മലയാളി ശ്രീജേഷ് ഒളിമ്പിക് മെഡൽ നേടിയതു ആഘോഷിക്കാൻ ഉള്ള അർഹത നിങ്ങൾക്കില്ല കുറിപ്പ്

EDITOR

സത്യം പറഞ്ഞാൽ വല്ലാത്ത കുറ്റബോധം തോന്നുന്നുണ്ട്. ഒളിമ്പിക്സിൽ മെഡൽ നേടിയ മലയാളിയായ ശ്രീജേഷിനെ ആഘോഷിക്കാനുള്ള അവകാശം എനിക്കുണ്ടോ എന്ന് സ്വയം ചിന്തിക്കുകയാണ്. അർഹിച്ച പിന്തുണ ഞാൻ എന്നെങ്കിലും ശ്രീജേഷിന് നൽകിയിട്ടുണ്ടോ? കേരളീയ സമൂഹം അദ്ദേഹത്തോടും ഹോക്കി എന്ന കളിയോടും നീതി കാണിച്ചിട്ടുണ്ടോ?കേരളത്തിൽ ഹോക്കിയ്ക്ക് ജനപ്രീതിയില്ല. നല്ല പരിശീലകരില്ല. മികച്ച കോച്ചിങ്ങ് കേന്ദ്രങ്ങളില്ല. അടിസ്ഥാനസൗകര്യങ്ങൾ പോലും കുറവാണ്. പത്രങ്ങളിലെ സ്പോർട്സ് പേജിൽ വരുന്ന ചെറിയ വാർത്തകളിൽ ഒതുങ്ങിപ്പോവാറുള്ള ഗെയിമാണ് ഹോക്കി.ഒരിക്കൽ ശ്രീജേഷ് അഭിപ്രായപ്പെടുകയുണ്ടായി.

ജന്മനാട്ടിൽ നിന്ന് ലഭിക്കുന്ന പിന്തുണയാണ് ഏതൊരു സ്പോർട്സ് താരത്തിൻ്റെയും ഊർജ്ജം. എനിക്ക് ഒരുകാലത്തും അത് കിട്ടിയിട്ടില്ല. ആദ്യമൊക്കെ നല്ല സങ്കടമുണ്ടായിരുന്നു. ഇപ്പോൾ ഈ അവഗണനയോട് ഞാൻ പൊരുത്തപ്പെട്ടുകഴിഞ്ഞു. അങ്ങനെയുള്ള ശ്രീജേഷിൻ്റെ മെഡൽ നേട്ടത്തിൽ അഭിമാനംകൊള്ളാൻ നമുക്ക് എന്ത് അവകാശമാണുള്ളത്? ഈ അവസരത്തിൽ അഭിമാനത്തേക്കാൾ അഭികാമ്യം തിരിച്ചറിവാണ്. ഇനിയെങ്കിലും ശ്രീജേഷുമാർ അവഗണിക്കപ്പെടരുത് എന്ന തിരിച്ചറിവ്!റാഞ്ചി എന്ന ചെറുപട്ടണത്തിൽ ഒരു പമ്പ് ഓപ്പറേറ്ററുടെ മകനായി ജനിച്ച് ലോകം കീഴടക്കിയ എം.എസ് ധോനിയുടെ കഥ നമുക്കറിയാം. കേരളത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽനിന്ന് ഒളിമ്പിക്സ് വെങ്കലം വരെ വളർന്ന ശ്രീജേഷിൻ്റെ കഥയും നാം കേൾക്കണം.

ക്രിക്കറ്റിലെ വന്മതിൽ രാഹുൽ ദ്രാവിഡ് ആണെന്ന് നമുക്കറിയാം. ഹോക്കിയിൽ ആ വിശേഷണമുള്ളത് ശ്രീജേഷിനാണെന്ന് നാം മനസ്സിലാക്കണം.
ചരിത്രം എന്നും ഗോളടിച്ചവരുടെ കൂടെയാണ്. ബ്രോൺസ് മെഡൽ മത്സരത്തിൽ ഇന്ത്യയ്ക്കുവേണ്ടി ഗോൾ നേടിയ ഹർമൻ പ്രീത് സിങ്ങ്,സിമ്രോൺ ജീത് സിങ്ങ്,ഹാർദ്ദിക് തുടങ്ങിയവർ വാഴ്ത്തപ്പെടും. പക്ഷേ ഗോൾകീപ്പറായ ശ്രീജേഷ് നടത്തിയ അവിശ്വസനീയമായ സേവുകളാണ് കളിയിൽ നിർണായകമായത്.
ശ്രീജേഷ് ഇല്ലായിരുന്നുവെങ്കിൽ ജർമ്മൻ പട ഒരു ഗോൾമഴ തന്നെ പെയ്യിക്കുമായിരുന്നു. ഇന്ത്യൻ ഡിഫൻസിൻ്റെ പോരായ്മകളെ ഒരു പരിധിവരെ മറച്ചുപിടിച്ചത് ശ്രീജേഷിൻ്റെ പ്രാഗൽഭ്യമാണ്.

ഇന്ത്യൻ ഹോക്കിയിലെ 41 വർഷത്തെ മെഡൽ വരൾച്ചയ്ക്ക് വിരാമമിട്ടത് സമ്മർദ്ദങ്ങളിൽ പതറാത്ത ശ്രീജേഷിൻ്റെ മനഃസ്സാന്നിദ്ധ്യമാണ്. ശ്രീജേഷ് ഓർമ്മിക്കപ്പെടണം എന്ന് ചരിത്രത്തിനുപോലും നിർബന്ധമുണ്ടെന്ന് തോന്നുന്നു. കളിയുടെ അവസാന മിനുറ്റിൽ ശ്രീജേഷ് തടുത്തിട്ട പെനൽറ്റി ഒരുകാലത്തും വിസ്മരിക്കപ്പെടില്ല. അതിൻ്റെ ബലത്തിലാണ് ഇന്ത്യ 5-4ന് ജയിച്ചുകയറിയത്.
ഹോക്കി ഇന്ത്യയുടെ ദേശീയ വിനോദമാണെന്ന് പഠിപ്പിച്ചതുകൊണ്ട് മാത്രം പ്രയോജനമില്ല. ആ കളിയ്ക്ക് പ്രോത്സാഹനം ലഭിക്കണം. ശ്രീജേഷുമാർ അംഗീകരിക്കപ്പെടണം. ഈ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി കുരുന്നുകൾ ഹോക്കി സ്റ്റിക് കൈയ്യിലെടുക്കണം.രണ്ട് പാരഗ്രാഫ് പത്രവാർത്തയിൽ ഒതുങ്ങിപ്പോവേണ്ട ആളല്ല ശ്രീജേഷ്. അദ്ദേഹം കേരളത്തിൻ്റെ ഏറ്റവും വലിയ അഭിമാനസ്തംഭമാണ്…!
Written by-Sandeep DAS