ഗൂഗിൾ മാപ്പ് നോക്കി മൂന്നാറിൽ നിന്ന് കട്ടപ്പനക്ക് പോയി കട്ടപ്പന എത്തേണ്ട ഞാൻ ഒടുവിൽ എത്തപ്പെട്ടത് ഇവിടെ കുറിപ്പ്

EDITOR

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് രാത്രി അല്ലെങ്കിൽ പകൽ വഴി തെറ്റുന്നത് നാം സ്ഥിരം വായിക്കാറുണ്ട് കഴിഞ്ഞ ദിവസം വന്ന ഒരു വാർത്ത അനുസരിച്ചു മൂന്നാറിൽ രാത്രി ഗൂഗിൾ മാപ്പ് നോക്കി പോയി കൊടും വനത്തിൽ അകപ്പെട്ടു ഒടുവിൽ അവരെ രക്ഷപെടുത്തിയത് അഗ്നി രക്ഷാ ശമന സേന ആണ്.ഇപ്പോൾ സമാനമായ മറ്റൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അജി കമാൽ അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ.

സമാനാമായ അനുഭവം ഞങ്ങൾക്കും ഇന്നലെയുണ്ടായി.മൂന്നാറിൽ നിന്ന് കട്ടപ്പനക്ക് പോകാൻ ഗൂഗീൽ മാപ്പിൻ്റെ സഹായം തേടി.ഏകദേശം നാൽപ്പത് കിലോമീറ്ററോളും ഏതാണ്ട് ഒക്കെ കാട്ട് വഴികളിലൂടെ കയറ്റി വിട്ടു.ചെറിയ ഇടുങ്ങിയ വഴി, ഹെയർ പിൻ വളവുകൾ, ചെങ്കുത്തായ കയറ്റവും, ഇറക്കങ്ങളും, അഗാധമായ കുഴികളും, റോഡിലേയ്ക്ക് വളർന്ന് നിൽക്കുന്ന മരങ്ങൾ, കിലോമീറ്ററുകളോളും ആൾ താമസമില്ലാത്ത വഴികൾ, പലയിടത്തും പൊട്ടി പൊളിഞ്ഞ റോഡുകൾ.
കുടുംബം കൂടെ ഉള്ളതു കൊണ്ടും, വണ്ടിയുടെ ടയർ കഴിഞ്ഞ ദിവസം പൊട്ടി പോയത് കൊണ്ടും, ഞാൻ വളരെ ടെൻഷനിലായിരുന്നു.

വണ്ടിയുടെ ടയർ പൊട്ടി പോയാൽ എന്തുചെയ്യും?, അപകടം സംഭവിച്ചാൽ എന്ത് ചെയ്യും?, വണ്ടി കേടായാൽ എന്ത് ചെയ്യും? ഈ ജാതി ചിന്തകളാണ് നമ്മുടെ മനസ്സിൽ അപ്പോൾ ഓടുക.വഴിയോര കാഴ്ചകൾ എല്ലാം അടി പൊളിയായിരുന്നു. ഹരിതാഭവും, ഗ്രാമീണതയും, മലനിരകളുടെയും താഴ് വാരങ്ങളുടെയും ഒക്കെ ഭംഗി സൂപ്പർ ആയിരുന്നു.പക്ഷേ ഒന്നും ആസ്വദിക്കാൻ പറ്റിയില്ല.വല്ലപ്പോഴും റോഡ് സൈഡിൽ കണ്ടിരുന്ന വീടുകളിലെ ചേട്ടന്മാരെ വിളിച്ചിറക്കി വഴി ഇത് തന്നെയാണെന്ന് ഉറപ്പിച്ചാണ് മുന്നോട്ടു പോയത്.അവരെല്ലാരും ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു,
” നിങ്ങളെന്തിനാണ് കട്ടപ്പനയ്ക്ക് പോകാൻ ഈ വഴി വന്നത്?”

ഒരു ബാച്ചിലർ ട്രിപ്പ് ആയിരുന്നെങ്കിൽ ശരിക്കും ആസ്വദിക്കാൻ പറ്റുന്ന ട്രിപ്പ് ആയിരുന്നു അത്.കേരളത്തിൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് പോകുമ്പോൾ ഒരുപാട് ശ്രദ്ധിക്കാനുണ്ട്.പ്രത്യേകിച്ച് രാത്രികാലങ്ങളിൽ.മെയിൻ റോഡിൽ നിന്ന് ഇടവഴിയിലേക്ക് കയറുമ്പോൾ, അവിടെ ആരോടെങ്കിലും ചോദിച്ചു, ഇതിലും നല്ല വഴിയുണ്ടോ എന്ന് അന്വേഷിക്കുന്നത് ഉചിതമാകും.സാഗർ കോട്ടപ്പുറം പറഞ്ഞ പോലെ നമ്മൾക്ക് ചോദിച്ചു, ചോദിച്ചു പോകാം”അതാവും കേരളത്തിൽ നല്ലത്.

അജി കമാൽ