക്സ് സ്വന്തം പേരെഴുതിച്ചേർത്തു.എന്നിട്ടു അതേ ട്രാക്കിൽ കുത്തിയിരുന്നു കാമറിനു അമ്മയായി.
ഷിബു ഗോപാലകൃഷ്ണൻ